സ്ത്രീ സംവരണവും ശാക്തീകരണവും

Image of businesswoman in anger breaking metal chain

മനുഷ്യജാതിയിലെ ‘തുല്യത’ എന്ന നീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ സമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്ത്രീ പുരുഷ സമത്വം ജൈവപരമായ കാരണങ്ങളാൽ അസാദ്ധ്യമെന്നു കരുതുന്നവരും, അങ്ങനെയൊരു സമത്വത്തിന്റെ ആവശ്യമില്ലെന്നു വിശ്വസിക്കുന്നവരും, അസമത്വമേ ഇല്ല എന്ന് വാദിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ സ്ത്രീ പുരുഷ അസമത്വം ഇന്ന് നിലനിൽക്കുന്ന ഒരു സത്യമാണെന്നും, അത് തീർച്ചയായും അനീതി തന്നെയാണെന്നും മനസ്സിലാക്കുന്ന ഒരു സമൂഹവും, അതംഗീകരിക്കുന്ന ഭരണവ്യവസ്ഥയും ഉണ്ടെന്നുള്ളതുതന്നെ ആശ്വാസം. അതുകൊണ്ടാണല്ലോ വർഷാവർഷം സ്ത്രീയുടെ ഉന്നമനം, സ്ത്രീ ശാക്തീകരണം, സ്ത്രീപുരുഷസമത്വം എന്നെല്ലാമുള്ള ശീർഷകങ്ങളിൽ പുതിയ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും, നിയമം പരിഷ്കരിക്കാൻ ശ്രമിക്കുന്നതും. സ്ത്രീയെ ശാക്തീകരിക്കാനുള്ള ഒരു പ്രായോഗിക നടപടിയായി സ്ത്രീ സംവരണത്തെ പലയിടത്തും അവതരിപ്പിച്ചു കാണുന്നുണ്ട്. സ്ത്രീക്ക് സംവരണം ‘വേണം’ അല്ലെങ്കിൽ ‘കൊടുക്കണം’ എന്ന് വാദിക്കുന്ന പക്ഷത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ സംവരണത്തിലൂടെ ‘ശാക്തീകരണം’ എന്നത് ഇറച്ചിക്കഷണം കൊണ്ട് പുളിശ്ശേരി ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു വൈരുദ്ധ്യമാണ്.

നൂറ്റാണ്ടുകളോളം പിൻതുടർന്നു പോന്ന അന്യായവും, അനീതിയും വിവേചനവും കാരണം സാമ്പത്തികവും സാമൂഹികവും, വിദ്യാഭ്യാസപരവുമായി സമൂഹത്തിന്റെ താഴെക്കിടയിലേക്ക് അമർന്നു പോയ ജനതയെ, മുഖ്യധാരയിൽ എത്തിക്കുവാൻ അവർക്കായി ജോലിയും, മറ്റ് സ്‌ഥാനങ്ങളും വിദ്യാഭ്യാസത്തിനായി സീറ്റുകളും നീക്കിവച്ചുകൊണ്ട്, പൊതുധാരയിലുള്ള കിടമത്സരത്തിൽ നിന്ന് ഒരു കാലയളവിലേക്ക് ഒഴിവാക്കികൊണ്ടാണ് സംവരണം ഏർപ്പെടുത്തുന്നത്.

ഒന്നാമത്തെ ചോദ്യം. സ്ത്രീക്ക് സംവരണം ആവശ്യമുണ്ടോ? ജീവിതത്തിന്റെ സർവ്വ മേഖലകളിലും സ്ത്രീ ഇന്ന് സജീവമാണ്. നിയമപാലനം, നിയമനിർമ്മാണം, ഭരണം തുടങ്ങിയ മേഖലകളിൽ എണ്ണത്തിൽ വളരെ കുറവാണെങ്കിലും സ്ത്രീ സാന്നിദ്ധ്യമുണ്ട്. കഴിവുറ്റ IPS, IAS ഉദ്യോഗസ്‌ഥകളും, മുഖ്യമന്ത്രിമാരും, മറ്റു മന്ത്രിമാരും ഇന്ന് നമുക്കുണ്ട്. അവരാരും സ്ത്രീ സംവരണത്തിന്റെ പിൻബലത്തിൽ തത്സ്ഥാനങ്ങളിൽ  എത്തിയവരുമല്ല. സ്ത്രീ സംവരണമുള്ള പഞ്ചായത്ത് ഇലക്ഷനിൽ വനിതാവാർഡുകളിൽ നേതാവിന്റെ ഭാര്യയെ മത്സരിപ്പിച്ച് ജയിപ്പിച്ച് പിന്നീട് ഭർത്താവ് ഭരണം കയ്യാളുന്ന കാഴ്ച നമുക്ക് അപരിചിതവുമല്ല (എല്ലാവരും അങ്ങനെയല്ല എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ). യോഗ്യതയും അഭിരുചിയും കണക്കിലെടുക്കാതെ സ്ഥാനങ്ങൾ സംവരണമായി നൽകിയാൽ അവിടെ യാതൊരു ശാക്തീകരണവും നടക്കാൻ പോകുന്നില്ല.

ഇവിടെയാണ് രണ്ടാമത്തെ ചോദ്യമുണ്ടാവുന്നത്. സംവരണമില്ലാതെ കൂടുതൽ സ്ത്രീകളെ ഭരണം, നീതിനിർവ്വഹണം, നിയമനിർമ്മാണം തുടങ്ങി ജനജീവിതത്തെ വലിയ അളവിൽ സ്വാധീനിക്കുന്ന മേഖലകളിലെ മുൻനിരയിലേക്ക് എങ്ങനെ കൊണ്ടുവരാം? ശാക്തീകരണത്തിനുള്ള ഒരു നല്ല മാതൃക കുറച്ചു നാളുകൾക്കു മുമ്പ്  സൈനിക സ്കൂളുകളിലെ ചില പൂർവ്വവിദ്യാർത്ഥികൾ നമുക്ക് കാട്ടിത്തന്നിരുന്നു. ‘പ്രോജക്ട് ഷൈൻ’ എന്ന പേരിൽ അട്ടപ്പാടിയിലെ 24 ആദിവാസിക്കുട്ടികൾക്ക് അവർ പരിശീലനം നൽകി. അവരിൽ ആറുപേർ സൈനികസ്കൂളിലെ പ്രവേശനപ്പരീക്ഷാ കടമ്പകൾ കടന്ന് ഇന്ന് അവിടെ വിദ്യാർത്ഥികളാണ്. ഈ പ്രോജക്ടിനു പിന്നിലുള്ള വലിയ മനസ്സുകൾ സൈനിക സ്കൂളുകളിൽ ആദിവാസിക്കുട്ടികൾക്ക് സംവരണം ഏർപ്പെടുത്താൻ വേണ്ടി മുറവിളി കൂട്ടുകയല്ല ചെയ്തത്. മറിച്ച്, ആ കുട്ടികളുടെ കഴിവിൽ പൂർണ്ണവിശ്വാസമർപ്പിച്ച് അവരെ പരിശീലിപ്പിച്ചും ആത്മവിശ്വാസം വളർത്തിയും മറ്റു കുട്ടികളോടൊപ്പം നിൽക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്തത്. നമുക്ക് മുമ്പിലുള്ള ഏറ്റവും ശ്രേഷ്ഠമായ ഒരു മാതൃകയാണത്. ഒരു ഉത്തമ ശാക്തീകരണ മാതൃക.

സ്വന്തം സ്വത്വത്തേക്കുറിച്ചും, അവകാശങ്ങളേക്കുറിച്ചും സ്ത്രീ ബോധവതിയാകണം. അവളോടൊപ്പം പുരുഷനും ആ ബോധം ഉൾക്കൊള്ളണം. പെൺകുട്ടിയാണെന്ന  ‘കുറവ്’ അറിയിക്കാതെയാണ് ഇവളെ ഞാൻ വളർത്തിയതെന്ന് വളരെ മിടുക്കിയായ തന്റെ മകളെ ചൂണ്ടി ഒരച്ഛൻ അഭിമാനത്തോടെ പറഞ്ഞത് ഓർക്കുന്നു. ആ ‘കുറവ്’, അതിന്മേലാണ് സമൂഹത്തിന് ബോധവത്കരണം ആവശ്യമായിട്ടുള്ളത്. എന്നാൽ സംവരണം, സംരക്ഷണം, ആനുകൂല്യം എന്നെല്ലാം പറഞ്ഞ് സമൂഹം ആ കുറവിനെ അരക്കിട്ടുറപ്പിക്കുകയാണ്. പൂർണ്ണസൃഷ്ടിയായ പുരുഷന്റെ വൈകല്യമായി സ്ത്രീയെ കാണുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്. സ്ത്രീ അവളിൽത്തനെ പൂർണ്ണയാണ്. പുരുഷനേപ്പോലെ തന്നെ അനേകം ഗുണങ്ങളും, കഴിവുകളും, വ്യക്തിത്വവുമെല്ലാം തികഞ്ഞ ഒരു പൂർണ്ണ സൃഷ്ടി. ആ പൂർണ്ണത അംഗീകരിക്കുന്ന ബോധവത്കരണമാണ് നമുക്കാവശ്യം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പെൺകുട്ടി എന്നാൽ ബാദ്ധ്യതയാണ്. എത്ര പഠിപ്പിച്ചാലും കുടുംബത്തിന് ഉപകാരപ്പെടാത്തവളാണ് അവൾ. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകേണ്ടുന്ന അവൾക്ക് സ്വന്തം വീട്ടുകാരെ സഹായിക്കണമെങ്കിൽ ഭർത്താവിന്റേയും അദ്ദേഹത്തിന്റെ വീട്ടുകാരുടേയും അനുവാദം ഉണ്ടാവണം. സ്ത്രീധനം നിയമവിരുദ്ധമാണെങ്കിലും, വിവാഹമെന്ന ആർഭാടത്തിനും, രഹസ്യമായും പരസ്യമായും ആവശ്യമായി വരുന്ന പൊന്നും പണവുമെല്ലാം പെൺകുട്ടിയുടെ മാതാപിതാക്കളുടെ ബാദ്ധ്യതയാണ്. ഈ രണ്ട് അവസ്‌ഥയും മാറണമെങ്കിൽ സ്ത്രീയും, പുരുഷനും, കുടുംബവും, സമുദായവും, മതവും, സമൂഹവും, മനസ്ഥിതിയുമെല്ലാം ബോധവത്കരിക്കപ്പെടണം.

ഇനി സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടംബത്തിലായാലും പെൺകുട്ടി ഒരു ‘ആധി’ യായി മാറുന്നത് ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ അവൾക്ക് വേണ്ടുന്ന ‘സംരക്ഷണം’ കാരണമാണ്. ഒറ്റയ്ക്ക് പെൺകുട്ടിയെ പുറത്തുവിടാൻ ഭയക്കുന്ന അച്ഛനമ്മമാർ, അവൾ പോകേണ്ടിടത്തൊക്കെ വാലുപോലെ പുറകേ പോകേണ്ടുന്ന അവസ്‌ഥയുള്ളപ്പോൾ പെൺകുട്ടി ഒരു ഭാരമായി വരുന്നു. ഇവിടേയും സമൂഹത്തിന്റെ കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്. തെരുവുനായ്ക്കളെക്കൊണ്ടുള്ള ശല്യം കാരണം സമരവും, സത്യാഗ്രഹവുമൊക്കെ നടന്നിട്ടുണ്ട് നമ്മുടെ നാട്ടിൽ. അത്തരം സമരങ്ങളിലൊന്നും ഞങ്ങൾക്ക് ‘പേ പിടിച്ച നായകളിൽ നിന്ന് സംരക്ഷണം വേണം’ എന്നല്ല, മറിച്ച് ഞങ്ങൾക്ക് ‘സമാധാനമായി ജീവിക്കാൻ പേപിടിച്ച നായ്ക്കളെ ഇല്ലായ്മ ചെയ്യണം’  എന്നാണ് പറഞ്ഞ് കേട്ടത്. ഇത് രണ്ടും തമ്മിൽ വലിയ അന്തരമില്ലെന്നു തോന്നാം. പക്ഷെ സംരക്ഷണവും അവകാശവും തമ്മിലുള്ള അന്തരം ‘അഭിമാന’ത്തിന്റേതാണ്.  സ്ത്രീയെ സംരക്ഷിക്കുക എന്നാൽ സ്ത്രീത്വത്തെ അപമാനിക്കലാണ്. മറിച്ച്, പേ പിടിക്കുന്ന നായ്ക്കളെ ഇല്ലായ്മ ചെയ്യാനുള്ള നിയമസംവിധാനമാണ് ആവശ്യം.

കുടുംബത്തിന്റേയും, കുട്ടികളുടേയും ഉത്തരവാദിത്തം(സാമ്പത്തികമല്ല)  കൂടുതലായി വഹിക്കേണ്ടിവരുന്ന സ്ത്രീയ്ക്ക് തൊഴിലിടങ്ങളിലും, മറ്റ് പ്രവർത്തന മേഖലകളിലും പിന്നോട്ട് പോകേണ്ടി വരുന്ന അവസ്‌ഥ ഇന്നുണ്ട്. അത്തരം സാഹചര്യത്തിൽ, ഉത്തരവാദിത്തങ്ങൾ പങ്കുവച്ച്, ആണിനും പെണ്ണിനും ഒരുപോലെ വളരാനുള്ള സാഹചര്യം ഒരുക്കുക എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെ.

അന്തസ്സും, അഭിമാനവും ഉയർത്തിപ്പിടിച്ച് കുടുംബത്തിന്റെ സൂക്ഷ്മതകളിലേക്ക് സ്നേഹമയിയായി ചുരുങ്ങാനും, ലോകത്തിന്റെ വിശാലതയിലേക്ക് ആർജ്ജവത്തോടെ വികസിക്കാനും കഴിവുള്ള സ്ത്രീ, സ്വന്തം ശക്തി തിരിച്ചറിയുകയും, പുരുഷൻ അതംഗീകരിക്കുകയും ചെയ്യുന്നിടത്ത് സ്ത്രീ ശാക്തീകരണം അർത്ഥവത്താകുന്നു.

About Remya Parameswaran

Born in Chengannur, Kerala and now settled in Bangalore. Engineering graduate in computer science. Worked as IT professional for 9 years and now full time homemaker.

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *