തിരുവാതിരകൾ ഒരു ക്ലാസ്സിക് സ്വപ്നം പോലെ മഞ്ഞുമൂടിക്കിടക്കുകയാണ് ഓർമകളിലെവിടെയോ. വിപ്ലവം തലയ്ക്കു പിടിച്ചപ്പോഴാണെന്നു തോന്നുന്നു ചരിത്രത്തിന്റെ ഏടുകളിൽ തിരുവാതിരയ്ക്ക് ഒരു സവർണ സ്വഭാവമുണ്ടോ എന്ന് ‘വർണ്യത്തിലാശങ്ക’ വന്നത്. പിന്നെ വിപ്ലവവും, ജീവിതവും, ആശയവും, ആശങ്കയും കൂടിക്കുഴഞ്ഞ് തിരുവാതിരത്തണുപ്പുകളെ കട്ടെടുത്തു.
ഇന്ന് ആശുപത്രി ജനാലയിലൂടെ കനത്ത മഞ്ഞു പുതച്ച പ്രഭാതം നോക്കിക്കിടക്കേ തിരുവാതിരക്കാലങ്ങൾ ചലച്ചിത്രങ്ങളിലെവിടെയോ കണ്ട ഓർമ തെളിഞ്ഞു. ഉച്ചയൂണു നേരം പ്രമേഹ ഭക്ഷണത്തിനു മുന്നിലെ ഞെരിഞ്ഞു പിരിയലിനിടയിൽ ഡോക്ടറുടെ(Dr. Ajaiya Kumar S K) ഫോൺ വിളി: “ടീച്ചർ ഊണു കഴിച്ചോ? തിരുവാതിരപ്പുഴുക്ക് റൂമിലേക്ക് കൊടുത്തു വിടാം. എട്ടങ്ങാടിയാണേ.”
ആഹാ, ചരിത്രത്തിലുറങ്ങുന്ന അമ്മരുചികളുടെ തനിമ. എന്താ രുചി! പ്രമേഹത്തെ ധൈര്യത്തോടെ പടിയിറക്കി. ഡോക്ടറാണല്ലോ, ജാമ്യക്കാരൻ!
പിന്നെ ഒരു ഗവേഷണവും നടത്തി. തിരുവാതിരപ്പുഴുക്കും, എട്ടങ്ങാടിയും – വ്യത്യാസം കണ്ടെത്തി. “എല്ലാത്തിനും കാരണമായ തിരുവാതിരപ്പുഴുക്കേ, അതെത്തിച്ചു തന്ന ഡോക്ടറുടെ നന്മ മനസ്സേ, സ്വസ്തി….”
തിരുവാതിരപ്പുഴുക്ക്
ചേന: 250 ഗ്രാം
കാച്ചില്‍: 250 ഗ്രാം
ചേമ്പ്: 100 ഗ്രാം
ഏത്തക്കാ: 2 എണ്ണം
മരച്ചീനി: 250 ഗ്രാം
കൂര്‍ക്ക(ചീവക്കിഴങ്ങ്): 100 ഗ്രാം
വന്‍പയര്‍: 250 ഗ്രാം
തേങ്ങ: 1 കപ്പ് തിരുകിയത്
വറ്റല്‍ മുളക്: 10 എണ്ണം
ജീരകം: 1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു നുള്ള്
കറിവേപ്പില: ഒരു കൊത്ത്
വെളിച്ചെണ്ണ: 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചേന, പയര്‍, ഏത്തയ്ക്കാ, ചീവക്കിഴങ്ങ് ഇവ നാലും ഒന്നിച്ച് മഞ്ഞള്‍പ്പൊടി ഇട്ട് വേവിക്കുക. വെള്ളം ഊറ്റിക്കളയണ്ട. കാച്ചില്‍, ചേമ്പ്, മരച്ചീനി എന്നിവ മൂന്നും ഒന്നിച്ച് മഞ്ഞള്‍പ്പൊടി ഇട്ട് വേവിച്ച്, വെള്ളം ഊറ്റി കളയുക.

വേവിച്ച കിഴങ്ങുകളും ഉപ്പും ചേര്‍ത്ത് ഇളക്കുക. തേങ്ങ, മുളക്, ജീരകം എന്നിവ ചതച്ചത് കിഴങ്ങുകളോട് ചേര്‍ക്കുക. ഈ കൂട്ട്, അടുപ്പത്ത് വച്ച്, കറിവേപ്പിലയും വെളിച്ചണ്ണയും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങുക. തിരുവാതിരപ്പുഴുക്ക് തയ്യാര്‍.
എട്ടങ്ങാടി:
കാച്ചില്‍, ചേമ്പ്, ചേന, ഏത്തക്കായ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, കൂര്‍ക്ക, നനകിഴങ്ങ് ഇവയാണ് എട്ടങ്ങാടിക്കായി ചുട്ടെടുക്കുന്നത്. എള്ള് വറുത്തത്, പയര്‍ വറുത്ത് പൊടിച്ചത്, തേങ്ങ അരിഞ്ഞ് വറുത്തതും ചേര്‍ക്കും.
ഉണ്ടാക്കുന്ന വിധം: കിഴങ്ങുകളെല്ലാം ചുട്ടെടുക്കുകയോ വേവിച്ചെടുക്കുകയോ ചെയ്യാം. ഇതിലേക്ക് ശര്‍ക്കര പാവുകാച്ചി അതില്‍ വേവിച്ച കിഴങ്ങുകളും ചെറുപയര്‍-വന്‍പയര്‍ ഇവ വറുത്ത് പൊടിച്ചതും തേങ്ങ അരിഞ്ഞ് വറുത്തെടുത്തതും

എള്ള് വറുത്തതും കൂട്ടിച്ചേര്‍ത്തതിലേക്ക് -നെയ്യ്, തേന്‍, പാല്‍ ഇവ ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി. ചില സ്ഥലങ്ങളില്‍ നാളികേരം ചിരവിയിട്ട് ചേര്‍ക്കും.