അടിമുടി അഭിനയത്തികവുമായി ഗോപിയാശാൻ

മിന്നിത്തിളങ്ങും വെളിച്ചത്തിലുയരുന്ന

Bharath Gopi
Bharath Gopi

പൊന്നിൻ താരത്തിളക്കമില്ല

കാലത്തിനപ്പുറം ചേർത്തുവായിക്കേണ്ട

ഭാവപ്രപഞ്ചത്തിൻ നാട്യ ശാസ്ത്രം

ജീവനിശ്വാസമായ് ഊതിത്തിളക്കിയ

നേരിന്റെ ഭാവം പകർന്നു ഗോപി

നാളേക്കുയരും അരങ്ങിന്റെ നേരിലെ

തീരാത്ത നഷ്ടമീ നാമമെന്നും

ജനുവരി 29

ലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തെയും തീരാനഷ്ടം എന്ന് ചരിത്രം എഴുതിച്ചേർത്ത ചമയങ്ങളില്ലാത്ത ആ മഹാ നടൻ ഗോപിയാശാൻ അരങ്ങൊഴിഞ്ഞു.

താരാധിപത്യത്തിന്റെ വിഭ്രമ ലോകത്ത് സാമ്പ്രദായീക അഭിനയ സങ്കേതങ്ങളോട് ഏറ്റുമുട്ടി അഭിനയത്തിന്റെ പച്ചയായ യാധാർത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാൻ, തിരയിൽ നിന്ന് വീണ്ടും അരങ്ങിലേക്ക് ഒര് പകർന്നാട്ടം നടത്താൻ തന്റേടം കാട്ടിയ മഹാപ്രതിഭ ഭരത് ഗോപി എന്ന ഗോപിയാശാൻ.

Listen to the audio

മലയാള സിനിമയുടെ നായക സങ്കൽപ്പത്തെ തിരുത്തിയെഴുതിയ മഹാനടനാണ് ഭരത് ഗോപി. അരങ്ങിൽ നിന്ന് വെള്ളിത്തിരയിലെത്തി ഭരത് പുരസ്കാരം വരെ മലയാളത്തിനായി നേടിയ ആ നടനവൈഭവം കൊടിയിറങ്ങിയിട്ട് വർഷം എട്ട്. ഗോപി അഭിനയിക്കുകയും ജീവിക്കുകയും ചെയ്ത കഥാപാത്രങ്ങൾ മലയാളി മനസിൽ ഇന്നും മായാതെ നിൽപ്പുണ്ട്.

കഥാപാത്രങ്ങളെ അനായാസം വെള്ളിത്തിരയിൽ അവതരിപ്പിച്ചാണ് ഗോപി മലയാള സിനിമയുടെ ഭാഗമായത്. എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ ആദ്യവും മലയാള ചലച്ചിത്ര വേദിയുടെ മാറ്റത്തിന്റെ മുഖമായിരുന്നു വി. ഗോപിനാഥൻ നായർ എന്ന ഗോപി. ഗോപിയുടെ ചലച്ചിത്ര ജീവിതത്തെ രണ്ടായി പകുത്തെടുക്കാം. പക്ഷാഘാതം(20 ഫെബ്രുവരി 1986) വരുന്നതിന് മുൻപും അതിന് ശേഷവും. തന്റെ കലാജീവിതത്തെ ഗോപി ഇങ്ങനെ വിവരിക്കുന്നു ‘പക്ഷാഘാതം വരുന്നതിന് മുൻപ് 85 സിനിമകളിൽ അഭിനയിച്ചു. പക്ഷാഘാതം വന്നതിന് ശേഷം 250 സിനിമകളിൽ അഭിനയിക്കാൻ വിസമ്മതിച്ചു.’

അവതരിപ്പിക്കുന്ന ഒരോ കഥാപാത്രത്തിലും തന്റെ അനായാസ ശൈലി നൽകാൻ ഗോപി ശ്രമിച്ചിരുന്നു. നാടകവേദിയിൽ നിന്നും ചലച്ചിത്ര രംഗത്ത് ഗോപിയെ കൊണ്ട് വന്നത് അടൂർ ഗോപാലകൃഷ്ണനായിരുന്നു — ചിത്രം ‘സ്വയംവരം’. അടൂരിന്റെ ‘കൊടിയേറ്റം’ എന്ന ചിത്രത്തിൽ ലോറി ഡ്രൈവറുടെ സഹായിയായ ശങ്കരൻകുട്ടിയായി വന്ന ഗോപി, ലാളിത്യം നിറഞ്ഞ അഭിനയരീതിയിലൂടെ ആ കഥാപാത്രത്തെ മലയാളികളുടെ മനസിലേയ്ക്ക് സന്നിവേശിപ്പിച്ചു. അതോടെ കൊടിയേറ്റം ഗോപിയെന്ന് ലോകം സ്നേഹത്തോടെ ഗോപിയെ വിളിച്ചു തുടങ്ങി.

നായകന്റെ വേഷത്തിൽ നിന്നും വില്ലനായിട്ടാണ് അടുത്ത ചിത്രമായ ‘തമ്പി’യിൽ ഗോപിയെത്തിയത്. ഗോപിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കെ.ജി. ജോർജിന്റെ ‘യവനിക’യിലെ തബലിസ്റ്റ് അയ്യപ്പൻ. കെ.ജി. ജോർജ്ജിന്റെ തന്നെ ‘ആദാമിന്റെ വാരിയെല്ലി’ലും ഭരത് ഗോപിയുടെ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾക്ക് മലയാളം സാക്ഷിയായി.

സിനിമാ സ്റ്റാർ എന്നറിയപ്പെടാൻ ഒരിക്കലും അറിയപ്പെടാൻ ഭരത് ഗോപി ആഗ്രഹിച്ചിരുന്നില്ല. ‘ഞാനൊരിക്കലും സ്റ്റാറായിരുന്നില്ല. ഞാൻ അഭിനേതാവ് മാത്രമാണ്. എനിക്ക് നടൻ എന്നറിയപ്പെടാനാണ് ആഗ്രഹം. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ പ്രേംനസീറായിരുന്നു. എന്നാൽ നടനെന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ഞാൻ സിനിമയിലേയ്ക്ക് വരുന്ന കാലത്ത് സിനിമ വെറും ബിസിനസ്സായിരുന്നില്ല. അത് ശരിക്കും പ്രേക്ഷകർക്കായുള്ള കലാവിഷ്ക്കാരമായിരുന്നു’   ഗോപി പറയുന്നു.

‘രേവതിയ്ക്കൊരു പാവക്കുട്ടി’, ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ തുടങ്ങിയ ചിത്രങ്ങളിൽ പിതാവിന്റെ സ്നേഹത്തെ തനത് ശൈലിയിൽ അവതരിപ്പിക്കാനും ഗോപിക്ക് കഴിഞ്ഞു. നായക വേഷങ്ങളുടെ ഇമേജ് ഒരിക്കലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ നിന്ന് ഗോപിയെ വിലക്കിയില്ല. ഭരതന്റെ ‘പാളങ്ങളി’ൽ ഗോപിയുടെ വില്ലൻ — സ്വഭാവിക വേഷത്തിന്റെ സമ്മിശ്ര ഭാവം കാണാനും മലയാളിക്ക് അവസരമുണ്ടായി.അഭിനയത്തിന്റെ മികവ് മലയാളത്തിന്റെ പുറത്തേയ്ക്ക് ഭരത് ഗോപിയെ കൊണ്ടു പോയി. ഗോവിന്ദ് നിഹാലിനിയുടെ ‘അഗ്ഹാത്ത്’ എന്ന ഹിന്ദി ചിത്രത്തിലും ഗോപി അഭിനയിച്ചു. അഭിനയത്തിൽ മാത്രമല്ല സിനിമ നിർമ്മാണത്തിലേയ്ക്ക് തിരിയാൻ ഗോപിയെ പ്രേരിപ്പിച്ചത് ഭരതനുമായുള്ള സൗഹൃദമായിരുന്നു. ഭരതന്റെ ‘പാഥേയം’ നിർമ്മിച്ചാണ് ഭരത് ഗോപി നിർമ്മാതാവിന്റെ മേലങ്കി ആദ്യമായി അണിഞ്ഞത്

ഗോപിയാശാൻ അവശേഷിപ്പിച്ചു പോയ അസാന്നിധ്യം മകൻ മുരളീ ഗോപിയിലൂടെ തിരിച്ചു വന്നേക്കാം. എങ്കിലും ആ മഹാപ്രതിഭ തുടങ്ങി വച്ച നടന വൈവിധ്യത്തിന് ഇനിയുമൊരു അരങ്ങ് പുനർജനിക്കേണ്ടിയിരിക്കുന്നു.

Check Also

പാലക്കാട് പ്രസ്ക്ലബ് ടോപ് ടെൻ ഫെസ്റ്റിന് റജിസ്റ്റർ ചെയ്യാം

പാലക്കാട്∙ ജില്ലാലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ചു പാലക്കാട് പ്രസ് ക്ലബ് നടത്തുന്ന ടോപ് ടെൻ രാജ്യാന്തര …

Leave a Reply

Your email address will not be published. Required fields are marked *