പാലക്കാട്: സമൂഹത്തെ ചൂഷണം ചെയ്തു മുടക്കുമുതൽ തിരികെ ലഭിക്കണമെന്ന ചിന്തയോടെ മാത്രം നിർമിക്കുന്ന സിനിമയും സമൂഹത്തിനു വേണ്ടി നിർമിക്കുന്ന സിനിമയും തമ്മിലുള്ള അകലം വർധിച്ചിരിക്കുകയാണെന്ന് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ. പാലക്കാട് പ്രസ് ക്ലബ്, ജില്ലാ ലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ചു നടത്തിയ ടോപ് ടെൻ കിം കി ഡുക് ഫിലിംഫെസ്റ്റിവലിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയകാലത്തെ സിനിമാ പ്രവർത്തകരിൽ ഭൂരിപക്ഷത്തിനും നവോത്ഥാന കാലത്തിന്റെ പാരമ്പര്യമുണ്ടായിരുന്നു. സംവിധായകരും തിരക്കഥാ കൃത്തുക്കളും, ഗാനരചയിതാക്കളും സംഗീത സംവിധായകരുമെല്ലാം ഈ സംസ്കാരം സിനിമയിലേക്കു പറിച്ചു നട്ടു. തകഴി, കേശവദേവ്, ടി. ദാമോദരൻ എന്നിവരുടെയൊക്കെ കൃതികൾ സിനിമയായി. ഗാനരരചയിതാക്കളായി വന്നത് വയലാർ രാമവർമ, ഒ.എൻ.വി. കുറുപ്പ് എന്നിവരാണ്. ഇവർക്കൊക്കെ നവോത്ഥാന കാലത്തിന്റെ പാരമ്പര്യമുണ്ടായിരുന്നു. അതിന്റെ തടർച്ചയായിട്ടാണിവർ സിനിമയെന്ന ജനകീയ കലയെ കണ്ടിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം സിനിമയും സാമൂഹ്യ പരിഷ്കരണ മാധ്യമമായിരുന്നു.
എന്നാൽ കാലം മാറി. സിനിമ രാഷ്ട്രീയ ആയുധമാണെന്നതു മറന്നു പോയ തലമുറ വന്നു.സമൂഹത്തിന്റെ വികാരങ്ങളെ ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്നവർ മുഖ്യധാരാ സിനിമയിൽ വേരുറപ്പിച്ചു. അതോടെ നവോത്ഥാനത്തിന്റെ വക്താക്കൾ സമാന്തര സിനിമകളിലേക്കു ചുരുങ്ങുകയോ കുറ്റിയറ്റു പോവുകയോ ചെയ്തു. ആ വിടവ് ഇന് നികത്താനാകുമെന്ന പ്രതീക്ഷയില്ല. ഇന്ന് എന്ത് എഴുതണമെന്നും എന്തു ഭക്ഷിക്കണമെന്നും മറ്റാരെങ്കിലും തീരുമാനിക്കുന്നിടത്തേക്കു കാര്യങ്ങൾ എത്തി നിൽക്കുകയാണ്.ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ജയകൃഷ്ണൻ നരിക്കുട്ടി അധ്യക്ഷനായി. സി. രൂപേഷ്, ഫെസ്റ്റിവൽ ഡയറക്ടർ ആർ. ശശിശേഖർ, കെ. ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.