സഞ്ചരിക്കുന്ന നിഘണ്ടുവും അപാര സംസ്‌കൃത പണ്ഡിതനും വിദ്വാനും കവിയും ആയ ഗജരാജ ഭട്ടതിരിപ്പാട് ഒരു തവണ അപ്പൂപ്പനെ കാണാൻ വന്നു. പലവിധ വിഷയങ്ങളിൽ ഗഹനമായ ആശയവിനിമയം നടക്കുന്നതിനിടെ രവിക്കുട്ടൻ സദസ്സിലേക്ക് കടന്നും കിടന്നും ചെല്ലുകയുണ്ടായി. കലയിലും കളിയിലും സാമൂഹ്യ വിജ്ഞാനത്തിലും വേദാദി പുരാണങ്ങളിലും രവിക്കുട്ടൻ ആ പ്രായത്തിലെ കൈ വരിച്ചിരുന്ന നൈപുണ്യം ലോക പ്രസിദ്ധമായിരുന്നല്ലോ. അത് കൊണ്ട് തന്നെ അപ്പൂപ്പന്റെ പ്രത്യേക സ്‌നേഹത്തിനും വാത്സല്യത്തിനും രവിക്കുട്ടൻ പാത്രീഭൂതൻ ആയതിൽ അതിശയത്തിന് അവകാശമില്ല തന്നെ.
മേൽച്ചൊന്ന കാരണങ്ങളാൽ തന്നെ അവിടെ ഉള്ള നാൽക്കാലികളിൽ ഒന്നിൽ അപ്പൂപ്പൻ രവിക്കുട്ടനെയും ഉപവിഷ്ടനാക്കി. ജ്ഞാനപീഠം കയറാൻ തക്ക പ്രാവീണ്യം കൈവരിച്ച സമർത്ഥൻ ആണ് ഈ പ്രായത്തിൽ തന്നെ രവിക്കുട്ടൻ എന്ന് അപ്പൂപ്പൻ ഭട്ടതിരിപ്പാടിനെ അറിയിച്ചു. കേമം തന്നെയല്ലോ ഈ കുഞ്ഞിന്റെ പ്രതിഭ എന്ന് ഭട്ടതിരിപ്പാടും മൂക്കത്തും മറ്റും കൈ വെച്ച് അതിശയിച്ചു.
ഇവ്വിധം ദൈവാംശം ഉള്ള കുഞ്ഞുങ്ങൾ കലികാലത്തും ജനിക്കുന്നുണ്ടല്ലോ ശിവ ശിവാ എന്നായി ഭട്ടതിരിപ്പാടിന്റെ കൂടെ വന്ന കുട്ടതിരിപ്പാട്. പൊടുന്നനെ ഭട്ടതിരിപ്പാട് രവിക്കുട്ടനോട് ചില ചോദ്യങ്ങൾ ആരായാൻ തുടങ്ങി. എന്നോടോ പരീക്ഷണം എന്നുള്ള രീതിയിൽ പ്രസന്നവദനൻ ആയ രവിക്കുട്ടൻ ആശങ്ക ലവലേശം ഇല്ലാത്ത ഉത്തരം പറവാനും.
ഇവ്വിധ സംഗതി കേട്ടറിഞ്ഞ ജനം അവിടെ തിങ്ങി നിറഞ്ഞു ,ആനന്ദ പുളകിതരായി ചോദ്യോത്തരാവലി കേട്ടു.
ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?
ഓംകാരം.
ഓംകാരത്തിന്റെ മറ്റൊരു പേരെന്ത്?
പ്രണവം.
ത്രിമൂ൪ത്തികള്‍ ആരെല്ലാം?
ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍
ശിവന്‍റെ മൂന്ന് പര്യായപദങ്ങള്‍?
ശംഭു, ശങ്കരന്‍, മഹാദേവന്‍
ചതുരുപായങ്ങള്‍ ഏതെല്ലാം?
സാമം, ദാനം, ഭേദം, ദണ്ഡം
വേദങ്ങള്‍ എത്ര?
വേദങ്ങള്‍ ആറ്
എന്ത്? ജനം ഞെട്ടി, കൂടെ ഭട്ടതിരിപ്പാടും കുട്ടതിരിപ്പാടും അപ്പൂപ്പനും മറ്റു വിദ്വൽ ഗണങ്ങളും.
വേദങ്ങൾ നാലല്ലേ കുഞ്ഞേ? ഭട്ടതിരിപ്പാട് ചോദിച്ചു
അവ ഏവ? രവിക്കുട്ടൻ ആരാഞ്ഞു
ഋഗ്, യജുർ, സാമം, അഥ൪വ്വം അവ മാത്രമല്ലെ വേദങ്ങൾ?
ഹാഹാഹാഹാഹാഹാ അല്ലേയല്ല, വേദങ്ങൾ ഇനിയും ഉണ്ട് രണ്ടെണ്ണം,
ഭട്ടതിരിപ്പാട് കസേരയിൽ നിന്നുമിറങ്ങി സാവധാനം ആ മഹാനായ കുഞ്ഞിന്റെ കാൽക്കൽ നമസ്കരിച്ചു,
അല്ലയോ മഹാത്മൻ, എന്റെ അഹങ്കാരം നശിച്ചു, എന്നിലെ അറിവിനെ അങ്ങ് അങ്ങയുടെ കഴിവ് കൊണ്ട് കീഴടക്കി, ആട്ടെ നാം അറിയാത്ത ആ വേദങ്ങൾ ഏതെല്ലാം? അറിവിന്റെ പ്രകാശം കൊണ്ട് അജ്ഞതയുടെ ഇരുട്ടിനെ അകറ്റിയാലും
രവിക്കുട്ടന്റെ മുഖം തിളങ്ങി, അറിവിന്റെ നിറകുടം ആയ രവിക്കുട്ടൻ മുഴങ്ങുന്ന ശബ്ദത്തിൽ ഇപ്രകാരം മൊഴിഞ്ഞു
അല്ലയോ ഭട്ടതിരിപ്പാട്,
മൊഴിഞ്ഞാലും
വേദങ്ങൾ ആറ്, ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ വേദം…
ഈ അജ്ഞാനി അറിയാത്ത മറ്റു രണ്ട് വേദങ്ങൾ?
ആയുർവേദം, രതിനിർവേദം..!
കൃത്യം പത്തു നിമിഷത്തിനു ശേഷം ഭട്ടതിരിപ്പാടിനെ ഊളമ്പാറ ഭ്രാന്താശുപത്രിയിലും ദേഹമാസകലം ഒടിവ് ചതവുകളോടെ രവിക്കുട്ടനെ ജെനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു എന്ന് കൊട്ടാരം രേഖകളിൽ കാണുന്നു, ആത്മഹത്യ ചെയ്ത അപ്പൂപ്പനെപ്പറ്റി രേഖകളിൽ ഒന്നും പറയുന്നുമില്ല!..