ആധുനിക യുഗത്തില്‍ ജീവിക്കുന്ന നമ്മളൊക്കെ ഒരു കണക്കിന് ഭാഗ്യവന്മാരാണ്. വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ – എന്തിനെക്കുറിച്ചും, ഏതു തരത്തിലുമുള്ള അറിവുകള്‍ കൈയ്യില്‍ കൊണ്ട് നടക്കുന്ന തലമുറയാണ് നമ്മുടേത്. ഇതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണെങ്കിലും ഈ സന്തോഷത്തിന്റെ കൂടെ നമുക്ക് വളരെ ഗൗരവമുള്ള, സ്ഥിര സ്വഭാവങ്ങളുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നു.
‘ടെക്സ്റ്റ് നെക്ക്’ – ഇതൊരു ആഗോളരോഗമായി വളര്‍ന്നു വലുതായിക്കഴിഞ്ഞിരിക്കുന്നു. നാം ദിവസേന ഉപയോഗിക്കുന്ന മറ്റേതൊരു മനുഷ്യാവയവത്തെ പോലെ മാറിക്കഴിഞ്ഞ ‘മൊബൈല്‍ഫോണ്‍’ ഉപയോഗം നമ്മുടെ ശരീര അവയവങ്ങളെ, പ്രത്യേകിച്ച്, കഴുത്തിനെ കാര്യമായിത്തന്നെ ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടു പിടിച്ചിരിക്കുന്നു. ഫ്ലോറിഡായിലെ ഒരു ഡോക്ടര്‍ ഡീന്‍ ഫിഷ്മാന്‍ ആണ് ഈ വളര്‍ന്നു വരുന്ന രോഗത്തെ കുറിച്ചും നമ്മുടെ ദൈനംദിന ജീവിതത്തെ ഈ അസുഖം ബാധിക്കുന്നതിനെക്കുറിച്ചും പഠനം നടത്തി കണ്ടുപിടിച്ചു വെളിച്ചത്തു കൊണ്ട് വന്നത്. ‘ടെക്സ്റ്റ്’ മെസ്സജുകള്‍ അയക്കുന്നതിനും മറ്റുമായി മൊബൈല്‍ഫോണിന്റെ ഉപയോഗം കൂടുതലാവുമോള്‍ ശരീരത്തിലെ കഴുത്തു ഭാഗത്തു അനുഭവപ്പെടുന്ന മര്‍ദ്ദവും തുടര്‍ന്നു തോന്നുന്ന മരവിപ്പും കഴുത്തിലെ മൃദുധമനികളെ മുറിപ്പെടുത്തുകയും പിന്നീട് വളര്‍ച്ച മുരടിച്ച അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്ന രോഗാവസ്ഥയെയാണ് ‘ടെക്സ്റ്റ് നെക്ക്’ കൊണ്ട് വിവക്ഷിക്കുന്നത്.
മൊബൈല്‍ യുഗം വളര്‍ന്നു വികസിക്കുന്നതിനോപ്പം നാം കൂടുതല്‍ കൂടുതല്‍ സമയം മൊബൈലിലൂടെയുള്ള ആശയവിനിമയങ്ങള്‍ക്കും മുതിരുന്നു. ഒരു മനുഷ്യന്റെ തലയ്ക്കു ഏകദേശം 12 പൗണ്ട് ഭാരം വരും. സെര്‍വിക്കല്‍ സ്പ്യ്നില്‍ തല ഉയരുകയും താഴുകയും ചെയ്യുമ്പോള്‍ 27 മുതല്‍ 60 പൗണ്ട് വരെ തലയുടെ തൂക്കം മാറിക്കൊണ്ടിരിക്കും. ഈ ഭാരം കുറെ കഴിയുമ്പോള്‍ കഴുത്തിനു താങ്ങാന്‍ ആവാതെ വരും. ന്യൂയോര്‍കിലെ സ്പയിന്‍ സര്‍ജന്‍, ഹാന്‍സ് രാജ് പറയുന്നത് ശ്രദ്ധിക്കൂ – ‘നിങ്ങള്‍ ചുറ്റുവട്ടത്ത് ഒന്ന് കണ്ണോടിച്ചു നോക്കൂ, ഒട്ടു മിക്കവരുടെയും തല എല്ലായ്പോഴും താഴ്ന്നിരിക്കുന്നു. കൈയ്യിലിരിക്കുന്ന മൊബൈലിനു മുമ്പില്‍ തല കുമ്പിട്ട് – ഒരു എട്ടു വയസ്സുകാരനെ കഴുത്തിനു ചുറ്റും വട്ടമിട്ടു ചുമക്കുന്ന ഒരാളുടെ ദുരിതമോന്നു ആലോചിച്ചു നൊക്കൂ – അതാണ് മിക്കവരുടെയും അവസ്ഥ. കഴുത്തിനു ഇത്രയും ഭാരം ചുമക്കാനുള്ള ത്രാണിയില്ല. കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞു പിരിമുറുക്കം കൂടുമ്പോള്‍ അവയില്‍ ചെറിയ തോതില്‍ മുറിവുകളും വീക്കവും ഉണ്ടാകുന്നു’.
ലോകത്തിലെ ആറു ബില്ലിയണില്‍ കൂടുതല്‍ വരുന്ന ജനങ്ങളില്‍ നാല് ബില്ലിയണില്‍ കൂടുതല്‍ ആള്‍ക്കാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഒരു ബില്ലിയണില്‍ കൂടുതല്‍ ‘ടെക്സ്റ്റ് മെസ്സജുകള്‍’ ഓരോ മാസം കൈകാര്യം ചെയ്യപ്പെടുന്നു. ഒരാള്‍ മൂന്നു മണിക്കൂറിനടുത്തു ശരാശരി സമയം മൊബൈല്‍ ഉപയോഗത്തിന് നീക്കിവെക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഈ ഉപയോഗരീതി വരും കാലങ്ങളില്‍ കൂടിക്കൊണ്ടു വരുന്നതിന്റെ സൂചനയാണ് ആരോഗ്യമേഖലയിലെ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.
ഇത്തരം തുടര്‍ച്ചയായുള്ള മൊബൈല്‍ ഉപയോഗം കൊണ്ട്
- സ്പയിനല്‍ ഞരമ്പുകള്‍ വളയുന്നു.
- സ്പയിനല്‍ വളര്‍ച്ച മുരടിക്കുന്നു.
- ഡിസ്ക് സങ്കോചിക്കുന്നു.
- മസിലുകള്‍ക്കും ഞരമ്പുകള്‍ക്കും ക്ഷതം സംഭവിക്കുന്നു.
- ശ്വാസകോശവലിപ്പം കുറഞ്ഞു ഇടുങ്ങിയതാവുന്നു.
58 ശതമാനം അമേരിക്കകാരിലും ഈ അസുഖം കണ്ടു തുടങ്ങിയിരിക്കുന്നു. ഇതിനുള്ള പ്രതിവിധി പ്രധാനമായും യോഗ ആസ്ഥാനമാക്കിയുള്ള വിവിധ വ്യായാമമുറകളാണ്.
- കൂടാതെ, തല താഴ്ത്താതെ താഴേക്കു നോക്കുക,
- തല ഇടതുവശത്തു നിന്നും വലതു വശത്തേക്കും തിരിച്ചും തിരിക്കുക,
- ഇടക്കൊക്കെ മൊബൈലില്‍ നിന്നും ശ്രദ്ധ മാറ്റി മറ്റു കാര്യങ്ങളില്‍ വ്യാപ്രതരാവുക,
തുടങ്ങി ചെറിയ തോതിലുള്ള ശൈലിമാറ്റങ്ങള്‍ കൊണ്ട് ‘ടെക്സ്റ്റ് നെക്കി’ല്‍ നിന്നും രക്ഷ നേടി ജീവിക്കാന്‍ സാധിക്കുന്നതാണ്.