പുതിയ ഭൂമികളുടെ രണ്ടു പതിറ്റാണ്ട്

astrobio_award

ശാസ്ത്ര ചരിത്രം എപ്പോഴും അങ്ങനെയാണ്. അദ്ഭുതകരവും അവിശ്വസനീയവുമായ അറിവുകള്‍ ഉല്‍പാദിപ്പിച്ചുകൊണ്ട് അത് നമ്മെ മറ്റൊരു കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. പിന്നെ അവിടെ പുതിയ ശാസ്ത്രശാഖകള്‍ പിറക്കുകയായി. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് വിഖ്യാത ശാസ്ത്രകാരനായ എഡ്വിന്‍ ഹബ്ബ്ലൾ നിരീക്ഷിച്ചതിനുശേഷമാണ് ‘കോസ്മോളജി’ എന്ന ജ്യോതിശ്ശാസ്ത്ര ശാഖക്ക് ഇത്രയും വേഗമേറിയത്. ഹബ്ബൾ അവിടെ പുതിയൊരു അറിവ് മുന്നോട്ടുവെക്കുകയായിരുന്നു. ആധുനിക ജ്യോതിശ്ശാസ്ത്രത്തെ രൂപപ്പെടുത്തിയതില്‍ ഈ നിരീക്ഷണത്തിനുള്ള പങ്ക് വിവരിക്കാവുന്നതിലും അപ്പുറമാണ്. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തവും ജീനോം മാപ്പിങ്ങുമെല്ലാം മൂന്നു പതിറ്റാണ്ടിനിടെ ശാസ്ത്ര-സാങ്കേതിക മേഖലയെ ഇത്തരത്തില്‍ ഇളക്കിമറിച്ച ‘അറിവു’കളായിരുന്നു. സാങ്കേതിക രംഗത്തുണ്ടായ വിസ്മയകരമായ മുന്നേറ്റം ഈ അറിവ് ഉല്‍പാദനത്തിന്റെ വേഗം പതിന്മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്.

foto-kenali-lebih-jauh-exoplanet-51-pegasus-b
51- Pegasi B

പുതിയ നൂറ്റാണ്ട് നമ്മെ കൂട്ടിക്കൊണ്ടുപോയത് തികച്ചും പുതിയൊരു ലോകത്തിലേക്കാണ്. പ്രപഞ്ചത്തില്‍, സൗരയൂഥത്തിനും അപ്പുറമുള്ള ഗ്രഹങ്ങളുടെ വിശാലമായ ലോകമാണത്. നമ്മുടെ പ്രപഞ്ചത്തില്‍ കോടിക്കണക്കിന് ഭൗമേതര ഗ്രഹങ്ങളുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതില്‍ ആദ്യ ഗ്രഹത്തെ (51 പെഗാസി ബി) നാം തിരിച്ചറിഞ്ഞിട്ട് ഈ മാസത്തോടെ 20 വര്‍ഷം പിന്നിട്ടിരിക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ, മുന്‍വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ഭൗമേതര ഗ്രഹങ്ങളെയാണ് ഗവേഷകര്‍ കണ്ടത്തെിയത്. അതില്‍ ഭൂമിയുമായി സമാനതകളുള്ളവയുമുണ്ട്. അവിടെ ജീവന്റെ സാധ്യതകള്‍ സംബന്ധിച്ചുള്ള അന്വേഷണവും സമാന്തരമായി നടന്നുവരുന്നു. സാധാരണ ജ്യോതിശ്ശാസ്ത്രജ്ഞര്‍ തൊട്ട് ജ്യോതിര്‍ ജീവശാസ്ത്രജ്ഞര്‍ (ആസ്ട്രോബയോളജിസ്റ്റ്), ജ്യോതിര്‍ ഭൗതികജ്ഞര്‍ (ആസ്ട്രോഫിസിസ്റ്റ്), കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തുടങ്ങി വിവിധ മേഖലകളിലെ ഗവേഷകര്‍ ഈ പുത്തന്‍ ശാസ്ത്രശാഖയെ സജീവമാക്കിക്കൊണ്ടിരിക്കുകയാണ്.

സൗരയൂഥത്തിനു പുറത്തെ ഗ്രഹങ്ങളെ തേടിയുള്ള ഈ യാത്രയുടെ ആത്യന്തിക ലക്ഷ്യം എന്താണ്? സംശയമെന്ത്, ഭൂമിക്കുപുറത്തുള്ള ജീവനെ അടുത്തറിയുകതന്നെ. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ, മനുഷ്യന്‍ അന്യഗ്രഹ ജീവികളെക്കുറിച്ച് സംസാരിക്കുകയും എഴുതുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഏറ്റവും ജനപ്രിയമായ ശാസ്ത്രകഥകളില്‍ ഭൂരിഭാഗവും അതിനാഗരികരായ അന്യഗ്രഹ മനുഷ്യനെക്കുറിച്ചാണ്. ഇപ്പോള്‍, അന്യഗ്രഹ ജീവികള്‍ നിലനില്‍ക്കാനാകുമെന്നതിന്റെ സാധ്യതകളെ ശരിവെക്കുന്ന സിദ്ധാന്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഭൂമിക്കുപുറത്തെ ജീവനെ തേടിയുള്ള യാത്രയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കെപ്ലര്‍ പോലുള്ള കൃത്രിമോപഗ്രഹങ്ങള്‍ ഭൗമേതര ഗ്രഹങ്ങളെ തേടിയുള്ള യാത്ര തുടരുകയാണ്.

നിരവധി ഗ്രഹങ്ങളുടെ ഭാരവും ഭ്രമണപഥവും ഏറക്കുറെ കൃത്യമായി മനസ്സിലാക്കാന്‍ ഇക്കാലയളവിനുള്ളില്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടുണ്ട്. ഭൗമസമാനമായ ഗ്രഹങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ചില ഗ്രഹങ്ങളുടെ സ്ഥാനമാകട്ടെ, ഹാബിറ്റബൾ സോണിലാണെന്ന് (ഒരു നക്ഷത്രയൂഥത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള മേഖല; സൗരയൂഥത്തിന്റെ കാര്യത്തില്‍ അത് ഭൂമിക്കും ചൊവ്വക്കും ഇടയിലാണ്) തെളിഞ്ഞിട്ടുണ്ട്. മറ്റുചില ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലാകട്ടെ, കാര്‍ബണ്‍ ഡയോക്സൈഡ്, മീഥേന്‍, ഓക്സിജന്‍, ജലം തുടങ്ങിയവയുടെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹങ്ങളിലെ ജീവസാന്നിധ്യം മനസ്സിലാക്കാനുള്ള ഏകകങ്ങള്‍കൂടിയാണിത്.

Sarah Seager
Sarah Seager

മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്ലാനറ്ററി സയന്‍സ് പ്രഫസര്‍ സാറാ സീഗറുടെ പ്രഭാഷണം ഞാന്‍ അടുത്തിടെ കേള്‍ക്കുകയുണ്ടായി. ഗ്രഹപഠന വിജ്ഞാനീയത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രതിഭയാണവര്‍. ഭൗമേതര ഗ്രഹങ്ങളെ കണ്ടത്തെുന്നതിലല്ല, അവരുടെ ശ്രദ്ധ; മറിച്ച്, അവയെ മേല്‍പറഞ്ഞവിധം വര്‍ഗീകരിക്കുന്നതിലാണ്. ഇതിനകം കണ്ടത്തെിയ ഗ്രഹങ്ങളില്‍തന്നെ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളവ ഉണ്ടാകുമെന്നാണ് അവരുടെ പക്ഷം. അതുകൊണ്ടുതന്നെ, അവയെ കൂടുതല്‍ കൃത്യതയോടെ വര്‍ഗീകരിച്ചാല്‍ ഏറ്റവും എളുപ്പത്തില്‍ നമുക്ക് അന്യഗ്രഹജീവികളുടെ അടുത്തത്തൊമെന്നാണ് അവരുടെ പക്ഷം. അടുത്ത പത്ത് വര്‍ഷത്തിനകം ആ ലക്ഷ്യം കൈവരിക്കുമെന്നുതന്നെയാണ് അവരുടെ വിശ്വാസം. ‘എക്സോപ്ളാനറ്റ് അറ്റ്മോസ്ഫിയര്‍: എ ന്യൂ എറ ഇന്‍ പ്ളാനറ്ററി സയന്‍സ് ഈസ് അപോണ്‍ അസ്’ എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യങ്ങളെല്ലാം അവര്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പ്രപഞ്ചത്തെ അതിന്റെ ശാലതയോളംതന്നെ മനുഷ്യര്‍ മനസ്സിലാക്കുന്ന പുതിയ ഒരു യുഗമാണ് അവര്‍ അതിലൂടെ പങ്കുവെക്കുന്നത്.

17ാം നൂറ്റാണ്ടിലേക്ക് ഒരുനിമിഷം വെറുതെയൊന്ന് തിരിഞ്ഞുനോക്കുക. മൈക്രോസ്കോപ്പിന്റെ കണ്ടുപിടിത്തത്തോടെ, അക്കാലംവരെ അജ്ഞാതമായിരുന്ന ഒരു ലോകമാണ് അന്ന് നമുക്ക് ലഭിച്ചത്. ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു അന്ന്. പുതിയ കാലത്തേക്കത്തൊന്‍ ഒട്ടേറെ കണ്ടുപിടിത്തങ്ങളും അന്ന് നടത്തേണ്ടതുണ്ടായിരുന്നു. അതിലുംവലിയ വെല്ലുവിളികള്‍തന്നെയാണ് ഇപ്പോള്‍ ‘എക്സോപ്ലാനറ്റു’കളുടെ കാര്യത്തിലുമുള്ളത്. കാരണം, ഈ ഗ്രഹങ്ങളുടെ വര്‍ഗീകരണം അത്ര എളുപ്പമല്ല. സാങ്കേതികത്തികവുകൊണ്ട് ഈ വെല്ലുവിളിയെ അത്രപെട്ടെന്ന് അതിജയിക്കാനാകണമെന്നുമില്ല. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തൊട്ട് മൈക്രോബയോളജിസ്റ്റുകള്‍ വരെയുള്ള വലിയൊരു വിഭാഗം ഗവേഷകരുടെ കൂട്ടായ്മയിലൂടെ മാത്രമേ ചെറിയൊരു വര്‍ഗീകരണം പോലും സാധ്യമാവുകയുള്ളൂ. ഒരുപക്ഷേ, മനുഷ്യ ജീനോം മാപ്പിങ് പോലും ഇതിലും എളുപ്പമായേക്കും.

ഈ യാഥാര്‍ഥ്യം മനസ്സിലാക്കി, നാസ ഇപ്പോള്‍ പുതിയ ഒരു പദ്ധതിക്കുകൂടി തുടക്കമിട്ടിരിക്കുകയാണ്. പുതിയ ഗ്രഹങ്ങളെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം അവയെ വര്‍ഗീകരിക്കുന്നതിനും അവയില്‍ ജീവന്റെ സാന്നിധ്യം അന്വേഷിക്കുന്നതിനുമായി വിവിധ മേഖലയിലെ ഗവേഷകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ഈ പദ്ധതിയില്‍. നെക്സസ് ഫോര്‍ എക്സോപ്ലാനറ്റ് സിസ്റ്റം സയന്‍സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയില്‍ നാസയുടെതന്നെ ഗൊദ്ദാര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളും പങ്കാളികളാണ്. നിലവില്‍ 17 മേഖലകളിലുള്ള ഗവേഷകരാണ് ഇതില്‍ സഹകരിക്കുന്നത്. ‘പുതിയ ലോകങ്ങള്‍’ കണ്ടത്തെുകയാണ് ഈ സംഘത്തിന്റെ അത്യന്തിക ലക്ഷ്യം. ഗ്രഹത്തിന്‍െറ ഘടന, അന്തരീക്ഷം, സ്ഥാനം, ദ്രവ്യമാനം, ഭ്രമണം തുടങ്ങി തിരിച്ചറിയപ്പെടുന്ന ഗ്രഹങ്ങളുടെ ഓരോ ഗ്രഹങ്ങളുടെയും സവിശേഷതകള്‍ ആ മേഖലകളിലെ ആളുകള്‍തന്നെ വിശകലനംചെയ്യും. തുടര്‍ന്ന് കൂട്ടായ ഒരു നിഗമനത്തിലത്തെും. ഏതെങ്കിലും ഒരു സവിശേഷതയെ മുന്‍നിര്‍ത്തിയുള്ള നിഗമനങ്ങള്‍ ഇതോടെ ഇല്ലാതാകും. മറ്റൊരര്‍ഥത്തില്‍, ഭൗമേതര ലോകത്തെ ജീവന്‍ തേടിയുള്ള അന്വേഷണത്തിന് പുതിയൊരു രീതിശാസ്ത്രം നിലവില്‍വന്നിരിക്കുകയാണ്. ഈ ഉദ്യമം അതിന്‍െറ ശൈശവ ദശയിലാണ്. എങ്കിലും സാറാ സീഗര്‍ പ്രവചിച്ചതുപോലെ പത്ത് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയിലൂടെ നാം പുതിയ ഒരു ലോകത്തത്തെുമെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

(വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രത്തിന്‍െറ ശാസ്ത്രകാര്യ ലേഖകനാണ് മാര്‍ക് കൂഫ്മാന്‍)

സമ്പാദകൻ:- അഹ്‌ലുദേവ്

Check Also

മസ്തിഷ്കരോഗവും ആത്മീയാനുഭവവും

എന്താണ് ചുഴലിദീനം/അപസ്മാരം? കൃത്യമായ താളത്തിൽ ഇലക്ട്രോ-കെമിക്കൽ സിഗ്നലുകൾ കൊണ്ട് മറ്റ് ഭാഗങ്ങളും ആയി പരസ്പരവിനിമയം നടത്തി പ്രവർത്തിക്കുന്ന ഒരു സങ്കീർണമായ …

Leave a Reply

Your email address will not be published. Required fields are marked *