ദീപാവലിയ്ക്കു പിറ്റേന്നാൾ, പുലർച്ചെയുണർന്നപ്പോൾ ആദ്യം വായിച്ച വാട്സ്ആപ്പ് സന്ദേശം ഭോപ്പാൽ ജയിലിൽ നിന്നും വിചാരണത്തടവുകാരായ 8 സിമി ‘ഭീകരർ‘ രക്ഷപ്പെട്ടു എന്ന വാർത്തയാണ്. ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷമാണവർ രക്ഷപ്പെട്ടതെന്നും അതിനാൽ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും ആ സന്ദേശത്തിലുണ്ടായിരുന്നു.
മറ്റൊരു സന്ദേശത്തിൽ അവരുടെ പേരുവിവരങ്ങളും ഛായാ ചിത്രങ്ങളുമുണ്ടായിരുന്നു.
പല ഗ്രൂപ്പുകളിൽ നിന്നും പല വ്യക്തികളിൽ നിന്നും സമാനമായ സന്ദേശങ്ങൾ പ്രവഹിയ്ക്കാൻ തുടങ്ങിയപ്പോൾ സത്യാവസ്ഥയെന്തെന്നറിയാൻ ടെലിവിഷൻ തുറന്നു നോക്കി. അതെ, ഈ ജയിൽ ചാട്ടം തന്നെയാണ് എല്ലാ ചാനലുകളിലേയും ‘ബ്രെയ്ക്കിങ് ന്യുസ്’. വിചാരണത്തടവുകാരായ എട്ട് സിമി പ്രവർത്തകർ ജയിൽ കാവൽക്കാരനെ വധിച്ച് ജയിലിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നു. പോലീസ് അവരുടെ നീക്കങ്ങൾ മനസിലാക്കിക്കഴിഞ്ഞെന്നും എല്ലാവരും താമസിയാതെ പിടിക്കപ്പെടുന്നുമുള്ള വാർത്തകളുമുണ്ടായിരുന്നു. എന്നാൽ ഭീകരർ എന്ന പദം എവിടെയും പ്രയോഗിച്ചു കണ്ടില്ല.
ടെലിവിഷൻ ഓഫ് ചെയ്ത് മറ്റു ദിനചര്യകളിൽ മുഴുകി.
പിന്നീടെപ്പോഴോ വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ എല്ലാ ‘ഭീകരരും’ കൊല്ലപ്പെട്ടുവെന്ന സന്ദേശങ്ങളാണ് പല ഗ്രൂപ്പുകളിലും വന്നു കൊണ്ടിരുന്നത്. പുണ്യദിനത്തിൽ ‘പുണ്യകർമ്മം’ ചെയ്ത പൊലീസുകാരെ അഭിനന്ദിച്ചുകൊണ്ടും, നന്ദി പ്രകടിപ്പിച്ചുകൊണ്ടുമുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു പിന്നീട്. ‘ജയ് ഹിന്ദ്/ ജയ് ഭാരത്/ ഭാരത് മാതാ കീ ജയ്’; ഇവയൊക്കെയായിരുന്നു എല്ലാ സന്ദേശങ്ങളിലേയും അവസാന വാചകങ്ങൾ.
ഏതായാലും ഇനി ടെലിവിഷൻ തുറന്നു നോക്കേണ്ടെന്നു തീരുമാനിച്ചു.
എല്ലാം മംഗളം. ശുഭം.
പക്ഷെ ഈയൊരു മഹാ സംഭവം ഇങ്ങിനെയങ്ങു പറഞ്ഞവസാനിപ്പിച്ചാൽ പോരല്ലോ എന്ന് ചിലർക്കെങ്കിലും തോന്നിക്കാണണം. അതിനാൽ പോലീസുകാരുടെ ധീരകൃത്യങ്ങൾ മാലോകരെ അറിയിക്കേണ്ടത് തങ്ങളുടെ കടമയാണെന്നു വിശ്വസിച്ച ചിലർ, ചില തദ്ദേശവാസികൾ തങ്ങളുടെ മൊബൈൽ ക്യാമറകളിലൂടെ പകർത്തിയ ഏറ്റുമുട്ടലിന്റെ ചില വിഡിയോ ദൃശ്യങ്ങളുടെ നുറുങ്ങുകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങി. അതോടെ സംഗതിയാകെ തകിടം മറിഞ്ഞു. ഈ കുറ്റാരോപിതർ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതല്ലെന്നും ഇത് ഒരു Fake Encounter ആയിരുന്നു തുടങ്ങിയ ആരോപണങ്ങൾ പല കോണിൽ നിന്നും ഉയരാൻ തുടങ്ങി. ടെലിവിഷൻ ചാനലുകൾക്ക് വീണ്ടും ചാകര. എല്ലാ പ്രതിപക്ഷ കക്ഷികളുടേയും, സമഗ്രവും നീതിയുക്തവുമായ ഒരു അന്വേഷണത്തിനുള്ള മുറവിളികൾ എല്ലാ ചാനലുകളിലും നിറഞ്ഞു. അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും ചാനൽ വാക്പോരുകളാൽ സ്വീകരണ മുറികൾ ശബ്ദമുഖരിതമായി. ഈ അപലപനങ്ങൾക്കിടയിലും കൊല്ലപ്പെട്ട പോലീസുകാരനോടുള്ള അനുഭാവം രേഖപ്പെടുത്താനും സന്തപ്ത കുടുംബത്തിന്റെ ദുഃഖം പങ്കുവയ്ക്കാനും എല്ലാവരും ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രതികരണം പ്രധാന പ്രതിപക്ഷകക്ഷിയുടെ ഒരു ഉന്നതനായ നേതാവിന്റെ, അതും സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയുടേതായിരുന്നു. ഇത്തരം Extra Judicial Killings അനുവദനീയമല്ലെന്നും, ഇതിനെതിരെ എല്ലാ മതേതര കക്ഷികളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, കൂടാതെ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും.
ഓർമ്മകൾ പത്തിരുപത്തഞ്ചു കൊല്ലം പിന്നോട്ട് പോയി. ഒരു സഹപ്രവർത്തകൻ പങ്കുവച്ച അനുഭവം.
ഒരു ദിവസം ഉച്ച തിരിഞ്ഞ നേരത്ത് വീട്ടിലേക്ക് ഉണ്ണാൻ വരുന്ന നേരത്ത് വഴിയിൽ പതിവില്ലാതെ ഒരാൾക്കൂട്ടം കണ്ട് അയാൾ തന്റെ സ്കൂട്ടർ നിർത്തി. ഒരു ഇടുങ്ങിയ ഇടവഴിയിലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കാര്യമെന്താണെന്നറിയാനുള്ള ആകാംക്ഷയോടെ അയാളും എതിർവശത്തുള്ള ഒരു കടത്തിണ്ണയിൽ കയറി നിന്നു. അടുത്തു നിന്നിരുന്ന ഒരാളോട് കാര്യം തിരക്കിയപ്പോൾ അദ്ദേഹം ആ ഇടവഴിക്കടുത്തതായി നിറുത്തിയിട്ടിരിക്കുന്ന പോലീസ് വാനുകൾക്കു നേരെ കൈ ചുണ്ടി. ആയുധ ധാരികളായ ചില പോലീസുകാരെയും കണ്ടു. കൂടി നിൽക്കുന്ന ആർക്കും ഒന്നും വ്യക്തമായി പിടികിട്ടിയിട്ടില്ലെന്ന് തോന്നി.
കഥയറിയാതെ ആട്ടം കാണുന്നുവരുടെ കൂട്ടത്തിൽ അയാളും നിന്നു.
ഇടവഴിയിലൂടെ നടന്നുവന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ എല്ലാ വീട്ടുകാരോടും വാതിലുകളും ജനലുകളും അടച്ച് അകത്തിരിക്കുവാൻ ആജ്ഞാപിക്കുന്നു. പ്രധാന തെരുവിൽ വന്ന് അടുത്തുള്ള കടകളും അദ്ദേഹം അടപ്പിച്ചു. ഇടവഴിയ്ക്കു മുന്നിൽ കുടിനിന്നിരുന്ന ആളുകളോടും മാറിപ്പോകാൻ അദ്ദേഹം ആജ്ഞാപിച്ചു. പിന്നാലെ വന്ന പോലീസുകാർ ആ ഉത്തരവ് നടപ്പായില്ലേ എന്നും പരിശോധിക്കുന്നു. ഇടയ്ക്കിടെ തന്റെ കയ്യിലുള്ള വയർലെസ്സ് സെറ്റിലുടെ ആ പോലീസുദ്യോഗസ്ഥൻ സന്ദേശങ്ങൾ കൈമാറുന്നുണ്ടായിരുന്നു.
പെട്ടെന്നു രണ്ട് മൂന്ന് വെടിയൊച്ചകൾ കേട്ടു; കുട്ടത്തിൽ ഒരു നിലവിളിയും.
വെടിയൊച്ച കേട്ടതോടെ തെരുവിൽ നിന്നിരുന്ന ആൾക്കൂട്ടം പുറകിലേക്ക് നീങ്ങി. ആ തക്കം നോക്കി ഒരു പോലീസ് വാൻ പുറകോട്ടെടുക്കാൻ ആ പോലീസുദ്യോഗസ്ഥൻ ആജ്ഞാപിച്ചു. ഇടുങ്ങിയ ഇടവഴിയിലേയ്ക്ക് പരമാവധി ഇറക്കി നിർത്തി പിൻവാതിലുകൾ തുറന്നു. പോലീസുകാർ ആ വാഹനത്തിനു ചുറ്റുമായി ഒരു വലയം തീർത്തു നിന്നു.
ഇടവഴിയിലൂടെ നാലഞ്ചാളുകൾ ഒരു തുണിയിൽ പൊതിഞ്ഞതെന്തോ തൂക്കിക്കൊണ്ടുവന്ന് പോലിസുവാനിൽ കയറ്റി. മഫ്തി പോലീസുകാരായിരിക്കണം. വാതിലടച്ചുപൂട്ടി ആ പോലീസ്‌വാൻ നഗര പ്രാന്തത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു അതിവേഗം കാഴ്ചയിൽ നിന്നും മറഞ്ഞു.
പോലീസുകാർ എല്ലാവരോടും പിരിഞ്ഞുപോകാനാജ്ഞാപിച്ചു. എല്ലാവരും വേഗം സ്ഥലം വിട്ടു. കൂട്ടത്തിൽ അദ്ദേഹവും ഉച്ചഭക്ഷണം വേണ്ടെന്നു വച്ചു ജോലിസ്ഥലത്തേക്ക് തന്നെ മടങ്ങി.
ഓഫീസിൽ വന്ന് സഹപ്രവർത്തകരായ ഞങ്ങളോട് ഈ കഥ പറഞ്ഞു. കേട്ടപ്പോൾ തന്നെ ആകപ്പാടെ ഒരസ്വസ്ഥത അനുഭവപ്പെട്ടു .
സ്വകാര്യ ചാനലുകൾ അത്രയ്ക്കൊന്നും പ്രചാരത്തിൽ വന്നിട്ടില്ലാത്ത കാലം. സായാഹ്ന പത്രങ്ങൾ തന്നെ ശരണം. വരുത്തി നോക്കി. ഒരു വാർത്തയുമില്ല.
രാത്രിയിലെ ദൂരദർശൻ/ആകാശവാണി വാർത്തകളിലൊന്നും ഈ സംഭവത്തെക്കുറിച്ച യാതൊരു പരാമർശവുമുണ്ടായിരുന്നില്ല.
പിറ്റേന്നത്തെ പത്രങ്ങളിലെ ഒരു പ്രമുഖ വാർത്ത ഏതാണ്ടിപ്രകാരമായിരുന്നു: ‘ഒളിവിൽ കഴിഞ്ഞിരുന്ന ഒരു ഖാലിസ്ഥാൻ തീവ്രവാദിയേ പോലീസ് പിടികൂടി. ചോദ്യം ചെയ്യാനായി കൊണ്ടുപോകും വഴി നഗരാതിർത്തിയിൽ വച്ച് മൂത്ര വിസർജനാവശ്യത്തിനായി പുറത്തിറക്കിയ ഇയാൾ കൂടെയുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടുവാൻ ശ്രമിയ്ക്കുന്നതിനിടെ പോലീസുകാരുടെ വെടിയേറ്റു കൊല്ലപ്പെട്ടു’. തീവ്രവാദിയുടെ മൃതശരീരത്തിന്റെ ഫോട്ടോ കൊടുത്തിട്ടുണ്ടായിരുന്നു. സാഹസികരായ പോലീസുകാരുടെയും.
മൊബൈലും, ഫേസ്ബുക്കും വാട്സ് ആപ്പും ഒന്നും ഇല്ലാതിരുന്ന കാലമായതിനാൽ, എല്ലാം മംഗളം. ശുഭം.
ഇപ്പോൾ ഭോപ്പാൽ സംഭവത്തെ അപലപിച്ചു ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ കക്ഷിയുടെ ഉന്നതനായ ആ നേതാവായിരുന്നു അന്നത്തെ മുഖ്യമന്ത്രി !!!
വാൽക്കഷ്ണം:
കുറെ വർഷങ്ങൾക്കു ശേഷം കുടുംബ സുഹൃത്തായ ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനുമായി സുഹൃത്ത് പറഞ്ഞ ഈ സംഭവം പങ്കുവയ്ക്കുകയുണ്ടായി. ചില പിന്നാമ്പുറക്കഥകൾ അദ്ദേഹവും പങ്കു വച്ചു.
ഖാലിസ്ഥാൻ വാദവുമായി ബന്ധമുള്ള ഒരു തീവ്രവാദി സംഘടനയിലെ അംഗമായിരുന്നു അയാൾ. പല കേസുകളിൽ പ്രതി. പഞ്ചാബ് പോലീസിന്റെ രേഖകൾ പ്രകാരം പിന്നീട് നടന്ന ഒരു ഏറ്റുമുട്ടലിൽ ഈ കുറ്റവാളി കൊല്ലപ്പെട്ടു എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
പക്ഷെ പഞ്ചാബിൽ നിന്നും എങ്ങിനെയോ രക്ഷപെട്ട അയാൾ പേരും രൂപ ഭാവങ്ങളുമെല്ലാം മാറ്റി ഒരു ട്രക്ക് ഡ്രൈവറായി ജീവിയ്ക്കുകയായിരുന്നു. ഒരു യാത്രയ്ക്കിടയിൽ ഒരു വഴിയോര ഹോട്ടലിൽ മദ്യലഹരിയിൽ നടന്ന ഒരു വാക്കേറ്റത്തിനിടയിൽ തന്റെ മുൻകാല വീരകൃത്യങ്ങൾ വിളമ്പിയതായാണ് അയാൾക്ക് വിനയായതത്രെ.
പൊലീസുകാരെ കൊന്ന് തടവു ചാടിയ ഒരു കേസും അയാൾക്കെതിരെ നിലവിൽ ഉണ്ടായിരുന്നു.
ഭോപ്പാലിൽ കൊല്ലപ്പെട്ട സിമി പ്രവർത്തകരായ വിചാരണത്തടവുകാരും ഒരു പോലീസുകാരനെ കൊലപ്പെടുത്തിയിട്ടാണ് ജയിൽ ചാടിയത് എന്നാണ് റിപ്പോർട്ട്.
കൊത്തിക്കൊത്തി മുറത്തിൽക്കേറി കൊത്തിയാൽ….