പാടാതിരിയ്ക്കുന്നതെങ്ങനെയായിരം –
നീരുറവക്കൈകൾ വാരിയണയ്ക്കുമ്പോൾ.
പച്ചിലക്കാടിൻ തണുപ്പിലൂടിത്തിരി –
യൊറ്റ നടത്തം നടന്നു തെളിയുമ്പോൾ.
മീര പാടുന്നൂ മുറിവിൽ വിരിയുന്ന –
വേദനപ്പൂക്കൾ കൊഴിഞ്ഞൊഴിഞ്ഞീടുമ്പോൾ .
പാടാതിരിയ്ക്കുവാനാവില്ലെനിയ്ക്കിന്നു,
ധ്യാനക്കുളിരാർന്ന ചുംബനം ജീവനിൽ –
പാഥേയമായിപ്പകർന്നുണർവാകുമ്പോൾ.
നിശ്ശബ്ദമായിച്ചിതറിത്തെറിക്കുന്ന,
നിത്യസുഗന്ധമാമോർമകൾ മെല്ലെയി –
ന്നോളങ്ങൾ തീർത്തതിൽ പൂവിതൾ പോലെന്നെ –
യോരോ നിമിഷവും ചുംബിച്ചൊഴുക്കവെ;
കാണാതിരിയ്ക്കുവതെങ്ങനെ ജീവന്റെ –
യോരോ കണവും ജ്വലിപ്പിച്ചമേയമാം,
ആനന്ദമെന്നിൽ നിറച്ച കവിതയെ.
ഏറെത്തണുത്ത ഹിമപ്പുതപ്പിൽ ദിനം –
കാണാതൊളിച്ച ശിശിരമയക്കത്തിൽ,
എന്നെ മറന്നു ഞാനൂർന്നു വീണെങ്കിലും –
തെല്ലിളംചൂടിൽ അലിയാതെയെങ്ങനെ?
പാതിചുരുണ്ട മനസ്സിലെയാർദ്രമാം –
നീലമേഘങ്ങൾ നിറഞ്ഞുതുളുമ്പുമ്പോൾ,
വിസ്മയത്തിന്റെ നനുത്ത ചിറകുമായ് –
ചിത്രശലഭമായ് പെയ്യാതെയെങ്ങനെ?
മീര പെയ്യുന്നൂ മഴയായ്, മനസ്സിലെ –
നീരൊഴുക്കില്ലാ മരുഭൂമിയാകവേ;
സ്നേഹം കൊളുത്തിയൊരുക്കി നിറയ്ക്കുവാൻ,
വീണ്ടും നിലയ്ക്കാത്ത നാദമായ് മാറുവാൻ.
പാടാതിരിയ്ക്കുവാനാവില്ലെനിയ്ക്കെന്റെ –
സായാഹ്നസൂര്യൻ വെളിച്ചമായ് വന്നിരുൾ,
സ്നേഹമൂറുന്ന മെലിഞ്ഞ വിരൽത്തുമ്പാൽ
ആകെത്തുടച്ചെന്നെയാനന്ദിയാക്കവെ.
മീര പാടുന്നൂ കടലിരമ്പത്തിന്റെ –
യാഴങ്ങളിൽ അഗ്നിജ്വാലയായ്, ആകാശ –
ദീപം തെളിച്ചിരുൾ മേഘങ്ങളിൽ സ്വയം,
വീണ്ടും നിലാവിന്റെ തീരാപ്രവാഹമായ്…
Tags kavitha literature poem
Check Also
അമ്പത്…. സാറ്റ്
കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …