ചാലക്കുടിയുടെ മുത്തേ,
ചോരക്കറുപ്പുള്ള പൂവേ,
നിന്നെ മറക്കാതിരിക്കാൻ ഞങ്ങളെന്നും മനസ്സുകൾ കോർക്കും.
തൂവേർപ്പു ചിന്തുന്നവർക്കായ്
നൂറു പാട്ടുകൾ പാടിയ സ്വത്തേ,
ഏതോ മരണക്കുരുക്കിൽ
ചെന്നു വീഴുവാനെന്തേ പിഴച്ചൂ?
ചാലക്കുടിപ്പുഴയോരം
ചുടുകണ്ണീരു വീണു
കുതിർന്നൂ
മഴവിൽച്ചിരിയുള്ള പൂവ്
അച്ഛനെത്തേടിക്കരഞ്ഞൂ.
ഉത്സവം പൂക്കുന്ന നേരം
പൂത്തിരി കത്തും മനസ്സിൽ
നീറും പ്രതീക്ഷകൾ കോർത്ത്
നിന്റെയോട്ടോ വരുന്നതും കാത്തൂ.
കോമാളി പോലെ ചിരിക്കും
കൈവിരൽത്തുമ്പു പിടിക്കും
കൂടെയിരുട്ടിൽ നടത്തും
വെറും ക്രൂരനാണല്ലോ മരണം.
നട്ടുച്ച പൂക്കുന്ന നേരം സൂര്യൻ കെട്ടുപോയുള്ളോരിരുട്ടിൽ
ചന്ദനത്തിരി തൻ പുകയിൽ നീ വെള്ളപുതച്ചേ കിടന്നൂ.
ചാലക്കുടിയുടെ മണ്ണിൽ സങ്കടമേഘങ്ങൾ പെയ്തൂ
കൂട്ടത്തിൽ പാടുന്നൊരേട്ടൻ
ഏതോ നിഴലിൽ മറഞ്ഞൂ.
ഓർമ്മിച്ചിരിക്കുമ്പോഴെല്ലാം
കാട്ടുതീയുള്ളിൽ പടരും
നീയില്ലയെന്നു നിനച്ചാൽ എന്തിനോ കണ്ണു നിറയും
പാട്ടിന്റെ ചെപ്പു തുറക്കാൻ
നിന്നെപ്പോലാരുമില്ലെന്നറിയാം
എങ്കിലും തൊണ്ടയിടറി ഞങ്ങൾ
നാട്ടു പൊലിപ്പാട്ടു പാടും.
കൂടെക്കിലുങ്ങിച്ചിരിക്കാൻ
ഉള്ളറിഞ്ഞൊന്നു താളം പിടിക്കാൻ
നീയെത്തുകില്ലെന്നറിഞ്ഞ്
ഞങ്ങൾ ജീവിതം ജീവിച്ചു തീർക്കും
ഓരോ ചുവപ്പുള്ള പൂവും
കണ്ണു ചിമ്മിച്ചിരിക്കുന്ന നേരം
ഏതോ പ്രതീക്ഷതൻ കോണിൽ
ഒരു കൊച്ചരിവാളു തിളങ്ങും
പാടുന്ന തൊണ്ടയിൽ നിന്നും നൂറു പോരാട്ട ഗാഥ പിറക്കും
കാരിരുമ്പിന്റെ കരുത്തായ് ഒരു കരുമാടിക്കുട്ടൻ ചിരിക്കും.