സാമ്പ്രദായിക അഭിനയത്തമ്പുരാന്മാർക്ക്, ഗാന കോകിലങ്ങൾക്കിടയിൽ പേരിന്റെ പിന്നിൽ വാൽക്കഷണമില്ലാതെ പറന്നിറങ്ങിയ കരുമാടി, ഒരു നൊമ്പരമായി പറന്നകന്നിട്ട് ഒരാണ്ട്.
അഭിനേതാവെന്നതിനേക്കാള്‍ അദ്ദേഹത്തിലെ ഗായകനാണ് സാധാരണക്കാരനുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നത. സാധാരണക്കാരന് മനസ്സിലാവുന്ന അനുഭവത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ഗാനങ്ങളിലുടെയാണ് മണി പ്രേക്ഷക മനസ്സില്‍ സ്ഥാനമുറപ്പിക്കുന്നത്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി പകര്‍ന്നാട്ടം നടത്തി മണി തന്നെ കേരളീയ മനസ്സില്‍ കുടിയിരുത്തുകയായിരുന്നു.
തന്റെ വഴികള്‍ തിരിച്ചറിയുകയും കടന്നു വന്ന വഴികള്‍ മറക്കാതെയിരിക്കുകയും ചെയ്ത കലാകാരനായിരുന്നു അദ്ദേഹം. മിമിക്രിയിലൂടെ കലാലോകത്തേക്ക് കടന്നു വന്ന മണി തന്റെ മനസിനുള്ളിലെ അനുകരണകലയെ സിനിമ എന്ന വലിയ തലത്തില്‍ ഉപയോഗിക്കുകയായിരുന്നു. താന്‍ അഭിനിയിച്ച ഓരോ കഥാപാത്രത്തിലൂടെയും അദ്ദേഹം അത് സാദ്ധ്യമാക്കി. ഒരു സ്‌കൂളിന്റെയും ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയില്‍ പിടിമുറുക്കുമ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് പല അഭിനയ സമ്പ്രദായങ്ങളുമായിരുന്നു.
നാടകങ്ങളെ മാറ്റി മിമിക്രി ആധിപത്യം ഉറപ്പിച്ചപ്പോള്‍ സംവിധായകന്‍ സിദ്ധിക്കും ലാലും അന്‍സാറും ജയറാമും ദിലീപും നാദിര്‍ഷയും മണിയും സലീം കുമാറും സൈനുദ്ദീന്നുമൊക്കെ ഓഡിയോ വി എച്ച് എസ് കാസറ്റുകളായി നമ്മുടെ സ്വീകരണ മുറിയിലേക്കും കടന്നു വന്നു
ഏതു അഭിമുഖത്തിലും പൂര്‍വകാല കഷ്ടതകളെ അദ്ദേഹം യാതൊരും മറയും കുടാതെ വെളിപ്പെടുത്തി. മറ്റ് പലരും മറകളിലൂടെ സംസാരിക്കുമ്പോള്‍ മണി ഉച്ചത്തില്‍ സംസാരിച്ചു. നാടന്‍ പാട്ടിനെ പുതിയ കാലത്ത് ജനകീയമാക്കുകയായിരുന്നു മണി. മണിയുടെ സ്‌റ്റേജ് ഷോകള്‍ ഓരോന്നും ഈ ഗാനശാഖയെ കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേക്ക് അടുപ്പിച്ചു.
1990 കളുടെ പകുതിയോടെ ഒട്ടു മിക്ക മലയാളി വീടുകളിലും കാസറ്റ് പ്ലയറുകള്‍ അവിഭാജ്യ ഘടകമായപ്പോള്‍ അവിടെ മണിയും എത്തി. നാടന്‍ പാട്ടും തമാശകളുമായി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ മുഴങ്ങി. സിനിമാ പാട്ടുകളില്‍ നിന്നും സാധാരണ മലയാളിയുടെ ഇഷ്ടം നാടന്‍ പാട്ടുകളിലേക്ക് കലാഭവന്‍ മണി പറിച്ചു നട്ടു. മണിയുടെ കണ്ണിമാങ്ങ പ്രായവും, ചാലക്കുടി ചന്തയും, ഓടപ്പഴവുമൊക്കെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിതത്തില്‍ നിന്നുള്ള ബിംബങ്ങള്‍ക്കൊണ്ടും അനുഭവങ്ങള്‍ക്കൊണ്ടും സമൃദ്ധമായിരുന്നു. മലയാളി മറന്നുപോയ നാടന്‍പാട്ടുകള്‍ അവര്‍ പോലും അറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ മണിയോളം ശ്രമിച്ച കലാകാരന്‍ വേറെയില്ല. സിനിമയില്‍ നൂറോളം പാട്ടുകള്‍ പാടുകയും രണ്ട് സിനിമയ്ക്ക് സംഗീതം ചെയ്‌തെങ്കിലും തന്റെ നാടന്‍പാട്ടുകള്‍ തന്നെയാണ് താന്‍ എന്നും നെഞ്ചോട് ചേര്‍ത്തിരുന്നതെന്ന് മണി പല വേദികളിലായി പറഞ്ഞിട്ടുണ്ട്.
സ്വതസിദ്ധമായ ഗ്രാമീണ ഭാഷയില്‍ മലയാളികളെ നാടന്‍പാട്ടിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ കലാകാരനാണ് കലാഭവന്‍ മണി. ദാരിദ്ര്യവും ജീവിതസാഹചര്യവുമാണ് മണിയുടെ നാടന്‍ പാട്ടുകളില്‍ പ്രതിഫലിച്ചത്. ചാലക്കുടി എന്ന ഗ്രാമത്തെ നാടന്‍പാട്ടുകളിലൂടെ എല്ലാ മലയാളികള്‍ക്കും പരിചിതമാക്കാനും ഈ കലാകാരന് കഴിഞ്ഞു. ‘ചാലക്കുടിച്ചന്തയ്ക്കുപോകുമ്പോ…’ എന്ന് തുടങ്ങുന്ന പാട്ട് മൂളാത്ത മലയാളികളുണ്ടാവില്ല. ഓടപ്പഴം പോലൊരു പെണ്ണിനുവേണ്ടി ഞാന്‍…, ഉമ്പായിക്കുച്ചാണ്ടി പാണന്‍ കത്തണുമ്മാ, കണ്ണിമാങ്ങ പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍, അമ്മായീടെ മോളെ ഞാന്‍ നിക്കാഹ് ചെയ്തപ്പോള്‍… ഇങ്ങനെ നീളുന്നു മണിയുടെ പാട്ടുകള്‍. മണിയുടേതായ വ്യത്യസ്ത അവതരണം തന്നെയാണ് മണിയുടെ നാടന്‍ പാട്ടുകളെ ജനപ്രിയമാക്കിയത്.
കലാഭവന്‍ മണിക്ക് ‘നാടന്‍ പാട്ട്’ ഒരുപാട് രീതിയില്‍ നടത്തുന്ന വൈകാരിക സംവേദനമാണ്. പാടുന്ന പാട്ടുകളിലൂടെയും പറയുന്ന കാര്യങ്ങളിലൂടെയും സിനിമാ ലോകത്തെകുറിച്ചും ജീവിതത്തെ കുറിച്ചും കുറേ കാര്യങ്ങള്‍ പറയാതെ പറയും കലാഭവന്‍ മണി. മെഗാഷോയില്‍ സ്‌റ്റേജില്‍ നില്‍ക്കുന്നയത്രയും നേരം ത്രസിപ്പിക്കുന്ന സാന്നിധ്യം കൊണ്ട് ആസ്വാദകരെ ‘കൈയ്യിലെടുക്കു’ന്നതിലൂടെ മണി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ഒരു വേറിട്ട സാന്നിധ്യം തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതുപോലെ സിനിമാ ലോകവും മണിയുടെ പാട്ട് ലോകവും കൂടിക്കുഴയുന്ന ഒന്നാണ്. അദ്ദേഹം പാട്ട് പാടുന്നതിലൂടെ സിനിമാ ലോകവുമായി കൂടി സംവദിക്കുന്നുണ്ട്.
ഈ പാട്ടുകള്‍ വഴി മണിയുടെ ഭൂതകാലം, സാമുദായികത, ദാരിദ്ര്യത്തിലൂടെ കടന്നു വന്ന നാളുകള്‍, ചാലക്കുടി എന്ന ദേശവും നാട്ടുകാരുമായുള്ള ബന്ധം എന്നിവ അടയാളപ്പെടുത്തുന്ന ഒരു ‘വ്യക്തിപരത’ ഓരോ സറ്റേജ് ഷോയിലും മണി സ്വയം സൃഷ്ടിച്ചെടുത്തു.
നാടകങ്ങളെ മാറ്റി മിമിക്രി ആധിപത്യം ഉറപ്പിച്ചപ്പോള്‍ സംവിധായകന്‍ സിദ്ധിക്കും ലാലും അന്‍സാറും ജയറാമും ദിലീപും നാദിര്‍ഷയും മണിയും സലീം കുമാറും സൈനുദ്ദീന്നുമൊക്കെ ഓഡിയോ വി എച്ച് എസ് കാസറ്റുകളായി നമ്മുടെ സ്വീകരണ മുറിയിലേക്കും കടന്നു വന്നു. ഇവരില്ലാത്ത ഓണം വെറും പുട്ടുകച്ചവടം മാത്രമായി. ഒരു തരത്തില്‍ മലയാള സിനിമയിലേക്ക് ഹാസ്യ താരങ്ങളെ റിക്രൂട്ട് ചെയ്യപ്പെട്ടത് മിമിക്രിയുടെ സജീവതയോടെയാണ്. കലാഭവന്‍ മണിയും സിനിമയില്‍ എത്തുന്നത് ഇക്കാലത്താണ്.
മണിയുടെ ചിരിയുമായി പ്രത്യക്ഷപ്പെട്ട സല്ലാപത്തിലെ രാജപ്പന്‍ എന്ന കള്ളു ചെത്തുകാരന്‍ ഏല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റി. തെങ്ങിന്റെ മുകളില്‍ കയറി മഞ്ജുവാര്യരെ നോക്കി തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി എന്ന ഗാനം പാടിയ ആ ഒറ്റ പ്രകടനത്തില്‍ സിനിമാക്കാരനായി; ഗായകനായി തുടര്‍ന്ന് നിരവധി ഹാസ്യ വേഷങ്ങള്‍ക്ക് ശേഷം മണിയിലെ അഭിനേതാവ് മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രകടനം കണ്ടു. അത് വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധഗായകനായിരുന്നു. അതിലെ അഭിനയത്തിനു മണി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തി. കറുത്ത ശരീരമുള്ള നടന്‍/നായകന്‍ എന്നത് വലിയ സംവാദങ്ങള്‍ക്ക് വഴി വെച്ചു. ശ്രീനിവാസന് ശേഷം കറുത്ത നിറത്തെ മലയാള സിനിമയുടെ വെള്ളിത്തിരയില്‍ നിരന്തരം പ്രത്യക്ഷപ്പെടുത്തിയ നടനായി മണി മാറി.
വാസന്തിയും ലക്ഷ്മിയും ഞാനും എന്ന വിനയന്‍ ചിത്രം മണിയുടെ അഭിനയജീവിതത്തിലെ പൊളിച്ചെഴുത്തായിരുന്നു. ചിരി മാത്രം അതുവരെ സമ്മാനിച്ച ഒരു നടന്‍ ഒരൊറ്റ ദിവസം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരെ ഒന്നാകെ കരയിപ്പിക്കുക മാത്രമായിരുന്നില്ല, ശരിക്കും ഞെട്ടിക്കുകയായിരുന്നു. വല്യേട്ടനിലെ കാട്ടിപ്പള്ളി പപ്പന്‍ മണിയുടെ വില്ലന്‍ പുതിയ ഭാവങ്ങളിലേക്കുള്ള മാറ്റമായിരുന്നു. തന്നെ തേടിവന്ന വേഷങ്ങള്‍ അതിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ മണി ഏറ്റെടുത്തു, അഭിനയിച്ച് പ്രതിഫലിപ്പിച്ചു. പ്രിയനന്ദനന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ കാവ്യാമാധവന്റെ അമ്മാവന്റെ വേഷവും ശ്രദ്ധേയമായി. കരുമാടിക്കുട്ടനിലൂടെ മണി പിന്നെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അനന്തഭദ്രത്തിലെ ചെമ്പന്‍ എന്ന കഥാപാത്രം മണിയുടെ മികച്ച 10 വേഷങ്ങളില്‍ ഒന്നാണ്.
രാക്ഷസരാജാവ്, വണ്‍മാന്‍ ഷോ, സമ്മര്‍ ഇന്‍ ബേത്‌ലഹേം, ദില്ലിവാലാ രാജകുമാരന്‍, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, മലയാളി മാമനു വണക്കം, വല്യേട്ടന്‍, ആറാം തമ്പുരാന്‍, വസന്തമാളിക എന്നീ ചിത്രങ്ങളില്‍ മണി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ദി ഗ്യാങ്, ഗാര്‍ഡ്, ആകാശത്തിലെ പറവകള്‍, വാല്‍ക്കണ്ണാടി, എന്നീ ചിത്രങ്ങളില്‍ മണി നായകനായി. ദി ഗാര്‍ഡ് എന്ന ചിത്രത്തില്‍ മണി മാത്രമാണ് അഭിനേതാവ്. മറുമലര്‍ച്ചി, വാഞ്ചിനാഥന്‍, ജെമിനി, ബന്താ പരമശിവം എന്നിവയാണ് തമിഴ് ചിത്രങ്ങള്‍.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ല്‍ ദേശീയ ചലചിത്ര പുരസ്‌കാര സമിതിയുടെ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. ഇതില്‍ ഒരു അന്ധന്റെ വേഷമായിരുന്നു മണി ചെയ്തത്. സംസ്ഥാന തലത്തിലും ഇതേ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 2002ല്‍ ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയറിന്റെ മികച്ച വില്ലന്‍ വേഷത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. ആ ചിരി അനുകരിക്കാത്തവര്‍ ചുരുക്കം. മണിയുടെ ചിരി വേഷങ്ങളില്‍ ഏറ്റവും ഹൃദ്യവും ചിരി തന്നെയായിരുന്നു.
സ്വന്തം പ്രയത്‌നത്തിലൂടെ വളര്‍ന്നു വലുതായ കലാകാരന്‍, താര പരിവേഷം മാറ്റിവെച്ച് സാധാരണ മനുഷ്യരുമായി ഇടപഴകുന്ന ആള്‍.. സഹജീവികളുടെ ദുഃഖം കേള്‍ക്കുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന മനസുണ്ടായിരുന്നു മണിക്ക്. ചാനല്‍ പരിപാടികളില്‍ അവതാരകന്റെയും ജഡ്ജിന്റെയും റോളുകളില്‍ എത്തുമ്പോള്‍ അരങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നവരുടെ കഥ കേട്ട് വിങ്ങി കരയുകയും കയ്യിലുള്ളത് അവര്‍ക്ക് എടുത്തു കൊടുക്കുകയും ചെയ്യുമായിരുന്നു കലാഭവന്‍ മണി. അഭിനയത്തിലൂടെ മാത്രമല്ല, നാടന്‍ പാട്ടുകളെ ഉപാസിച്ച കലാകാരന്‍ എന്ന നിലയിലും മണി ഓര്‍മ്മിക്കപ്പെടും. മണിയുടെ പ്രസിദ്ധമായ നാടന്‍ പാട്ടുകളും സിനിമാ സംഗീതത്തിനു സമാന്തരമായ പാരഡികളും ആസ്വദിക്കാത്ത മലയാളി ഉണ്ടാകില്ല. എല്ലാറ്റിനും ഉപരി വലിയൊരു മനുഷ്യസ്‌നേഹി ആയിരുന്നു കലാഭവന്‍ മണി. മറ്റുള്ളവരുടെ ദുഃഖത്തില്‍ പങ്കു ചേരുകയും വേദനിക്കുകയും ചെയ്യുന്ന ഹൃദയത്തിന്റെ ഉടമയായിരുന്നു. സ്വന്തം നാടിനെ ഏറെ സ്‌നേഹിച്ച കലാകാരനായിരുന്നു മണി. ചാലക്കുടി ചന്തയും പുഴയും അവിടുത്തെ മനുഷ്യരും അദ്ദേഹത്തിന്റെ ഉള്ളില്‍ എന്നുമുണ്ടായിരുന്നു. ആ സനേഹം നല്‍കിയാണ് കലാഭവന്‍ മണി നടന്നുപോയത് വിശ്വാസ വിധിപ്രകാരമുള്ള ശേഷക്രിയകൾ പോലും നൽകാനാവാതെ ആ കലാകാരന്റെ ദുരന്തം ഒര് സമസ്യയായി അവശേഷിക്കുന്നു
കൊന്നതോ
കൊല്ലിച്ചതോ
സ്വയം മരണത്തെ പുൽകിയതോ
ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാക്കി മലയാളത്തിന്റെ മണി കിലുക്കം ഇന്നും മുഴങ്ങുന്നു ഒരു വേദനയായി.
മണി ചിരിക്കാത്ത നാളുകൾക്ക് ഒരാണ്ടുവട്ടം. ആ മരിക്കാത്ത ഓർമ്മകൾക്ക് മലയാളിയുടെ ഓർമ്മ സ്പർശം