നാട്ടില്‍ ഒരു കല്യാണ വീട്ടില്‍വെച്ചാണ് ദീലീപിനെ ഞാന്‍ വീണ്ടും കാണുന്നത്.
എനിക്കാദ്യം സംശയം തോന്നിയതിനാല്‍ ഞാന്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി
എന്നെ കണ്ടതും അവനോടി അടുത്തെത്തി പെട്ടെന്നവന്‍ കുനിഞ്ഞു എന്റെ കാലില്‍ തൊട്ടു. ഞാനൊന്ന് അമ്പരന്നു ചോദിച്ചു
എന്താ മോനെ ?
അവന്‍ എന്‍റെ കൈകള്‍ പിടിച്ചു അവന്‍റെ കണ്ണില്‍ ചേര്‍ത്തു എന്നിട്ട് വല്ലാത്തൊരു ഭാവത്തോടെ എന്നോട് പറഞ്ഞു
“മറക്കാന്‍ ആവുന്നില്ല ഇളയമ്മേ, ഒടുവില്‍ ഇളയമ്മയെ കണ്ടത് മറക്കാനാവുന്നില്ല.”
“ദൈവമാണ് ….. ദൈവമാണ് നിങ്ങള്‍ ….. അന്ന് തിരിച്ചു പോരുബോള്‍ വണ്ടിയില്‍ വെച്ചാണ് പാപ്പന്‍ അതെന്നോട് പറഞ്ഞത്. ഞാന്‍ വണ്ടിയില്‍ ഇരുന്നു കുറെ കരഞ്ഞു. ഞാന്‍ മരിക്കും വരെ മറക്കില്ല ഇളയമ്മേ ആ ദിനം.”
ഞാന്‍ മുഖം കുനിച്ചു. എന്റെ ഓര്‍മ്മകള്‍ റാസല്‍ ഖൈമയിലെ പഴയ കാലങ്ങളിലേക്ക് ഊളിയിട്ടിറങ്ങി.
എന്റെ ഭര്‍ത്താവിന്റെ അകന്നൊരു ബന്ധുവാണ് ദീലീപ്. അബുദാബിയില്‍ ഒരു അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഇടയ്ക്കിടെ റാക്കില്‍ വിളിച്ചു അവന്റെ സങ്കടം പറയും.
ഒരിക്കലും വണ്ടി ഓടിയ്ക്കാന്‍ അയാള്‍ അവനു നല്‍കിയിരുന്നില്ല. വീട്ടുജോലി ചെയ്തും, പുറംപണി ചെയ്തും ചൂടില്‍ പുളഞ്ഞു കൊണ്ടവന്‍ ജീവിക്കാതെ ജീവിച്ചു.
സങ്കടത്തീച്ചൂടില്‍ ചാട്ടവാറടിയുടെ സീല്‍ക്കാരങ്ങള്‍ ഭയന്ന് ദീലീപ് കടം തീരും വരെ അവിടെ തുടര്‍ന്നു. ഒന്ന് പുറത്തു കടക്കാനുള്ള സ്വാതന്ത്ര്യം പോലും അവനുണ്ടായിരുന്നില്ല.
ചില നേരങ്ങളില്‍ ഒളിച്ചു നിന്നവന്‍ ഞങ്ങളുടെ ലാന്‍ഡ് ഫോണിലേക്ക് വിളിക്കും. മലയാളം സംസാരിച്ചു ആര്‍ത്തി തീരാത്ത പോലെ ശ്വാസം വിടാതെ എന്തൊക്കയോ ഒറ്റ ശ്വാസത്തില്‍ പറയും.
അവന്റെ ഫോണിലൂടെ ഒരു സങ്കടക്കടല്‍ ഇരമ്പിയാര്‍ത്ത് എന്റെ അകമുറിയില്‍ ഓളമിട്ടൊഴുകുന്നതായി അപ്പോളെനിക്ക് തോന്നാറുണ്ടായിരുന്നു.
കരച്ചിലും, പരാതിയും, നോവും, നിസ്സഹായതയും ഒക്കെ ചേര്‍ന്ന് അവന്‍റെ ശബ്ദം നേര്‍ത്തും ദുര്‍ബലപ്പെട്ടും മാറുന്നത് ഞാന്‍ അപ്പോഴൊക്കെ അറിഞ്ഞു.
വേണ്ടത്ര അന്വേഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ദീലീപ് എത്തപ്പെട്ടത് ഇത്തരം ഒരു അഴിയാക്കുരുക്കില്‍ ആയിരുന്നു. ഏട്ടന്‍റെ ബന്ധു ആണെങ്കിലും എന്നോടായിരുന്നു കൂടുതലും തൊഴില്‍ വേദനകളും കഷ്ടപ്പാടും അവന്‍ പങ്കുവച്ചിരുന്നത്.
ചിലനേരങ്ങളില്‍ അറബി തോട്ടത്തിലേക്ക് പോകുബോള്‍ അവന്‍ ആര്‍ത്തിയോടെ ഫോണ്‍ എടുത്ത് വാതോരാതെ സംസാരിക്കും, കരയും, പരിഭവിക്കും, ഈശ്വരനെ ചീത്തപറയും, പഠിക്കാന്‍ കഴിയാത്തതിനാല്‍ സ്വയം കുറ്റപ്പെടുത്തും. പാരമ്പര്യമായി ഒന്നും കരുതി വെയ്ക്കാത്ത തലമുറയിലെ പിന്‍ഗാമികളോട് ദേഷ്യപ്പെടും. മൂന്നിലേറെ മക്കളെ പെറ്റ് പ്രാരാബ്ധത്തിന്റെ ആക്കം കൂട്ടിയ മാതാപിതാക്കളെ കുറ്റപെടുത്തും.
വിവാഹസമയം തെറ്റിപ്പോയ സഹോദരിയും, ഹൃദ്രോഗിയായ അനിയനും അവന്‍റെ തീരാത്ത വേദനയിലെ തീപൊള്ളല്‍തീര്‍ത്ത കുമിളകള്‍ പോലെ ആയിരുന്നു.
ആയിടക്കാണ് എന്‍റെ അമ്മക്ക് സുഖമില്ലാതെയായത്. വിവരമറിഞ്ഞ്, നാട്ടിലേക്ക് പോകാനായി ഞാന്‍ ഒരുങ്ങുമ്പോള്‍ ആണ് ദീലീപ് എന്നെ വിളിക്കുന്നത്,
“ഞാന്‍ ഇന്ന് നാട്ടില്‍ പോകുന്നു ദിലീ… പോയി വന്നിട്ട് സംസാരിക്കാം” എന്നവനോട് ഞാന്‍ പറഞ്ഞു.
അപ്പോഴത്തെ മാനസ്സികാവസ്ഥയില്‍ കൂടുതലൊന്നും പറയാന്‍ ഞാനും അശക്തയായിരുന്നു.. അമ്മയുടെ അസുഖവിവരം അറിഞ്ഞു ഞാന്‍ വല്ലാതെ അസ്വസ്ഥയായിരുന്നു.
ഞാന്‍ നാട്ടില്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ മറു തലക്കില്‍ ദീലീയുടെ ശബ്ദം പിന്നെ കേട്ടില്ല. “ദീലീ….” ഞാന്‍ വിളിച്ചു, എന്നെ അമ്പരപ്പിച്ച് കൊണ്ട് ദീലീ കരയുകയായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കാന്‍ കുറച്ചു നേരമെടുക്കേണ്ടി വന്നു.
“എനിക്ക് ആരൂല്യാതായി ഇളയമ്മേ.. ഈ ലോകം തന്നെ എന്നില്‍ നിന്നും അകന്നു പോകും പോലെ തോന്നുന്നു ..”
അവന്‍ വിതുമ്പി കരയുന്നുണ്ടായിരുന്നു. ഇത്തവണ ഞാനൊന്ന് വല്ലാതായി. അവന്‍ ഗള്‍ഫില്‍ ആരുമായും അടുപ്പമില്ലാത്ത ഒരു തടവുമുറിയിലെ അടിമയായിരുന്നു എന്നെനിക്കറിയാം, മാത്രമല്ല ലോകത്തില്‍ ഒരു മനുഷ്യ ജീവിയുമായി സംസാരിക്കുന്നെങ്കില്‍ അത് ഞാന്‍ മാത്രമായിരുന്നു എന്നെനിക്കു അറിയാമായിരുന്നു.
ഇടയ്ക്കിടയ്ക്ക് വരുന്ന പെയ്തു തോരാത്തത്ര വാക്കുകളിലൊളിപ്പിച്ച മഴയായിരുന്നു എന്നെ തേടി വരുന്ന അവന്‍റെ ആ ഫോണ്‍ വിളികള്‍.
അവന്‍ എന്തിനാവോ ഇടയ്ക്കിടയ്ക്ക് എന്നെ വിളിച്ച് അതൊക്കെ പറഞ്ഞിരുന്നത് എനിക്കറിയില്ലായിരുന്നു. അവന്റെ ആശ്വാസമല്ലേ എന്നുകരുതി ഞാനതൊക്കെ മൂളിക്കേട്ടിരുന്നു.
മാസാദ്യം അവന്‍റെ ശബളം കൃത്യമാണെന്ന ആശ്വാസത്താല്‍ അവന്‍ അയാളുടെ മനസ്സിലാവാത്ത തെറിവിളികള്‍ കേട്ടു നിന്നു. അവനെകൊണ്ട് ജോലി ചെയ്യിച്ചിരുന്നില്ലത്രെ. കാരണം ചോദിച്ച അവന്‍ ഗൂഡമായും, ഗോപ്യമായും ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഇളയമ്മേ അത് ആ അറബിയുടെ ഗസ്റ്റ് ഹൌസ് ആയിരുന്നു. മിക്കവാറും അവിടെ ചില പോക്കുവരവുകള്‍ ഉണ്ടായിരുന്നു. ആ ദിവസങ്ങളിലൊക്കെ എന്നോട് നേരത്തെ കിടന്നോളാന്‍ പറയും.”
ഒരു മൊബൈലും അവനു കൊടുത്തിട്ടുണ്ട്. മാസത്തില്‍ ഒരു ടെലിഫോണ്‍കാര്‍ഡും. അത് അവനില്‍ ഉത്സവം നിറച്ചിരുന്നു കാരണം അന്നാണവന്‍ വീട്ടിലേക്ക് വിളിക്കുന്നത്.
“അന്ന് നീ കരയരുത് കേട്ടോടാ ദീലീ.
വീട്ടുകാര് വിഷമിക്കും ”
ഇല്ല ഇളയമ്മേ… കൃത്യമായി പണം അവിടെ എത്തുന്നതിനാല്‍ സേതുവിന്‍റെ ചികിത്സ നടക്കുന്നുണ്ട്.. വീട്ടിലെ കുറെ ബുദ്ധിമുട്ടുകള്‍ ഒഴിഞ്ഞു പോയിട്ടുണ്ട്, എന്‍റെ വിഷമങ്ങള്‍ അതങ്ങ് മറക്കാം സാരോല്യാ..
എന്തായാലും ഞാന്‍ നാട്ടിലെത്തി. അമ്മയെ കണ്ടപ്പോഴാണ് ആശ്വാസമായത്. അമ്മക്ക് വല്യ കുഴപ്പം ഒന്നും പ്രകടമായി കണ്ടില്ല. എന്നെ കണ്ടതും വാരിപിടിച്ചു ഉമ്മവെച്ചു. മക്കളെ കൊണ്ടുചെല്ലാത്തതിനാല്‍ പരാതി പറഞ്ഞു.. ഞാന്‍ പെട്ടെന്ന് തിരിച്ചുപോകും എന്ന് ഭയന്നപോലെ എന്നെ മുറുക്കെ കുറെ നേരം വട്ടം പിടിച്ചിരുന്നു. ഞാന്‍ അമ്മയെ കുറേനേരം നോക്കിയിരുന്നു. സുന്ദരിയായിരുന്നു അമ്മ.
വെളുത്തു മെലിഞ്ഞു തേജസുള്ളമുഖം. ഇപ്പോള്‍ അല്‍പ്പം ക്ഷീണിച്ചിരിക്കുന്നു.. കാലില്‍ അല്‍പ്പം നീരുണ്ട്. ഇടയ്ക്കിടയ്ക്ക് ഓര്‍മ്മയില്‍ നിന്നും ഞങ്ങള്‍ മക്കള്‍ എല്ലാം അറ്റുപോകും എന്ന് എന്നോട് ഏട്ടത്തിയമ്മ പറയുബോള്‍ അമ്മ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു, “ചുമ്മാതാ …”
പക്ഷെ അത് വാസ്തവമായിരുന്നു. ഭക്ഷണം കഴിച്ച ഉടനെ വീണ്ടും ഭക്ഷണം ആവശ്യപ്പെടും, കുളിച്ച ഉടനെ വീണ്ടും കുളിക്കണം എന്ന് വാശിപിടിച്ചു കിണറ്റിന്‍ കരയിലേക്ക് പോകും. വെള്ളം അമ്മക്കൊരു വീക്നെസ്സ് ആയിരുന്നു. എവിടെ വെള്ളം കണ്ടാലും എടുത്തു കൈകാല്‍ മുഖവും കഴുകും.
ഒരുദിവസം കാലത്ത് ഏട്ടത്തിയമ്മയുടെ ബഹളം കേട്ടാണ് ഞാന്‍ കണ്ണുതുറന്നുനോക്കുന്നത്. വീടിനു പിന്‍പുറത്ത് അമ്മയോടൊപ്പം ഏട്ടത്തിയമ്മമാരും ഓപ്പമാരും.
“എന്താ എന്ത് പറ്റീ ?”
അമ്മ ഒരു കുറ്റവാളിയെ പോലെ മുഖം താഴ്ത്തിയിരിക്കുന്നുണ്ട്.
വല്യോപ്പ ശാസനയോടെ ഏട്ടത്തിയമ്മയുടെ നേര്‍ക്ക് തിരിഞ്ഞു പറഞ്ഞു
“ഇനി ടോയ്ലറ്റ് തുറന്നിടരുത് കേട്ടോ, പൂട്ടിയിടുക, വേണ്ടപ്പോള്‍ മാത്രം തുറന്നു കൊടുത്താല്‍ മതി., എന്താ ? ”
ഏടത്തിയമ്മ പറഞ്ഞു
“അമ്മ യൂറോപ്യന്‍ ക്ലോസറ്റിലെ വെള്ളമെടുത്ത് കൈകാല്‍ മുഖം കഴുകി .”
“അയ്യോ ….”
അമ്മ ചിലനേരങ്ങളില്‍ പക്വമതിയും, ചിലനേരങ്ങളില്‍ ചിത്ത ഭ്രമം സംഭവിച്ച പോലെയും ആയിരുന്നു
ചിലപ്പോള്‍ എല്ലാരെയും ചീത്തപറയും, വീട്ടില്‍നിന്നും ഇറങ്ങി പോകാന്‍ പറയും, ചിലപ്പോള്‍ വളപ്പില്‍ മുഴുവനും നടക്കും കാര്യഗൗരവത്തോടെ ഓപ്പമാരോട് കുടുംബകാര്യങ്ങള്‍ അന്വേഷിക്കും.
അന്ന് അമ്മക്ക് ചെക്കപ്പിന്റെ ദിവസം ആയിരുന്നു… നേരത്തെ തന്നെ അമ്മ ഉഷാറോടെ ഒരുങ്ങി. മുണ്ടും നേര്യേതും ഞൊറിഞ്ഞുടുക്കാന്‍ അമ്മക്കൊരു പ്രത്യേക കഴിവാണ്.. കുറേനേരം ഞാനത് നോക്കിനിന്നു. അമ്മയുടെ പെട്ടി തുറന്നു രണ്ടു വളകൂടി ശ്രദ്ധിച്ചു ഇട്ടു കൂടുതല്‍ സുന്ദരിയാവാന്‍ ശ്രമിച്ചു.
ചിരിയെപ്പോഴും അമ്മയുടെ മുഖത്ത് കത്തിനില്‍ക്കുമായിരുന്നു.
അമ്മയുടെ ചിരിയാണ് എനിക്കും കിട്ടിയതെന്ന് ചേച്ചിമാര്‍ പറയും.
ഡോക്ടറുടെ പരിശോധനയില്‍ രക്തത്തിന്‍റെ കുറവൊഴിച്ചു കാര്യമായ അസുഖമൊന്നും ഇല്ലായിരുന്നു. അതുമൂലം ഓര്‍മ്മക്കുറവു സംഭവിക്കാന്‍ സാധ്യതയുണ്ട്.
രക്തം ഒന്നുരണ്ടു വട്ടം കേറ്റെണ്ടിവരും എന്ന് പറഞ്ഞു. അമ്മ ഉത്സാഹവതിയായിരുന്നു.വളപ്പില്‍ വീഴുന്ന തേങ്ങ, അടക്ക എന്നിവയുടെ കണക്കൊക്കെ വെറുതെ സൂക്ഷിച്ചു. ഇടയ്ക്കിടയ്ക്ക് ഏട്ടത്തിയമ്മമാരെ ഗുണദോഷിച്ചു, പേരകുട്ടികളെ ശാസിച്ചു.
ആ ഉത്സാഹത്തിനിടയില്‍ ഞാന്‍ തിരിച്ചു പോരേണ്ട വിവരം അമ്മയെ ധരിപ്പിച്ച മാത്രയില്‍ ദീലീ കരഞ്ഞപോലെ അമ്മയും കരഞ്ഞു പിന്നെ വിതുമ്പല്‍ അടക്കിപറഞ്ഞു “പൊയ്ക്കോ, അവിടെ കുട്ട്യോള് തനിച്ചല്ലേയുള്ളൂ.”
കുട്ടി പൊയ്ക്കോ.. വല്യോപ്പ എന്നോട് പറഞ്ഞു. “നീ പൊയ്ക്കോ., അമ്മക്കിപ്പോള്‍ കുഴപ്പമൊന്നും ഇല്ലല്ലോ. നിന്നെ കാണണം എന്ന് പറഞ്ഞപ്പോളാ ഞാന്‍ വിവരമറിയിച്ചത് . ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. നീ പൊയ്ക്കോളൂ.”
ഗള്‍ഫിലേക്ക് തിരിക്കാന്‍ ഇനി രണ്ടു ദിവസം മാത്രം. അമ്മയുടെ തളര്‍ന്നു കിടക്കുന്ന ഇളംചൂടുള്ള വയറില്‍ മുഖമമര്‍ത്തി ഞാന്‍ ചുമ്മാ ഇക്കിളിപ്പെടുത്തിക്കൊണ്ട് ചോദിച്ചു ..
“ഇതിനുള്ളില്‍ എവിടാ ഞാന്‍ കിടന്നത് അമ്മെ ?”
“പോ കുട്ടീ ചുമ്മാ കൊഞ്ചാതെ ….”
അമ്മ എന്‍റെ തലമുടിയില്‍ തലോടികൊണ്ട് പറഞ്ഞു. എത്രനാളായി കുട്ടീ നീ അച്ഛന്റെ ശ്രാദ്ധം കൊണ്ടിട്ട്?
നിന്‍റെ ചേച്ചിമാരും അനിയത്തീം ഒക്കെയുണ്ടാവും നീ മാത്രം ഉണ്ടാവാറില്ല..
തിരുനാവായില്‍ പോയി എല്ലാരും ബലിയിടും.
ഇനി അമ്മയില്ലാതായാലും എന്‍റെ കുട്ടിക്ക് വരാന്‍ പറ്റില്ല്യാണ്ടാവും അല്ലെ?
ഞാനൊന്ന് ഞെട്ടി…അച്ഛന്റെ ശ്രാദ്ധംകൊള്ളാന്‍ വരാനാവാത്ത ബുദ്ധിമുട്ട് അമ്മയോടെന്തു പറയാന്‍? കുട്ടികളുടെ ആനുവല്‍ പരീക്ഷ നേരത്താണ് അച്ഛന്റെ ആണ്ട്. നാട്ടിലാണെങ്കില്‍ കുട്ടികളെ സ്കൂളില്‍ അയച്ചിട്ടാണെങ്കിലും വന്നു ബലിയിട്ടു പോകാമായിരുന്നു.
അച്ഛനോട് സ്നേഹമില്ലാഞ്ഞിട്ടല്ല അമ്മേ..
പറ്റാഞ്ഞിട്ടാ എന്റെ ബുദ്ധിമുട്ട് അച്ഛനറിയുന്നുണ്ടാകും. എനിക്കവിടെ ബലിയിടാനൊന്നും കഴിയില്ല. ഞാന്‍ എന്‍റെ അച്ഛന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്.
മുടിയിഴയിലൂടെ ഒഴുകി കൊണ്ടിരുന്ന അമ്മയുടെ ഇളം ചൂടുള്ള വിരലുകള്‍ പതുക്കെ പതുക്കെയായി. അമ്മ വേറെയേതോ ഓര്‍മ്മകളിലേക്ക് വഴിതെറ്റി ഒഴുകി പോകുന്നപോലെ എനിക്ക് തോന്നി.
അമ്മെ ….. എന്റെ വിളി ആദ്രമായിരുന്നു
“ഉം …”
അമ്മ മറുകരയില്‍നിന്നെന്നപോലെ മൂളി വിളികേട്ടു.
“അമ്മയ്ക്കെന്നോട് ദേഷ്യമുണ്ടോ? ”
“എന്തിനാ കുട്ടീ …?”
“ചേച്ചിമാര്‍ വന്നു കാണുന്നപോലെ എനിക്കെപ്പോളും അമ്മയെ കാണാനാവുന്നില്ലല്ലോ ?”
“ല്യാ, അവരൊക്കെണ്ടായാലും പക്ഷെ ഇപ്പോള്‍ നിന്‍റെ സാമിപ്യം എപ്പോളും വേണമെന്ന് അമ്മ കൊതിക്കാറുണ്ട്”
അത് പറയുമ്പോള്‍ അമ്മയുടെ വാക്കുകള്‍ വിറയലില്‍ മുട്ടി ദിക്കറിയാതെ പിടയുന്നുണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. ചിലപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കാം.
ഇരുട്ടായതിനാല്‍ എനിക്കത് കാണാനായില്ല. പക്ഷെ അമ്മയുടെ കരചലനങ്ങളുടെ ശക്തിയില്‍നിന്നത് ഞാന്‍ വായിച്ചെടുത്തു.
“കുട്ടിക്ക് അമ്മയോട് ദേഷ്യണ്ടോ..?
കുട്ട്യോട് അമ്മ ഒരു തെറ്റുചെയ്തു.”
എന്താ അമ്മെ ?
നിന്റെയൊരിഷ്ടം അമ്മ നിന്നില്‍ നിന്നും അടര്‍ത്തി കളഞ്ഞില്ലേ ?” ഇത്തവണ ഞാന്‍ ഒന്ന് ഞെട്ടിപ്പോയി.
അമ്മയുടെ വിരല്‍ത്തുമ്പുകള്‍ എന്റെ കൈവിരലുകളില്‍ കോര്‍ത്തെടുത്തു ഞാനതുകൊണ്ട് എന്റെ കവിളില്‍ തലോടി…
ആ വിരലുകള്‍ വിറച്ചുകൊണ്ടിരുന്നു..
ഞങ്ങള്‍ പരസ്പരം കരയാനുള്ള പഴുതുകള്‍ അടച്ചു വെയ്ക്കാന്‍ ശ്രമിച്ചു.
അമ്മ യുടെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടാകാം, അതുവഴി മൊഴികള്‍ ശ്വാസം മുട്ടി പിടയുന്നുണ്ടാകാം
ആ ഇരുട്ടിലും ഞാനത് കണ്ടു… ഒരു കൗമാരക്കാരിയുടെ ചാപല്യമല്ലായിരുന്ന ഒരിഷ്ടത്തിന്റെ ചരിത്രം അമ്മയുടെ മിഴിയില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റു വരുന്നെന്നു എനിക്ക് തോന്നി.
എന്നെ പൊള്ളിച്ചുകൊണ്ടിരുന്ന അമ്മയുടെ ശ്വാസ നിശ്വാസങ്ങള്‍ക്ക് ഒരു പാട് പഴയോര്‍മ്മകളുടെ കാറമണമുള്ളതായി എനിക്ക് തോന്നി.
അന്നായിരിക്കാം ഞാനും അമ്മയും ആദ്യമായും അവസാനമായും ഒരുമിച്ചു കരഞ്ഞത്. അതിന്‍റെ കാരണം രണ്ടുപേരും മനസിലടക്കിയ ഒരേ ഒരു നോവാണെന്നുള്ള തിരിച്ചറിവിന്‍റെ ഉള്ളുരുക്കങ്ങള്‍ ആയിരിക്കാം.
പ്രണയം ഒരു തെറ്റൊന്നുമല്ല എന്ന ചിന്തയില്‍ നിന്നും തെറ്റാകാം എന്ന തോന്നലിലേക്ക് എന്നെ വഴി തിരിച്ചു വിട്ടത് അമ്മയുടെ കടമ. അമ്മയുടെ യാചന തുളുമ്പുന്ന കണ്ണുകള്‍ അന്നെന്നെ തൊട്ടു ഉഴിഞ്ഞേ ഉള്ളൂ… പ്രണയത്തിന്‍റെ ആഴം ആ നോട്ടത്തില്‍ വറ്റി പോയിരുന്നു.
അമ്മയുടെ കാന്തീക ശക്തിയുള്ള കണ്ണുകളും, വിഷാദം മങ്ങിയ ചിരിയും എന്നില്‍ നിന്ന് എന്തൊക്കയോ ഇഷ്ടങ്ങളെ അന്ന് അടര്‍ത്തി കളയിപ്പിച്ചു.
രഘു. അതൊരു മിഴിവുള്ള ചിത്രമായിരുന്നു.
അന്നത്തെ എനിക്ക്. ഒരിക്കലും തെറ്റാവാന്‍ സാധ്യതയില്ലാത്ത ശരിയെന്നു ഉറച്ചു വിശ്വസിച്ചിട്ടും, ശരിയല്ലെന്ന് സ്വയം പറയിപ്പിച്ചു എന്‍റെ മനസ്സിലേക്ക് തന്നെ തിരിഞ്ഞു നടക്കാന്‍ അമ്മ പ്രയത്നിച്ചു.
അമ്മയുടെ അന്നത്തെ ഓജസ്സുറ്റ നോട്ടത്തില്‍ ഒളിഞ്ഞിരിക്കുന്ന സ്നേഹത്തില്‍ വാടിത്തളര്‍ന്ന കൗമാരക്കാരി മാത്രമായിരുന്നു ഞാനന്ന്.
എന്നും സ്വകാര്യമായി സൂക്ഷിക്കാന്‍ അമ്മയ്ക്കും എനിക്കും ഒരുപോലെ ബാധകമായ എന്‍റെ പ്രണയം.
അമ്മയുടെ കൈത്തലത്തിന്റെ ചൂടില്‍ ഞാന്‍ വീണ്ടും ഒരു കുഞ്ഞാകാന്‍ കൊതിച്ചു. പതിമ്മൂന്നുകൊല്ലം അടക്കിപിടിച്ചു നടന്നൊരു രഹസ്യത്തില്‍ അമ്മയും ഞാനും പലപ്പോളും മനസ്സിനെ ഒളിച്ചു വെപ്പിച്ചു.
“മോള്‍ അമ്മയോട് ക്ഷമിക്കൂ …” അമ്മ സ്വരമിടറി പറഞ്ഞു. ഇടറി വീഴുന്ന വരികള്‍ ഇടയ്ക്കിടെ മുറിഞ്ഞു പോയി.
രഘുവും ഞാനും, അപ്പോള്‍ രണ്ടുവരിയിലേക്ക് മാറ്റി എഴുതപെട്ട കവിതയായി വേറിട്ട് നിന്നു. ആ കുറ്റബോധം അമ്മയില്‍ എന്നുമുണ്ടായിരുന്നു എന്ന് തിരിച്ചറിയപ്പെടുന്നത് ഇതാദ്യമാണ്.
ഞാനപ്പോള്‍ ശക്തിയോടെ കരഞ്ഞു… അന്നത്തെ കൗമാരക്കാരി അപ്പോഴൊക്കെ തട്ടിന്‍പുറത്ത് കേറിയിരുന്നു ഒത്തിരി കരഞ്ഞിരുന്നു. രഘുവിനോടുള്ള അകലം കൂട്ടാന്‍ കാണാതിരിക്കാനായി അമ്പലത്തിലേക്കുള്ള പോക്ക് പോലും സ്വയം നിറുത്തി അമ്മയോടുള്ള സ്നേഹത്തെ ഊട്ടി ഉറപ്പിച്ചു.
കൂട്ടുക്കാരി വനജ ഒരു ദിവസം ചോദിച്ചു
“നിന്നെ രഘുവേട്ടന്‍ അന്വേഷിച്ചിരുന്നു. എന്തുപറ്റി നിനക്ക് ? അമ്പലത്തില്‍ പോലും വരാതെ അകത്തിരിപ്പാണോ ?”
ഒന്നൂല്യാ… കുറെ പഠിക്കാനുണ്ട്
ഞാന്‍ കണ്ണീരില്‍നിന്നും പിന്തിരിയാന്‍ ശ്രമിക്കുന്നതവള്‍ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു.
“എന്താടീ നിങ്ങള്‍ക്കിടയില്‍ സംഭവിച്ചത് ??”
ഒന്നൂല്യാ …. ഒന്നൂല്യാ ..
മോളുറങ്ങിയോ ?
ഇല്ല്യാ …
ഞാന്‍ ഓര്‍മ്മയില്‍ നിന്നും പിന്തിരിഞ്ഞു അമ്മയോട് ചേര്‍ന്നുകിടന്നു. അടുത്ത രണ്ടുദിവസം അമ്മ ഓര്‍മ്മ വരുമ്പോള്‍ ഒക്കെ സങ്കടപ്പെട്ടു.
തിരിച്ചു ഗള്‍ഫിലേക്ക് തിരിക്കാന്‍ ഞാന്‍ ഒരുങ്ങുമ്പോളൊക്കെ അമ്മ കിടക്കയില്‍ ഇരുന്നുകൊണ്ട് എന്നെനോക്കിക്കൊണ്ടിരുന്നു.. ഒരു പാട് കാലമായി ഈ വരവുപോക്കുകള്‍.
ഞാനതില്‍ സുപരിചിതയും ആയിരുന്നു. അമ്മ എല്ലാം ഒരുക്കി തരുമായിരുന്നു. മക്കള്‍ക്കുള്ള ചിപ്സ്, മുറുക്ക്, അരിപൊടികള്‍, ഉപ്പുമാങ്ങ, അച്ചാറ് …
ഇത്തവണ അമ്മ ഒന്നിലേക്കും വന്നില്ല. ചുമ്മ പാക്കിംഗ് നോക്കിക്കൊണ്ടിരുന്നു.
അന്ന് ഞങ്ങള്‍ എല്ലാരും ചേര്‍ന്നൊരു കുടുംബ ഫോട്ടോ എടുത്തു അത് ഓപ്പ എല്ലാ തവണയും ചെയ്യുന്നതാണ്. അമ്മ സാധാരണ പ്രസരിപ്പോടെ ഞൊറിഞ്ഞു കുത്തുന്ന നേര്യേതില്‍ നിന്നും അന്ന് അലസതയോടെ തോളിലേക്ക് വലിച്ചിട്ടാണ് വന്നിരുന്നത്.
“അമ്മക്കെന്തുപറ്റി?”
ഏട്ടത്തിയമ്മമാര്‍ ചോദിച്ചു. അതിനു മറുപടിപറയാതെ അമ്മ ഒഴിഞ്ഞു മാറി. കാറിലേക്ക് കേറുന്ന എന്നെ അമ്മ വട്ടം കെട്ടിപിടിച്ചു വീണ്ടും വീണ്ടും ഉമ്മവെച്ചു. കണ്ണീരുകൊണ്ട് മുഖം നിറഞ്ഞൊഴുകി.
പിന്നെ പിന്നെ കരച്ചിലും നോവും കറക്കിയെടുത്ത ഒരു പമ്പരമായി അമ്മയുടെ കണ്ണുകളിലെ കൃഷ്ണമണി പരിഭ്രമിച്ചു കൊണ്ടിരുന്നു .
കാറിലേക്ക് കേറിയ എന്‍റെ കൈത്തണ്ടില്‍ നിന്നും ഓപ്പ അമ്മയുടെ വിരലുകള്‍ അടര്‍ത്തിമാറ്റി കസേരയിലേക്ക് അമ്മയെ പിടിച്ചിരുത്തി. കണ്ണാടി ഗ്ലാസിലൂടെ ഞാന്‍ അത് നോക്കിയിരുന്നു.
വീടും പരിസരവും, ഓപ്പമാരും മറ്റെല്ലാവരും എന്നില്‍ നിന്നും ഓടിയകന്നു പോകുന്നത് ഞാന്‍ കാറിന്‍റെ ചില്ല് ജാലകം വഴി കണ്ടു.
ഇനിയങ്ങോട്ട്… എയര്‍ പോര്‍ട്ടിലെ വിരഹം താങ്ങുന്നവരുടെ ഇടയില്‍ അവര്‍ക്കൊപ്പം ഘനീഭവിക്കുന്ന മൗനത്തിന്‍റെ കാത്തിരിപ്പിലേക്ക് ഞാന്‍ കൂടി അലിഞ്ഞിറങ്ങാന്‍ നിര്‍ബന്ധിതയായി.
മനസ്സില്‍ അമ്മയും, രഘുവും തെളിഞ്ഞു വരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സ്വയം തലകുടഞ്ഞു അതില്‍ നിന്നും മോചിതയാകാന്‍ ശ്രമിച്ചു.. അതിനായി ഒരു കാപ്പിക്കായി ചുറ്റിലും നോക്കി. വേണ്ടിയിട്ടല്ല.., ഒരു കാപ്പിയില്‍ കൂടി അവരെന്നില്‍ നിന്നും മാഞ്ഞുപോയാലോ …?
ഇതിനിടയിലോക്കെ പല വിമാനങ്ങളും വിരഹം പേറി പറന്നകന്നു.
പലവിമാനങ്ങളും സ്വപ്നങ്ങളില്‍ സന്തോഷം നിറച്ചു പറന്നിറങ്ങി.
എന്‍റെ സീറ്റിനടുത്ത് ഒരു ഇളം റോസ് കടലാസ്സു വിശ്രമിക്കുന്നുണ്ടായിരുന്നു.. ആരോ ഉപേക്ഷിച്ചുപോയ കടലാസ്സെടുത്ത് ഞാന്‍ ചുമ്മാ നീര്‍ത്തി.. പിന്നെ കുനുകുനാ മടക്കാന്‍ ശ്രമിച്ചു.
എന്‍റെ ശ്രദ്ധയും, വേദനയും അതിലേക്ക് ഇറക്കി വെക്കാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.
കുറച്ചു നേരത്തിനകം ആകാശത്തിലേക്ക് ഞാന്‍ ചുവടുമാറ്റി പറന്നകന്നു..
മറ്റൊരു യാത്രയിലും കീഴടക്കാത്തൊരു നീറ്റല്‍ എന്നെ പൊള്ളിച്ചുകൊണ്ടിരുന്നു.. ഞാന്‍ ഈ ലോകത്തില്‍ നിന്നും പറന്നു മറ്റൊരു ലോകത്തിലേക്ക് പോകുന്നപോലെ, ആരൊക്കെയോ എന്നെ വിട്ടു പോകുന്നപോലെ.
രണ്ടുനാല് മണിക്കൂറിന്റെ ശ്വാസം മുട്ടല്‍ നിലച്ചു. ഞാന്‍ വീണ്ടും മരുഭൂമിയില്‍ ഇറങ്ങി.
അതുവരെ മറന്നുപോയ ദീലീയെ പെട്ടെന്നെനിക്ക് ഓര്‍മ്മവന്നു. ഇനിയവന്റെ പരാതികളും കഷ്ടപ്പാടും തുടര്‍ന്ന് കേള്‍ക്കേണ്ടി വരും.
അവന്‍റെ അറബാബിനെ ചീത്ത വിളിക്കുന്നത് ഞാന്‍ കേള്‍ക്കണം. പക്ഷെ അതവനില്‍ ആശ്വാസം നിറക്കുന്നെങ്കില്‍ ആവട്ടെ..
ഞാന്‍ എയര്‍ പോര്‍ട്ടിലെ എഴുത്തുകുത്തുകള്‍ കഴിഞ്ഞു മോചിതയായി… ഒരുമാസത്തിന് ശേഷം വീണ്ടും ഈ ഗള്‍ഫില്‍ എത്തിയിരിക്കുന്നു.
അമ്മയുടെ കലങ്ങിയ കണ്ണുകള്‍ ഇടയ്ക്കിടെ മനസ്സിനെ നോവിച്ചെങ്കിലും ഈ മരുഭൂമി പലതും മാച്ചു കളയാന്‍ പാകത്തിലൊരു കൈലേസ്സു നമുക്ക് നല്കിയിയിട്ടുണ്ടെന്ന തോന്നല്‍ എന്നില്‍ ബലപ്പെട്ടു.
വീട്ടിലേക്കുള്ള യാത്രയില്‍ മക്കളുടെ കലപിലയില്‍ പ്രവാസം ഒരുനിവൃത്തികേടാണന്നും, നിമിത്തമാണെന്നും, വിധിയാണെന്നും ഞാന്‍ വിശ്വസിച്ചു.
വീട്ടിലെ എന്‍റെ ലോകത്തില്‍ ഞാന്‍ വീണ്ടും ഒറ്റക്കായി, ഏട്ടനും മക്കളും സ്കൂളിലേക്കും ഓഫീസിലേക്കുമായി വിഭജിച്ചു ഒഴുകിമാറി.
തനിച്ചാകുന്നതിന്റെ ഭീകരത ഇത്തവണ ഏറെയായിരുന്നു. ഇടയ്ക്കിടയ്ക്ക് രഘുവും, അമ്മയും മനസ്സിലേക്കിരച്ചു കേറി. വളരെ പഴയ ഒരു തറവാടായിരുന്നു എന്റെ വീട് ഏക്കര്‍ കണക്കിന് വ്യാപിച്ചു കിടക്കുന്ന വളപ്പും, കുന്നും പറമ്പിനും നടുവില്‍ പരന്നുകിടക്കുന്ന നാലുവീടുകള്‍. കൊട്ടില്‍, കയ്യാലപ്പുര, ഊട്ടുപുര, വല്യേപ്പുര അങ്ങിനെ നാലുവീടുകള്‍ പറമ്പില്‍ പരന്നുകിടന്നു.
അമ്മയും, അമ്മായിമാരും വല്യേപ്പുരയിലാണ് കിടപ്പും മറ്റും. കൊട്ടിലില്‍ ഓപ്പമാരും ഏട്ടത്തിയമ്മമാരും. ഫോണ്‍ വെച്ചിരിക്കുന്നത് കൊട്ടിലില്‍ ആണ്. അമ്മ പാടുപെട്ടാണ് ഞങ്ങളുടെ ഫോണ്‍ അറ്റന്റ് ചെയ്യാനായി കൊട്ടിലില്‍ എത്തുന്നത്.
എത്തിയ വിവരം വീട്ടിലേക്കു പറയുമ്പോള്‍ അമ്മ ഉറങ്ങുകയായിരുന്നു. അതിനാല്‍ നേരിട്ടു സംസാരിക്കാന്‍ കഴിഞ്ഞില്ല. ഓപ്പ അമ്മ പഴയ രീതിയിലേക്ക് മടങ്ങി എന്ന് എന്നോട് പറഞ്ഞു. എന്റെ ആശ്വാസവും അതായിരുന്നു.
പ്രതീക്ഷിച്ച പോലെതന്നെ പിറ്റേ ദിവസം ദീലീ വിളിച്ചു. അവന്‍ ഏറെ സന്തോഷിച്ചു നാട്ടു വിശേഷങ്ങള്‍ ചോദിച്ചു. അവന്റെ വീട്ടുക്കാരെ ആരെയെങ്കിലും കണ്ടോ?, മഴയുണ്ടോ? അവനു വീണ്ടും നൂറു നാവുമുളച്ച പോലെ എനിക്ക് തോന്നി.
അതിനിടയില്‍ അവനൊരു ഗുഡ് ന്യൂസ് പറഞ്ഞു പിറ്റേ ദിവസം നോമ്പ് തുടങ്ങുന്നു അറബി രണ്ടു ദിവസം ലീവ് അനുവദിച്ചിരിക്കുന്നു.
അയാള്‍ വീട് പൂട്ടിയിടും എങ്ങോട്ടെങ്കിലും പോണെങ്കില്‍ ആവാം.
ദിലീയുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. അവന്‍ പാപ്പനെയും, ഇളയമ്മയെയും കാണാന്‍ അബുദാബിയില്‍ നിന്നും ഞങ്ങളുടെ വീട്ടില്‍ വരാമെന്ന് പറഞ്ഞു. വരേണ്ട വഴിയും വിധവും ഏട്ടന്‍ പറഞ്ഞു കൊടുത്തു. ഒരു വ്യാഴവും, വെള്ളിയും അവനു ലീവുകൊടുത്ത അറബാബിനോട് അവനു തീര്‍ത്താല്‍ തീരാത്ത സ്നേഹം ഉണ്ടെന്നു എന്നോട് ആവര്‍ത്തിച്ചു പറഞ്ഞു. അറബിയുടെ തോട്ടത്തില്‍ ഉണ്ടായ ഈത്തപ്പഴവും എനിക്കായി കൊണ്ടുവരുന്നെന്നു പറഞ്ഞു.
മൂന്നു ദിവസം കൂടിയുണ്ട് വ്യാഴം ആവാനായി. അവന്റെ അടങ്ങാത്ത കാത്തിരിപ്പിന് ഇനിയും മൂന്നു നാള്‍. ഞാന്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരവും മറ്റും അവനു നീക്കിവെച്ചു. അതിനിടയില്‍ നാട്ടിലേക്ക് വീണ്ടും വിളിച്ചു.
ഓപ്പ തന്നെയാണ് ഫോണ്‍ എടുത്തത്. അമ്മയോട് ഒന്ന് സംസാരിക്കാന്‍ തോന്നി പക്ഷെ അമ്മയെ ചെക്കപ്പിനായി ഹോസ്പിറ്റലില്‍ കൊണ്ടുപോയിരിക്കുന്നു എന്ന് പറഞ്ഞു. തുടര്‍ന്നുള്ള എന്റെ എല്ലാ വിളികളിലും എനിക്ക് നിരാശയായിരുന്നു. സംശയം തോന്നിയ ഞാന്‍ തമിഴ് നാട്ടിലുള്ള മൂത്ത ചേച്ചിയെ വിളിച്ചു. ജോലിക്കാരിയാണ് ഫോണ്‍ എടുത്തത്.
അമ്മ ഊരുക്കുപോയാച്ച് എന്നവര്‍ പറഞ്ഞു.
പിന്നീട് അനിയത്തിയെ വിളിച്ചു ഫോണ്‍ ആരും അറ്റന്റ്റ്ചെയ്തില്ല. ഓപ്പയുടെ വാക്കുകള്‍ എന്തോ തപ്പിതിരഞ്ഞു വെപ്രാളപ്പെട്ടു.
എന്റെ നിരന്തര വിളികളില്‍ നിന്നും ഓപ്പ ആ സത്യം എന്നെ പങ്കപ്പാടോടെ അറിയിച്ചു ഞാന്‍ പോന്നതിന്റെ പിറ്റേ ദിവസം അമ്മ കുഴഞ്ഞുവീണു പോയി.
ഞെട്ടലോടെ ഞാനെല്ലാം കേട്ടുനിന്നു.
ഇനി ജീവിതത്തിലേക്ക് മടങ്ങുന്നില്ലെന്നു ഉറപ്പിച്ചു കൊണ്ട് അമ്മ ജീവിന്റെ നേരിയൊരു മിടിപ്പിനെ ബാക്കി നിര്‍ത്തികൊണ്ട് ജീവിതത്തില്‍ നിന്നും പിണങ്ങി മാറി നിന്നെന്നു എനിക്ക് മനസ്സിലായി.
ഞാന്‍ കരച്ചിലും കണ്ണീരും ഒഴുക്കി ദിക്ക്മുട്ടിയപോലെ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
വെറും തറയില്‍ നിലത്തിരുന്നു.
ഉറക്കമില്ലാത്തൊരു രാത്രിയില്‍ ഫോണില്‍ ചുറ്റിപിടിച്ചു കരഞ്ഞു. ഓപ്പയോട് ചോദിച്ചു.,
“ഞാന്‍ നാളെ തന്നെ അങ്ങോട്ട് വരട്ടെ?” ഓപ്പ കുറേനേരം ഒന്നും പറഞ്ഞില്ല.. പിന്നെ മെല്ലെ പറഞ്ഞു ”മോളെ അമ്മ പെട്ടെന്നിനി ജീവിതത്തിലേക്ക് മടങ്ങി വരില്ല…. എത്രനാള്‍ ഇങ്ങിനെ കിടക്കും എന്ന് പറയാനാവില്ല.”
നീ എത്രനാളാന്നു വെച്ചിട്ടാ ?
ഇവിടെ ചേച്ചിമാരും, ഉണ്ണിയും ഉണ്ട്. നിന്നെ കണ്ടാലൊന്നും ഇനി നമ്മുടെയമ്മ ….
ഓപ്പ മുഴുവനാക്കിയില്ല. കൂടെ ഒടുവിലായി ഒരു വാക്കുക്കൂടി ചേര്‍ത്തു ..
”ഇനി നമുക്ക് ചെയ്യാനുള്ളത് അമ്മക്ക് നല്ല മരണം ഉണ്ടാവാന്‍ നീ പ്രാര്‍ത്ഥിക്കൂ …….”
പെട്ടെന്ന് ഫോണ്‍ കട്ടായി.
അങ്ങേത്തലക്കല്‍ ഒരു വന്മല ഇടിഞ്ഞു വീണപോലെ എനിക്ക് തോന്നി. ആര്‍ത്തുകരയാന്‍ ഞാന്‍ വല്ലാതെ ആശിച്ചു. ഞാനോടി ബാത്റൂമില്‍ കേറി കതകടച്ചു. മറ്റാര്‍ക്കും കൂട്ടുവരാന്‍ ആവാത്തൊരു ഗര്‍ത്തം നമ്മുടെയൊക്കെ ജീവിതത്തിലുണ്ടെന്നു ഞാന്‍ അന്നാണ് മനസിലാക്കിയത്.
ചില സങ്കടങ്ങളുടെ തുരുത്തില്‍ ചിലപ്പോഴൊക്കെ നാം ഒറ്റപ്പെടാറൂണ്ട്. ആരു കൂട്ടുവന്നാലും നാം ഒറ്റക്കാവുന്ന സമയം…. എനിക്ക് നാട്ടിലേക്ക് പോകാനും, അമ്മയുടെ അടുത്തിരിക്കാനും തോന്നി. ഇനിയും ജീവന്‍ ഉപേക്ഷിക്കാത്ത ആ മിടിപ്പുള്ള നെഞ്ചില്‍ തലചേര്‍ക്കണം… കണ്ണീരിനാല്‍ ആ മാറില്‍ ചേര്‍ന്ന് വിതുമ്പണം…
ശബ്ദങ്ങളെയും, വാഹനങ്ങളുടെ ഇരമ്പലിനെയും ഞാനാ നേരത്ത് വെറുത്തിരുന്നു. ടെലിഫോണ്‍ മണിയടികളെ ഭയപെട്ടിരുന്നു. അതിന്‍റെ മണികള്‍ ഒരു ദുര്‍വാര്‍ത്ത കൊണ്ടുവരുമെന്ന് ഞാന്‍ ഭയന്ന് പോയി.
നീണ്ട മണിയടികള്‍ തീരുംവരെ ഞാന്‍ ആ ടെലിഫോണിനെ നോക്കിയിരിക്കും.. ഒടുവില്‍ മണിയടി നിലയ്ക്കുമ്പോള്‍ അതിനടുത്ത് പോയി നില്‍ക്കും. ഒരു തരം ഭ്രാന്തു പിടിച്ച അവസ്ഥ. പലപ്പോഴും ഫോണ്‍ അടിച്ചു നിലച്ചു.
കുറേനേരം തുടരെ അടിച്ചും, നിറുത്തി പിന്നേം അടിച്ചും നീണ്ടുനിന്ന ആ ഫോണ്‍ എടുക്കാന്‍ നിര്‍ബന്ധിതയായി മറുതലക്കല്‍ ദീലീപിന്റെ സന്തോഷ സ്വരം..
“ഇളയമ്മേ ഞാനങ്ങോട്ടു പുറപ്പെടുകയാണ് ട്ടോ … വന്നിട്ടെല്ലാം പറയാം ..”
അവന്‍റെ വാക്കിലെ ഉത്സാഹത്തെ തല്ലിക്കെടുത്താന്‍ എനിക്ക് തോന്നിയില്ല. ഇരിക്കാനും, നില്‍ക്കാനും, ഉണ്ണാനും, ഉറങ്ങാനും ആകാതെ ഞാന്‍ വെന്തുരുകുമ്പോള്‍ അവനോടു എന്ത് പറയാന്‍ ?
ദീലിയുടെ വരവ് വിളിച്ചു പറഞ്ഞപ്പോളാണ് വ്യാഴം ആയതറിഞ്ഞത്.. നോമ്പു കാലം അല്ലെങ്കില്‍ ഹോട്ടലില്‍ നിന്നെങ്കിലും ഭക്ഷണം വാങ്ങിപ്പിച്ചു കൊടുക്കാമായിരുന്നു.
ഞാന്‍ യാതാര്‍ത്ഥ്യത്തിലേക്ക് മടങ്ങി.
ദീലീ വന്നു തിരിച്ചു പോകട്ടെ. ഒരു രാത്രി ഇവിടെ തങ്ങി വെള്ളിയാഴ്ച കാലത്തെ ദീലീ തിരിച്ചു പോകും. ഞാന്‍ വെള്ളിയാഴ്ച രാത്രിയിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു ദീലീക്കായി ഒരു ദിവസം കൂടി മാറ്റിവെച്ചു. വെള്ളിയാഴ്ചയിലേക്കു പോകാം എന്ന് കരുതി.
പാവം അവനൊന്നും അറിയണ്ടാ… ആ നരകത്തില്‍ നിന്നും ഒരു സ്വാതന്ത്ര്യം കിട്ടിയതാണവന്. അവന്‍ വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തോടെ, അതിലേറെ വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞുകൊണ്ട് മുഖം താഴ്ത്തി ഉറക്കെ നിശ്വസിച്ചു.
ഉച്ചത്തെ ഊണുകഴിഞ്ഞു ഏട്ടന്‍ അവനെയും കൊണ്ട് നാട്ടുകാരെ ആരെയോ കാണാന്‍ പുറത്തുകൊണ്ടുപോയി. ഞാന്‍ വീണ്ടും ടെലിഫോണില്‍ പിടിമുറുക്കി.
ഇത്തവണ ഫോണ്‍ എടുത്തത് തറവാട്ടിലെ ഒരു ഏട്ടനാണ്.
എന്‍റെ ശബ്ദം അരവിന്ദേട്ടന്‍ തിരിച്ചറിഞ്ഞു കൊണ്ട് പറഞ്ഞു മാറ്റമൊന്നുമില്ല കുട്ട്യേ, ട്യൂബ് ഇട്ടിട്ടുണ്ട്, അതുവഴി ഇത്തിരി കഞ്ഞി വെള്ളം ……
“കൂടുതല്‍ കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. കണ്ണുകള്‍ കവിഞ്ഞൊഴുകി ഓപ്പയ്ക്ക് ഫോണ്‍ കൈമാറിയപ്പോള്‍ അണപൊട്ടിയോഴുകിയ സങ്കടത്തോടെ പറഞ്ഞു. “ഞാന്‍ വര്യാ…. എനിക്കിവിടെ നിന്നാല്‍ ഭ്രാന്തു പിടിക്കും.”
“എപ്പോഴാ ?”
“വെള്ളിയാഴ്ച പുറപ്പെടും., ശനിയാഴ്ച രാവിലെ അവിടെയിറങ്ങും, പിള്ളേരെ ആരെയെങ്കിലും വിടൂട്ടോ…”
“ശരി.. പോരെ.”
ഓപ്പ പിന്നീടൊന്നും പറഞ്ഞില്ല..
വെള്ളിരാവിലെ ദീലീ പോകും, നോമ്പ് മാസമാണ് വഴിയിലൊന്നും കഴിക്കാന്‍ കിട്ടില്ല.. ഉണ്ടെങ്കില്‍ അവനു അറിയുകയും ഇല്ല. ഞാന്‍ ദോശക്കു മാവ് അരച്ച് വെച്ചു, രാത്രിക്ക് ദീലിക്ക് ചോറിനൊപ്പം നാടന്‍ കറികളും ഒരുക്കി ഭക്ഷണം കൊടുത്തു.
പിറ്റേദിവസം ഏട്ടനും ലീവായതിനാല്‍ ദിലീയുടെ കഥകള്‍ അവന്‍ പറയാന്‍ തുടങ്ങി.
എനിക്ക് ഒന്നിലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
അല്ലെങ്കിലും തിങ്കള്‍ തൊട്ടു അന്നുവരെ ഉറക്കം ഇല്ലായിരുന്നു. പെറ്റമ്മയുടെ ജീവന്‍ ശ്വാസത്തിനായി പൊരിയുബോള്‍ എന്ത് ശ്രദ്ധിക്കാനാണ്.
വെറുതെ ദീലീയുടെ കഥകേള്‍ക്കാതെ കേട്ടു വെറുതെ രാത്രി രണ്ടുമണിവരെ ഇരുന്നു. അവന്‍ അകപെട്ട ദുരിതം ഒത്തിരി തവണ കേട്ടതാണ്. എനിക്ക് വല്ലാത്തൊരു പാരവശ്യം തോന്നി, കണ്ണില്‍ ഇരുട്ട് കയറുന്നപോലെ, ചെവി കൊട്ടിയടച്ചു. ചുറ്റിലും ഇരുട്ടുനിറയുന്നപോലെ, വീട്ടില്‍ കത്തികൊണ്ടിരുന്ന വെളിച്ചം ചുരുങ്ങി ചുരുങ്ങി ഇരുട്ടില്‍ ഒളിക്കുന്നപോലെ. എനിക്കൊന്നു കിടക്കണം എന്നുപറഞ്ഞു ഞാന്‍ എഴുനേറ്റു കിടപ്പുമുറിയിലേക്ക് മടങ്ങി.
കിടക്കയില്‍ കിടക്കുകയല്ല വീഴുകയാണ് ഉണ്ടായത്. നേരം രണ്ടുമണി കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ തന്നെ ഏട്ടനും എന്റെയരികില്‍ വന്നുകിടന്നു. അഞ്ചുനിമിഷം പോലും കഴിഞ്ഞില്ല. ടെലിഫോണ്‍ തുടരെയടിച്ചു.
അസമയത്തെ ആ മണിയൊച്ച എന്നെ ഭയംകൊണ്ട് വിറപ്പിച്ചു. ശബ്ദം അടക്കി ശ്വസിക്കാന്‍ പോലും മടിച്ചു ഞാന്‍ പുതപ്പില്‍ ചുരുണ്ട് കാതില്‍ വിരല്‍ തിരുകി ശബ്ദത്തെ തടഞ്ഞുനിര്‍ത്തി.
എപ്പോഴാ ?
ശരി
ഈ രണ്ടുവരിയും ഞാന്‍ വ്യക്തമായി കേട്ടു. എന്‍റെ കണ്ണുകള്‍ ചോര്‍ന്നൊഴുകി. പുതപ്പിന്റെ ഒരു തല വായില്‍ ബലമായികടിച്ചു പിടിച്ചു. ഏട്ടന്‍ എന്നെ തൊട്ടുവിളിക്കും എന്ന് ഞാന്‍ ഭയപെട്ടു.
ആ വാര്‍ത്ത ആരുപറഞ്ഞാലും കേള്‍ക്കാന്‍ എനിക്കാവുമായിരുന്നില്ല. ഏട്ടന്‍ എന്നോടത് പറയും മുന്‍പ് ഞാന്‍ പിടഞ്ഞെഴുനേറ്റു ഇരുന്നു ചോദിച്ചു.
“പോയി ല്ലേ …..?”
എട്ടന് മറുപടിയുണ്ടായിരുന്നില്ല.. ആ നേരം അദ്ദേഹം എന്നെയൊന്നു നെഞ്ചില്‍ ചേര്‍ത്തു പിടിച്ചെങ്കില്‍ എന്ന് കൊതിച്ചുപോയി ഞാന്‍, ലോകം മുഴുവനായി എന്നെയുപേക്ഷിച്ചു ഉരുണ്ടുമാറി പോയപോലെ.. നേരം മൂന്നുമണിയോടടുക്കുന്നു. നാട്ടില്‍ പുലര്‍ച്ച നാലരമണി… ഞാന്‍ എഴുനേറ്റു ബാത്റൂമില്‍കയറി അരമണിക്കൂറോളം കരഞ്ഞു.. എന്തെങ്കിലും എനിക്ക് ചെയ്യണം എന്നുതോന്നി സ്വയം ശൂന്യമായി പോകും എന്ന് ഞാന്‍ ഭയപെട്ടു. ഇപ്പോള്‍ അമ്മയെ നിലത്തിറക്കി കിടത്തിയിരിക്കാം. തലക്കില്‍ കത്തിച്ചു വെച്ച നിലവിളക്ക്, തേങ്ങാ മുറി, ചന്ദനത്തിരിയുടെ മരണഗന്ധം…, ഉച്ചത്തില്‍ കരയുന്ന ചേച്ചിമാര്‍, അവര്‍ക്ക് നടുവില്‍ നടുത്തളത്തില്‍.. അമ്മ ഉറങ്ങുകയാണ്.
പെട്ടെന്ന് ഞാന്‍ നീറികൊണ്ടിരിക്കുന്ന ഉമിത്തീയില്‍ അകപെട്ടപോലെ പോലെ എനിക്ക് തോന്നി. അസാധാരണമായ വേവിലും ചൂടിലും ഞാന്‍ പുകഞ്ഞു കത്തി. വീടിനു പുറത്തിറങ്ങി ഓടണമെന്ന് എനിക്ക് തോന്നി. ആരുമില്ലാത്തൊരു തുരുത്തില്‍ ഞാനൊറ്റക്ക് എത്തിപ്പെട്ടപോലെ.. അകമനസ്സില്‍ നീണ്ടുനിവര്‍ന്നു നിര്‍ജ്ജീവമായി കിടക്കുന്ന അമ്മയുടെ രൂപം… പെട്ടെന്ന് അമ്മയുടെ അടഞ്ഞ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകുന്നതായി എനിക്ക് തോന്നി.
കുനിഞ്ഞിരുന്നു മുട്ടില്‍ മുഖമമര്‍ത്തി തേങ്ങിക്കരഞ്ഞു അമ്മേ എന്നുറക്കെ വിളിക്കണമെന്ന് തോന്നി.. ഏട്ടന്‍ അതിനിടയില്‍ എന്നെ വന്നു വിളിച്ചു പറഞ്ഞു ”നീ വന്നു മുറിയിലിരിക്കൂ …. ”
എനിക്കപ്പോള്‍ ഏട്ടന്‍ ഒരു അപരിചിതന്‍ ആണെന്ന് തോന്നി ഞാന്‍ മുഖമിളക്കി പറഞ്ഞു.. “വേണ്ട ഞാനിവിടെ അല്‍പ്പനേരം തനിച്ചിരുന്നോട്ടെ.”
നിനക്ക് നാട്ടില്‍ പോണ്ടേ അമ്മയെ കാണണ്ടേ, നേരംവെളുത്തോട്ടെ, ഏര്‍പ്പാട് ചെയ്യാം. അതുവരെ മുറിയില്‍ വന്നിരിക്ക്. ഞാന്‍ വീണ്ടും വീണ്ടും മുഖമിളക്കി കൊണ്ടിരുന്നു
“വേണ്ടാ ഞാന്‍ പോണില്യ …
എനിക്ക് കാണണ്ടാ”
എന്നെ മനസിലാകാത്തത് പോലെ ഏട്ടന്‍ തുറിച്ചു നോക്കി. എത്രനേരം അങ്ങിനെയിരുന്നു എന്നറിയില്ല. നേരം അഞ്ചുമണി, ഞാനെഴുനേറ്റു ഒന്നുകൂടി ബാത്ത് റൂമില്‍ പോയി ഷവര്‍ തുറന്നിട്ട് കുളിച്ചു.
അതിനു കുളിയെന്നു പറയാനാവുമോ എന്നറിയില്ല. ധരിച്ച തുണിയോടെ ഷവറിനു അടിയില്‍ നിന്നു…. കുറേനേരം അവിടെനിന്നു. ഇപ്പോള്‍ ഒരാശ്വാസം തോന്നി എന്തോ മനസ്സില്‍നിന്നും ഒഴുക്കി കളഞ്ഞപോലെ.. തുണിമാറി അടുക്കളയിലേക്കു നടക്കുമ്പോള്‍ ഞാന്‍ ആകെ മാറിയിരുന്നു.
എനിക്ക് പോലും അത്ഭുതം തോന്നിപോയി അടുക്കളയില്‍ ചെന്ന് ഇഡലി പാത്രത്തില്‍ മാവ് ഒഴിക്കുമ്പോള്‍, ഏട്ടന്‍ വീണ്ടും അടുക്കളയില്‍ തലകാട്ടി പറഞ്ഞു
”ഒന്നും ഉണ്ടാക്കാന്‍ നില്‍ക്കണ്ട..നീയിങ്ങു പോരെ.”
“ദീലിക്ക് പോകണ്ടേ ? പുറത്തു നിന്നും ഭക്ഷണമൊന്നും കിട്ടില്ലല്ലോ.. അവന്‍ കഴിച്ചിട്ടു പോകട്ടെ”
ഇഡലിയും, ചട്ണിയും ഉണ്ടാക്കുമ്പോളെക്കും ദിലി ഉണര്‍ന്നു. അവനു ചായയും ടിഫിനും അടുത്തിരുന്നു വിളമ്പി കൊടുത്തു. കാര്യമൊന്നും അറിയാത്തത് കൊണ്ടാകും, അവന്‍ വീണ്ടും വാചാലനായത്. ഇഡലി കഴിക്കുമ്പോളൊക്കെ അവന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു.. ”ഇളയമ്മേ എത്രനാളായി ഇതൊക്കെ കഴിച്ചിട്ട്., മീനും ചോറും ഇട്ടു വേവിക്കുന്ന ആ പദാര്‍ത്ഥം മടുത്തു പോയി. നല്ലൊരു കറികൂട്ടി ചോറുണ്ടത് ഇവിടെ വന്നിട്ടാ.. ഇനി എന്നാണാവോ ഇങ്ങിനെ ?” അവന്റെ തൊണ്ടയിടറി… ഇതിനിടെ ഏട്ടന്‍ കുളികഴിഞ്ഞു വന്നു. ദീലീ പോകാനായി ഒരുങ്ങാന്‍ പോയി.
ഇനി മക്കള്‍ ഉണര്‍ന്നു വരും.. അവരോടു എങ്ങിനെ പറയണം എന്നറിഞ്ഞൂടാ..
ഒരു ജന്മം മുഴുവന്‍ അടക്കിപിടിച്ച സങ്കടമാണ് ഇപ്പോള്‍ ഒഴുകിയിറങ്ങാന്‍ ഒരുങ്ങി നില്‍ക്കുന്നതെന്ന് തോന്നി. ഏട്ടനോടൊപ്പം ദീലി ഒരുങ്ങിയിറങ്ങി.
യാത്രപറയുബോള്‍ ദീലീയുടെ കണ്ണുകള്‍ നിറഞ്ഞു നിന്നിരുന്നു അറബിയുടെ തടവുമുറിയും, പീഡനവും ഓര്‍ത്താകും എന്നെനിക്കു തോന്നി. കാറില്‍ കേറുമ്പോള്‍ അവനെന്നെ നോക്കിയേയില്ല എന്നതെന്നെ അത്ഭുതപെടുത്തി. ദീലീയും ഏട്ടനും വണ്ടിയും എന്നില്‍നിന്നും അകന്നു പോയി.
ശൂന്യമായോരു ഗ്രഹത്തില്‍ ഞാന്‍ വീണ്ടും ഒറ്റപെട്ടു. നീണ്ട നിലവിളികള്‍ വീണ്ടും എന്നെ തേടിയെത്തി. ചന്ദനത്തിരിയുടെ ഗന്ധം എനിക്ക് ചുറ്റും നിറഞ്ഞു അതിനിടയില്‍ അമ്മ ഒരു മറക്കപ്പുറത്തു നിന്നും എന്നെ നോക്കുന്നപോലെ..
മുറിയിലേക്ക് തിരിഞ്ഞു നടക്കുബോള്‍ ചെറിയമോന്‍ ഉണര്‍ന്നു എന്നെ തിരയുന്നുണ്ടായിരുന്നു. അവന്‍ അങ്ങിനെയാ എന്നെ കണ്ടില്ലെങ്കില്‍ ഉടന്‍ വെപ്രാളത്തോടെ തേടിനടക്കും. അവനില്‍ ഞാന്‍ എന്നെയാണ് കണ്ടത്.
അവനെ കെട്ടിപ്പിടിച്ചു ഉറക്കെ, ഉറക്കെ ഞാന്‍ കരഞ്ഞു.
അവനൊന്നും മനസിലായില്ലെന്നു മാത്രമല്ല അവന്‍ പരിഭ്രമിക്കുകയും ചെയ്തു.
ഏട്ടന്‍ ദീലിയെ ടാക്സി സ്റാന്റില്‍ കൊണ്ടാക്കി വരുമ്പോളെക്കും എനിക്ക് കരഞ്ഞു തീര്‍ക്കണം എന്നൊരു വാശിയോടെ ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു.
“എന്താ അമ്മെ ……?”
“ഒന്നൂല്യാ അമ്മക്ക് അമ്മയില്ലതായി… അമ്മക്ക് ആരുമില്ലാതായി….. ” ഞാന്‍ ഉറക്കെ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.
ചില സങ്കടം ഒറ്റയ്ക്ക് അനുഭവിക്കാന്‍ ഉള്ളതാണെന്നും, ആരും പങ്കിടാന്‍ വരില്ലെന്നും എനിക്ക് തോന്നി… അമ്മ എന്റെ മാത്രമാണല്ലോ ? ആ ഇളംചൂടുള്ള മേനിയിലെ പിയേഴ്സ് സോപ്പിന്‍റെ മണം എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നി.
മരണത്തിന്‍റെ യാഥാര്‍ത്ഥ്യത ഒരാളെ എത്രമാത്രം വേദനയുടെ ശൃംഗത്തിലേക്ക് ഉയര്‍ത്തുന്നതെന്ന് അറിഞ്ഞ നേരമായിരുന്നു അത്.
ശൂന്യമായൊരു ലോകം …..
അതിലൊറ്റക്കായിപോയ ഞാനും എന്നോര്‍മ്മയിലെ മരുയാത്രകളും …. ഇന്നുംതുടരുന്ന മരുയാത്ര ..!!
ആരോക്കെയൊപ്പമുണ്ടായാലും അവനവന്‍ ഒറ്റയ്ക്കുമാത്രമായിപ്പോകുന്ന ആ ആത്മനൊമ്പരങ്ങള്‍ അനുവാചകനിലും പകര്‍ന്നാടുമ്പോഴാണ് എഴുത്ത് സാര്‍ത്ഥകമാകുന്നത്- അഭിനന്ദനങ്ങള്‍.