സ: സി. അച്യുതമേനോനെ ഞാൻ എന്നാണു ആദൃമായി കണ്ടതു? അന്നു അദ്ദേഹം എങ്ങനെയാണൂ എന്നോടു പ്രതികരിച്ചതു എന്നൊക്കെ ഇന്നോർക്കുക രസമാണു! പിന്നെ ഞങ്ങൾ തമ്മിലുളള ബന്ധം എങ്ങനെ വളർന്നൂ വികസിച്ചു എന്നതും ഇന്നു വിസ്മയം ആണു! ആദ്യം കണ്ടതു ഒരു ട്രെയിൻ യാത്രയിൽ വച്ചാണു. ഞാൻ വയനാട്ടിൽ തൊഴിൽപരമായ കാര്യങ്ങൾക്കൂ പോയി മടങ്ങുക ആയിരുന്നു. കോഴിക്കോടു നിന്നും രാത്രി ഏഴു മണിക്കുളള വണ്ടി പിടിച്ചൂ അതു തൃശുരിലെത്തിയപ്പോൾ തിക്കിതിരക്കി ഒരാൾ ഞങ്ങളൂടെ കമ്പാർട്ടുമെന്റിൽ കയറി. അതു റിസർവ്വു കമ്പാർട്ടുമെൻറായിരുന്നു. അതറിയാതെയാണു അദ്ദേഹം കയറിയതു. വണ്ടി നീങ്ങിയപ്പോൾ ടി ടി വന്നു അവിടെ നിന്നു കയറിയതു അദ്ദേഹം മാത്രമായിരുന്നു. കയറിയ പാടേ ആളെ മനസിലാക്കിയ ഒരു യാത്രക്കാരൻ ഭവ്യതയോടെ തന്റെ സീറ്റു ഒഴിഞ്ഞു കൊടുത്തു. അവിടെ ഇരുന്നപ്പോഴാണു ടി ടി വന്നതു. ടി ടി അരണ്ട വെളിച്ചത്തിൽ ഇരിക്കുന്ന ആളെ മനസ്സിലാക്കാതെ “എഴുന്നേൽക്കു” എന്നു പറഞ്ഞു അപ്പോൾ സീറ്റു ഒഴിഞ്ഞു കൊടുത്ത യാത്രക്കാരൻ ടി ടി ക്കു അദ്ദേഹത്തെ പരിചയപ്പെടുത്തി.
“അറിയില്ലേ മുൻ മുഖൃമന്ത്രി സി അച്ചുതമേനോൻ”
ടി ടി ഉടൻ “സോറി” പറഞ്ഞിട്ടു സീറ്റൂ അവിടെ തന്നെ അഡ്ജസ്റ്റു ചെയ്തു കൊടുത്തു. കയ്യിൽ ഒരു ബ്രീഫ് കേസും ചില വാരികകളും! കുട്ടത്തിൽ അന്നു ഞാൻ ജോലിയിലിരുന്ന മലയാള നാടു രാഷ്ട്രീയ വാരികയും അതിലുണ്ടായിരുന്നു. ആദ്യം അതാണു ആരെയും ഗൗനിക്കാതെ അദ്ദേഹം വായന തുടങ്ങിയതു. അതിൽ ഞാൻ എഴുതിയ ‘ഏരുർ പഞ്ചായത്ത് സെക്രട്ടറി വിജയന്റെ‘ കൊലപാതകത്തെ സംബന്ധിച്ച സ്റ്റോറിയാണു അദ്ദേഹം വായിച്ചതെന്നൂ മനസ്സിലായി. അതു വായിച്ച ചിന്താഗ്രസ്ഥനായി ഇരുന്നു. എനിക്കു അദ്ദേഹത്തെ പരിചയപ്പെടണം എന്നുണ്ടു. പക്ഷേ ഒരു ധൈരൃക്കുറവു. എങ്ങനെയാകും പ്രതികരിക്കുക എന്നറിയില്ലല്ലോ? എന്തായാലും ഒടുവിൽ ധൈര്യം സംഭരിച്ചു ഞാൻ പറഞ്ഞു
“സർ. ഞാൻ തെക്കുംഭാഗം മോഹൻ അങ്ങു വായിച്ച റിപ്പോർട്ടു ഞാനാണൂ എഴുതിയതു”
“അതിനെന്തു വേണം” എടുത്തടിച്ചതു പോലെയുളള ആ പ്രതികരണത്തിനു മുമ്പിൽ ഞാൻ ഇളിഭ്യനായി. പിന്നീടു ഞാൻ അനങ്ങാൻ പോയില്ല. ഞങ്ങൾ അവരവരുടെ കിടക്കയിലേക്കു ഒതുങ്ങി..
കൊല്ലത്തു ഞാൻ ഇറങ്ങി എന്റെ പാടിനു പോരുകയും ചെയ്തു.
ഞങ്ങളുടെ രണ്ടാമത്തെ കുടിക്കാഴ്ച അതിനേക്കാൾ ഭയാനകമായിരുന്നു(തുടരും….)