ദേശീയതലത്തിൽ ജനതാദൾ പരിവാറുകളുടെ ഐക്യത്തിലൂന്നിയുള്ള മഹാസഖ്യത്തിനു ശ്രമം തുടങ്ങി. രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലല്ലു പ്രസാദ് യാദവും സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവുമാണു ഈ നീക്കത്തിനു ചുക്കാൻ പിടിക്കുന്നത്. സംഖി മുക്ത ഭാരതമെന്ന ലക്ഷ്യത്തിൽ ഊന്നിയാണു പുതിയ ശ്രമങ്ങൾ. വരാനിരിക്കുന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് അതിന്റെ ലിറ്റ്മസ് ടെസ്റ്റ് ആകുമോയെന്നാണു അറിയേണ്ടത്. സമാജ് വാദി പാർടിയുടെ രജത ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലല്ലു പ്രസാദ് യാദവ് കഴിഞ്ഞ ആഴ്ച ഉത്തർ പ്രദേശിൽ എത്തിയതോടെയാണു ഈ നീക്കങ്ങൾ ഊർജിതമായത്. ജനതാപരിവാറിലെ ഇതര നേതാക്കളുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കും. ഈ നീക്കത്തെ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ(യു) നേതാവുമായ നിതീഷ് കുമാർ പിന്തുണയ്ക്കുമോയെന്ന ആശങ്ക നില നിൽക്കുന്നുണ്ട്. എന്നാൽ ഇതിനെ പിന്തുണയ്ക്കണമെന്ന നിലപാടാണു ആ പാർടിയിൽ പൊതുവെയുള്ളത്.
ജനതാദൾ ( യു) നേതാവ് ശരദ് യാദവ്, രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിങ് എന്നിവരുമായിട്ടായിരിക്കും പ്രധാന കൂടിക്കാഴ്ച. സമാജ് വാദി പാർടിയിൽ സമീപകാലത്ത് ഉണ്ടായ അധികാര തർക്കവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തടയിട്ട് പാർടി ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകുകയും ഇതിനു പിന്നിലെ ലക്ഷ്യമാണ്. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവും മുലായത്തിന്റെ സഹോദരൻ ശിവപാൽ യാദവും തമ്മിലുള്ള ചേരിപ്പോരിൽ മുലായം ശിവപാൽ യാദവുനൊപ്പമായിരുന്നു. വേണ്ടിവന്നാൽ പാർടി പിളർത്തുമെന്നുള്ള അഖിലേഷിന്റെ ഭീഷണി അതിജീവിക്കുക കൂടിയാണു മുലായം ലക്ഷ്യമിടുന്നത്. മഹാസഖ്യത്തിലേക്ക് കോൺഗ്രസ് പിന്തുണ തേടാനും മുലായം ഒരുക്കമാണു. എന്നാൽ ബിഹാറിനു പിന്നാലെ ഉത്തർ പ്രദേശിലെ തിരിച്ചടി ഏറ്റുവാങ്ങാൻ ബിജെപി തയ്യാറല്ല. പുതിയ നീക്കങ്ങൾ അവരുടെ സ്വൈരം കെടുത്തുന്നുണ്ട്.അത് ഒരു സംസ്ഥാനത്തിലേക്കു മാത്രമുള്ള തിരഞ്ഞെടുപ്പല്ല.ദേശീയ രാഷ്ട്രിയത്തിൽ ബിജെപിയുടെ നിലനില്പുമായി ബന്ധപ്പെട്ട വിഷയമാണ്.പല നിയമങ്ങളും നടപ്പിലാക്കാൻ രാജ്യസഭയിൽ ഭുരിപക്ഷം നേടേണ്ടതുണ്ട്.നിലവിൽ രാജ്യസഭയിൽ ബിജെപു ന്യൂനപക്ഷമാണു.ആ സ്ഥിതിക്കു മാറ്റം വരണമെങ്കിൽ ഉത്തർ പ്രദേശെന്ന വലിയ സംസ്ഥാനം കൂടെ നിൽക്കണം.അതുവഴി സംഘ പരിവാർ അജണ്ഡകൾ സ്വഛന്ദം നടപ്പിലാക്കാനാകും. ദേശീയത തന്നെയാണവരുടെ പ്രതിരോധം.ഈ സാഹചര്യത്തിലാണു അതിർത്തി കേന്ദ്രീകരിച്ച് വ്യാജ ഇന്ത്യൻ കറൻസികൾ കൂടുതൽ വ്യാപകമായി പ്രചരിക്കുന്നുവെന്ന തിരിച്ചറിവ്.ഈ സാഹചര്യം ബിജെപി വിദഗ്ധമായി ഉപയോഗിച്ചുവെന്നു കരുതുന്നവരുണ്ട്.മഹാസഖ്യത്തെ ആദർശ രാഷ്ട്രീയം മുൻ നിർത്തി പ്രതിരോധിക്കാനുള്ള ബിജെപി നീക്കങ്ങൾ എത്ര ഫലപ്രദമാകുമെന്നു കണ്ടറിയണം.മഹാസഖ്യത്തിന്റെ മുൻ നിരയിൽ നിൽക്കുന്നവരുടെ ആദർശ രാഷ്ട്രീയത്തെപ്പറ്റി പൊതു സമൂഹത്തിനു അത്രയ്ക്കു മതിപ്പില്ലെന്ന വസ്തുതയുമുണ്ട്