മൂന്നു വ്യവഹാരം:
മൂന്നു സംഭവം അടിസ്ഥാനമാക്കിയാണ് മൂന്നു പ്രധാന കേസ് നടന്നതു.
- ചേര്‍ത്തലയിലെ കമ്മ്യുണിസ്റ്റുകള്‍ നാലുകെട്ടുങ്കല്‍ രാമനെ കൊലപ്പെടുത്തി; വീടുകൾ ആക്രമിച്ചു. 1122 കന്നി 28നു ആയിരുന്നു അത്.
- പുന്നപ്ര കടപ്പുറത്ത് അരശര്‍ കടവില്‍ പൊള്ളയില്‍ കുടുംബാംഗവും കോസ്റ്റല്‍ വര്‍ക്കേഴ്സ് യൂണിയൻ നേതാവുമായ ഹിപ്പോലിറ്റസ് എന്ന ഇപ്പോലിത്തിന്റെ വീടും ചാപ്രകളും ആക്രമിച്ചു കത്തിച്ചു. 1122 കന്നി 31 നായിരുന്നു അത്.
- തിരുവിതാംകൂര്‍ സര്‍ക്കാര്‍ ലഹള അമര്‍ത്താനായി അരശര്‍ കടവില്‍ 1122 കന്നി 31 വെെകിട്ടു മുതൽ അപ്ളോണ്‍ അരോജിന്റെ കെട്ടിടത്തില്‍ സ്ഥാപിച്ച സായുധ റിസർവ് പോലിസിന്റെ സ്പെഷ്യൽ ക്യാമ്പ് കലാപകാരികള്‍ ആക്രമിച്ചു. 1122 തുലാം 7 ഉച്ച കഴിഞ്ഞു മൂന്നര മണിക്കായിരുന്നു സംഭവം.
ഈ മൂന്നു കേസിലെ സര്‍ക്കാര്‍ രേഖകൾ രാഷ്ട്രീയസായുധസമരത്തെ സൂചിപ്പിക്കുന്നു. 1122 തുലാം 7 മുതൽ 11 വരെയായിരുന്നു പുന്നപ്ര വയലാർ കലാപം. കലാപത്തിന്റെ ചരിത്രം കുറിക്കുകയല്ല, അതു സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നുന്നോ എന്നു പരിശോധിക്കുകയാണ് ഈ പരമ്പരയില്‍. അതിനു വേണ്ടി മുഖ്യമായി കോടതി രേഖകൾ ഉപയോഗിച്ചു.
രാമൻ കൊലക്കേസ്
തൊഴിലാളിയും ദാരിദ്രനുമായ നാലുകെട്ടുങ്കല്‍ രാമനെ കമ്മ്യൂണിസ്റ്റുകാര്‍ വീടു കയറി ആക്രമിച്ച് വധിച്ചതാണ് വിപ്ലവത്തിന്റെ ആരംഭം കുറിച്ച സംഭവം. സി.കെ. കുമാരപ്പണിക്കര്‍ ആയിരുന്നു ആക്രമണം സംഘടിപ്പിച്ച നേതാവ്. അദ്ദേഹം ജന്മി കുടുംബാംഗവും തൊഴിലാളി നേതാവുമായിരുന്നു. ഈ സംഭവം സംബന്ധിച്ച് ചേര്‍ത്തല പോലിസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ കോശി തയ്യാറാക്കിയ പ്രഥമ വിവര രേഖയില്‍ 19 പ്രതികള്‍ ഉണ്ട്. സി. കെ. കുമാരപ്പണിക്കര്‍ ഒന്നാം പ്രതിയും സി.കെ. ഭാസ്കരന്‍ രണ്ടാം പ്രതിയും. മഹാരാജാവ് തിരുമനസ്സിലെ നേര്‍ക്ക് സമരം ചെയ്യുന്നതിനു മറ്റു പ്രതികള്‍ക്കു പ്രേരണ നല്കി എന്ന് ഈ രേഖയിലുണ്ട്. ഈ കേസ്സിന്റെ ചാര്‍ജ് ഷീററ് തയ്യാറാക്കിയതു 1124 മേടം 15 നാണ്. അതിലുള്ള വിവരങ്ങള്‍:
- മഹാരാജാവ് തിരുമനസ്സിനോടു പോരാടി, തിരുമനസ്സിനാല്‍ സ്ഥാപിതമായ സര്‍ക്കാരിനെ അടിച്ചുടയ്ക്കുക.
- സര്‍ക്കാരിനെയും, പോലിസ്, പട്ടാളം എന്നിവയെയും ആക്രമിക്കുക.
- പോലിസിന്റേയും പട്ടാളത്തിന്റേയും കെെവശമുള്ള ആയുധ സാമഗ്രികൾ കെെവശപ്പെടുത്തുക.
- വിപ്ലവപ്രവര്‍ത്തനത്തിനു വിപരീതമായി നില്ക്കുന്നവരുടെ ജീവഹാനി വരുത്തുക.
- കൂടുതൽ പട്ടാളവും പോലീസും എത്തുന്നതിനു വേണ്ടി അറിവ് കൊടുക്കാനുള്ള ടെലിഫോൺ-ടെലിഗ്രാഫ് ബന്ധങ്ങള്‍ തകര്‍ക്കുക.
- ഗതാഗത മാര്‍ഗ്ഗങ്ങള്‍ നശിപ്പിക്കുക.
- രാജവാഴ്ച അവസാനിപ്പിച്ച് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്ഥാപിക്കുക.
ഈ ലക്ഷ്യങ്ങളോടു കൂടി 1122 കന്നി 27 നു ആലപ്പുഴ വെച്ച് അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോണ്‍ഗ്രസ്സിന്റെ വിശേഷാൽ സമ്മേളനം കൂടി ആലോചിച്ച് തീരുമാനിച്ച് ടി.വി.തോമസ് കണ്‍വീനറായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു എന്ന് ചാര്‍ജ് ഷീററില്‍ രേഖപ്പെടുത്തി.
(തുടരും)