അച്ഛൻ വീടരികിലെത്തുംമുമ്പേ
പടികടന്നെത്തിക്കും കാറ്റാ ചാരായചൂര്…
ഓടിച്ചെന്ന്
കീറപായയിൽ
ഉടുക്കുക്കൊട്ടുന്ന ഹൃദയവുമായ്
ഉറക്കമഭിനയിക്കും
കുഞ്ഞുകണ്ണുകൾ…
അന്തിക്കടംവാങ്ങിയ മണ്ണെണ്ണ
തീർന്ന് മരണനൃത്തം ചവിട്ടുന്ന വിളക്കിനെ
വലംകാലാൽ തട്ടിയകറ്റുമ്പോൾ
പച്ചവെള്ളത്താൽ താളിച്ച മുരിങ്ങയിലക്കറി
പറ്റിപ്പിടിച്ചു തേങ്ങും ചാണക തറയിൽ…
കാലം കഞ്ഞിക്കലത്തിൽ വറുതി പുഴുങ്ങിയപ്പോൾ
കറിചട്ടിയിൽസ്നേഹം ചാലിച്ച്
വിളമ്പിയമ്മ,
കേട്ടിരുന്നു ഞാൻ,
കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ
ആ നെഞ്ചിലെ കടുകു പൊട്ടുന്ന
ശബ്ദവും നീറ്റലും …
മുണ്ടിൻ തലപ്പുകൊണ്ടമ്മ തന്ന ചോറുപാത്രം തുറക്കുമ്പോൾ
അറിയാതെ ചോദിച്ചിരുന്നു ,
ഉണക്കമുളകിനെ മറന്ന
അമ്മിക്കൊപ്പം
തള്ളവിരലരഞ്ഞു
ചേർന്നതിനാലണോ അമ്മേ
ഉള്ളിച്ചമ്മന്തിക്കിത്ര ചോപ്പ്…?
Tags kavitha literature poem
Check Also
അമ്പത്…. സാറ്റ്
കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …