പിണങ്ങിപ്പോയവനെ
കാത്തിരുന്നു മടുത്തിട്ടാവണം
തിരിച്ചു ചെല്ലുമ്പോൾ
മുറ്റത്തു തളർന്നു
വീണുറങ്ങുകയായിരുന്നു വീട് . . .
വീടിനുചുറ്റും വെയിലും
ആൾക്കൂട്ടവും
തിങ്ങിനിറഞ്ഞിരുന്നു
ഉറങ്ങിക്കിടക്കുന്ന വീടിന്റെ
സ്വകാര്യതയിലേക്കു ചിലർ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു..
ഞാൻ ക്ഷണിച്ചിട്ടല്ലെങ്കിലും
എന്റെ വീടിന്റെ ജപ്തികാണാൻ വന്നവരായതുകൊണ്ട് മാത്രം
ഞാൻ മിണ്ടാതിരിക്കുകയാണ്
എനിക്കും വീടിനുമിടയിയിൽ
ജപ്തികൊണ്ടു തടയിടാനാവാത്ത ചിലതുണ്ടെന്നറിയാതെ
വലിയസങ്കടങ്ങൾ
മുഖത്തൊട്ടിച്ചു ചുറ്റുംനിന്ന
അയൽക്കാരി ചേച്ചിമാരുടെ
ഒപ്പാരികേട്ടതും വീട്
എന്നെനോക്കി കണ്ണിറുക്കി,
എനിക്കും ചിരിവന്നു…
വീടുവിട്ടിറങ്ങിപ്പോയവനെ
ഇറക്കിവിടുന്നത് കാണാനാവില്ലെന്നായപ്പോൾ
അയൽക്കാരികൾ മടങ്ങി..
അവരുടെ വായിൽ നോക്കിനിന്നിരുന്ന പകലും പിറകേ പോയി…
ഞാനിപ്പോള്‍ ഒരു പുഴയുടെ തീരത്തോ കടൽക്കരയിലോ കിടക്കുകയാണ്..
വീട് ഒരുവലിയ പക്ഷിയായി പറന്നു..
എന്റെ അടുക്കൽ വന്നിരിക്കുന്നു…
വീടെന്നോടു മിണ്ടുന്നു..
കൈകൾ പിടിച്ചു,
മലക്കെതുറന്നുവച്ച
വാതിലുകളിലൂടെ
ഓരോ മുറികളിലേക്കും
കൊണ്ടുപോകുന്നു.
ചുമരുകളിലെ അടർന്ന
കുമ്മായങ്ങൾക്കൊപ്പം
എന്റെ ജീവരേഖകളും
അടയാളപ്പെടുത്തിയിരുന്നു..
മണങ്ങൾകൊണ്ട്
ആരെയൊക്കെയോ
ഓർമ്മിപ്പിക്കുന്നു..
അച്ഛന്‍..
അമ്മ..
അനിയത്തി..
അവള്‍..
വീടിന്റെ ചുണ്ടുകള്‍
എന്റ ശബ്ദത്തില്‍ വിതുമ്പുന്നു
ഇല്ല
അയൽക്കാരികളൊന്നും
പോയിട്ടില്ല .
വീട് മുറ്റത്തുതന്നെ
കിടപ്പുണ്ട്
ആരൊക്കെയോ
ചേർന്നു വീടിന്റെ
കഴുക്കോലിനും എന്റെ
കഴുത്തിനുമിടയിൽ
പൊക്കിൾക്കൊടിപോലെ
പിണഞ്ഞുകിടന്ന കയർ അറുത്തുമാറ്റുന്നുണ്ട് .
ഞാനാദ്യമേ പറഞ്ഞതല്ലേ
ജപ്തികൊണ്ടൊന്നും
ഞാനും വീടുമായുള്ള
ബന്ധം പിരിക്കാനാവില്ലെന്ന്….