നല്ലേപ്പിള്ളി നാരായണൻ – പൊറാട്ടുനാടകത്തിലെ ഇതിഹാസം

IMG-20170217-WA0018

പൊറാട്ട് നാടകത്തിലെ ഇതിഹാസമായിരുന്നു നല്ലേപ്പിള്ളി നാരായണൻ. ചോദ്യക്കാരനായി വന്ന് അനേകമനേകം രാത്രിയിൽ കൊയ്ത്തുകഴിഞ്ഞ പാടത്തെത്തുന്ന ഗ്രാമീണരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരൻ. മനോധർമത്തിലൂന്നിയ ചോദ്യങ്ങളായിരുന്നു ആ മുഖമുദ്ര. കാവാലം നാരായണപണിക്കരെപ്പോലുള്ള മുതിർന്ന കലാകാരന്മാർ അദ്ദേഹത്തെ അങ്ങോട്ടു പോയി കാണുമായിരുന്നു. സമീപകാലത്ത് നാരായണൻ ആശാന്റെ ജീവിതം ഡോക്യുമന്ററിയാക്കി വയ്ക്കാൻ പിൻ തലമുറക്കാർ ശ്രമിച്ചപ്പോൾ കാവാലം ൿതിരുവനന്തപുരത്ത് തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. പക്ഷേ, അവശത മാറ്റി വച്ചും അദ്ദേഹത്തെപ്പറ്റി പ്രതികരിക്കാൻ കാവാലം തയ്യാറായിയെന്നത് ആശാന്റെ മഹത്വം വ്യക്തമാക്കുന്നതായിരുന്നു.. പിൽക്കാലത്ത് നാടൻ പാട്ടുകളും ഇതര ഹാസ്യ പരിപാടികൾ അരങ്ങുകളിലും ദൃശ്യമാധ്യമങ്ങൾ വീടുകളിലും സ്ഥാനംഉറപ്പിച്ചതോടെ ഈ കലാരൂപം പിന്നാക്കം പോയിട്ടുണ്ട്. എങ്കിലും പൊറാട്ടു നാടകവുമായി കലാകാരന്മാർ മുന്നോട്ടു പോകുന്നുണ്ട്. നല്ലേപ്പിള്ളി നാരായണനു ഉചിതമായ അന്ത്യാഞ്ജലി നൽകാൻ ജില്ലാ ഭരണകൂടവും പൊതു സമൂഹവും തയ്യാറായിയെന്നത് ആശാവഹമാണു. ഈ കലാരൂപവുമായി മുന്നോട്ടു പോകുന്ന കലാകാരന്മാർക്ക് ഇത് ഊർജം പകരും.

പാലക്കാട് ജില്ലയിലെ നാടൻ ദൃശ്യകലാരൂപമാണ്‌ പൊറാട്ടു നാടകം. പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് പൊറാട്ട് നാടകം പ്രധാനമായും അരങ്ങേറുന്നത്. സാധാരണയായി മകരം മുതൽ ഇടവം വരെയുള്ള മാസങ്ങളിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണ്‌ ഈ കലാരൂപം അരങ്ങേറുന്നത്. നിത്യ ജീവിതത്തിലെ സംഭവങ്ങളാണ് ഈ കലാരൂപത്തിലെ പ്രധാന വിഷയങ്ങൾ. ‌പുരുഷന്മാരാണ്‌ ഈ കലാരൂപം അവതരിപ്പിക്കുന്നതെങ്കിലും സ്ത്രീകൾ ഉൾപ്പെടെ വളരെ അധികം കഥാപാത്രങ്ങൾ ഉള്ള ഒരു കലാരൂപം കൂടിയാകാം ഇത്. ഇതിന്റെ പശ്ചാത്തല വാദ്യമായി ഉപയോഗിക്കുന്നത് മൃദംഗം, ചെണ്ട, ഇലത്താളം എന്നിവയാണ്‌. ഈ കളിയിൽ പാണന്മാർക്ക് വലിയ പങ്കുണ്ട്.

പാണൻ എന്ന സമുദായത്തിൽപ്പെട്ടവരാണ്‌ ഇത് അവതരിപ്പിക്കുന്നത്. പുരുഷന്മാരാണ്‌ കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്.

ചരിത്രം തിരുത്തുക

നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നു സംശയിക്കുന്ന ഈ നാടോടി നാടകത്തെ പരിഷ്കരിച്ച് ഇന്നത്തെ പോലെയുള്ള രംഗാവതരണ ശൈലിയിൽ വളർത്തിയെടുത്തത് പൊൽപ്പള്ളി മായൻ എന്ന കളിയാശാനാണെന്ന് പറയപ്പെടുന്നു. പൊറാട്ട് എന്നാൽ പുറത്തെ ആട്ട്, അതായത് പുറം ജനങ്ങളുടെ ആട്ട്(നൃത്തം) എന്നാണർത്ഥം. നാടുവാഴി കാലഘട്ടങ്ങളിൽ സമൂഹത്തിൽ നിന്നും പുറത്താക്കിയ, കീഴാളരുടെ നാടകം എന്നാണ് ഇത് അറിയപ്പെടുന്നത്. പൊറാട്ടു നാടകത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുന്നതിന് ആശാൻമാർ ശ്രമിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് നെന്മാറക്കാരൻ സി.ശങ്കരൻ കളിച്ചു വന്ന പൊറാട്ടു നാടകത്തിൽ ഗാന്ധി സ്തുതിയുണ്ട്.

വിശദാംശങ്ങൾ

കളിയുടെ ആദ്യം മുതൽ അവസാനം വരെ വിദൂഷകനായ ഒരു ചോദ്യക്കാരനുണ്ടാകും. കഥാപാത്രങ്ങൾ രംഗത്തു വന്നാൽ ഇയാൾ ഫലിതം പുരണ്ട ചോദ്യങ്ങൾ ചോദിക്കും. ഒരു വിദൂഷകനെ പോലെ രസിപ്പിച്ച് കഥ മുന്നോട്ടു കൊണ്ടു പോകുന്ന അയാൾക്ക് നീളം കൂടിയ തൊപ്പിയും പല നിറങ്ങളുള്ള ഉടുപ്പും അയഞ്ഞു കിടക്കുന്ന പൈജാമയുമാണ് വേഷം. ചോദ്യങ്ങൾക്ക് കഥാപാത്രങ്ങൾ നൽകുന്ന മറുപടിയിലൂടെയാണ് കഥാഭാഗങ്ങളെ ബന്ധിപ്പിക്കുന്നത്.

വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിവിധ പൊറാട്ടുകളുടെ സംഗമ സ്ഥാനമാണ് വേദി. ഓരോ പൊറാട്ടും സ്വയം പൂർണ്ണവും മറ്റു കഥാപാത്രങ്ങളോട് ബന്ധമില്ലാത്തതുമാണ്. അവരവർക്കുള്ള ഭാഗം കളിച്ചു കഴിഞ്ഞാൽ വേറെ പൊറാട്ട് പ്രവേശിക്കുന്നു. സ്ത്രീ പൊറാട്ടും പുരുഷ പൊറാട്ടും തമ്മിലുള്ള സംഭാഷണത്തിൽ പ്രണയ കലഹങ്ങളും അവിഹിത ബന്ധങ്ങളും പരാമർശ വിഷയങ്ങളാകും.

ആദ്യം വണ്ണാത്തിയുടെ പുറപ്പാടാണ്. വണ്ണാത്തി രംഗത്തു വന്നാൽ ആദ്യമായി ഗുരു, ഗണപതി, സരസ്വതി, ഇഷ്ടദേവത എന്നിവരെ വന്ദിക്കുന്ന ഒരു വിരുത്തം പാടുന്നു. പിന്നെയാണ് ചോദ്യോത്തരം.

പ്രധാന വേഷങ്ങൾ

ദാശി, മണ്ണാൻ, കുറവൻ, കുറത്തി, ചെറുമൻ, ചെറുമി, കവറ, കവറച്ചി, ചക്കിലിയൻ, ചക്കിലിച്ചി, പൂക്കാരി, മാതു, അച്ചി ഇവരൊക്കെയാണ് രംഗത്തു വരുന്ന പ്രധാന വേഷങ്ങൾ. കൂട്ടപ്പുറാട്ട്, ഒറ്റപ്പുറാട്ട് എന്നിങ്ങനെ പൊറാട്ടിനു വകഭേദമുണ്ട്.

പ്രത്യേകതകൾ

മണ്ണാൻ -മണ്ണാത്തി, ചെറുമൻ-ചെറുമി, കുറവൻ-കുറത്തി എന്നിങ്ങനെ അനേകം പൊറാട്ടുകൾ ഈ കലയിലൂടെ അവതരിപ്പിക്കുന്നു. ഓരോ സമുദായത്തിന്റെ ജീവിത രീതികൾ ഫലിത രൂപത്തിൽ അവതരിപ്പിക്കുന്ന ഇതിൽ പുരുഷന്മാർ തന്നെയാണ്‌ സ്ത്രീ വേഷവും കെട്ടുന്നത്. നർമ്മ സംഭാഷണം, ചടുലമായ നൃത്തം, ആസ്വാദ്യമായ പാട്ടുകൾ എന്നിവയാണ്‌ ഈ കലാരൂപത്തിന്റെ പ്രത്യേകതകൾ. കളിയാശാൻ, ചോദ്യക്കാരൻ എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളാണ്‌ ഈ കലയിലെ കഥ നിയന്ത്രിക്കുന്നത്. ചോദ്യക്കാരൻ വിദൂഷകന്റെ വേഷവും അഭിനയിക്കുന്നു.

അരങ്ങ്

കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലാണ്‌ സാധാരണ പൊറാട്ട് അവതരിപ്പിക്കുന്നത്. ഇതിലേക്കായി നാലു തൂണുകൾ നിർത്തി നടുവിൽ തിരശ്ശീലയിട്ടാണ്‌ അവതരിപ്പിക്കുന്നത്. വേഷങ്ങൾ അതതു സമുദായങ്ങളുടെ സാധാരണ വേഷം തന്നെയായിരിക്കും.

പ്രചാരം

പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ എന്നീ താലൂക്കുകളിലും തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ അപൂർവ്വം ചില പ്രദേശങ്ങളിലും മാത്രമേ പ്രചാരമുള്ളൂ.

പ്രശസ്ഥ കലാകാരന്മാർ

നല്ലേപ്പിള്ളി നാരായണൻ
നെൻമേനി കൃഷ്ണൻ
പൊൽപ്പള്ളിമായൻ
ചാമുക്കുട്ടിയാശാൻ
എത്താർമായൻ
പാലം തോണി വേലായുധൻ
ആയക്കാട് ചെല്ലൻ
മണ്ണൂർ ചാമിയാർ
തെങ്കുറുശ്ശി മുരുകച്ചൻ
സി.ശങ്കരൻ
മണ്ണൂർ ചന്ദ്രൻ
തത്തമംഗലം കലാധരൻ

Check Also

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ …

Leave a Reply

Your email address will not be published. Required fields are marked *