പരിചിതമായൊരോർമ്മയിൽ,
പൂത്തുലഞ്ഞ് നിൽക്കുമ്പോഴാണ്,
കൗമാരം പതുങ്ങിവന്ന് കണ്ണുകൾ പൊത്തിയത്.
ഷേർളി ടീച്ചറും, കുമാരൻ മാസ്റ്ററും,
പ്രണയത്തിന്റെ ഉത്തോലകതത്വം,
ഒളികണ്ണിട്ട് പഠിപ്പിക്കുമ്പോൾ,
തുറന്നിട്ട വാതിലിലൂടൊരാത്മാവ്,
ശരീരം വിട്ട് ആകാശച്ചെരുവിലെ വെളിച്ചത്തിലേക്ക് പോയി.
മാനത്ത് എട്ടുനോമ്പ് നോറ്റ് പെയ്യാൻ നിന്ന മേഘങ്ങൾ,
കാർകൂന്തൽ മാടിക്കെട്ടി മെല്ലെ നടന്നു വരുന്നുണ്ട്.
പുഴകടത്തുന്നതിനിടയിൽ,
ദൈവം തോണി മറിച്ച് മുങ്ങിപ്പോയതിൽപ്പിന്നെ,
പ്രാർത്ഥിക്കാനായി ഒരേകാഗ്രതയുമില്ലാതായി.
കുമാരൻമാസ്റ്റർ ഉത്തോലകങ്ങളിൽ ഷേർളി ടീച്ചറിലേക്ക്,
ആയാസരഹിതമായ മനപ്രവേശം സാധ്യമാക്കി.
ഷേർളി ടീച്ചറിൽ പുതിയ രസതന്ത്രം മണത്തു.
ക്ലാസ്സുകളെ വേർതിരിച്ച തടിമറയ്ക്കപ്പുറം,
ഒരാകാശ ഗംഗ വരാന്തയിലൂടെയൊഴുകിപ്പോയി.
എൺപത്തിനാലു കണ്ണുകളിൽ,
എട്ടെണ്ണം ഹാജരാകാത്തതിനാൽ,
ആകാംക്ഷയുടെ മുനമ്പിൽ എറിഞ്ഞുടയ്ക്കാനായില്ല.
ചോക്കു പൊടിക്കളത്തിൽ, വിരൽ വരകളാൽ,
സായൂജ്യമടയുമ്പോൾ വള്ളിച്ചൂരൽ തിളച്ചു.
നിറകണ്ണുകളിലൂടെ ആകാശക്കീഴിലേക്ക് നോക്കുമ്പോൾ,
പെയ്യാനായ് തുളുമ്പിയ കരിമേഘങ്ങൾ,
കന്നു മേയ്ച്ച് പട്ടണം കടക്കുകയായിരുന്നു.
ദൈവം മുങ്ങിപ്പോയപ്പുഴ കടലിലേക്കടുക്കുന്നതോർത്ത്,
കുട്ടി പ്രാർത്ഥനകൾ കടലിലേക്ക് നിറയൊഴിച്ചു.
ഏതെങ്കിലുമൊരു തിരക്കൈകളാൽ,
ദൈവത്തെ കരയിലേക്കെറിയണമേയെന്ന്
കണ്ണുകൾ തുറക്കുമ്പോൾ നാൽക്കവലയിൽ,
ഓർമ്മകൾ വാരിപ്പുതച്ചൊരു നിലാവ്,
കിഴക്കുനിന്നെത്തിനോക്കി വന്നു കൊണ്ടേ യിരുന്നു.
കാറ്റ് കടലിൽ നിന്നുമൊരു നിശബ്ദതയെ,
പാട്ടിലാക്കി കൂടെ കൂടെക്കളിക്കുന്നുമുണ്ടായിരുന്നു.
Tags kavitha literature poem
Check Also
അമ്പത്…. സാറ്റ്
കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …