വല്ലാതെ ബോറാകുന്നുണ്ടീ ഷോ..
കണ്ട് മടുത്ത പ്രമേയം..
വീണ്ടും..
വീണ്ടും..
ഭാഷയും രാജ്യവും മാറുന്നുണ്ട്.. ശരി തന്നെ.
അല്ലെങ്കിൽ വേണ്ട
കഥ ഞാൻ പറയാം
നല്ല നിലയിലൊരു തറവാട്
തന്നിഷ്ടക്കാരനായ കാരണവർ
ശാന്തമായ് തുടങ്ങും..
ക്രമേണ പഠിക്കാൻ പോണ കുട്ടികളെ കാരണവർ തല്ലുന്നു
ഇടയുന്ന കുടുംബം
ഇടയ്ക്കു കയറുന്ന അയൽക്കാർ.
തറവാടിത്തമാഹാത്മ്യകഥകൾ
അംഗങ്ങൾ തമ്മിൽ കശപിശ..
ഒടുവിൽ തമ്മിൽ തല്ല്..
ഏറ്റെടുക്കുന്ന നാട്ടുകാർ..
ആദ്യം കാരണവരുടെ കൂടെ…
പിന്നെ കൂറു മാറി കുടുംബക്കാരുടെ ഒപ്പം..
തറവാട് തവിടു പൊടി..
കാരണവർ തെരുവിലൊരനാഥ പ്രേതം..
കൂട്ടുകൂടാൻ വന്നവർ കട്ടു മുടിക്കുമ്പോൾ
ശുഭം!
പക്ഷേ ഇപ്പൊ എഴുന്നേറ്റ് നിൽക്കുന്നത്
ബോറടിച്ചിട്ടല്ല..
ദേശീയഗാനം കേട്ടിട്ടുമല്ല..
കണ്ടിരിക്കാൻ വയ്യ..
സ്ക്രീനിൽ സ്വന്തം തറവാടാണു!
മുൻപിവിടുന്നൊരു നല്ല മുത്തശ്ശൻ
സഹികെട്ടിറങ്ങിപ്പോയിട്ടുണ്ട്..
തെരുവിലേയ്ക്കു..
കാലിൽ ചെരുപ്പ് പോലുമിടാതെ..
പാഞ്ഞു വന്ന വെടിയുണ്ട
ഇടനെഞ്ചു കൊണ്ടാണു തടുത്തത്..
ആ തെരുവിലിപ്പോൾ വരി നിൽക്കുന്നുണ്ടനാഥരായ
നൂറ്റീരുപത് കോടി മനുഷ്യർ..
ഇനി വയ്യ..
ഈ ഷോയ്ക്ക് ഇന്റർവെല്ലില്ലേ?
ഷോവനിസത്തിൽ നിന്നു പുറത്തേക്കു വാതിലുമില്ലേ?