Listen and Read
ആലാപനം : സുജിത് കൃഷ്ണ കോട്ടയ്ക്കൽ
അമ്മയ്ക്ക് നെഞ്ചിൽ ഇടിമുഴങ്ങീ
അന്നേയ്ക്കൊരന്തിയിൽ
മഴ തുടങ്ങീ
പിന്നിയ പാവാടത്തുമ്പിൽ പിണങ്ങുന്നൊ –
രുണ്ണിയായമ്മയെ
ചേർന്നുറങ്ങി
(അമ്മയ്ക്ക് ……
കണ്ണടച്ചാലും കലിതുള്ളിയാർക്കുന്ന
കണ്ണുനീർത്തുള്ളിയായ്
പെയ്തിറങ്ങീ
(അമ്മയ്ക്ക് ……
പ്ലാവിലത്തുമ്പിൽ നിന്നൊഴുകുന്ന സ്നേഹത്തെ
പാലമൃതാക്കി പകർന്നു നൽകി
(അമ്മയ്ക്ക് ……
കൂരയിലോലപ്പഴുതിലൂടിറ്റിറ്റു
വീഴുന്ന തുള്ളികളെ പഴിച്ചും
കാലം തെറ്റി വിരുന്നു വന്നെത്തുന്ന
കാലപ്പെരുമഴയെ ശപിച്ചും
(അമ്മയ്ക്ക് …….
ഉമ്മറക്കോണിൽ പൊലിഞ്ഞ സ്വപ്നങ്ങളെ
എന്നോ മനസ്സിൽ പടിയിറക്കീ
(അമ്മയ്ക്ക് …….
ഇരുളിൽ പതിയിരിയ്ക്കുന്ന കഴുകന്റെ
മിഴിൽപ്പെടാതെ ചിറകൊതുക്കീ
ഇതുവരെ പാടാത്ത താരാട്ടുപാട്ടിന്റെ
തുടിതാളമുള്ളിൽ കുടിയിരുത്തി
(അമ്മയ്ക്ക് …….
ഒരു വേളവന്നില്ലയെങ്കിലും പിൻവിളി
തിരയാതകലെ മറഞ്ഞീടിലും
പൊരുതി തളർന്നൊരീ കയ്യുകൾ തണലിന്റെ
നനവും നന്മയുമായിടുന്നു
(അമ്മയ്ക്ക് …..
പെരുമഴ പെയ്തന്ന് നീട്ടിയ കുളിരിന്റെ
തണലിൽ മരവിച്ചു ചേർന്നുറങ്ങീ
(അങ്ങമ്മയ്ക്ക് ……
പിന്നിയ പാവാടത്തുമ്പിൽ പിണങ്ങുന്നൊരുണ്ണിയായ്
അമ്മയെ ചേർന്നുറങ്ങീ
പിന്നിയ പാവാടത്തുമ്പിൽ പിണങ്ങുന്നൊരുണ്ണിയായ്
അമ്മയെ ചേർന്നുറങ്ങീ
(അമ്മയ്ക്ക് ……