
ഏതാണ്ട് 1.5 കി.മി. സ്ട്രെയിറ്റ് റോഡ്, സോന്മാർഗിലെ മാർക്കെറ്റെത്തി. ഒന്നുരണ്ടു കടകൾ തുറന്നുകിടപ്പുണ്ടായിരുന്നു. തുണിക്കടകൾ തന്നെ. രാത്രിയിലും താമസം കടയിൽ തന്നെയായതിനാലാണു കടകൾ തുറാന്നുതന്നെ ഇരിക്കുന്നത്. അല്ലാതെ രാത്രിയിലും കച്ചവടം പൊടിപൊടിക്കാനല്ല. നല്ല ഗ്ലൗസും, കമ്പിളിപ്പുതപ്പും വാങ്ങാനായിരുന്നു നമ്മുടെ ഉദ്ദേശം. . എന്തായാലും രാത്രിയിലെ കച്ചവടം കടക്കാരനേയും സന്തോഷിപ്പിച്ചു.
ഇവരൊക്കെയും വെറും 3 മാസം മാത്രം നടത്തുന്ന കച്ചവടമാണു. മിക്കവാറും സോന്മാർഗിൽ വരുന്നത് കമ്പിളികളും വാങ്ങിയിട്ടായിരിക്കില്ലെ. അതുകൊണ്ടുതന്നെ ഇവിടെ കച്ചവടം എത്രമാത്രം ലാഭകരമായിരിക്കുമോ എന്തോ. ആലോചിച്ചാൽ സങ്കടം തോന്നും, എല്ലാം പൃകൃതിക്ക് സമർപ്പിച്ച് ജീവിതം, ഒരുതരത്തിൽ കടലിൽ മീൻപിടിക്കാൻ പോകുന്ന മുക്കുവരെപ്പോലെ. കടക്കാരൻ ചേട്ടൻ രാത്രിയിൽ പോയി നല്ലപോലെ ഉറങ്ങാനായി ഉപദേശിച്ചു. വീണ്ടും ഒരു മുന്നറിയിപ്പ്. ജോജീല പാസ്സ് വളരെ ശൃദ്ധിക്കണമെന്നും. ലേഹ് വരെയുള്ളതിൽ ഏറ്റവും കഷ്ടപ്പാടുള്ളത് ജോലീല കടക്കാനാണത്രെ. ശരിയാണു. യൂടൂബിൽ എപ്പോഴോ കണ്ടിരുന്നു, ലോകത്തെ 10 അപകടം പിടിച്ച റോഡുകളിൽ ഒന്നാണു ജോജീല പാസ്സ്.

കടക്കാരോട് ഗുഡ്നൈറ്റ് പറഞ്ഞ് നമ്മൾ എങനെയൊക്കെയോ വീണ്ടും റൂമിലെത്തി. വേറെ ജോലികളൊന്നുമില്ല, അതിരാവിലെ 5 മണിയോടെ പോകാമെന്ന ധാരണയിൽ ലൈറ്റണച്ചു നമ്മളും ശുഭനിദ്രയിലാണ്ടു. മരംകോച്ചുന്ന തണുപ്പായതിനാലും, ഹൈയ്യർ ആൾടിറ്റൂടും കാരണം ഉറക്കം അത്ര ഡീപ്പ് ആയിരുന്നില്ല. കൃത്യം 5 മണിക്ക് അറിഞ്ഞെങ്കിലും 5 മിനിട്ടിന്റെ കാര്യമല്ലെ, 5 മിനിട്ട് വീതം നീട്ടി നീട്ടി ഏതാണ്ട് 7 മണിയോടെ നമ്മൾ എണീറ്റു. സാരമില്ല വിശ്രമവും പ്രധാനമാണല്ലോ. വൈകിപ്പോയതിൽ വിഷമം തോന്നിയില്ല.. ശ്രീനഗറിലെ അനുഭവം ഒരു നല്ല പാഠം തന്നെ റോഷനു, സീലിങ്ങ് ഫാൻ ഇല്ലെങ്കിലും ആകാശം നോക്കിയേ ഇനിയെന്നും ആശാൻ കൈ സ്ട്രെച്ച് ചെയ്യുള്ളൂ…..

അളിയാ പൊളിച്ചു.. അതിരാവിലെ പോകാത്തതു നന്നായി… തലേന്നു രാത്രി വന്നപ്പോൾ ഇതൊക്കെ ഇവിടെയുണ്ടായിരുന്നോ, ജനാലയിലെ കർട്ടൻ മാറ്റിയപ്പോൾ സ്വർഗ്ഗം തന്നെ. താഴെ ആരേയും കൊതിപ്പിക്കുന്ന വാൾപേപ്പർ പോലെ സിന്ധ്നദി ഒഴുകുകയാ.. പുഴക്കരയിലെ പുൽമേടിൽ നല്ല മസിലും പെരുപ്പിച്ച് കുതിരകൾ മേയുന്നു. ഇതുപോലൊരു ലൊക്കേഷനിലുള്ള ഹോട്ടൽ മൂന്നാറിലും മറ്റുമായിരുന്നെങ്കിൽ ചുരുങ്ങിയത് 10,000 എങ്കിലും കൊടുക്കേണ്ടി വന്നേനെ. ഇവിടെ വെരും 1,000 രൂപ മാത്രം. വൈകി എണീറ്റതിന്റെ വിഷമം പാടെ ഇല്ലാതായിരിക്കുന്നു.
ഇനിയെന്തായാലും മെല്ലെ ഇറങ്ങാമെന്ന ധാരണയിൽ കോഫി ഓർഡർ ചെയ്തു. സോന്മാർഗേ വീണ്ടും നന്ദി, ഞങ്ങൾക്ക് നല്ല ഭക്ഷണം തന്നതിനു. ലഗ്ഗേജൊക്കെ കെട്ടിവച്ച് യാത്രപറഞ്ഞപ്പോൾ ആവശ്യത്തിനു ഫോട്ടോസും എടുത്തിട്ടുണ്ടായിരുന്നു. ആൾക്കാരുടെ തിരക്കു തുടങ്ങിയിരുന്നു. സോന്മാർഗ് മാർക്കറ്റ് വഴി തന്നെയാണു നമ്മുക്ക് പോകേണ്ടത്. ഒരു സിം കൂടി വാങ്ങിയാലോന്നു കരുതി, മാർക്കറ്റിലെ ഒരു ഷോപ്പിനരികെ നിർത്തി. തലേന്നു നിർത്തിയ കടയ്ക്കരികെ തന്നെയായിരുന്നു. ഓർത്തപ്പോൾ ചിരിപൊട്ടി, അതിരാവിലെ പോകാനായിരുന്നല്ലോ, രാത്രിയിൽതന്നെ ആ തണുപ്പും സഹിച്ച് ഇവിടെവരെ വന്നത്. തൊട്ടപ്പുറത്തെ മറ്റൊരു കടക്കാരൻ എന്നെ വിളിച്ചു, ജാക്കറ്റ് വേണോ, കമ്പിളി വേണോ, സോക്സ് വേണോ. ഞാൻ സ്നേഹപൂർവം ഒന്നും വേണ്ടെന്നു പറഞ്ഞു,

എന്നാലും പുള്ളി എന്നെ വിടുന്ന മട്ടില്ല. കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ ഭയങ്കര കമ്പനി ആയി.. പുള്ളി വന്നിട്ടുണ്ടത്രെ, കൊച്ചിയിലൊക്കെ. ഉദ്ദേശം മനസ്സിലായപ്പോൾ ആ പാവം ചേട്ടന്റെ കയ്യിൽനിന്നും പാവം ഞാൻ ഒരു സോക്സ് അങ്ങു വാങ്ങി. ചെറിയ പൈസയേ ഉള്ളൂ.. എങ്ങാനും വഴിയിൽ വേണ്ടിവന്നാലോ..
സിം വീണ്ടും റെഡി. ഇത്തവണ, ലഡാക്കിലും ഉപയോഗിക്കാൻ പറ്റുന്ന സിം ആണത്രെ. നമ്മൾ ഹാപ്പി. ഒന്നുമില്ലാത്ത അവസ്ഥയിൽ ഒരു സിം തന്നെ ധാരാളം, അതുകൊണ്ട് രണ്ടെണ്ണം എടുക്കാൻ നിന്നില്ല. യാത്ര തുടരെ മഞ്ഞുപുതച്ച ഹിമാലയതിന്റെ സുന്ദര ദൃശ്യങ്ങൾ മുന്നിൽ വന്നുതുടങ്ങി. ജോജീല പാസ്സ് അരികിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഒരു ചെറിയ അശ്രദ്ധ

മതി കാലന്റെയൊപ്പം പോകാം. അധികം വീതിയില്ലാത്ത റോഡുമാണ്. നിര നിരയായി പട്ടാള ട്രക്കുകൾ ഇടയ്ക്കിടെ വരുന്നുണ്ട്. നമിച്ചു ചേട്ടന്മാരെ. ലോകത്തിലേക്കും വച്ചു മികച്ച ഡ്രൈവർമാർ ഇവർ തന്നെ. ഇടയ്ക്കിടെ ആട്ടിടയന്മാർ വരുന്നതാണു മനുഷ്യവംശമുണ്ടെന്നുള്ളതിന്റെ ഏക തെളിവ്. ആട്ടിടയന്മാരും ഈ 3 മാസക്കാലത്തിനു മാത്രം മലകയടുന്നവരാണ്. അവിടിവിടെയായി താൽക്കാലിക ടെന്റുകൾ കെട്ടിയാണ് അവരുടെ താമസം. വളഞ്ഞുപുളഞ്ഞുള്ള നമ്മുടെ റോഡുകൾ അല്ലാ അവരുടെ വഴി, ചെങ്കുത്തായ മലകൾ അതുപോലങ്ങു കയറുകയാണു. ചെറിയകുട്ടികൾ പോലും എത്ര നിസ്സാരമായാണു ഹിമവാന്റെ തലയിൽ കയറി കളിക്കുന്നത്.

ജോജീല പാസ് കയറിത്തുടങ്ങിയപ്പോഴേക്കും പട്ടാളക്കാർ വഴി ബ്ലോക്ക് ചെയ്തിരിക്കുന്നതായി കണ്ടു. ഈശ്വരാ പണിപാളിയോ.. ഈ പാസ്സ് പലപ്പോഴും മണിക്കൂറുകൾ അടച്ചിടാറുണ്ടത്രെ. മലയിടിച്ചിലാണു വില്ലൻ. പലരും മുന്നറിയിപ്പ് തന്നിരുന്നു.. ഇപ്പോൾ തുറക്കുമെന്നു അന്വേഷിച്ചു, ആർക്കും ഒന്നുമറിയില്ല. നിമിഷ നേരം കൊണ്ടാണു നമുക്ക് വഴി മിസ്സ് ആയത്. വഴി ബ്ലോക്ക് ചെയ്യാനായി റോഡിനു കുറുകെ വച്ചിരുന്ന ടാങ്കറിലെ ഡ്രൈവർ എഴുന്നേക്കുന്നതു നമ്മൾ കണ്ടു. 5 മിനിട്ട് മുൻപ് വന്നിരുന്നേൽ അതുവഴി പോകാമയിരുന്നു എന്നു തോന്നി. ടാങ്കറിനു സൈഡിലൂടെ ഒരല്പം കഷ്ടപ്പെട്ടാൽ ബൈക്കിനു കഷ്ടിച്ചു പോകാം. വണ്ടി എടുത്ത് പോയാലൊന്നു ചിന്തിചെങ്കിലും പിന്നെ വേണ്ടെന്നു വച്ചു. അവിടെയുള്ള കാഴ്ച്ചകൾ കണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല.. ആവശ്യത്തിലേറേ ഫോട്ടോസ് എടുക്കുകയും ചെയ്യാം. താഴെ മിലിട്ടറിയുടെ കൂടാരങ്ങൾ. നാട്ടിൽ ആകാശത്തുമാത്രം കണ്ടിരുന്ന ഹെലിക്കോപ്റ്ററുകൾ ചെറിയ പക്ഷികളെപ്പോലെ നമുക്ക് താഴെ പറക്കുന്നു. വണ്ടി നമ്പറുകൾ കണ്ടിട്ടാണൊയെന്നറിയില്ല ഇടയ്ക്കൊരാൾ പരിചയപ്പെട്ടു, ഹൈദരാബാദിൽ നിന്നാണത്രെ, സന്തോഷം, ഒരേ നാട്ടുകാരെപ്പോലെ കുറേ സംസാരിച്ചു. ഇങ്ങു വടക്കേയറ്റത്തു നിൽക്കുമ്പോൾ നമ്മൾ ഒരേ നാട്ടുകാർ തന്നെ, തിരിച്ച് നാട്ടിലെത്തിയാൽ മാത്രമാണല്ലോ അയാളു തെലുങ്കലും നമ്മൾ പീറ മലയാളിയുമാകുന്നത്.
മഞ്ഞുമലകളുടെ സ്വപ്നഭൂമി<< Prev | Next >>
4 comments
Pingback: അപകടം പതിയിരിക്കുന്ന കാർഗിൽ പാതകൾ | ചേതസ്സ്
Pingback: അപകടം പതിയിരിക്കുന്ന കാർഗിൽ പാതകൾ – ചേതസ്സ്
Pingback: അപകടം പതിയിരിക്കുന്ന കാർഗിൽ പാതകൾ – ചേതസ്സ്
Pingback: അപകടം പതിയിരിക്കുന്ന കാർഗിൽ പാതകൾ – ചേതസ്സ്