ഇന്ന് ഫെബ്രുവരി 16 – ഞെരളത്ത് രാമപ്പൊതുവാൾ ജന്മവാർഷികം
Listen and Read
“അമ്പലക്കൽക്കെട്ടിനുള്ളിലെ സോപാന
സംഗീത സാന്ദ്രമാമഷ്ടപദി
ശ്രീകോവിലിൻ മുന്നിൽ നിന്ന് ജനകീയ
വേദിയിലേക്ക് തനിമയോടെ
ദേവസംഗീതം ഇടയ്ക്കത്തുടിയിലെ ജീവന താളം പകർന്നവൻ നീ
വേണ്ടപോൽനമ്മൾ അറിഞ്ഞുവോ വീണ്ടുമാവേറിട്ടരാഗം മറന്നു പോയോ”
പാലക്കാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് ഞെരളത്ത്. നളപുരം എന്ന പേര് ലോപിച്ച് ഞെരളത്ത് ആയതാണെന്നാണ് വിശ്വാസം. മണ്ണാര്‍ക്കാട്ടു നിന്നും അലനല്ലൂര്‍ക്ക് പോവുമ്പോള്‍ കോട്ടെക്കാടു നിന്നും തിരിഞ്ഞ് തിരുവിഴാംകുന്നിലേക്കുള്ള വഴിക്കാണ് ഈ ഗ്രാമം. അവിടെയൊരു ശ്രീരാമ സ്വാമിക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രത്തിലെ കൊട്ടിപ്പാട്ട് മുടങ്ങാതിരിക്കാന്‍ മുത്തശ്ശിമാര്‍ പ്രാര്‍ഥിച്ചിട്ടാണ് രാമപ്പൊതുവാള്‍ ജനിച്ചത് എന്നാണ് കേള്‍വി. പക്ഷെ അങ്ങാടിപ്പുറത്തുകാരനായാണ് അദ്ദേഹം ജീവിച്ചത്.
അമ്മാവനായ ഞെരളത്ത് കരുണാകര പൊതുവാളായിരുന്നു രാമ പൊതുവാളിന്‍റെ ഗുരുവും വഴികാട്ടിയും. വള്ളുവനാട്ടിലെ വാദ്യ കുലപതിയായിട്ടായിരുന്നു അക്കാലത്ത് കരുണാകര പൊതുവാള്‍ അറിയപ്പെട്ടിരുന്നത്. ഇടക്ക തായമ്പക, സോപാന സംഗീതം എന്നിവയുടെ സുഖവും ലയവും പൊതുവാളിനേ നല്‍കാനാവൂ എന്നായിരുന്നു വിശ്വാസം. നല്ലൊരു അഷ്ടപദിപാട്ടുകാരനാവാന്‍ കര്‍ണ്ണാടക സംഗീതം പഠിച്ചേ പറ്റൂ എന്നു വിശ്വസിച്ചതു കൊണ്ടു അദ്ദേഹം മരുമകനെ ചെമ്പൈയുടെ ശിഷ്യനാക്കി. തനിമയാര്‍ന്ന കേരളീയ താള -ഈണ പദ്ധതികളുടെ അടിസ്ഥാനങ്ങള്‍ പരിചയിപ്പിച്ച് രമപ്പൊതുവാളെ സോപാന ഗായകനും ഇടക്ക വിദ്വാനു മാക്കിയതും അദ്ദേഹമായിരുന്നു. ചെമ്പൈയുടെ ശിഷ്യനായിരുന്ന രാമപ്പൊതുവാള്‍, തന്റെ പാട്ടിനെ ചെമ്പൈ സമ്പ്രദായത്തിലുള്ള ഭജനം എന്നാണ് പൊതുവാള്‍ വിശേഷിപ്പിച്ചിരുന്നത്. തന്റെ എല്ലാ ശ്രേയസ്സിനും കാരണം ഗുരുനാഥനായ ചെമ്പൈയാണെന്നദ്ദേഹം വിശ്വസിച്ചു.
കേരളീയ സംഗീത ശാഖയായ സോപാന സംഗീതത്തിലെ എക്കാലത്തെയും ആചാര്യനാണ് ഞെരളത്ത് രാമ പൊതുവാള്‍. കല കലക്ക് വേണ്ടിയോ കല ജീവിതത്തിനു വേണ്ടിയോ എന്ന പ്രസിദ്ധമായ ചോദ്യത്തിന്റെ ഉത്തരം ഞെരളത്തിന്റെ കാര്യത്തില്‍ വരുമ്പോള്‍ ജീവിതം കലക്ക് വേണ്ടി എന്ന് തിരുത്തേണ്ടിവരും. അത്രമാത്രം സോപാനസംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ട ജന്മം ആണ് ഇദ്ദേഹത്തിന്റെത്. നിസ്വാര്‍ത്ഥമായ സംഗീത ഉപാസന. ക്ഷേത്രങ്ങളില്‍ വിവിധ പൂജാ സമയങ്ങളില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലെ സോപാനത്തിനു സമീപത്തു നിന്ന് ആലപിച്ചിരുന്ന സോപാനസംഗീതത്തെ ആസ്വാദകരുടെ മനസ്സിലേക്ക് ഉയര്‍ത്തിയതാണ് പൊതുവാളിന്റെ പ്രതിഭ. ഇടയ്ക്ക കൊട്ടിക്കൊണ്ട് ക്ഷേത്ര നടയില്‍ പാടുമ്പോള്‍ ഉള്ള അതെ അഭൗമമായ പശ്ചാത്തലം തനിക്ക് പാടാന്‍ കിട്ടുന്ന ഓരോ ഇടങ്ങളിലും ഒരുക്കാന്‍ കഴിയുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രാഗവിസ്മയം. മനസ്സും ശരീരവും ജീവിതവും സംഗീതത്തിനായി സമര്‍പ്പിച്ച അവധൂതനായിരുന്നു ഇദ്ദേഹം.
ശ്രീകോവിലില്‍നിന്ന് പുറത്തേക്കിറങ്ങുന്ന സോപാനപ്പടവുകളുടെ(അതാതു മൂര്‍ത്തികളുടെ ഇടതുവശം) ഇടതുവശത്തു നിന്നുകൊണ്ട് ഇടയ്ക്ക എന്ന വാദ്യോപകരണത്തില്‍ താളമിട്ടാണ് സംഗീതം ആലപിക്കുന്നത്. ഈ സംഗീതം പൊതുവെ സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പുരാതന ക്ഷേത്രോല്‍പ്പത്തിയോളംതന്നെ പഴക്കം ഈ സംഗീതരൂപത്തിനും ഉണ്ട്. കര്‍ണ്ണാടകസംഗീതം കേരളത്തില്‍ പ്രചരിക്കുന്നതിനും മുമ്പുതന്നെ സോപാനസംഗീതാലാപനം ക്ഷേത്രങ്ങളില്‍ നടത്തിവന്നിരുന്നു. ക്ഷേത്രങ്ങളില്‍ പള്ളിയുണര്‍ത്തല്‍, പ്രസന്നപൂജ, ദീപാരാധന, പള്ളിയുറക്ക സമയം തുടങ്ങിയ സമയങ്ങളില്‍ നടയടച്ച് തുറക്കുന്നതുവരെയാണ് ഇത് ആലപിക്കുന്നത്. ഇടയ്ക്കയില്‍ കൊട്ടി പാടുന്നതുകൊണ്ട് ഇതിനു കൊട്ടിപ്പാടിസേവ എന്നും പറയപ്പെടുന്നു.
എട്ടു പദങ്ങള്‍ ചേര്‍ന്ന അഷ്ടപദിയിലുള്ള കീര്‍ത്തനങ്ങളാണ് പൊതുവേ സോപാനസംഗീതത്തില്‍ ഉപയോഗിക്കുന്നത്. ഒറീസയിലെ പുരി എന്ന സ്ഥലത്തിനടുത്തുള്ള കേന്ദുളി എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന ജയദേവന്‍ എന്ന കവി സംസ്കൃതത്തില്‍ എഴുതിയ ഗീതഗോവിന്ദം എന്ന കൃതിയിലെ 24 ഗാനങ്ങളാണ് കൂടുതലായി ആലപിക്കുന്നത്. വിഷ്ണു, കൃഷ്ണന്‍, ശിവന്‍, ഭദ്രകാളി, ശാസ്താവ് തുടങ്ങിയ ദേവീദേവ ക്ഷേത്രങ്ങളില്‍ സോപാനസംഗീതം പതിവായി നടത്തുന്ന അനുഷ്ഠാന കലയാണ്. നടയടച്ചു തുറക്കുവോളം തോഴുതുനില്‍ക്കുന്ന ഭക്തരുടെ മനസ്സില്‍ മറ്റു ചിന്തകള്‍ ഒഴിവാക്കുക എന്നതുംകൂടിയാകാം ഈ സംഗീതാലാപനത്തിന്‍റെ ഉദ്ദേശം.
ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ഈ സംഗീതാര്‍ച്ചന ഇത്രയും ജനകീയമാക്കിയത് ഞെരളത്ത് രാമപ്പൊതുവാള്‍ എന്ന ഈ മഹാനായ കലാകാരനാണ്. പുതുതലമുറയിലെ പ്രശസ്തരാണ് രാമപ്പൊതുവാളിന്റെ മകനായ ഞെരളത്ത് ഹരിഗോവിന്ദന്‍.
ഒരു ദീർഘ ജീവിതകാലം മുഴുവൻ കൊട്ടിപ്പാടി മലയാളത്തെ ഉയരങ്ങളിലെത്തിച്ച ആ കലാകരനെയും നാട് മറന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ഞെരളത്തിന്റെ നൂറാം ജന്മവാർഷികം മലപ്പുറം പോലും മറന്നപ്പോൾ ആ വലിയ കലാകാരനെ ഓർമ്മിക്കാൻ ഒരു എളിയ ശ്രമം ഈയുള്ളവനും ചെയ്തു. മകൻ ഹരിഗോവിന്ദന്റെ സമ്മതത്തോടെ മലപ്പുറം ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ ഈയുള്ളവൻ, അദ്ദേഹത്തെ സ്നേഹിക്കുന്നവരേയും കൂട്ടി ഒരു അനുസ്മരണ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഒരു അപൂർവ്വകലാകാരന്റെ ജന്മശതാബ്ദിക്ക് കേരളം നൽകിയ ആദരം.
പിതാവ് തെളിച്ചു തന്ന പാതയിലൂടെ അനുയാത്ര ചെയ്ത് സോപാന സംഗീതത്തെ ജനകീയമാക്കാൻ പാടിയലയുന്ന മകൻ ഹരിഗോവിന്ദനിലൂടെ… ഞെരളത്തിനെ ഈ സംഗീതാർച്ചനയെ സ്നേഹിക്കുന്ന ആയിരങ്ങളിലൂടെ കേരളത്തിന്റെ ഈ അനുഗ്രഹീത കലാകാരൻ സ്മരിക്കപ്പെടും. സമക്ഷത്തിൽ നിന്ന് കനിവ് കിട്ടാതെ പാർശ്വവൽക്കരിക്കപ്പെടുന്നുവെങ്കിലും…