ഇനിയിതു വേണ്ടെന്ന
ചുവന്ന വരിക്കു താഴെ
ചെറിയൊരൊപ്പു വരച്ചിട്ടു
നിവർന്നതും
അടിവയറ്റിലൊരു കൊളുത്തു
വീണതു പോലെ..
ആർക്കും പാകമാകാത്ത
നീലയുടുപ്പിനുള്ളിലുമത്
വല്ലാതെ എഴുന്നു നിന്നു..
മുറിവുമോർമ്മയും
പരസ്പരം
കുത്തിനോവിച്ച
രാത്രിക്കൊടുവിൽ
മകനാണു പറഞ്ഞത്
ഇന്ത്യയുടെ ഭൂപടം പോലെ,
പിന്നെ ചുരുണ്ട രണ്ടു മുഷ്ടികൾ പോലെ
ആ പത്തുമാസത്തൊട്ടിൽ
ഒരു ചെറു കുപ്പിയിലൊതുങ്ങിയെന്ന്.
അതേ നിമിഷമാണ്
വീണ്ടും അടിവയറു
കൊളുത്തി നീറ്റിയത്..
അടഞ്ഞതു
ജീവന്റെ വാതിലുകളെന്നു
വെളുത്ത പുറംപാളികൾ.
മരണവഴിയെന്ന്
പിറവി യാചിച്ച ഭ്രൂണങ്ങൾ
ചുരണ്ടിയെറിയപ്പെട്ട
കറുത്ത അകംപാളികൾ.
അവകാശമെന്നു പുള്ളികുത്തിയതും
പ്രണയമെന്ന വലിയ കള്ളം പുലമ്പിയതും
തൊട്ടു നോവിച്ചതെല്ലാം
കാലങ്ങളായി വീണടിഞ്ഞതാണ്
മുഴയെന്നെഴുതി
ഇന്നു ചോര ചീറ്റിയത്..
ഇനി മാസമുറയെന്നു
കരയണ്ടല്ലോയെന്ന
വഷളൻ ചിരി
മുന്നിൽ
നിരന്നു നിന്നിളിക്കുകയാണ്.
മുറതെറ്റാതെ നോവിക്കുന്നവനേ, കാണാക്കൊളുത്തിലിനിയും
തൂങ്ങിയാടുന്നുണ്ട്
നിന്റെ നഖമൊരുക്കിയ നീറ്റിടങ്ങൾ,
നാളെയവ
ചുരുട്ടിയെറിയാവുന്ന ചോരപ്പാടുകളോട്
ഇന്നേ നീ
മുഖമൊളിപ്പിക്കുക..