ഉള്ളുരുക്കുന്ന കണ്ണുനീർത്തുള്ളിയായ്
ചുട്ടുനീറ്റുന്ന നിത്യസത്യങ്ങളായ്
ദൂരെ നിന്നും പറന്ന കിനാക്കളായ്
പിന്നിലൂറുന്ന ഭൂതപ്രവാഹമായ്
എന്നിൽ വന്നു നിറഞ്ഞു നീയോർമ്മതൻ
തുള്ളി തള്ളിക്കളിക്കും സമുദ്രമായ്.
ഒന്നുറങ്ങാൻ തുടങ്ങുമ്പൊഴെന്നുള്ളി-
ലെങ്ങുനിന്നോ പറന്നിറങ്ങുന്നു നീ
ഒക്കെയും ഞാനടുക്കിത്തുടങ്ങുമ്പൊ-
ഴോർമ്മയിൽ നിന്നകന്നു പോകുന്നു നീ.
മുന്നിൽ നിന്നു കൈമുദ്ര കാട്ടുന്നവൾ
ഏറെ ഭാവങ്ങളായ് തുളുമ്പുന്നവൾ
തൊട്ടുനോക്കാനൊരുങ്ങുമ്പൊഴെൻ കരം
തട്ടി മാറ്റി കുഴഞ്ഞു മാറുന്നവൾ
കൂട്ടിനായിക്കുണുങ്ങിയെത്തുന്നവൾ
കാത്തിരുന്നാൽ പിണങ്ങിമായുന്നവൾ
എത്ര കൗതുകം നിന്റെയീയക്ഷരാ-
നന്ദനർത്തനം വിസ്മയം കൊണ്ടുഞ്ഞാൻ.
നീറുമോർമ്മകൾ മേഘവർണങ്ങളായ്
അഗ്നിയായി പടർന്നു കത്തുന്നു നീ
ഉഷ്ണമേഘമുറഞ്ഞു പെയ്യുന്ന പോ-
ലുഗ്രമായിട്ടുറഞ്ഞു തുള്ളുന്നു നീ.
നിന്നിലുണ്ടർക്ക തീക്ഷ്ണപ്രവാഹങ്ങൾ
രാവുരുക്കുന്ന നക്ഷത്രദീപ്തികൾ
നറുനിലാവായ് ലസിക്കും കിനാവുകൾ
നിറവിലാടുന്ന നിർവ്വൃതിപ്പൂവുകൾ
ഇടയിലുഗ്രപ്രതികാരവാഹിനി
ഹൃദയമെന്നും കവർന്ന കാമായനി
മുലപറിച്ചെറിഞ്ഞാടിയ കണ്ണകി
മുടിയഴിച്ചിട്ടലറിയ ദ്രൗപദി
കണവനോടൊത്തലഞ്ഞ ശീലാവതി
കരളുരിക്കിത്തളർന്ന തപസ്വിനി.
മൊഴികളെത്രയോ സാരാർത്ഥ സുന്ദരം
മിഴികളിൽ മിന്നി നിൽക്കുന്ന വിസ്മയം
പ്രണയമായാദി ജന്മപ്രരോഹമായ്
പ്രണയമായ് സൂക്ഷ്മ രാഗരേണുക്കളായ്
അണുവിലും നർത്തനം ചെയ്കയാണു നീ
അണ മുറിക്കാത്ത കാലപ്രവാഹിനി.
സ്വരകണങ്ങളായ് മാത്രയായ് താളമായ്
ധ്വനിതരംഗമായ് ജ്ഞാനമായ് കർമ്മമായ്
ഒഴുകിയെങ്ങും പടർന്നെന്റെ നാഭിയിൽ
മൊഴി തളിച്ചു നീ നിൽക്കയാണിപ്പൊഴും.