ഭാരതീയ സിനിമാ ചരിത്രത്തോടൊപ്പം ഇഴപിരിയാതെ ഒപ്പം നടന്ന റേ എന്ന അതുല്യ ചലച്ചിത്രകാരൻ ജീവിതത്തിന്റെ അഭ്രപാളികളിൽ മൺമറഞ്ഞിട്ട് ഇന്ന് കാൽ നൂറ്റാണ്ട്. ശൈശവദശയിലായിരുന്ന ഇന്ത്യൻ സിനിമയിലേക്ക് നവീനതകൾ കൊണ്ടു വന്ന ചലച്ചിത്രകാരനായിരുന്നു സത്യജിത് റേ. നിരവധി നല്ല ചച്ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി ഭാരതത്തിനു ലഭ്യമായി. അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ സിനിമകൾ ചർച്ച ചെയ്യുന്നതിനും ഇതു വഴി തെളിച്ചു.
സിനിമയുടെ ഓരോ മേഖലയിലും റേ ശ്രദ്ധാലുവായിരുന്നു. സംവിധായകന്റെ കസേരയിൽ നിന്നും, സിനിമയുടെ സമസ്ത മേഖലയിലേക്കും അദ്ദേഹം ഇറങ്ങി സഞ്ചരിച്ചു. പരസ്യകലയിൽ വരെ ഓരോ സിനിമയോടൊപ്പവും റേ സഞ്ചരിച്ചു കൊണ്ടിരുന്നു. അതു കൊണ്ടു തന്നെ റേയുടെ സൃഷ്ടികൾ സമ്പൂർണ്ണ സൃഷ്ടികളായി മാറി. നിരന്തരം നവീകരിച്ചുകൊണ്ടിരുന്ന അദ്ദേഹം സംവിധാനം ചെയ്ത 37 സിനിമകളും വേറിട്ട അനുഭവമായി പ്രേഷകർക്കനുഭവപ്പെട്ടതിനു പിന്നിൽ ഈ ശ്രദ്ധയും, കഠിനാദ്ധാനവും, സൂക്ഷ്മതയുമാണെന്ന് തീർത്തു പറയാം.
“ഇതിഹാസമായി ചരിത്രമായ് ഭാരത
സിനിമാ ഹൃദയത്തുടിപ്പായി മാറിയോൻ
ഇവിടെയൊരുക്കി പകർത്തിയ വിസ്മയം
ഒരു പാഠപുസ്തകമാകും നാളേക്കുള്ള
വഴികളിൽ പിൻപേ നടക്കുന്നവർക്കായി”

1921 മേയ് രണ്ടിന് കൊൽക്കത്തയിലാണ് റേ ജനിക്കുന്നത്. പ്രസിഡൻസി കോളേജിലും, തുടർന്ന് ടാഗോർ സ്ഥാപിച്ച പ്രസിദ്ധമായ വിശ്വഭാരതി സർവ്വകലാശാലയിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ റേ അഭിനേതാവായാണ് ചലച്ചിത്രരംഗത്തേക്കു കടക്കുന്നത്. ആദ്യകാലത്ത് പ്രശസ്ത ബംഗാളി നോവലായ പഥേർ പാഞ്ജലിയുടെ പ്രസിദ്ധീകരണത്തിൽ, പുസ്തകത്തിന്റെ മുഖച്ചിത്രമൊരുക്കുന്നതിനും മറ്റുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ പ്രസിദ്ധമായ ഈ നോവലുമായി അന്നു തുടങ്ങിയ ആത്മബന്ധമാണ് ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ചരിത്രത്തിൽ അതുല്യമായ സ്ഥാനത്ത് ഇന്നും ചർച്ച ചെയ്യപ്പെടുന്ന പഥേർ പാഞ്ജലിയെന്ന റേയുടെ ആദ്യ ചലച്ചിത്രത്തിലേക്ക് വഴി തെളിച്ചത്.
അപരാജിത, ചാരുലത, കാഞ്ചൻജംഗ മഹാനഗർ, തീൻ കന്യ, അഭിജാൻ, കപുരുഷ് ഓ മഹാപുരുഷ് ഇങ്ങനെ അഭ്രപാളികളിൽ ദൃശ്യവിസ്മയത്തിന്റെ ചരിത്രം കുറിച്ച ചലച്ചിത്രങ്ങളെത്ര…

ഒറ്റ വാക്കിൽ നിർവ്വചിക്കാവുന്ന വിശേഷണങ്ങളിലൊന്നുമൊതുങ്ങാതെ ഫാന്റസിയും, ഫിക്ഷനും, ഡിറ്റക്റ്റീവും തുടങ്ങി എല്ലാ തരം കഥാസങ്കേതങ്ങളേയും ചേർത്തിണക്കി അഭ്രപാളിയിൽ കാവ്യം രചിക്കാൻ റേയ്ക്കു കഴിഞ്ഞു. നടീനടന്മാരുടെ അഭിനയസാദ്ധ്യതകളെ ക്രിയാത്മകമായി ചൂഷണം ചെയ്യുന്നതിൽ വിജയം കൈവരിച്ച റേ, വിമർശകരുടെ പോലും കയ്യടി നേടി. ഓസ്കാർ അവാർഡ്, ഭാരത് രത്ന, മൂന്നു പത്മ പുരസ്കാരങ്ങൾ, 32 ദേശീയ പുരസ്കാരങ്ങൾ, ചാർളി ചാപ്ലിനു ശേഷം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്, ദാദാ സാഹിബ് ഫാൽകേ അവാർഡ്, അകിരോ കുറസോവ പുരസ്കാരം തുടങ്ങി അംഗീകാരങ്ങളുടെ പെരുമഴ തന്നെ സത്യജിത് റേയെ തേടിയെത്തി.
1983ൽ ഘരേ ബായിരേ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കേ ഉണ്ടായ ചെറിയൊരു ഹൃദയാഘാതം റേയുടെ ആവേഗത്തെ നന്നായി കുറച്ചു. ഈ ചിത്രം 84ൽ തന്റെ ശാരീരികാസ്വാസ്ഥ്യം കാരണം മകന്റെ സഹായത്തോടെയാണ് റേ പൂർത്തീകരിക്കുന്നത്. തുടർന്ന് റേയുടെ മകനായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു കാമറ ചലിപ്പിച്ചിരുന്നത്. 1992 ആയതോടെ സത്യജിത് റേയുടെ ആരോഗ്യനില വളരെ മോശമായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റേയ്ക്ക് പിന്നീട് ആ അവസ്ഥയിൽ നിന്ന് കര കയറാനായില്ല. മരിക്കുന്നതിന് ആഴ്ച്ചകൾക്കു മുൻപാണ് അദ്ദേഹത്തിന് ആദരസൂചകമായി ഓസ്കർ ലഭിക്കുന്നത്.
തിരക്കഥയുടെ സാധുതയെക്കുറിച്ചും സാദ്ധ്യതയെക്കുറിച്ചും അത്യന്തം ബോധവാനായിരുന്ന ആ അതുല്യ പ്രതിഭ ഇന്ത്യൻ സിനിമയുടെയെന്നല്ല ലോക സിനിമയുടെ തന്നെ നിധിശേഖരത്തിലേയ്ക്ക് അമൂല്യങ്ങളായ രത്നാഭരണങ്ങൾ തന്നെയാണ് പണിതു ചേർത്തത്.
ഭാരതത്തിന്റെ തന്നെ സാംസ്കാരികചിഹ്നമായി വിശേഷിപ്പിക്കാവുന്ന സത്യജിത്‌റേ എന്ന മഹാപ്രതിഭ 1992 ഏപ്രിൽ 23ന് അരങ്ങൊഴിഞ്ഞു. ഇന്നും ചലച്ചിത്രപഠിതാക്കളും, ആസ്വാദകരും, ചരിത്രകാരന്മാരും സത്യജിത്‌റേ എന്ന അസാമാന്യപ്രതിഭയെ സ്പർശിക്കാതെ തങ്ങളുടെ സപര്യ അപൂർണ്ണമെന്നു തന്നെ വിശ്വസിക്കുന്നു.