സദാചാരം ജനിക്കുന്നതെങ്ങിനെ ?

attractive-woman-men-staring

26-30 വയസു വരെയുള്ള യുവാവിനെ ഉദാഹരണമായ് നമുക്കെടുക്കാം. സാമ്പത്തീകസ്ഥിതി കൊണ്ടോ കയ്യിലിരിപ്പു കൊണ്ടോ പെണ്ണു കെട്ടാനാകാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന നായകൻ. ഇവിടെ നായകനും വില്ലനും ഒരാളാവാം! കൂലങ്കഷമായി ലൈംഗീകത എന്ന മാസ്മരികസുഖത്തെ മനസ്സിലിട്ട് ഉലയൂതി പഴുപ്പിക്കുന്ന ജോലിയാണ് പുള്ളിക്ക്. എരിതീയിലേക്ക് എണ്ണയെന്ന പോലെ കനലു വാരിയിടാന്‍ കെട്ടിയതും കെട്ടാത്തതുമായ ഒരു ജോലിക്കും പോവാത്ത പൂവാലൻമാർ.

കലുങ്കിന്റെ മുകളിലിരുന്ന് ഹാൻസ് കുത്തിത്തിരുകിയും സിഗററ്റ് പുകച്ചുമാണ് ചർച്ചിക്കുക. ചർച്ചയിലെ പ്രഭാഷകർ മുറിവൈദ്യരെന്ന പോലെ മുറി സാഹിത്യകാരന്മാരാകും. ഫയറും മുത്തുച്ചിപ്പിയും ഒറ്റയിരിപ്പിനു വായിച്ചു രാകി മിനുക്കിയ വികാരമണ്ഡലം നീട്ടിയൊരു വിരിപ്പാണ്. ഒന്നു കെട്ടിയെങ്കിലും ഈ വിരിപ്പിൽവീഴാത്തത്ര കഠിനഹൃദയരൊന്നും ഒരു നാട്ടിൻപുറത്തും ഉണ്ടാകില്ല. മുത്തുച്ചിപ്പി കിട്ടാത്ത പുതു തലമുറ കുറച്ചുകൂടി പുരോഗമിച്ചവരാണ്. ഒറ്റഞൊടിയിൽ വിരൽത്തുമ്പിൽ xxx റേറ്റിങുള്ള ഇനം വികാര ഗുളിക റെഡിയല്ലേ. Xender വഴിയും share it വഴിയുമൊക്കെ വളരെ വേഗം വേറൊരാൾക്ക് അയച്ചുകൊടുക്കാം എന്നുകൂടി ആയതോടെ ഇതൊന്നും അറിയാത്ത കാരണവർ പറയാൻ തുടങ്ങിയത്രേ ” കലുങ്കിമ്മേലിരിക്കുന്ന പിള്ളേർക്ക് ആ ഞെക്കണ കൂന്ത്രാണ്ടം കിട്ടിയേപ്പിന്നെ എന്തു ബഹുമാനാണെന്നോ, ഞാൻ വരുമ്പോ തന്നെ ഭയഭക്തി ബഹുമാനത്തോടെ എഴുന്നേൽക്കും. പിന്നെ അവരെന്നും അറിവിന്റെ പിന്നാലെയാ. പഠിക്കാത്തേന്റെ വിഷമമുണ്ട്, എന്നും പുതിയത് വല്ലതുമുണ്ടോടാ കണ്ട് പഠിക്കാനാ ” എന്ന്. പാവം കാർന്നോര്.

ഇനി സദാചാരം, ഇതു വളരെ വലിയൊരാചാരമാകുന്ന ദിവസം. അന്ന് ഹാൻസിനും സിഗററ്റിനും പുറമേ കളറുള്ള വിദേശി കൂടി കാണും. ഏറ്റവും അച്ചടക്കത്തോടെ പൊരിവെയിലത്ത് വരി നിന്നു സ്വന്തമാക്കിയ ഇഷ്ടന്‍. ഒന്ന്.. രണ്ട്… മൂന്ന്… പിന്നെ കണക്കു മാഷെ തെറി പറഞ്ഞ്.. അങ്ങനെ അങ്ങനെ… കുറച്ചുണ്ടായിരുന്ന വെളിവ് കൂടി വിദേശിക്ക് പണയം വച്ചു ഭരണിപ്പാട്ടു പാടുന്ന നേരം, സദാചാരം തലപൊക്കുന്നത്… ദൂരെ ചൂരിദാറോ സാരിയോ പ്രത്യക്ഷപ്പെടുന്നു. മങ്ങിയ കണ്ണുകളിലേക്ക് സൂര്യപ്രകാശം അരിച്ച് കേറിയതോണ്ട് അവ്യക്തമായ മുഖങ്ങൾ. മുത്തുച്ചിപ്പിയിലെ വികാര പ്രകമ്പിതമായ ഭാഗങ്ങൾ ഉദ്ധരിച്ചു മനസ്സ് സട കുടഞ്ഞു. ”അവനു പോലും ഉണ്ട്, എന്നിട്ടും നിനക്ക് ഇനീം…!” അസൂയ കുശുമ്പ് പെണ്ണിന്റെ മാത്രം കുത്തകയല്ല, ഞാൻ പറയുന്നതുനിങ്ങൾ വിശ്വസിച്ചേ പറ്റൂ… അസൂയക്ക് ജീവൻ വച്ചാൽ അവന്റെ കൂടെയുള്ളത് അമ്മയാണോ പെങ്ങളാണോ.. ഊംഹും… ഒന്നുമറിയണ്ട…

About Rakesh Raghavan

തളിയില്‍ രാഘവന്റെയും ഇളമ്പലത്ത് കാര്‍ത്ത്യായനിയുടെയും രണ്ടാമത്തെ മകനായ് പെരുവാമ്പയില്‍ ജനനം. പയ്യന്നൂര്‍ കോളേജില്‍ ബിരുദ പഠനം. ഇപ്പോള്‍ ബാംഗ്ലൂര്‍ മലബാര്‍ ഗോള്‍ഡില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *