കൃഷ്ണാ
നാളെ ഞാനുണ്ടാവുകില്ല
വേറൊരിടം വരെ
പോകേണ്ട കാര്യം
പെട്ടന്നു വന്നതിനാലേ.
എങ്കിലുമിന്നിവിടെത്തി
നിനക്കുള്ള
അച്ചാരം നൽകേണ്ട കാര്യം
കൃഷ്ണാ
എങ്ങനെ ഞാൻ മറന്നീടും?
മുറ്റത്തു പന്തൽ
കാപ്പി സൽക്കാരം
കറുത്തു മുഷിഞ്ഞ കുശലങ്ങൾ
കൃഷ്ണാ
എങ്ങനെ ഞാനിരുന്നീടും?
അവൽ, അലുവ, മിക്ച്ചർ, കണ്ണത്തപ്പം
– വെച്ചതേതിൽ, വാങ്ങിയതേത്
കൃഷ്ണാ
എങ്ങനെ ഞാൻ കഴിച്ചീടും
രാവാണ്, ഗ്യാസാണ്,
ഷുഗറുണ്ട്, പ്രഷറും
ചായപോലും വയ്യ,
അസമയമല്ലേ
കൃഷ്ണാ
മറ്റൊന്നും ചിന്തിച്ചിടല്ലേ.
ഒപ്പം കളിച്ചു വളർന്നവർ
ഒറ്റ ബെഞ്ചിൽ പഠിച്ചവർ
പിന്നെ
നിന്നോടെനിക്കെന്തു വേറുകൃത്യം?
അത്ര നിർബന്ധമാണു നിനക്കെങ്കിൽ
കൃഷ്ണാ
ഒരു പഴം ‘മാത്രം’ ഞാനെടുക്കാം.
ഒട്ടു മറയ്ക്കാതെ
ഒട്ടും മടിക്കാതെ
മൊത്തോം പരസ്യമായി ഞാൻ കഴിക്കാം
കൃഷ്ണാ
നിന്നോടെനിക്കെന്തു പഴയ തീണ്ടൽ?
(എങ്കിലും ദൈവമേ
സൃഷ്ടിതൻ നാളിൽ നീ
വാഴേടെ കാര്യം മറന്നില്ലല്ലോ)
കണ്ടത്തിൻ കരയിലെ
കല്യാണ വീടുകളിലിങ്ങനെ
തലേന്നു വെട്ടുമ്പോൾ
അറിയുന്നു ദൈവമേ
പിഴച്ചൊരീ കാലത്ത്
വാഴ യേക്കാൾ വലിയ
സൃഷ്ടിയുണ്ടോ?!