ഞാൻ വളർന്നത് എന്റെ ആറ് കൂടെപ്പിറപ്പുകൾക്കൊപ്പമായിരുന്നു… മൂന്ന് ചേച്ചിമാരും, ഞാനും രണ്ട് ഇളയ സഹോദരന്മാരും… ഒരിക്കലും ബഹളമടങ്ങാത്ത ഒരു വീടായിരുന്നു ഞങ്ങളുടേത്..” വൈദേഹി, അവൾ ഓർമയുടെ താഴ് വാരത്തിൽ നിന്ന് ചികഞ്ഞെടുക്കുകയായിരുന്നു..” എന്റെ ചേച്ചിമാരിൽനിന്നൊക്കെ ഒരുപാട് വ്യത്യസ്തയായിരുന്നു ഞാൻ. അവരാണെങ്കിൽ നല്ല വെളുത്ത്, തുടുത്ത്, അമ്മയെപോലെ നല്ല നീളമുള്ള മുടിയുള്ളവർ, കാണാൻ ഒരു ആനച്ചന്തം എന്നൊക്കെ പറയില്ലേ , ആ ഗണത്തിൽപ്പെട്ടവർ!!! ഞാൻ അച്ഛന്റെ പ്രകൃതം. മെലിഞ്ഞ്, കറുത്ത്, തേനീച്ചക്കൂടുപോലുള്ള മുടിയുമായി.. ആരോഗ്യമില്ല എന്നു ഒറ്റനോട്ടത്തിൽ തന്നെ കാണുന്നവർ പറയുന്ന ഒരു ജന്മം… എന്റെ കൂടപ്പിറപ്പുകൾ എല്ലാവരും നല്ല അനുസരണശീലമുള്ളവരായിരുന്നു എന്നു തന്നെ വേണം പറയാൻ. അവരിൽ ഞാൻ മാത്രമായിരുന്നു ധിക്കാരി!!!! മുഖത്തു നോക്കി വെട്ടിത്തുറന്ന് പറയുന്നവൾ, വഴക്കാളി, നിഷേധി അങ്ങനെ കുറേ സവിശേഷതകൾ തന്നിരുന്നു എല്ലാവരും എനിക്ക്! ചേച്ചിമാർ ഇട്ട് പഴകിയതും, വണ്ണം കൊണ്ടും നീളംക്കൊണ്ടും എനിക്കൊട്ടും തന്നെ യോജിക്കാത്തതുമായ യുണിഫോമുകളും ഉടുപ്പുകളുമൊക്കെയായിരുന്നു അന്നെന്റെ വേഷം.. ഒരു വൃത്തിയുമില്ലാത്ത നടപ്പ് എന്ന് ഒറ്റ വാക്കിൽ വേണമെങ്കിൽ പറയാം.. സത്യത്തിൽ വീട്ടിലും സ്കൂളിലുമൊക്കെ ഞാനൊരു പരിഹാസപാത്രമായി കഴിഞ്ഞിരുന്നു.. ഒരു വിഡ്ഢി … ചേച്ചിമാർ മൂന്നും ഒറ്റക്കെട്ടായി അവരവർക്ക് വേണ്ടത് തന്ത്രപരമായെങ്കിലും നേടിയെടുക്കും! പിന്നെ എന്റെ താഴെയുള്ള രണ്ടു പേർ, അവർ ‘ആൺ’ പിള്ളേരാണല്ലോ!! ആഗ്രഹിക്കുന്നതെന്തും നേടുന്ന വർഗ്ഗം.!!!! ഇവരുടെയൊക്കെ ഇടയിൽ ഞാൻ… ഒന്നിലും എവിടെയും യോജിക്കാത്തവളായി.. വിഡ്ഢി എന്ന് മുദ്രകുത്തപ്പെട്ട്, അത് സ്വയം വിശ്വസിച്ചുപോയവൾ! ശരിക്കും കൂട്ടം തെറ്റിയൊരു കുഞ്ഞാട്!!! വീട്ടിലെ ഈ പക്ഷഭേദം ആദ്യമൊക്കെ എന്നെ കുറേ കരയിപ്പിച്ചു, ഞാൻ കരയുമ്പോഴും അവർ എന്നെ പരിഹസിക്കുന്നുണ്ടാവും എന്ന തോന്നലുണ്ടായപ്പോഴാകാം മനസ്സ് സ്വയം രക്ഷയ്ക്കു വേണ്ടി ഒരു ധിക്കാരിയുടേയും, നിഷേധിയുടേയും, വഴക്കാളിയുടേയും മുഖംമൂടി അണിഞ്ഞത്.. ഇതൊക്കെ തന്നെയായിരുന്നു എന്റെ വാക്കിനും നോക്കിനും എരിവ് കൂട്ടിയതും! എനിക്കും ഇഷ്ടമായിരുന്നു അവരെപോലെയൊക്കെ ചുവന്ന കുപ്പിവളകൾ കിലുക്കി കൊഞ്ചാനും ചിരിക്കാനും. പക്ഷെ ”ഇവളുടെ കോലുപോലുള്ള കൈകൾക്ക് കുപ്പിവള ഒട്ടും ചേരില്ല”എന്ന് അമ്മ എന്നോ പറഞ്ഞ ഒരു വാക്ക് അത് മനസ്സിൽ ഗാഢമായി തറിച്ചിരുന്നു!!! ഇരുപത്തി അഞ്ചാം വയസ്സിലായിരുന്നു എന്റെ വിവാഹം.. പരിഹാസശരങ്ങളേറ്റു വാടി വിളറിയ മുഖവും, അതേ ശരങ്ങളേറ്റു തുളഞ്ഞ് ഹൃദയവും, സ്വപ്നങ്ങൾ കാണാതെ ക്രൂരത മാത്രം ജ്വലിപ്പിക്കുന്ന കണ്ണുകളും, കനലു തുപ്പുന്ന നാക്കും, ഇതൊക്കെത്തന്നെയായിരുന്നു വിവാഹശേഷവും എന്റെ വിശ്വരൂപം. വിവാഹവും എന്നിൽ വസന്തമൊന്നും പുതപ്പിച്ചില്ല.. ഇതേ നില തുടർന്നാൽ കുടുംബം തകരും എന്നായപ്പോൾ എന്റെ ഭർത്താവായിരുന്നു ഒരു മാനസിക രോഗ വിദഗ് ദ്ധനെ കാണാൻ പ്രേരിപ്പിച്ചത്. ഒരു മാറ്റം എനിക്കും അനിവാര്യമായി തോന്നിയിരുന്നു…. ആറ് മാസം വേണ്ടിവന്നു മനസ്സിനെ ഒന്ന് അഴിച്ചു പണിയാൻ. മനസ്സിൽ കെട്ടിക്കിടന്ന ബാല്യത്തിലെ കയ്പ്പേറിയ ഓർമ്മകളും , കുറെ ചിതലരിച്ച പഴഞ്ചൻ വിശ്വാസങ്ങളും ,ചിന്തകളും എന്നിൽനിന്ന് ഒഴിഞ്ഞു പോയപ്പോഴായിരുന്നു എന്നിലും ജീവനുണ്ട് എന്ന് ഞാൻ തന്നെ തിരിച്ചറിയുന്നത്. ഒരു പഴഞ്ചൻ വസ്തുവിന്റെ പുറത്തുള്ള കുറെ അനാവശ്യ ദളങ്ങൾ അവർ ഉരിഞ്ഞുമാറ്റി.അപ്പോഴാണ് എന്റെ യഥാർത്ഥ സൗന്ദര്യം ഞാൻ കണ്ടു തുടങ്ങിയത് . ഇത് ഒരു വൈദേഹിയുടെ മാത്രം കഥയല്ല… ഒരുപാട് വൈദേഹിമാരുണ്ടാവും നമുക്കിടയിൽ, അല്ലെങ്കിൽ ഈ വൈദേഹി നമ്മുടെയൊക്കെ മനസ്സുകളിൽ എവിടെയോ ഒളിച്ചിരിപ്പുണ്ടാവും… ഇല്ലേ..? അമ്മയെ സ്നേഹിക്കുക, അച്ഛനെ സ്നേഹിക്കുക, ഗുരുക്കൻമാരെ ബഹുമാനിക്കുക ഇതൊക്കെ ചെറുപ്പം മുതൽക്കേ നമ്മളെ പറഞ്ഞു പഠിപ്പിക്കുന്ന നല്ല കാര്യങ്ങളാണ്, പക്ഷേ ആരും തന്നെ പറഞ്ഞുപഠിച്ചിട്ടില്ലാത്ത, ഒരു സിലബസ്സിലും ഉൾപ്പെടുത്തിയിട്ടില്ലാത്ത, ഒരു ബോർഡിംഗ് സ്കൂളും ചൊല്ലിത്തരാത്ത ഒരു പാഠമുണ്ട്:- സ്വയം സ്നേഹിക്കുക, ബഹുമാനിക്കുക , അഭിനന്ദിക്കുക….. നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ? നമ്മുടെയൊക്കെ ചെറുപ്പം മുതലേ ഈ സമൂഹം നമ്മളിൽ നട്ടു പിടിപ്പിച്ച ചില ചിന്തകളുണ്ട്.. ഒരു മനുഷ്യന്റെ മൂല്യമെന്നത് അവന്റെ ബാഹ്യസൗന്ദര്യവും, പണവും ,പ്രശസ്തിയും ഒക്കെയാണെന്ന്.. ഈ വിശ്വാസത്തിൽ ജീവിക്കുകയാണെങ്കിൽ ജീവിതം ഇല്ലായ്മയുടെ കുരുക്കിൽപ്പെട്ട് വലയും. സ്നേഹമെന്ന വികാരം നമ്മളെയൊക്കെ അടിമകളാക്കും. സ്നേഹം – അത് ദൗർബല്യമാണ്. എന്നാൽ ദൗർബല്യങ്ങളെ അതിജിവിക്കേണ്ടതും അത്യാവശ്യം തന്നെ..ഓരോ ബന്ധങ്ങളിലും നാം തേടുന്നത് സ്നേഹത്തെയാണ്, പക്ഷെ ഒരു കാര്യമുണ്ട്. ആരിൽ നിന്നും തന്നെ നമുക്ക് ശാശ്വതമായ സ്നേഹവും കരുതലും കിട്ടില്ല… അതല്ലേ സത്യം..? അനുഭവം? നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ, ആഗ്രഹിക്കുന്ന വേളയിൽ ആർക്കും തന്നെ നമ്മളെ സ്നേഹിക്കാൻ കഴിയുകയില്ല… അപ്പോഴൊക്കെ നമ്മൾ ഒറ്റപ്പെട്ടവരായി തോന്നും.. അപ്പോഴൊക്കെ ഏകാന്തത മനസിനെ കാർന്നുതിന്നുന്ന ഒരു അനുഭവമായിരിക്കും. ജീവിതത്തെ കൂടുതൽ ഊഷ്മളമാക്കാൻ ചില വഴികൾ…
* സൂര്യോദയത്തിന് മുൻപ് തന്നെ എഴുന്നേല്ക്കുക.
*ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിക്കുക. ഒരു നല്ല ദിവസത്തിന്റെ തുടക്കം പ്രാർത്ഥനക്കൊപ്പമാവണം. മൊബൈലിനും, ലാപ്‌ടോപിനുമൊപ്പം അല്ല.
*ദൈവം നിങ്ങൾക്ക് സമ്മാനിച്ച എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി രേഖപ്പെടുത്തുക. തനിക്കെന്ത് ഭാഗ്യം എന്ന ചിന്ത വേണ്ട.. ഇപ്പോൾ നിങ്ങളുടെ കൈയിൽ പത്രമുണ്ട്, പക്ഷെ ഈ ലോകത്തുള്ള എത്രയോ പേർക്ക് ഇന്നും എഴുത്തും ,വായനയും അന്യമാണ്. പത്രം പോയിട്ട് ഒരു നേരത്തെ ആഹാരം പോലും ഇന്നും പലർക്കും സ്വപനമാണ്.
*ധാരാളം വെള്ളം കുടിക്കുക. ഇത് ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കും. വെറും വയറ്റിൽ ചായ നന്നല്ല. ഇത് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കും.
*ധ്യാനം, വ്യായാമം ഇവ ശീലിക്കുക.
*പ്രാതൽ ഒരു കാരണവശാലും ഒഴിവാക്കരുത്.
*വലിയ സ്വപ്നങ്ങൾ കാണുക. അത് സാക്ഷാത്ക്കരിക്കാൻ ഈ നിമിഷം മുതൽ ശ്രമിക്കുക.
ഒറ്റയ്ക്കാണെങ്കിലും ഓണവും, വിഷുവും ,ന്യൂ ഇയർ പോലുള്ള എല്ലാ വിശേഷ ദിവസങ്ങളും അഘോഷിക്കുക. ജീവിതം ആഘോഷമാക്കിയാൽ പിന്നെ ജീവിക്കാൻ തന്നെ സമയം കഷ്ടിച്ചേ കിട്ടുകയുള്ളു… പിറന്നാൾ ദിനത്തിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന വസ്തുക്കൾ നിങ്ങൾക്ക് തന്നെ സമ്മാനമായി വാങ്ങുക. നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ആൾ നിങ്ങൾ തന്നെയാണ്. അത് മറക്കരുത്. വെറുതെ സമയം കളയുമ്പോഴാണ് നൊമ്പരപ്പെടുത്തുന്ന അനാവശ്യ ചിന്തകൾ മനസ്സിലേക്ക് നുഴഞ്ഞു കയറുന്നത്. സമയമുണ്ടെങ്കിൽ വീട് വൃത്തിയാക്കുക. വീട്ടിലെ ഫർണിച്ചറും മറ്റും സ്ഥാനം മാറ്റിയിടുക. ഇത് വീട്ടിലൊരു പുതിയ അന്തരീക്ഷം സൃഷ്ടിക്കും. ഇവിടെ എല്ലാവരും നോവുന്നവരാണ്, ഉറ്റവരുടെ മരണവും അകല്‍ച്ചയും സഹിച്ചവര്‍… കാലം മുന്നോട്ട് പോകുന്തോറും വേദനകള്‍ കുറേശ്ശെയായി മാഞ്ഞു തുടങ്ങും.. ഓരോ ഇരുളിനും ഒരു പകലുണ്ടാകും. എന്നും പുതുമകൊണ്ടു വരുന്ന സൂര്യനാണ് അതിന് സാക്ഷി… നാളെയില്‍ പ്രതീക്ഷ അര്‍പ്പിക്കുക. വിശ്വാസമാണ് എന്നും നമ്മുടെ രക്ഷ… തോല്‍ക്കില്ലെന്ന വിശ്വാസം… ജീവിതത്തില്‍ എന്തൊക്കെ വിഷമങ്ങള്‍ വന്നാലും മനസ്സില്‍ സത്യസന്ധത ഉണ്ടെങ്കില്‍ എത്ര വീണാലും എഴുനേല്‍ക്കാനുള്ള ശക്തി നമുക്ക് ഈശ്വരന്‍ തരും.. നമുക്കെന്തൊക്കെ കുറവുകളുണ്ടെങ്കിലും, ന്യൂനതകളുണ്ടെങ്കിലും ഈശ്വരന്റെ മുന്നില്‍ നമ്മള്‍ തുല്യരാണ്.. പിന്നെ കൊത്തുകള്‍ കൂടുതല്‍ കൊണ്ട കല്ലാണ് എപ്പോഴും ശില്പമായി ഉയരുന്നത്.. നമ്മുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാല്‍ക്കരിക്കപ്പെടുന്ന ഒരു നല്ല ദിവസം വരും.. ജീവിക്കാന്‍ വേണ്ടത് മനക്കരുത്താണ്. അതുണ്ടെങ്കില്‍ നിങ്ങള്‍ തോല്‍ക്കില്ല…. ഇന്ന് നിങ്ങൾ ആരാണെങ്കിലും, എവിടെയാണെങ്കിലും, ഈ ലോകത്തിന് മുൻപിൽ തോറ്റു തലകുനിച്ച് നിൽക്കുകയാണെങ്കിൽ പോലും ഒരൽപം സ്നേഹവും, സഹാനുഭൂതിയും തീർച്ചയായും അർഹിക്കുന്നവരാണ് നിങ്ങൾ. വരും നാളുകളെ നിർവചിക്കാൻ പറ്റില്ല. ഇന്ന് വഴിമുട്ടി നിൽക്കുന്നവൻ നാളെ ചിലപ്പോൾ ശ്രേഷ്ഠതയുടെ കൊടുമുടിയിലായിരിക്കും. സ്വന്തം ജീവനോടും, അന്യരുടെ ജീവിതത്തോടും ഒരൽപം കരുണ കാണിക്കുന്നത് ലോകത്തെ കൂടുതൽ സുന്ദരമാക്കും. എല്ലാ കുറവുകളോടും കൂടിയ നമ്മളെ നമുക്ക് സ്നേഹിക്കാനും ഉൾക്കൊള്ളാനും കഴിയണം. വിശ്വസിക്കുക നല്ല നാളുകൾ വരാനിരിക്കുന്നു… കാരണം നല്ലവർക്കെന്നും നല്ലതേ വരൂ…