പ്രഭാതത്തില്‍ അച്ഛന്റെ
മുഖത്ത് പ്രതീക്ഷയാണ്.
വീട്ടിലേക്ക് തിരിച്ചു
വരുമ്പോള്‍ മുഖത്ത്
ആധിയേറുന്നു..
ഒരുപക്ഷേ വീട്ടിലെ
ആവശ്യങ്ങളുടെ
കുറിപ്പ് കൈയ്യിലിങ്ങനെ
തിരുമ്മി അസ്വസ്ഥമായങ്ങിനെ..
അമ്മ പതിവായി കഴിക്കുന്ന
മരുന്ന് വാങ്ങാതെ വീട്ടിലേക്ക്
കയറുന്ന അച്ഛന്റെ മുഖം
വിളറി വെളുത്തിരിക്കും.
പറഞ്ഞൊഴിയാത്ത
ആവലാതികളില്‍
പലതും പ്രതീക്ഷകളില്‍
കുഴിച്ചിട്ട് നിറയെ ഫലങ്ങളുള്ള
വൃക്ഷം അച്ഛന്‍ സ്വപ്നം കണ്ടിരുന്നു..
സന്ധ്യാനാമം ചൊല്ലുമ്പോഴും
അമ്മയുടെ കണ്ണുകള്‍
വഴിയില്‍ തടഞ്ഞുനില്‍ക്കും..
അച്ഛന്‍ വരുന്നതും
കാതോര്‍ത്താണ്
അമ്മ ഇന്നും കലണ്ടറിലെ
കര്‍ക്കിടകവാവിന്റെ
കോളത്തില്‍ കരികൊണ്ട്
വൃത്തം വരക്കുന്നതും
കണ്ണുകള്‍ അമര്‍ത്തി
തുടയ്ക്കുന്നതും..!!