നിത്യ യാത്രിക, നിന്റെ വിയർപ്പാൽ നനച്ചല്ലോ
കത്തുന്ന വേനൽ ചൂടിൽ
വരണ്ടൊരീ മണ്ണിനെ
മൃത്യു പോൽ നിശ്ശബ്ദമീ
ഭുമിയിൽ നീ പെയ്തല്ലോ
ഹൃത്തടംകുളിർപ്പിക്കും മഴയായ് വീണ്ടും വീണ്ടും!
നിനക്കായ്വിരിഞ്ഞില്ല പൂക്കൾ തേൻചുരത്തുവാൻ
നിനക്കായുണർന്നില്ല
പക്ഷികൾ
ഗാനം ചെയ്വാൻ
നിനക്കായുദിച്ചില്ല
പൗർണ്ണമി തിങ്കൾവാനിൽ
തനിച്ചു നടക്കുമ്പോൾ
നിഴലായ്
വന്നില്ല ഞാൻ!
പിന്നിട്ട വഴിയെല്ലാം
നിന്റെ രക്തത്താൽ സിക്തം
മുന്നിലോ, നീളും
ചക്രവാളത്തിന്നനന്തത!
പിൻതിരിഞ്ഞില്ലാ, പൂത്ത
വസന്തം നുകർന്നില്ലാ
എന്തിനോ വേണ്ടിയെന്നു –
മലഞ്ഞൂ നീയേകനായ്!
നിത്യവും വന്നൂ നീയെൻ
നിദ്രയിൽ, സ്വപ്നങ്ങളിൽ
ഇഷ്ടസങ്കൽപ്പങ്ങളെ
തുരത്തീ നിൻ നോട്ടത്താൽ
വിശപ്പിൻ കരം നീട്ടി വിളിച്ചു, വെറുംവാക്കിൻ
വിളർത്ത മുഖത്തോടെ
നിന്നു ഞാനപ്പോഴെല്ലാം
പറിച്ചു മാറ്റാനായ് ഞാൻ
കിണഞ്ഞു നോക്കുമ്പോൾ നീ
തെറിച്ച വിത്തായ് പൊട്ടി –
ച്ചിതറി മുളയ്ക്കുന്നു
മുറിച്ചു വെക്കുന്നു നീ
കടുത്ത വേനൽക്കാലം
തുടുത്ത പഴങ്ങളാ-
യെനിക്കു നുകർന്നീടാൻ!
നിനക്കായൊരുക്കേണ്ട –
തെന്തു ഞാൻ, ഹൃദ്രക്തത്താൽ
നനഞ്ഞ പുരാവൃത്തമാകുമീ
ചങ്ങാത്തമോ?
വെറുതെ മൂളും പാട്ടിൻ
വിറയ്ക്കും സ്വരങ്ങളോ?
കറുത്ത ദിനങ്ങളിൽ
കുറിക്കും കവിതയോ….?