മാഞ്ഞു പോയ വീട്

(ദുബായിൽ നടന്ന അക്കാദമി ശില്ലശാലയിൽ ഒന്നാം സമ്മാനർഹമായ കഥ)

സമയമെന്തായി?

അല്ലെങ്കിൽ… സമയവും, മാസവും, ദിവസവുമൊന്നിനും അവിടെ പ്രസക്തിയില്ലാതായിരിക്കുന്നു… എൺപതു പിന്നിട്ടൊരു വൃദ്ധന്റെ ശിഷ്ടക്കാലം.

ക്ലോക്കിന്റെ ചെറു മിടിപ്പു പോലും അയാളുടെ കാതിലെത്താതായി.
അക്കങ്ങളുടെ ചലനവും മിഴികൾ മറന്നു തുടങ്ങിയിരിക്കുന്നു.

16174772_1100529826724431_3043741596630036478_nതനിക്കു മുന്നിലെ ജാലകത്തിലൂടെ കടന്നു വരുന്ന വെളിച്ചത്തിനും നിമിഷങ്ങളുടെ ആയുസ്സേ ഉള്ളൂ എന്നാ വൃദ്ധൻ മനസ്സിലാക്കി കൊണ്ട് പുറത്തേക്ക് നോക്കി.

നോക്കെത്താ ദൂരത്തെ കാഴ്ചകൾക്കൊന്നും പുതുമയില്ല. പാരിജാതത്തിന്റെ കൊമ്പിൽ ആ കിളികൾ ഇപ്പോഴുമുണ്ട് എന്നത് അവരുടെ ശബ്ദം കൊണ്ടയാൾ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു.

ഓരോ ശാഖയിൽ നിന്നും ഇല ചാർത്തുകളെ നോവിക്കാതെ ചിലച്ചും, ചിറകു കുടഞ്ഞും അവ പ്രണയിക്കുന്നുണ്ടാവാം.

കുറെ ദൂരെ മാറിയാണ് ആ പുളിമാവ്..

അതിന് ചുവട്ടിലാണ് അവൾ അന്തിയുറങ്ങുന്നത്…. അമ്മിണിയുടെ വിശ്രമസ്ഥലം പോലും കാഴ്ചകൾ മങ്ങിയതിനാൽ മങ്ങി നിന്നിരുന്നു.

അയാൾ കാഴ്ചയുടെ മങ്ങലിനെ കൂർപ്പിച്ചു ചേർത്തുവെച്ചു അങ്ങോട്ട് നോക്കി കൊണ്ടിരിക്കുമ്പോളാണ് അയാൾക്ക് മുന്നിലെ ജാലക വാതിലിന്റെ നേർക്കൊരു കൈ നീണ്ടു വന്നതും, നീല തിരശ്ശീല വിരി കൊണ്ടാകാഴ്ചകൾ മറയ്ച്ചതും.

അയാൾ പെട്ടെന്ന് ശൂന്യമായൊരു പേടകത്തിലെന്ന പോലെ ആ ഇരുട്ടിൽ ഒറ്റപ്പെട്ടു.

“സുജാതെ…. ഇത്തിരി നേരം കൂടി ആ കതക് ഒന്ന് തുറന്നു വെക്കാമോ…?” – അയാൾ പ്രതീക്ഷയോടെ തന്നെ പരിചരിക്കുന്ന സുജാത എന്ന ഹോംനേഴ്സിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി കൊണ്ട് ചോദിച്ചു…

ഒരു ദിവസത്തിൽ ആ വൃദ്ധന് കിട്ടുന്ന പത്തു മിനിറ്റിന്റെ കാഴ്ച.. വെളിച്ചം… ശബ്ദം…. സന്തോഷം അതിന്റെ സമയപരിധി തീർന്നിരിക്കുന്നു എന്ന അറിയിപ്പോടെ ഏ.സിയുടെ നേർത്ത ഇരമ്പൽ മുറിയിൽ മുഴങ്ങി..

ആ പത്തു മിനിറ്റിന്റെ ദൈർഘ്യം സുജാതക്ക് കിടക്ക വിരിമാറ്റി ഇടാനുള്ള നേരമാണ്… അന്നേരം… സുജാത ഒരു കസേര ജാലകത്തിനരികിലേക്ക് നീക്കിയിടും.

അപ്പോൾ…
വെളിച്ചത്തിനെ സ്വാഗതം ചെയ്തു കൊണ്ട് ജനവാതിലുകൾ തുറക്കപ്പെടും.

വൃദ്ധനെ ആയാസപ്പെട്ടു ആ കസേരയിലേക്ക് പിടിച്ചിരുത്തി സുജാത ഉറക്കെ പറയും –

“വല്യച്ഛാ… എഴുന്നേൽക്കാൻ ശ്രമിക്കരുത് ട്ടോ…. ഞാൻ വിരിമാറ്റും വരെ ഇവിടെ ഇരിക്കണം… കേട്ടോ….”

അയാളുടെ മുഖമപ്പോൾ കൂടുതൽ ഉണർവ്വോടെ പ്രകാശിക്കും… കാഴ്ചയുടെ മങ്ങലിൽ നിന്നും അയാളിലേക്ക് വെളിച്ചത്തോടൊപ്പം ഒരു പാട് ഓർമ്മകൾ കയറി വരും.
അതാണയാളെ കാത്തിരിക്കുന്ന നിമിഷവും …

“സുജാതേ… ഇത്തിരി നേരം കൂടി.. ജനൽ…..”

സുജാത അയാളെ പിടിച്ചെഴുന്നേൽപ്പിക്കമ്പോൾ ഇങ്ങിനെ പറഞ്ഞു – “വല്യച്ഛാ.. ഏ.സി ഇട്ടിട്ടുണ്ട്… ഇനി വാതില് തുറക്കാൻ പറ്റില്ല…”

“ഉം… എങ്കിലും… ആ കുന്നിവാകമരത്തിൽ ഇരുന്നു പാടിയിരുന്ന കുയിൽ ഇപ്പോൾ പറന്നു പോയി കാണുമല്ലേ…?
അമ്മിണിക്കുഞ്ഞിയുടെ പുളിമാവ് ഇത്തവണ പൂത്തിട്ടുണ്ടോ?
തെക്കോർത്തെ ശീമ നാരകത്തിലിക്കുറി കായ് പിടിച്ചിട്ടുണ്ടോ?”

അയാളുടെ ചോദ്യങ്ങൾ എല്ലാം… സുജാതയുടെ കാതിൽ ബന്ധിച്ച ഇയർഫോണിൽ മൗനം പൂണ്ടു വെറുങ്ങലിച്ചു കിടന്നതു മിച്ചം. അവൾ ആരൊടൊക്കയോ ഫോണിൽ ശബ്ദമടക്കി സംസാരിച്ചും… ചിരിച്ചും.. പാട്ടുകൾ മുളിയും സ്വന്തം ജോലികൾ കൃത്യതയോടെ ചെയ്തു.

മേശപ്പുറത്തെ കൂജയിലെ വെള്ളം…
കഴിക്കുന്ന മരുന്നുകൾ..
ഉപ്പിടാത്ത കാഞ്ഞി, കഞ്ഞിക്കുള്ള പുഴുക്ക് – പച്ചക്കറി സൂപ്പ്…
മുഖം തുടക്കാനുള്ള ടവ്വൽ വരെ മടക്കി കട്ടിൽ തലക്കൽ വെച്ചു…

“സുജാതെ… മക്കൾ…?”

“എല്ലാരും താഴെയുണ്ട് വല്യച്ഛാ… കുട്ട്യോൾക്ക് പരീക്ഷയല്ലേ… അതിന്റെ തിരക്കാ അവിടെ…”
അവൾ നീരസത്തോടെ തുടർന്നു – “വൈകീട്ട് എത്ര നല്ല സീരീയൽ ആണെന്നോ… ഒക്കെ ഈ പരീക്ഷ കാരണം മുടങ്ങി…”

വൃദ്ധൻ കട്ടിൽ തലക്കിൽ വെറുതെ തല കുമ്പിട്ടിരുന്നു.. ഏകാന്തതയുടെ ഭീകരതമെനഞ്ഞ കറുത്ത ആവരണം ഇരുട്ടായി ആ മുറിയിൽ അയാളെ കാലങ്ങൾ ഏറെയായി മൂടി മറക്കാൻ തുടങ്ങിയിട്ട്…

മാസത്തിൽ ഒന്നോ രണ്ടോ തവണ മുകളിലേക്ക് കയറി വരുന്ന ഡോക്ടർക്കൊപ്പം കേറി വരുന്ന മകൻ അവന്റെ കടമ കൃത്യതയോടെ പാലിച്ചു പോന്നു… ചില ചെറു കുശലങ്ങളിൽ ഒതുങ്ങി നിന്ന അവന്റെ കടമ…

“അച്ഛനിപ്പോൾ ക്ഷീണമില്ലല്ലോ?

“എഴുന്നേറ്റു നടക്കരുത്”
“എന്താവശ്യത്തിനും സുജാതയെ വിളിക്കണം” എന്നീ വാക്കുകളിൽ അസ്തമിച്ചു.

ഇനിയുള്ളത് വല്ലപ്പോഴും വഴി തെറ്റി വരുന്ന മരുമകളാണ്.. പിന്നെ താഴേന്ന് കേൾക്കുന്ന പേരക്കുട്ടികളുടെ ശബ്ദങ്ങൾ.. ഇവരൊക്കെ കേറി വരുമ്പോൾ എന്തേ ഗോവണി പലകകൾ കരയാത്തത് എന്നാണ് വൃദ്ധൻ അപ്പോളും ആകുലതയോടെ ചിന്തിച്ചത്… അമ്മിണി ഗോവണി കേറുമ്പോൾ അവളുടെ വളപോലും കിലുങ്ങുന്നത് കേൾക്കാം…

തൃഛമ്പരത്ത് അറുത്തെടുത്ത തേക്കിൽ കടഞ്ഞെടുത്തപടികൾ കൊണ്ടാണാ ഗോവണി പലകകൾ തീർത്തിരുന്നത്…. കൊത്തുപണി കൊത്തിയ ചാരു പലകകളും, കൈവരികളും.

അമ്മിണിയുടെ ആശയായിരുന്നു മുകൾ മുറിയിലെ ഈ ജനൽ.. കിഴക്കോട്ട് തുറന്നാൽ സൂര്യന്റെ കൈകൾ അകത്തേക്ക് നീണ്ടുവരും..

കഞ്ചു ആശാരി ജനവാതിൽ പണിയുമ്പോൾ കളിയാക്കി ഇങ്ങിനെ പറഞ്ഞു… അമ്മിണി അമ്മക്ക് നേരം പോകാതിരിക്കുമ്പോൾ ഈവഴി നോക്കിയാൽ ആകാശത്തിരിക്കുന്ന ദേവീ ദേവകളുമായി ചങ്ങാത്തം ആവാം ട്ടോ…

അതിനല്ലേ കരുണാകരേട്ടൻ ഇത്രയും വലിയൊരു ജനാല ഇവിടെ പണിയുന്നത്..

അയാളൊന്നുമന്ദഹസിച്ചു… ഇതിനിടയിൽ സുജാത ഗോവണി ഇറങ്ങി പോയിരിക്കുന്നു.

കിടക്കയുടെ പതുപ്പിൽ അയാൾ നിവർന്നു കിടന്നു… ശബ്ദങ്ങൾ നഷ്ടമായ ആ മുറിയിലെ ഏകാന്തത അയാൾക്ക് സുപരിചിതമായിരിക്കുന്നു.

നീണ്ട ഉമ്മറത്ത് നിന്നും കിഴക്കോട്ടിറങ്ങിയാൽ നടുമുറ്റം ആണ്.. മഴയില്ലാത്തപ്പോളൊക്കെ അമ്മിണിയുടെ കൊണ്ടാട്ടങ്ങളും ഉണക്ക മാങ്ങ, ഇലുമ്പൻ പുളി, മുളക് മല്ലി എന്നിവയൊക്കെ യഥാവിധി ഓരോരോ പനം പായിൽ അവിടെ വിശ്രമിക്കാറുണ്ട്..

ചുമരോരത്തെ അഴയിൽ സഹദേവന്റെ നിക്കറും, ഉടുപ്പും അമ്മണീടെ., നെര്യേതും വെയിൽ കായും. ഗോവണി ചോട്ടിൽ വിശ്രമിക്കുന്ന കിണ്ടി, വിളക്ക്… മറ്റു ഓട്ടുപാത്രങ്ങൾ….

കൃത്യമായി കണക്കുകൾ എഴുതി തൂക്കുന്ന ഒരു തൂക്കുപലക അടുക്കളപ്പുറത്തെ അലങ്കാരമാണ്….

സരോജിനിയുടെ വീട്ടിൽ നിന്നും വാങ്ങിയ പാൽക്കണക്ക്…
വിശ്വംബരന്റെ പീടികയിലെ പറ്റു കണക്ക്…
ശങ്കു തെങ്ങിന്റെ തടത്തിലിടാൻ വളംവാങ്ങാൻ വാങ്ങിയ കാശ് കണക്ക്…
കരണ്ടു ബില്ലടച്ച തിയ്യതി.

അമ്മിണി അങ്ങിനെയാ… ജീവിതം എന്ന കൃത്യമായ കണക്ക് അണുവിട തെറ്റാതെ അയാൾക്ക് പകർന്നു കൊടുത്തത് കെടാത്തൊരു വിളക്കായി തന്നെയായിരുന്നു.

അയാൾക്ക് താഴെക്കൊന്നു പോകാനും തന്റെ അമ്മിണിക്കുട്ടിയുടെ ഓർമ്മകൾ തൊട്ടുപരിചിതമായ പഴംചുവരിൽ പിടിച്ചു നടക്കാനും കൊതി തോന്നി…

പൂമുഖത്ത് തൂങ്ങുന്ന കടുംബ ഫോട്ടോ…. പിന്നെ ചില്ലിട്ടു സൂക്ഷിച്ച സരസ്വതീ ദേവിയുടെ ചിത്രം… ഗാന്ധിയുടെയും മാനിന്റെയും ചെറുശില്പങ്ങൾ.

അയാൾ പതിയെ ഉറക്കത്തിലേക്കാഴ്ന്നു പൊയ്ക്കൊണ്ടിരുന്നു…

പിറ്റേ ദിവസമാണ് സുജാത പറഞ്ഞത് – “വല്യച്ഛാ… ഞാൻ പുറത്തേക്കൊന്ന് പോകുകയാ… പോസ്റ്റാഫീസു വരെ പോകണം. എന്തേലും ആവശ്യമുണ്ടോ?”

“ഇല്ല. നീ… പൊയ്ക്കോ…”

“എഴുന്നേറ്റു നടക്കരുത് ട്ടോ… വീഴും…”

“ഇല്ല.. എഴുന്നേൽക്കില്ല നീയ്യ് പൊയ്ക്കോ….”

അവൾ പോയെന്ന് ഉറപ്പു വന്നപ്പോളാണ് പതുക്കെ എഴുന്നേറ്റത്… വാതിൽ തുറന്ന ശേഷം ഗോവണിവാതിൽ തപ്പി നടന്നു…. എന്തോ ഒരു ശൂന്യത…

ഗോവണിക്ക് പകരം മിനുസമേറിയ തണുത്ത തറ. കൈവരികളിൽ വല്ലാത്ത മിനുപ്പും തണുപ്പും. അയാൾ പരിഭ്രാന്തിയോടെ അതിൽ പിടിച്ചു താഴോട്ട് ഇറങ്ങി….

താഴെയെത്തിയ അയാൾക്ക് നിലവിളിക്കണമെന്നു തോന്നി. ആഢംബരത്തിന്റെ ചാരുതയേറിയ ഇരിപ്പിടങ്ങളും തൂക്കുവിളക്കുകളും കൊണ്ട് അലംങ്കരിച്ച ഒരു മുറി. അയാൾ വിഹ്വലതയോടെ ചുറ്റിലും കണ്ണോടിച്ചു…. എവിടെ… ഞങ്ങളുടെ കുടുംബചിത്രം…

എവിടെ…

സഹദേവൻ എഴുതി പഠിച്ച പഴം ചുമര് എവിടെ…?

അമ്മിണിയുടെ കരിപിടിച്ച വിരൽപ്പാട് പതിഞ്ഞ അടുക്കള ചുമരെവിടെ?

നടുമുറ്റമെവിടെ?

അമ്മണി കഴുകി കമിഴ്ത്തിയ ഓട്ടുപാത്രങ്ങൾ വെക്കുന്ന കോണി ചുവട് എവിടെ?

ഹൃദയത്തിൽ എവിടെയോ ചോര പൊടിയുന്ന പോലെ..

ഇത്രനാളും ഞാൻ ഓമ്മകളിൽ തേൻ പുരട്ടി സൂക്ഷിച്ച എന്റെ വീട്… ആ ഓർമ്മകളിലാണ് ഞാനിത്രനാളും ജീവിച്ചത്… എന്നിട്ട്… ഇപ്പോൾ….

അയാൾ തേങ്ങലോടെ നെഞ്ചിൽ കൈയ്യമർത്തി.

ആർത്തു പെയ്യുന്നൊരു മഴ അയാളുടെ ഉള്ളിൽ നിന്നും കണ്ണീരിനൊപ്പം പെയ്തിറങ്ങി…

“അമ്മിണി…” അതൊരു നിലവിളിയായിരുന്നു…

മുകൾ മുറിയിൽ എന്നെ തടവിലിട്ട് നമ്മുടെ മോൻ നമ്മുടെ വീട് മായ്ച്ചു കളഞ്ഞിരിക്കുന്നു….
അയാൾ ഏങ്ങലടിച്ചു തറയിലിരുന്നു.

മാർബിൾപാകിയതറയിൽ കൈകൾ കുത്തി അയാൾ സ്വയം പറഞ്ഞു….

എന്റെ.. എന്റെ…. വീട്
എന്റെ വീട് മാഞ്ഞു പോയിരിക്കുന്നു.
എന്റെ ഓർമ്മ ‘കൾ പോലെ….
എന്റെ വീട് എന്നിൽ നിന്നും മാഞ്ഞു പോയിരിക്കുന്നു….

About Mahitha Bhaskaran

മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ വീട്ടമ്മയാണ് കവിതകളും കഥകളും എഴുതുന്നു ആദ്യം ഗള്‍ഫ് വോയ്സ് എന്ന മാസികയില്‍ ആണ് എഴുതി തുടങ്ങിയത് പന്നീട് പല ഓണ്‍ ലൈന്‍[സോഷ്യല്‍ മീഡിയ കളില്‍ ]എഴുതി സജ്ജീവമായി എഴുത്തിലേക്ക്‌ തിരിഞ്ഞു.ഒരു കവിതാസമാഹാരം പുറത്തിറക്കി രണ്ടാമത്തെ കഥാ സമാഹാരം ജനുവരിയില്‍ പുറത്തിറങ്ങുന്നു. യു ഏ ഈ ലാണ് [ദുബായ് ] കുടുംബത്തോടൊപ്പം താമസം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

One comment

  1. രാജശേഖര വാര്യര്‍

    ന്നഷ്ടപ്പെട്ട പഴയ പ്രതാപങ്ങളെ അയവിറക്കിക്കൊണ്ടുള്ള ഏകാന്ത ജീവിത സായാഹ്നം . നീരുണങ്ങിയ നിറം മങ്ങിയ വൃദ്ധന്‍ ഇന്നൊരു ബാദ്ധ്യതമാത്രം .

    വിരസമായ വിരഹജീവിതം നന്നായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *