ഒരു പ്രദേശത്തെക്കുറിച്ചും അവിടുത്തെ ജനങ്ങള്‍, ഭൂപ്രകൃതി, ഭാഷ, സാഹിത്യം, സംഗീതം, സിനിമ എന്നിവയേക്കുറിച്ചും ഹ്രസ്വമായും എന്നാല്‍ അതി മനോഹരവുമായ രീതിയില്‍ എങ്ങിനെ അവതരിപ്പിക്കാം?
ഒന്ന് ചിന്തിച്ചു നോക്കൂ. . .
പല രീതിയില്‍ ചെയ്യാം അല്ലെ.

എന്നാല്‍ ഞാന്‍ വിവരിക്കാൻ പോകുന്ന ഈ കഥ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.
വൈകിട്ട് ഓഫീസില്‍ നിന്നും വന്നാല്‍ വിവിധ് ഭാരതിയുടെ ‘ജയ്മാല’ കേൾക്കുക എന്നത് ഒരു ശീലമായിരുന്നു. വിദൂര ദേശങ്ങളിൽ ജോലി ചെയ്യുന്ന സൈനികര്‍ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ അവരുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ വേണ്ടി പ്രക്ഷേപണം ചെയ്യുന്ന ഒരു പ്രോഗ്രാം. ഗൃഹാതുര സ്മരണകളിൽ ജീവിക്കുന്ന ഏതൊരു പ്രവാസിയും കേൾക്കാൻ ഇഷ്ടപെട്ടിരുന്ന മനോഹരമായ ഹിന്ദി ഗാനങ്ങള്‍ അതിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു.
വൈകിട്ട് ഏഴ് മുതല്‍ ഏഴ് നാല്‍പതു വരെയാണ് പ്രക്ഷേപണം. എല്ലാ ശനിയാഴ്ചയും ഏതെങ്കിലും പ്രശസ്തയായ വ്യക്തികളായിരിക്കും അവതാരകർ. വീണ്ടും അത് ഞായറാഴ്‌ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പുന: സംപ്രേഷണം ചെയ്യും.
ഒരിക്കല്‍ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജഞനും സംഗീത സംവിധായകനുമായിരുന്ന ശ്രീ. രഘുനാഥ് സേഠ് ആയിരുന്നു അവതാരകൻ. കുറെ നല്ല ഗാനങ്ങളും അനുഭവങ്ങളും പങ്കു വച്ചതിന് ശേഷം അദ്ദേഹത്തിന് വിട ചോദിക്കേണ്ട സമയമായി. ഇനി ഒരു ഗാനം കൂടി. അതേതായിരാക്കും എന്ന ആകാംക്ഷയോടെ കാതോർത്തിരിക്കവേ അദ്ദേഹം പറഞ്ഞു. “നിങ്ങളോടു വിട ചൊല്ലുന്നതിനു മുമ്പായി ഈയിടെ എനിക്കുണ്ടായ ആനന്ദകരമായ ഒരു അനുഭവ നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ തെക്കേ അറ്റത്ത് പ്രകൃതിയാൽ അനുഗ്രഹീതമായ ഒരു സുന്ദര പ്രദേശമുണ്ട്, കേരളം. സുമുഖരായ അവിടത്തെ താമസക്കാർ മലയാളം എന്ന മനോഹരമായ ഭാഷയില്‍ ആണ് സംസാരിക്കുക. ആ ഭാഷയിലെ അതി പ്രശസ്തനായ ഒരു സാഹിത്യകാരനാണ് ശ്രീ. എം. ടി. വാസുദേവന്‍ നായര്‍, അദ്ദേഹം ചില സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതിയ “ആരണ്യകം” എന്ന പേരിലുള്ള തിരക്കഥ ഹരിഹരന്‍ എന്ന സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ സംഗീത സംവിധാനം നിർവ്വഹിക്കാനുള്ള നിയോഗം എനിക്കാണ് ലഭിച്ചത്. ഞാന്‍ അതൊരു സൗഭാഗ്യമായി കരുതുന്നു. ആ ഭാഷയിലെ പ്രശസ്ത കവി ശ്രീ. ഓ. എൻ. വി. കുറുപ്പ് എഴുതിയ കവിത പാടാനെത്തിയത് ഞാന്‍ ഇന്നേവരെയുള്ള എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും ടാലന്റ് ഉള്ള ചിത്ര എന്ന പെണ്‍കുട്ടി ആയിരുന്നു. മനോഹരമായ ആ ഗാനം നിങ്ങള്‍ക്കായി സമർപ്പിച്ചുകൊണ്ട് ഞാന്‍ വിട ചോദിക്കുന്നു, നന്ദി, നമസ്കാരം, ജയ്ഹിന്ദ് “
തൊട്ടു പിന്നാലെ കേൾക്കാൻ തുടങ്ങി ‘ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ല. . . . . . ‘. ജയ്മാലയുടെ ചരിത്രത്തിൽ ഒരു പക്ഷെ ആദ്യവും അവസാനവും ആയി ഒരു മലയാള ഗാനം പ്രക്ഷേപണം ചെയ്തു കേട്ടു.
വാക്കുകളാൽ വിവരക്കാനാകാത്ത ആനന്ദവും, അഭിമാനവും ആവേശവും ആണ് ഇന്നും ആ ഓർമ്മകൾ എനിക്ക് നൽകുന്നത്.