മഴപെയ്തൊരു പുഴയായ് മാറാൻ
നീവന്നെൻ ചാരെയിരിക്കൂ..
മഴനൂലുകളിഴപൊട്ടുമ്പോൾ
നറു വെയിലായ് കൊഞ്ചുക പെണ്ണേ
ഇണചേരുമിരുട്ടും പകലും
കിളികണ്ടു ചിലയ്ക്കും നേരം
അരികത്തൊരു നാണപ്പൂവായ്
മിഴിചിമ്മിയുറങ്ങുക പെണ്ണേ
കണികാണും പുലരികൾ നിന്നെ
കൊതിയോടെ നോക്കീടുമ്പോൾ
ഇളവെയിലിൻ കുഞ്ഞിക്കാലുകൾ
അടിവയറിൽ കിക്കിളി കൂട്ടും.
അകമാകെ നിറയുന്നുണ്ട്
ഞാനെന്നൊരു പൂരകരേണു
ഉയിരാകെനിറഞ്ഞു കവിഞ്ഞൂ
നീയെന്നൊരു ചുടുനെടുവീർപ്പ്.
തുളസിത്തളിർ ചൂടിയിറങ്ങും
നല്ല നിലാപുഞ്ചിരി നീയേ
പാടത്തൂടോടി നടക്കും
തുമ്പപ്പൂ ചിത്രപതംഗം
നീയില്ലേൽ ഞാനുണ്ടോന്നും
ഞാനില്ലേൽ നീയുണ്ടോന്നും
നാമില്ലാതവരുണ്ടോന്നും
നാമെത്രപറഞ്ഞു പതിഞ്ഞു.
ചേരുംപടി ചേർന്നുരമിക്കാൻ
ചേലുളൊരു മഴയാകേണം
ഇടിവെട്ടി പെയ്തുനിറയ്ക്കാം
മഴവില്ലുകൾ നട്ടുവളർത്താം.