അബൂദാബിയിലുള്ളപ്പോൾ ലണ്ടനിൽ പോകാൻ എനിക്കൊരാഗ്രഹം തോന്നി. ഞാൻ ജനിക്കുന്നതിന്നു മുമ്പാണെങ്കിലും നമ്മെ ഭരിച്ച, സൂര്യൻ അസ്തമിക്കാത്ത രാജ്യം ആയിരുന്ന, ആ രാജഭരണം ഇപ്പോഴും നടക്കുന്ന യുണൈറ്റട് കിങ്ങ്ഡം കാണുന്നത് ഒരു പ്രത്യേക സുഖം ആണല്ലോ? അങ്ങിനെ ഞാൻ അബൂദാബിയിലെ ബ്രിട്ടീഷ് എംബസ്സിയിൽ ചെന്ന് ഫോറം പൂരിപ്പിച്ചു കൊടുത്തു. പിറ്റേന്ന് എന്നെ വിളിച്ചു ഇന്റർവ്യൂവിന്നു ചെല്ലാൻ ആവശ്യപ്പെട്ടു. വിവരം അറിയീക്കാം എന്ന് കോണ്‍സുൽ പറഞ്ഞു. അന്ന് തന്നെ വൈകീട്ട് എന്നെ വിളിച്ചു വിസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു.
എന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ. പനിയുടെ ലക്ഷണം ആരംഭിച്ചു. പനിയും കൊണ്ട് ലണ്ടനിൽ പോകാൻ പറ്റത്തില്ല. അവിടെ ഭയങ്കര തണുപ്പാണല്ലോ? തന്നെയുമല്ല, യാത്രയും മറ്റും – ഒരു സുഖവും ഉണ്ടാവത്തില്ല. ഞാൻ അബുദാബി മെയിൻ ഹോസ്പിറ്റലിൽ ചെന്നു. അവിടെയുണ്ടായിരുന്ന മലയാളി നേഴ്സിനോട് ഞാൻ ഡോക്ടറെ കാണാൻ അനുവാദം ചോദിച്ചു. മലയാളികളോട് അറബിയിലും അറബികളോട് ഇംഗ്ലീഷിലും സംസാരിക്കുന്ന ആ നഴ്സ് ശെരിയല്ലാത്ത അറബിയിൽ പറഞ്ഞു ‘അലാൻ മാഫി. ബാദ് താൽ’ ഇപ്പൊ ഇല്ല, പിന്നെ വരാൻ ആണ് ആ നഴ്സ് ഉദ്ദേശിച്ചതെന്നു എനിക്ക് മനസ്സിലായി. ഒരുപാട് നല്ല, ഫ്ലോറന്‍സ് നൈറ്റിംഗലിനെ പോലെയുള്ള മാലാഖമാരായ നഴ്സ്മാർ ഉണ്ട് എന്ന് എനിക്കറിയാം. എന്നാൽ ഇത്തരത്തിലുള്ള വിരലിലെണ്ണാവുന്ന ചിലർ മതിയല്ലോ നല്ലവരുടെ കൂടി പേര് ചീത്തയാക്കാൻ. ഞാൻ വീണ്ടും മലയാളത്തിൽ പറഞ്ഞിട്ടും അവർ അകത്തു പോകാൻ എന്നെ അനുവദിച്ചില്ല. അന്ന് OP ഇല്ലാത്തതാണത്രേ കാരണം. ഞാൻ സംസാരിക്കുന്നത് കണ്ടപ്പോൾ അന്ന് എമർജൻസി ഡ്യൂട്ടി ഉണ്ടായിരുന്ന ഡോക്ടർ സിസിലി വന്നു അകത്തേക്ക് വിളിച്ചു കൊണ്ട് പോകുകയും കുറച്ചു ആന്റിബയോടിക് മരുന്നുകൾ തരികയും ചെയ്തു. ഈ ഡോക്ടർ സിസിലിയെ വിവാഹം കഴിച്ചിരിക്കുന്നത് ക്രിസ്തീയ മതത്തിൽപെട്ട ഒരു ഗ്രൂപ്പ് ആയ ഓർത്തഡോക്സൊ പ്രൊട്ടെസ്റ്റെന്റൊ വിഭാഗത്തിൽ പെട്ട ഒരു പാതിരി ആണ്. ആ വിഭാഗത്തിൽ പെട്ട അച്ചൻമാർക്ക് വിവാഹം കഴിക്കുന്നതിന്നു വിരോധമില്ല. ഇത് തന്നെയാണ് ബ്രിട്ടനിൽ കൂടുതലുള്ള ആംഗ്ലിക്കൻ ചർച്ച് വിഭാഗക്കാര്‍ക്കും. പാതിരിമാർക്കു വിവാഹം കഴിക്കുന്നതിന്നു വിരോധമില്ലെന്നാണ് എന്റെ അറിവ്.
അന്ന് രാത്രി അസുഖം മാറി. അൽഹംദുലില്ല(ദൈവത്തിന് നന്ദി). പിറ്റേന്ന് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെഴു ഏപ്രിൽ പന്ത്രണ്ടിന്നു ലണ്ടനിലേക്ക് പറക്കാൻ അബുദാബി എയർപോർട്ടിലേക്ക് ചെന്നു. അബുദാബിയിൽ നിന്ന് ബഹറയിനിലേക്ക് ഫ്ലൈറ്റ് പുറപ്പെട്ടു. ബഹറയനിൽ നിന്ന് അമ്പതു മിനിട്ടിന്നു ശേഷം നേരെ ലണ്ടനിലേക്ക്. മണിക്കൂറുകൾക്ക് ശേഷം ഫ്ലൈറ്റ് ലണ്ടൻ ഹീത്രോ എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എന്റെ ആതിഥേയൻ ഡോക്ടർ അസീസ് റദവാൻ എന്ന ബ്രിട്ടീഷ് പൗരത്വമുള്ള ഈജിപ്ത്യൻ എന്നെ കാത്തു ഹീത്രോ എയര്‍പോര്‍ട്ടില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ ഡോക്ടർ താമസിക്കുന്ന EAST FINCHELY എന്ന സ്ഥലത്തേക്ക് പോയി. ഡോക്ടറുടെ വില്ല ഒരു സൈലന്റ് സ്ഥലത്തായിരുന്നു. അന്ന് എനിക്ക് ഒഫീഷ്യൽ പ്രോഗ്രാം ഉണ്ടായിരുന്നില്ല. എല്ലാ സ്ഥലത്തും ഞാൻ ചെന്നാൽ ചെയ്യുന്നത് പോലെ പട്ടണം കാണാൻ പോകാം എന്ന് തീരുമാനിച്ചു. ഇന്ത്യയിലെ പോലെ ലണ്ടനിലും റൈറ്റ് ഹാൻഡ് ഡ്രൈവിംഗ് ആണ്. ഗൾഫിലും അമേരിക്കയിലും ലെഫ്റ്റ് ഹാൻഡ് ഡ്രൈവിംഗ് ആണല്ലോ? പക്ഷെ ഗൾഫിൽ ഒരുപാട് ഡ്രൈവിംഗ് ചെയ്തിട്ടുണ്ടെങ്കിലും ലണ്ടനിൽ ഡ്രൈവ് ചെയ്യാൻ കുറച്ചു പേടി ഉണ്ടായിരുന്നു. പക്ഷെ കുറച്ചു സമയം ഡ്രൈവ് ചെയ്തപ്പോൾ ആ പേടി മാറി.
അന്ന് തന്നെ ഈസ്റ്റ് ഫിഞ്ചെലിയിലുള്ള ബ്രിട്ടീഷ് റെയിൽ ഓഫീസിൽ പോയി ഒരു ആഴ്ച്ചക്കുള്ള സീസണ്‍ ടിക്കറ്റ് എടുത്തു. അവർ തന്ന നമ്പർ F8346. എവിടെയും ഫാൻസി നമ്പർ ചോദിക്കുന്ന ഞാൻ അവിടെ മാത്രം മറന്നു പോയി. പിന്നെ അന്ന് രാത്രി വരെ ബ്രിട്ടീഷ് അണ്ടർഗ്രൗണ്ട് റെയിൽവെയിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര. ഭൂമിയുടെ അടിയിലൂടെയാണ് ട്രെയിൻ ഓടുന്നതും റെയിൽ സ്റ്റേഷനും. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയാൽ ഒന്നുകിൽ സ്റ്റെയർ വഴിയോ അല്ലെങ്കിൽ ലിഫ്റ്റ് വഴിയോ മുകളിൽ ചെല്ലാം. എല്ലാ അണ്ടർഗ്രൗണ്ട് സ്റ്റേഷൻ ഉള്ള സ്ഥലത്തിലെ റോഡിന്റെ അടുത്ത് UNDERGROUND എന്ന ബോർഡ് കാണാം.
അന്ന് വൈകീട്ട് ഞാൻ ലണ്ടനിലെ Piccadelly Circus എന്ന സ്ഥലത്തേക്ക് പോയി. Piccadelly Circus എന്നത് ഒരു സ്ഥലത്തിന്റെ പേരാണ്. അല്ലാതെ സര്‍ക്കസ് അല്ല. അവിടെ ബ്രിട്ടീഷുകാരല്ലത്ത രണ്ടു ഗുണ്ടകൾ വന്നു എന്നോട് പണം ആവശ്യപ്പെട്ടു. ഞാൻ പേടിച്ചു പിന്തിരിഞ്ഞോടി. അവരും എന്റെ പിന്നാലെ വന്നു. വഴിയിൽ കണ്ട ഒരു പോലീസുകാരനോട് ഞാൻ വിഷയം പറഞ്ഞു. ‘You escape immediately’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ഓടി അതിന്റെ അടുത്തുള്ള Oxford Circus എന്ന സ്റ്റേഷനിൽ എത്തി. അണ്ടർഗ്രൗണ്ടിൽ ഉള്ള ആദ്യം കണ്ട ട്രെയിനിൽ കയറി. ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലല്ല്ലോ. പാസ് ഉണ്ടല്ലോ. എങ്ങൊട്ടെക്കാണ് പോകുന്നത് എന്ന് പോലും നോക്കിയില്ല രക്ഷപ്പെടുക. അത്ര മാത്രം. പിന്നെ അന്ന് വേറെ ഒരുത്തിലും പോകാൻ മൂഡ് ഉണ്ടായിരുന്നില്ല. പിറ്റേന്ന് ലണ്ടനിൽ നിന്ന് ഇരുന്നൂറു കിലോ മീറ്റർ(ഏകദേശം 125 മൈൽസ്. ലണ്ടനിൽ മൈൽ സിസ്റ്റം ആണ്) ദൂരമുള്ള Worcester എന്ന സ്ഥലത്തേക്ക് പോയി. ഡോക്ടറും ഞാനും മാറി മാറി വണ്ടി ഓടിച്ചു. അവിടെ GROUP 4 എന്ന കമ്പനിയിലെ ഒഫീഷ്യൽ മീറ്റിംഗ്. അവിടെ മീറ്റിംഗ് കഴിഞ്ഞപ്പോൾ വൈകീട്ട് മൂന്നു മണി ആയി. തിരിച്ചു ലണ്ടനിലേക്ക് ഓക്സ്ഫോർഡ് വഴി. അന്ന് യൂണിവേഴ്സിറ്റി സന്ദർശിക്കാൻ പറ്റി.
പിറ്റേന്ന് ലണ്ടനിലെ സിസ്റ്റം ഇൻസ്ട്രുമെന്റെഷൻ കമ്പനി കാണാൻ പോയി. അവിടെ എല്ലാ തരത്തിലുള്ള സെക്യൂരിറ്റി സിസ്റ്റംസ് നിര്‍മിക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സന്ദര്‍ശനമായിരുന്നത്. ഞാൻ ഒരു മുസ്ലിം ആണെന്ന് കണ്ടപ്പോൾ അവർ എനിക്കൊരു ഗിഫ്റ്റ് തന്നു. ഒരു കാളിംഗ് ബെൽ-കം-ക്ലോക്ക്. അതിന്റെ പ്രത്യേകത, കണ്ടാൽ ഒരു ക്ലോക്ക്. ഫ്രന്റ് ഭാഗം രണ്ടു സൈഡിലും പള്ളിയുടെ മിനാരങ്ങൾ. അതിന്റെ പിന്നിൽ ബാറ്ററി ഇടാവുന്ന സ്ഥലം. അവിടെ നിന്ന് വയർ വഴി നമ്മുടെ വീടിന്റെ പുറത്ത് ഫിറ്റ് ചെയ്യാനുള്ള ഒരു സ്വിച്ച്. ആ സ്വിച്ചും ഒരു അറബിക് സ്റ്റൈൽ. ബെൽ അമർത്തുമ്പോൾ ‘അസ്സലാമുഅലൈക്കും‘ എന്ന് പറയും. അതിന് ശേഷം ഒരു പാട് ഇലക്ട്രോണിക്ക് എക്സിബിഷൻ സന്ദർശിച്ചു. അതിന്നിടയിൽ ബക്കിങ്ങ്ഹാം പാലസ്സിൽ ഗാർഡ് മാറുന്ന ഗംഭീര പരിപാടി കാണാൻ കഴിഞ്ഞു. ഗാര്‍ഡ് മാറുന്ന പരിപാടി കാണാന്‍ ലണ്ടനില്‍ നിന്നും മറ്റു യുണൈറ്റട് കിങ്ങ്ഡമില്‍ നിന്ന് മാത്രമല്ല മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ഷകന്മാര്‍ വരാറുണ്ട്. കൂട്ടത്തിൽ ലണ്ടൻ മൂസിയം, തേംസ് നദിയിലൂടെയുള്ള യാത്ര എല്ലാം നടത്തി. അന്ന് രാത്രി ഒരു മൊറോക്കൻ റസ്റ്റോറന്റില്‍ അത്താഴവിരുന്നു.
ഒരാഴ്ച്ച ലണ്ടന്‍ ഏകദേശം കറങ്ങാന്‍ പറ്റി. ലണ്ടനില്‍ നിന്നാണ് “ലണ്ടനിലെ പ്രേതം” എന്ന കഥ എഴുതാന്‍ കഴിഞ്ഞത്. പിന്നീട് ഒരുപാട് പ്രാവശ്യം ലണ്ടന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞെങ്കിലും ആദ്യം പോയ യാത്രയും താമസവും ഒരിക്കലും മറക്കാന്‍ കഴിയില്ല. ലണ്ടനിലെ പല സ്ഥലത്തും യാചകന്മാരെ കാണാന്‍ കഴിഞ്ഞു.
തിരിച്ചു പോകേണ്ട ദിവസമായി. ലഗ്ഗേജ് എല്ലാം റെഡിയാക്കി. ഡോക്ടറോട് നന്ദി പറയാൻ തുടങ്ങി. ഞാൻ അറബിയിൽ പറഞ്ഞു –
‘യാ ദക്തൂർ അന മാ നസ്സീത്തക്കും ദാഇമൻ(ഡോക്ടറെ, ഞാൻ ഒരിക്കലും ഡോക്ടറെ മറക്കൂല)’
‘അതിനെന്താ ഷെരീഫെ അബുദാബിയിൽ ഞാൻ വന്നപ്പോൾ ഷെരീഫും കുറെ കഷ്ടപ്പെട്ടില്ലേ’ എന്ന ഡോക്ടറുടെ മറുപടി കേട്ടപ്പോൾ എനിക്ക് സന്തോഷമായി. ഉപകാരം ചെയ്‌താൽ ഓർക്കുന്നവരും ഈ ലോകത്ത് ഉണ്ടെന്നു മനസ്സിലായി.
പിറ്റേന്ന് ഡോക്ടർ എന്നെ ഹീത്രോ എയർപോര്‍ട്ടിലേക്ക് എത്തിച്ചു. അദ്ധേഹത്തെ പിരിയുമ്പോൾ സത്യത്തിൽ ഒരു കുടുംബാംഗത്തെ പിരിയുന്ന പോലെ. തിരിച്ചു വന്നത് ഫ്രാന്‍സിലെ പാരീസ് വഴിയായിരുന്നു. അവിടെ ഒരു പകല്‍ ഉണ്ടായിരുന്നു. അവിടെ ഞാനൊരു കാര്യം മനസ്സിലാക്കി. കോളേജില്‍ പഠിക്കുന്നവര്‍ പോലും നാം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി തരുന്നത് മഹാ ഭൂരിപക്ഷവും ഫ്രഞ്ച് ഭാഷയില്‍ ആയിരുന്നു. പിന്നീടാണ് എനിക്കതിന്റെ രഹസ്യം പിടികിട്ടിയത്. അവര്‍ക്ക് അവരുടെ മാതൃഭാഷയോട് അത്രയധികം ഇഷ്ടമാണ് എന്ന്. ബ്രിട്ടീഷ് എയര്‍വെയ്സില്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചു. നമ്മെ അടക്കി ഭരിച്ചവര്‍ ആയിരുന്നു ബ്രിട്ടീഷുകാര്‍ എങ്കിലും ഫ്ലൈറ്റില്‍ നല്ലൊരു പെരുമാറ്റം ആണ് കണ്ടത്. രാത്രി എട്ടിന്നു പോറ്റമ്മയുടെ അടുത്ത്, അബുദാബിയിൽ എത്തി.