അയാള്‍…. ആരുടെയോ മകന്‍…. ആരുടെയോ ഭര്‍ത്താവ്…. ആരുടെയോ സഹോദരന്‍…. ആരുടെയോ പിതാവ്… ബന്ധങ്ങള്‍ ഏറെ കരുതലോടെ കാത്തുസൂക്ഷിക്കുന്നവനാകാം. ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍, മോഹങ്ങള്‍ സ്വത്തുപോലെ കണ്ടിരുന്നവനാകാം. എന്നാല്‍, പൊടുന്നനെ ഒരു ദിവസം വേനല്‍ചൂടിന്റെ പാരമ്യതയില്‍, റോഡിനുനടുവില്‍, എല്ലാം പൊലിച്ചുകളഞ്ഞ്, അവസാനശ്വാസവും അലിയിച്ച്….
ആ കാഴ്ച ഇന്നും എന്റെ മനസ്സില്‍ ഒരു വിറയലോടെ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഷാര്‍ജ, അല്‍ ഹംറ തിയ്യറ്റര്‍ കെട്ടിടത്തിന്റെ എട്ടാം നിലയിലുള്ള ഞങ്ങളുടെ യു. എ. ക്യു. റേഡിയോ ഓഫീസ്… പ്രസ്തുത കെട്ടിടത്തിന്റെ മുന്നിലുള്ള റോഡിനുനടുവിലൂടെ മതില്‍ ഉയരുന്നതിനുമുമ്പുള്ള കാലം. അപകടങ്ങള്‍ നിരന്തരമായി നടക്കുന്ന സ്ഥലം. വാഹനങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടാല്‍ ഞങ്ങളെല്ലാവരും ജനലിനരികിലെത്തും, എന്താണ് സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷയോടെതന്നെ. പലപ്പോഴും രസകരമായ കാഴ്ചകളുണ്ടാകും. കൂട്ടിയിടിച്ച വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള വഴക്കും, വക്കാണവും, ചിലപ്പോള്‍ കയ്യാങ്കളികളുമെല്ലാം…
അന്നും ഞങ്ങളെല്ലാവരുംകൂടെ ഓരോ തമാശകളും പറഞ്ഞിരിക്കുകയായിരുന്നു. പെട്ടെന്നായിരുന്നു, വണ്ടിയിടിച്ച, ഭയങ്കരമായ ഒരു ശബ്ദം…. ഞങ്ങള്‍ പതിവുപോലെ ജനലിനരികിലേയ്ക്ക് ഓടിച്ചെന്നു. കണ്ട കാഴ്ച അതിഭയാനകമായിരുന്നു. ഞങ്ങളുടെ ഓഫീസിന്റെ വലതുവശത്ത് സ്ഥിതി ചെയ്യുന്ന ലുലു സെന്ററിന്റെയും, അല്‍ ഖയാം എന്ന അറബിക് റെസ്റ്റോറന്റിന്റേയും നേരെ മുമ്പില്‍, റോഡില്‍ ഒരാള്‍ വേച്ചുവേച്ചു വീണുകൊണ്ടിരിക്കുന്നു. അയാളെ ഇടിച്ചിട്ട കാര്‍ റോഡുകള്‍ക്ക് നടുവില്‍ വെച്ചുപിടിപ്പിച്ച പുല്‍ത്തകിടിയിലേയ്ക്ക് പാഞ്ഞുകയറി ഈന്തപ്പനയില്‍ ഇടിച്ചുനില്‍ക്കുകയാണ്. വീണുകിടക്കുന്ന അയാളുടെ ശിരസ്സ്, ഇറ്റിറ്റുവീഴുന്ന രക്തത്തുള്ളികളോടെ, മെല്ലെമെല്ലെ റോഡില്‍ ചാഞ്ഞു. ചലനങ്ങള്‍ മന്ദഗതിയിലാകുന്നതും, പിന്നീട് തീര്‍ത്തും നിശ്ചലമാകുന്നതും ഞങ്ങളെല്ലാവരും നടുക്കത്തോടെയാണ് നോക്കിനിന്നത്. തുടര്‍ന്ന്, ശിരസ്സില്‍നിന്നും ഒഴുകിയിറങ്ങുന്ന രക്തം അവിടെ തളം കെട്ടുന്നതും ഞങ്ങള്‍ കണ്ടു. അയാള്‍ മരിച്ചു കഴിഞ്ഞു എന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി. എല്ലാവരും ഒരു മരവിപ്പോടെ, ഒരു വാക്കുപോലും പ്രതികരിക്കാനാവാതെ അങ്ങനെ നില്‍ക്കുകയാണ്. പൊടുന്നനെ, എന്റെ നാവില്‍നിന്നാണ് അറിയാതെ ആ വാക്കുകള്‍ വീണത് –
“മലയാളിയാണോ, ആവോ?”
അപ്പോള്‍ റോയ്സ് ശാസനാരൂപത്തില്‍ പറഞ്ഞു,
“ഏതു നാട്ടുകാരനായാലും മനുഷ്യനല്ലേ, നിഷേ?”
ശരിയാണ്, മലയാളിയായാലും, ബംഗാളിയായാലും, പാക്കിസ്ഥാനിയായാലും, ഒരു ജീവനാണ് ഞങ്ങളുടെ കണ്‍മുമ്പില്‍വെച്ച് പൊലിഞ്ഞുപോയിരിക്കുന്നത്. വിമ്മി ഉടനെ പറഞ്ഞു.
“അയാളുടെ വീട്ടില്‍ ഇതൊന്നുമറിയാതെ എല്ലാവരും ഇരിക്കുകയായിരിക്കുമല്ലോ. അറിഞ്ഞുകഴിയുമ്പോള്‍ എന്തായിരിക്കും സ്ഥിതി?”
അതോര്‍ത്തപ്പോള്‍തന്നെ എന്റെ തലച്ചോറ് മരവിക്കുന്നതുപോലെ തോന്നി. വണ്ടിയിടിച്ച ആ ഭയങ്കരമായ ശബ്ദം കേട്ടത് മുതല്‍ക്കെ തലയ്ക്കകത്തുണ്ടായ പെരുപ്പ് അപ്പോഴേയ്ക്കും, കടുത്ത തലവേദനയായി പരിണമിച്ചുകഴിഞ്ഞിരുന്നു. അപരിചിതനായ ഒരു മനുഷ്യന്റെ മരണം നേരെ കണ്‍മുമ്പില്‍ കണ്ട ഞങ്ങള്‍ക്കേറെ വേദന തോന്നിയത്, വേനല്‍ച്ചൂടിന്റെ അങ്ങേയറ്റത്തെ ആ അവസ്ഥയിലും, ആ മൃതദേഹം, നടുറോഡില്‍ ഏകദേശം രണ്ടര-മൂന്നു മണിക്കൂറോളം അങ്ങനെ കിടന്നു എന്നുള്ളതാണ്.
ഈ സംഭവത്തിന് സാക്ഷ്യം വഹിച്ച ശേഷം ഞങ്ങളുടെ മുറിയില്‍ എന്തെന്നില്ലാത്ത ഒരു നിശ്ശബ്ദതയായിരുന്നു. പിന്നീട് ദിവസങ്ങള്‍ പൊഴിഞ്ഞുപോകെ, ഓഫീസിന്റെ പലവിധ ബഹളങ്ങള്‍ക്കിടയില്‍ ആ സംഭവത്തിന് മങ്ങലേറ്റു.
ഏകദേശം ഒരാഴ്ച കഴിഞ്ഞാണ്, ആ കത്ത് എന്റെ കയ്യില്‍ കിട്ടുന്നത്. ഞങ്ങള്‍ അന്ന് “ആലുക്കാസ് സായന്തനം” പരിപാടി ചെയ്തുകൊണ്ടിരുന്ന സമയം. അതിലേയ്ക്ക് വന്ന ഒരു അനുഭവമായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്ത് തുറന്നുവായിച്ച ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ കണ്ട ആ അപകടത്തിന്റെ രക്തസാക്ഷിയെക്കുറിച്ചുള്ള വിവരമായിരുന്നു, അത്. പാസ്പോര്‍ട്ട് പുതുക്കലിനും, മറ്റുമായി പോയ അദ്ദേഹം തിരിച്ചു വരാതിരുന്നതിനെതുടര്‍ന്ന്, കൂട്ടുകാര്‍ ആകെ പരിഭ്രാന്തരായിരുന്നു. അങ്ങനെ രണ്ടുമൂന്നു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ്, സുഹൃത്ത് റോഡപകടത്തില്‍ മരണപ്പെട്ട വിവരം അറിഞ്ഞതത്രേ. എന്റെ ഉത്കണ്ഠപോലെത്തന്നെ മരിച്ചയാള്‍ മലയാളി – കല്യാണം കഴിഞ്ഞു അധികമായിട്ടില്ല. ഭാര്യയ്ക്ക് ഇരുപത്തഞ്ചില്‍ താഴെ മാത്രം പ്രായം, കുഞ്ഞിനു ഒന്നോ രണ്ടോ വയസ്സ്. ശരിക്കും മനസ്സ് വല്ലാതെ വിഷമിച്ചുപോയി. ആ കത്ത് കണ്ടപ്പോള്‍, നേരില്‍ കണ്ട ആ അപകടത്തിന്റെ സമ്പൂര്‍ണ്ണവിവരങ്ങള്‍ ഒരു കത്തിന്റെ രൂപത്തില്‍ ദൈവം അറിയിച്ചുതന്നതുപോലെ.
പതിവുപോലെ ഗള്‍ഫ് നാടില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട്, ആ കത്ത് പ്രക്ഷേപണത്തിനു സജ്ജമാക്കാന്‍ കഴിയാതെ, എന്റെ മേശമേലുള്ള ഓഫീസ് ട്രേയില്‍ കുറെ കണ്ണുനീര്‍ത്തുള്ളികളുടെ ഏകരൂപം പൂണ്ട് അങ്ങനെ കിടന്നു… ഏറെ നാള്‍…!