മരം എന്ന ക്ലാസിലെ
ഒരില പോലും
അനങ്ങുന്നില്ല.
നിശ്ശബ്ദത
എന്ന വ്യവസ്ഥിതി
ആരുടെയോ
പേരെഴുതി വെയ്ക്കുന്നു.
വിയർത്ത്
ഓടി വന്ന
കാറ്റിനെ
ചുണ്ടിൽ ഒരു വിരലൊട്ടിച്ചു
നിർത്തിയിട്ടുണ്ട് വരാന്തയിൽ…!
ഒരു മിണ്ടൽ
ചുണ്ടോളം വന്ന്
വറ്റിപ്പോകുന്നു…!
വാതിൽവരെയെത്തിയ
ഒരു ചിരി തിരിഞ്ഞോടുന്നു…!
ചുമരും ചാരിയിരുന്ന്
ഉറങ്ങിപ്പോയി
അനാഥമായൊരക്ഷരം….!
ഭയം
ഒരു രാജ്യമാണ്.
അവിടെ
നിശ്ശബ്ദത
ഒരു (ആ)ഭരണമാണ്