വഴികൾ അവസാനിക്കുന്നിടത്തു
നീല ടാർപോളിൻ വലിച്ചു കെട്ടിയ
ഓടിട്ട വീട്ടിൽ
കാറ്റിനെ മേയ്ക്കുന്നൊരു പെൺകുട്ടിയുണ്ട്
മുളങ്കൂട്ടങ്ങളുടെ
ഉരയൊച്ചകൾ പതിപ്പിച്ച
ഒതുക്ക്കല്ലിറങ്ങി
മുഞ്ഞയിലകളുടെ
നിഴലിൽ ചവിട്ടാതെ
പച്ചപ്പായലിന്റെ ചെരുപ്പിട്ട്
മുറ്റത്തു ചെന്നൊരു മൊന്ത നീട്ടി
“അരത്തൊടം മോര്
നാഴി പാല്” ന്നൊക്കെ വിളിക്കുമ്പോൾ
അവളിറങ്ങി വരും
എണ്ണ പുരളാതെ
ചുരുട്ടിക്കെട്ടിയ ചെമ്പൻ മുടി
മെലിഞ്ഞ വിരലുകളിൽ
വെട്ടിയൊതുക്കിയ കാട്
കണ്ണുകളിൽ ഉറങ്ങാത്ത കടൽ
അവളുടെ പേര്
അവൾക്കു പോലുമറിയില്ല
ആരും വിളിച്ചിട്ടേയില്ല
പണത്തിനു നാണമില്ലാതെ
കൈനീട്ടുമ്പോൾ
വീടവൾക്കു പിന്നിലൊന്ന്
പതുങ്ങും
ആ വീടിന്റെ പിന്നാമ്പുറത്തു
ഒരു ചെറിയ തൊഴുത്തുണ്ടാവും
അവിടെ തവിട്ട്നിറമുള്ള
പശുവും ക്ടാവുമുണ്ടാവും
ഉച്ചവെയിൽ
കുന്നിൻചരുവിൽ അയവെട്ടുമ്പോൾ
അവളവയെ
കുറ്റിയിൽ കെട്ടുമായിരിക്കും
നഖങ്ങൾക്കിടയിലെ
കട്ട പിടിച്ച ചെളി
കുത്തി കളയുമ്പോൾ
ഇടയ്ക്ക് വരാറുള്ള
മെരുങ്ങിയ മുയലിന്റെ മുഖമുള്ള
കാപ്പിക്കാരൻ ചെക്കനെയോർക്കും
അവന്റെ കണ്ണുകൾ നട്ട
കഞ്ചാവ് തോട്ടങ്ങളെ ഓർക്കും
മരങ്ങളോളം വളർന്ന
ഇരുട്ടിന്റെ ആനത്താര
അനുസരണയില്ലാത്ത
ചിന്നംവിളിക്കുമ്പോൾ
കട്ടിലിലൊരു
നീണ്ട ചുമയോടൊപ്പം
തറയിൽ കിടക്കും
അന്നേരം
ഉടലിനുള്ളിൽ
കലാപത്തിനൊരുങ്ങുന്ന
നഗരങ്ങളിൽ നിന്ന്
തീവെട്ടിയും റാന്തലുമായി
ജാഥയിറങ്ങും
സ്വപ്നത്തിൽ
ഇത് വരെ കാണാത്ത
ഒരു നാട്ടിൽ., വീട്ടിൽ
അവൾ ജനിക്കും
കരുണയുള്ള കണ്ണാടികളിൽ
മുഖം നോക്കും
കാപ്പിക്കാരന്റെ ച്ഛായയുള്ള
ഒരാളോടൊപ്പം ജീവിക്കും
അവന്റെ
പെറാത്ത കുഞ്ഞുങ്ങൾക്ക്
കേൾക്കാൻ
താരാട്ട് പഠിക്കും
……..
നേരം വെളുക്കുമ്പോൾ
ചാറിപ്പെയ്യുന്ന
മൂക്കുത്തിക്കല്ലിൽ
ദൈവമിരുന്നു
ചിരിക്കുന്നു