എന്റെ വീട്

IMG-20160313-WA0048ചിത്രത്തിലെ വീട് കണ്ടല്ലൊ? ഇതായിരുന്നു എന്റെ ബാല-കൗമാര-യൗവ്വന കാലത്തൊക്കെയും ഞങ്ങളുടെ വീട്. അതിന്റെ മുന്നിൽ ഒടിഞ്ഞു കുത്തി നിൽക്കുന്നത് ഈ ഞാൻ തന്നെ ! ഒരാണ്ടിൽ ഓല കിട്ടാത്തതിനാൽ സമയത്ത് മേയാൻ കഴിഞ്ഞില്ല. തുടർന്നു വന്ന ഒരു മഴയിൽ ഈ വീട് നനഞ്ഞ് കുതിർന്ന് നിലം പൊത്തി. ജീവിതത്തിലുടനീളം പല വീടുകളിൽ മാറിമറി താമസിച്ചിട്ടുണ്ടെങ്കിലും എന്നും സ്വന്തമായുണ്ടായിരുന്നത് ഈ വീട് മാത്രം! പൊതുജന സേവനം തലയ്ക്കു പിടിച്ച ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ “ചെറിയ കുടുംബം സന്തുഷ്ട കുടുംബം” അലോസരമില്ലാതെ കഴിഞ്ഞ ഒരു മൺകുടിൽ! ഉമ്മയുടെ കുടുംബ ഓഹരിയിലാണ് ഈ വീട് വച്ചത്.

ചെറുതെങ്കിലും സ്നേഹത്തിന്റെയും സൗഹൃദങ്ങളുടെയും വസന്തങ്ങൾ വിരിയിച്ച ഒരു വീടായിരുന്നു ഇത്. ചരിത്രമുറങ്ങുന്ന ഒരു മൺപുര. ജാതിമത-കക്ഷി രാഷ്ട്രീയ ഭേദമനമന്യേ എല്ലാവരുടെയും സ്നേഹക്കൂടായിരുന്നു ഈ ഭവനം. ഒരേ സമയം വീടായും തർക്ക പരിഹാര സ്ഥലമായും പാർട്ടി ഓഫീസായും കലാസാഹിത്യ വേദിയായും ഒക്കെ മാറിയിരുന്നു ഈ കുടിൽ. നാട്ടുകാരുടെ സ്നേഹാലയമായിരുന്ന വാപ്പ രണ്ടോ മൂന്നോ ദിവസം തട്ടത്തുമലയിൽ ഇറങ്ങിയില്ലെങ്കിൽ “തട്ടത്തുമല” മൊത്തമായും ചില്ലറയായും ഈ വീട്ടിലേയ്ക്ക് വന്നിരുന്നു. എത്രയോ കാലം ഞാൻ ഒറ്റയ്ക്കും ഈ വീട്ടിൽ താമസിച്ചിട്ടുണ്ട്.

എന്റെ ഒറ്റവാസ സമയങ്ങളിൽ സൗഹൃദങ്ങളുടെ കേന്ദ്രമായും ചില അല്ലറ ചില്ലറ രാഷ്ട്രീയ കേസുകളിൽ പല സഖാക്കളുടെയും ഒളിത്താവളമായും മാറിയിരുന്നു ഈ വീട്. തട്ടത്തുമലയിലെയും വട്ടപ്പാറയിലെയും നിലമേലിലെയും പാർട്ടി പ്രവർത്തകർക്ക് ഇത് വീടായിരുന്നില്ല, പാർട്ടി ഓഫീസായിരുന്നു. വീട് മാത്രമല്ല പറമ്പും അവർക്ക് സമ്മേളന സ്ഥലങ്ങളായിരുന്നു. തിരുവനന്തപുരം- കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമാണ് തട്ടത്തുമല. ഈ വീട് തട്ടത്തുമലയിൽ നിന്ന് രണ്ട് കിലോ മീറ്റർ മാറി വട്ടപ്പാറയിലായിരുന്നു. തട്ടത്തുമല തിരുവനന്തപുരം ജില്ലയിലും ഈ വീടിരിക്കുന്ന വട്ടപ്പാറ കൊല്ലം ജില്ലയിലുമാണ്. ചുറ്റും പാറക്കൂട്ടങ്ങൾ നിറഞ്ഞ മനോഹരമായ ഒരു സ്ഥലം. എത്രയോ ഓർമ്മകൾ മേയുന്ന സ്നേഹദേശം.

എന്റെ സ്കൂൾ ജീവിതകാലത്തും നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്തും തിരുവനന്തപുരം ഗവ.ആർട്ട്സ് കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്തും ഇത് തന്നെയായിരുന്നു വീട്. ഡിഗ്രിക്കാലത്തെന്നോ ആണ് ഈ വീട്ടിൽ വൈദ്യുതി കിട്ടിയത്. ഇപ്പോൾ ഈ വീടിനെക്കുറിച്ച് എഴുതാൻ പ്രത്യേകിച്ച് ഒരു കാരണം കൂടിയുണ്ട്. ചില അനുഭവങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ നമുക്ക് ഇങ്ങനെ പലതും എഴുതാൻ തോന്നുന്നത്. പുറംമോടികൾ കാണുമ്പോൾ ഒരാളുടെ ജീവിത പശ്ചാത്തലം നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. പലരും അതൊട്ട് പറയുകയുമില്ല.

ജീവിത വഴിയിൽ പരിചയപ്പെടുന്ന പല സുഹൃത്തുക്കളും സൗഹൃദം എത്രമേൽ വളർന്നാലും സ്വന്തം വീട്ടിൽ നമ്മളെ കൊണ്ടു പോകാൻ മടി കാണിയ്ക്കാറുണ്ട്. അവരുടെ വീട് അത്രമേൽ വലുതല്ലാത്തതാണു കാരണം. ഒരു തരം അപകർഷതാബോധം. അവർക്കായി ഞങ്ങൾക്കുണ്ടായിരുന്ന ഈ കൊച്ചു വീടിന്റെ ചിത്രവും ഈ കുറിപ്പും ഞാൻ സമർപ്പിക്കുന്നു. ഇപ്പോൾ ഞാൻ ഏകാന്തവാസം നടത്തുന്ന അഭയവീടും സ്വന്തമല്ലെങ്കിലും ചെറുതും പഴയതും തന്നെ. അതിൽ ഒരു നിരാശയുമില്ല. അപകർഷതയുമില്ല. എത്രയോ സുഹൃത്തുക്കൾ ഇവിടെ വരുന്നു; എത്രയോ സുഹൃത്തുക്കൾ ചവറു കൂന പോലെ കിടക്കുന്ന എന്റെ മുറിയിൽ മണുക്കൂറുകളോളം ചെലവഴിക്കുന്നു!

സുഹൃത്തേ, ചെറുതെങ്കിലും താങ്കളുടെ ആ വീട്ടിലേയ്ക്ക് ഇനിയെങ്കിലും ഞാൻ ഒന്നു വന്നുകൊള്ളട്ടെ!

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

4 comments

  1. ഇതിവിടെ ഇട്ടോ? സന്തോഷം.

  2. ഇതിവിടെ ഇട്ടോ? സന്തോഷം

  3. ഇതിവിടിട്ടോ? സന്തോഷം

  4. ഇതിവിടിട്ടോ? നന്നായി

Leave a Reply to ഇ.എ.സജിം Cancel reply

Your email address will not be published. Required fields are marked *