ഭൂജാതനായി ഏകദേശം ഒന്നര വർഷത്തിനും രണ്ടു വർഷത്തിനും ഇടയിലാണത്രെ രവിക്കുട്ടൻ പകുതി മുട്ടില്‍ ഇഴഞ്ഞും പകുതി ആടിയാടി നടന്നും. മുറ്റത്തു ഇറങ്ങി പോയി ആരും കാണുന്നില്ല എന്ന് വിചാരിച്ചു കുറെ മണ്ണ് വാരി വായിൽ ഇടുന്നത്, പക്ഷെ യഥാർത്ഥത്തിൽ വാതിലിനു പുറകിൽ ഈ സംഭവം കണ്ടു കൊണ്ട് മൂന്നു പേരുണ്ടായിരുന്നു. അപ്പോൾ തന്നെ മുറ്റത്തേക്ക് ഓടി വന്ന അമ്മൂമ്മയും അമ്മയും ജോലിക്കാരി വസന്ത ചേച്ചി ഒന്നാമിയും ഒരു പോലെ പറഞ്ഞു
“അയ്യോ, ശെരിക്കും കള്ളകൃഷ്ണ്ണന്‍ തന്നെ”
ഉള്ള വൃത്തികെട്ട മണ്ണ് മുഴുവന്‍ തൊണ്ടയില്‍ കുടുങ്ങി അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ ചക്ര ശ്വാസം വലിക്കുക ആയിരുന്ന രവിക്കുട്ടനു ഇവര്‍ ഇത്ര ആസ്വദിച്ചു ചിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല,
“ഡാ ചക്കരക്കുട്ടാ നീ മണ്ണ് തിന്നോ”
എന്ന് അമ്മ ചോദിച്ചപ്പോള്‍ രവിക്കുട്ടന്‍, പണ്ട് കൃഷ്ണന്‍ ചെയ്തത് പോലെ നിഷേധിച്ചോന്നുമില്ല, കാരണം അന്ന് കൃഷ്ണന്റെ കഥകള്‍ ഒന്നും രവിക്കുട്ടന് അറിയില്ലായിരുന്നു എന്നതിനാൽ തന്നെ.
” കണ്ണില്‍ കണ്ട ഗോപികമാരെ ഒക്കെ പഞ്ചാര അടിച്ചു, പ്രേമിച്ചു, ഓടി നടന്നു പെണ്ണ് കെട്ടി”
അത് കൊണ്ട് തന്നെ വാ തുറക്ക്, കാണട്ടെ എന്ന് അമ്മ പറയേണ്ട ആവശ്യവും ഇല്ലായിരുന്നു, എന്നിട്ടും അമ്മ പറഞ്ഞു “വാ തുറക്ക്”.
ഉടനെ “ആ” എന്ന് പറഞ്ഞു രവിക്കുട്ടൻ വാ മുഴുവൻ തുറന്നു കാണിച്ചു കൊടുത്തു, പണ്ട് യശോദ കണ്ടപോലെ പ്രപഞ്ചം ആകെ ആണോ അമ്മ ആ വായ്ക്കുള്ളില്‍ കാണാന്‍ കൊതിച്ചിരുന്നത് എന്ന് അറിയില്ല.
എന്തായാലും അമ്മ കണ്ടത് ആ മണ്ണ് മുഴുവന്‍ രവിക്കുട്ടൻ കഷ്ട്ടപ്പെട്ടു വിഴുങ്ങാന്‍ ശ്രമിക്കുന്നതാണ്. ഉടനെ തന്നെ തലയ്ക്കു തട്ടി കുറെ തുപ്പിക്കുകയും, വാ കഴുകിക്കുകയും ഒക്കെ ചെയ്തു. സൗജന്യമായി പ്രപഞ്ചം കാണാന്‍ പറ്റാത്ത ദേഷ്യത്തില്‍ അമ്മൂമ്മ രവിക്കുട്ടനെ കുറെ വഴക്ക് പറയുകയും ചെയ്തു.
പിന്നെ കുറച്ചു കാലങ്ങൾക്ക് ശേഷം അതായതു ഒരു നാല് വയസ്സ് ആകാറായപ്പോള്‍ ആണ് ഒരു ദിവസം രവിക്കുട്ടൻ കുറെ കൂട്ടുകാരെയും കൊണ്ട് വന്നു അടുക്കളയില്‍ വെച്ചിരുന്ന കുറെ സാധനങ്ങള്‍ അടിച്ചു മാറ്റി തിന്നുന്നത്. കഷ്ട്ടകാലത്തിനു അതില്‍ കുറച്ചു വെണ്ണയും ഉണ്ടായിരുന്നു. നല്ലൊരു കഥാകൃത് ഉള്ളിൽ ഉറങ്ങിയിരുന്ന വസന്ത ചേച്ചി അമ്മയോടും അമ്മൂമ്മയോടും പോയി പറഞ്ഞത് വെണ്ണ രവിക്കുട്ടന്‍ മോഷ്ടിച്ചു കൂട്ടുകാര്‍ക്കു കൊടുത്തു പിന്നെ തനിയെ തിന്നുകയും ചെയ്തു എന്നാണ്.
അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അമ്മയും അമ്മൂമ്മയും ഹോ എന്റെ കൃഷ്ണാ എന്ന് പറഞ്ഞു വായില്‍ വെണ്ണയുമായി അന്തം വിട്ടു പണ്ടാരം അടങ്ങി നില്‍ക്കുന്ന രവിക്കുട്ടനെ നോക്കി നില്‍ക്കവേ ആണ് സംഭവം എല്ലാം അറിഞ്ഞു അങ്ങോട്ട് വന്ന അമ്മാവന്‍ രവിക്കുട്ടന്റെ തലക്കിട്ടു “ടപേ ടപേ ടപേ” എന്ന് മൂന്നു തവണ കൊട്ടുന്നത്.
അകാരണമായ ആക്രമണത്തിൽ പകച്ച പാവം രവിക്കുട്ടന്‍ വലിയ വായില്‍ കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി, അപ്പോള്‍ അമ്മൂമ്മ അമ്മാവനോട് ചോദിച്ചു..,
ഡാ നീ വലിയ കൃഷ്ണഭക്തന്‍ അല്ലെ
അതെ..
എന്നിട്ടാണോ നീ അവനെ ഈ കുറ്റത്തിന് ശിക്ഷിച്ചത്?
അപ്പോള്‍ അമ്മാവന്‍ പറഞ്ഞു,
“ഞാന്‍ കൃഷ്ണ ഭക്തന്‍ തന്നെ, ഈ ചെറുക്കൻ ഒന്നര വയസ്സില്‍ എന്ത് ചെയ്തു?”
“ലവൻ മണ്ണ് വാരി തിന്നു” കോറസ് മറുപടി..
“ശെരി നാല് വയസ്സില്‍ അവൻ എന്ത് ചെയ്തു? “
“വെണ്ണ കട്ട് തിന്നു”
“ശെരി, ഇതെല്ലാം ആര് ചെയ്യുന്ന പോലെ തോന്നി”
“സാക്ഷാല്‍ കൃഷ്ണന്‍ തന്നെ”
” ശെരി, ആ കൃഷ്ണന്‍ പതിനെട്ടു വയസ്സില്‍ എന്താണ് ചെയ്തത്?”
“നീ തന്നെ പറ”
” കണ്ണില്‍ കണ്ട ഗോപികമാരെ ഒക്കെ പഞ്ചാര അടിച്ചു, പ്രേമിച്ചു, ഓടി നടന്നു പെണ്ണ് കെട്ടി”
” അയ്യയ്യോ ഒള്ളത് തന്നെ” അമ്മൂമ്മ മൂക്കിൽ വിരൽ വെച്ചു!
“പിന്നെ പത്തൊൻപത് വയസ്സിൽ എന്ത് ചെയ്തു?”
“ഇങ്ങനെ ചോദ്യം ചോദിക്കാതെ നീ തന്നെ പറയെടെ” അമ്മൂമ്മ കോപാകുലയായി.
“കൃഷ്ണൻ സ്വന്തം അമ്മാവനെ കൊന്നു, ആരെ? അമ്മാവനെ, അമ്മൂമ്മയെയും, അമ്മയെയും, ജോലിക്കാരിയെയും അല്ല, കേട്ടല്ലോ. കാര്യങ്ങൾ ഈ പോക്ക് പോവുകയാണെങ്കിൽ ഇവന്‍ അതും ചെയ്യും അതിനപ്പുറവും ചെയ്യും. അത് കൊണ്ട് ഒരു മുന്‍കൂര്‍ കൊട്ട് തലയ്ക്കു കൊടുത്തതാണ്, നന്നാവുന്നെങ്കിൽ നന്നാവട്ടെ”
കരഞ്ഞു കൊണ്ട് അകത്തു പോയെങ്കിലും ന്യൂസ് പിടിക്കാൻ കതകിനു പുറകിൽ ഒളിച്ചു നിന്നിരുന്ന രവിക്കുട്ടന്‍ അപ്പോൾ ആലോചിച്ചു…
ഗോപികമാരോ? അതെന്തു കുന്തം?