അവന്
എന്നിൽനിന്നും
പൊഴിഞ്ഞുപോകണമായിരുന്നു…
ആയിരം ഉരുക്കുചക്രങ്ങൾ
അമർന്നുതാളമിട്ട
തീവണ്ടിയുടെ പാട്ടുകേട്ട്
ഒറ്റമണിമഞ്ചാടിയിലേക്ക്
അവനോടൊപ്പം
നെഞ്ചുരുക്കിച്ചേർത്തിട്ടും, പോരാതെ,
അവന്
വറ്റിയമർന്നു പോകണമായിരുന്നു..
പുഴകളിലേക്ക്..
മണ്ണൊളിപ്പിച്ച ഉറവുകളിലേക്ക്..
ഉപ്പുറഞ്ഞ
നോവിൻതടങ്ങളിലേക്ക്..
രാവിൽ
അവൻ ഏകനായി
ഇരുട്ടറയിലിരുന്ന്
കടലിനെക്കുറിച്ച്
ഉറക്കെയുറക്കെപ്പാടി.
നട്ടുച്ചകളിൽ
കുന്നിൻചെരിവിലെ
ഉണങ്ങിയ പാവുട്ടമരച്ചോട്ടിലെ
വെയിലിൽ ഒറ്റക്കിരുന്ന്
പ്രണയത്തിന്റെ
വേവുതിന്നു..
യാത്രയായപ്പോൾ
നീണ്ടവിരൽത്തുമ്പു തഴുകി
അവനെന്റെ നെഞ്ചിലെ
കവിതകളെല്ലാം
മായ്ച്ചുകളഞ്ഞു…
ശപിച്ചിറങ്ങിപ്പോയവൻ
പൊടുന്നനെ പിൻതിരിഞ്ഞ്
ഞാൻ നട്ട മരമെവിടെ എന്ന്
അടിവയറ്റിൽ മുഖമമർത്തിക്കരയുന്നു..
എത്രയൂർന്നുലഞ്ഞിട്ടുമിന്നും
അവന്റെ കവിതകളിലെല്ലാം
എന്റെ പ്രാണനാണല്ലോ പൊടിഞ്ഞുതൂവുന്നത്..