ശക്തന്റെ കൊട്ടാരത്തിലെ എന്റെ ഒരു പകൽ.
ത്രിശിവപേരൂർക്കാരുടെ സ്വകാര്യ അഹങ്കാരവും പൂരപെരുമയും ഈയൊരു പേരിനൊപ്പം തലയെടുപ്പോടെ നിൽക്കുബോൾ അദ്ദേഹത്തിന്റെ പാദങ്ങൾ പതിഞ്ഞ കൊട്ടാരത്തിലൂടെ ഒന്നുക്കൂടി വെറുതെനടന്നു ഞാൻ.
കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിനു് എകദേശം 200 വർഷത്തെ ചരിത്രം പറയുവാനുണ്ട്. സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശിവപേരൂരിലെ പൂരം കേരളത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവമായി തുടരുന്നു. ശക്തൻ തമ്പുരാന്റെ കാലത്തു് ദക്ഷിണ കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിൽ നിന്നും ദേവകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നായിരുന്നു വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമ്മേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട്കാവ്, നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുന്നാഥൻ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ(977 മേടം) സാംസ്കാരികകേരളത്തിന്റെ തിലകക്കുറിയായി മാറിയ തൃശ്ശൂർ പൂരം ആരംഭിച്ചു..
പൂര നഗരിയുടെ സാംസ്ക്കാരികനായകൻ അവിടെ അന്തിയുറങ്ങുന്നുണ്ട്.