ആൾതിരക്കുകൾ ഒഴിഞ്ഞു പൊയ്കൊണ്ടിരിക്കുന്നു ..
മരണം കഴിഞ്ഞ ശൂന്യത താണ്ടി പരിസരത്തെ ചൂഴ്ന്നു നിൽക്കുന്ന ചന്ദനത്തിരി ഗന്ധത്തിൽ മുങ്ങി ത്താഴുന്ന വീട്..
അടക്കം കഴിഞ്ഞു സുരഭിയുടെ മോൻ സുനിലുമൊത്ത് പ്രസാദം എന്ന ഈ വീട്ടിന്റെ പൂമുഖത്ത് വാക്കുകൾ നഷ്ടപ്പെട്ടു ഇരിക്കുമ്പോൾ…. അവളുടെ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ നിറഞ്ഞു നിന്നു.
സൗമ്യയായ അവളുടെ മുഖത്തു എപ്പോളും കത്തി നിൽക്കുന്ന പ്രസാദം അറിഞ്ഞാവാം അളിയൻ ഈ വീടിനു പ്രസാദം എന്ന് പേരിട്ടത് എന്ന് തോന്നുന്നു. എങ്ങിനെയോ അയാൾ സുനിലിന്റെ കൈകൾ കവർന്നെടുത്ത് ഇത്രയും പറഞ്ഞൊപ്പിച്ചു… ”മാമൻ രണ്ടു ദിവസം കഴിഞ്ഞിട്ടു വരാം മോനെ……..”
സുനിലിന്റെ മുഖം കറുത്തും വിളർത്തും കാണപ്പെട്ടു.
സത്യത്തിൽ സുരഭിയില്ലാത്ത ആ വീട്ടിൽ ഇനിയും ഏറെ നേരം നിന്നാൽ ഹൃദയം പൊട്ടിപോകും എന്നയാൾക്ക് തോന്നിയിരുന്നു . അയാൾ ഒന്നൂടെ തിരിഞ്ഞു നോക്കി.. ശ്മശാനത്തിൽ ഇനിയും കത്തിത്തീരാത്ത സുരഭിയുടെ ചിതയിൽ നിന്നും പുകപടലങ്ങൾ ആരെയൊക്കെയോ തേടി അവിടെ പരതുന്നുണ്ടായിരുന്നു.
ഒരേയൊരു പെങ്ങൾ എന്നതിലുപരി അവൾ അയാൾക്കെല്ലാമായിരുന്നു…അമ്പത്തിനാലു കൊല്ലത്തെ ചിട്ടയായ ജീവിതത്തിന്റെയും, സഹനത്തിന്റെയും അളന്നുമുറിച്ച ജീവിത സപര്യ ഉപേക്ഷിച്ച് ഇന്നലെ അവൾ പോയി…
സുരഭിയുടെ ജീവിത ശൈലിക്ക് എല്ലാം ഒരു പ്രത്യേകതയുണ്ടായിരുന്നു..
അവളുടെ മുറിയിലെ ഇത്തിരിയിടത്തിൽ ഒത്തിരി സ്വപ്നത്തെ അടുക്കോടെ സൂക്ഷിച്ചിരുന്നു അവൾ. ചുമരോരത്തെ മേശപ്പുറത്ത് ചാരിവെച്ച ഒന്നുരണ്ടു പടങ്ങൾ,
ഒരു ബുദ്ധ വിഗ്രഹം.
ചുമരലമാരിയിൽ അടുക്കോടെ സൂക്ഷിച്ച പുസ്തകങ്ങൾ.
ചന്ദനം മണക്കുന്ന തുണിയലമാര…
മകന്റെ വിവാഹത്തോടെ സുരഭി ഇത്തിരികൂടി ഒതുങ്ങി പോയെന്നു അയാൾക്കിടക്ക് തോന്നിയിരുന്നു. സുനിലിലിനോടും ഭാര്യ രമ്യയോടും ഒത്തിരി സ്നേഹമായിരുന്നെങ്കിൽ പോലും മുഴുവൻ നേരവും സ്വന്തം മുറിയിൽ ഒതുങ്ങി കൂടി..
ഇപ്പോൾ ചെന്നാലും ആ മുറിയിൽ എന്തിലെങ്കിലും തിരക്കിലായിരിക്കും അവൾ..
കിടക്കവിരികൾ മാറ്റിയും, മേശ അടുക്കിയും, പുസ്തകങ്ങൾ പൊടിതട്ടിയും സുരഭി ആ മുറിയിലൊതുങ്ങി.
എന്തിനാ നീയിങ്ങിനെ ഇവിടെ മാത്രം മോളെ ………….?
ആ ചോദ്യത്തിനുത്തരം ചിരിയായിരുന്നു ..
പിന്നെ ചിലപ്പോഴൊക്കെ പറയും ..
ദിനേട്ടൻ ഉള്ളപ്പോൾ എനിക്ക് ഈ മുറി ഒരു ഓഫീസായി തോന്നിയിരുന്നു, ഏട്ടന്റെ ഫയലുകൾ, വിയർപ്പ് , കിതപ്പ്, ദേഷ്യം.
ഒക്കെ ഇവിടെയുണ്ട് ഒാപ്പേ….
എനിക്കാശ്വാസം തരുന്നത് ഇവിടത്തെ ഏട്ടന്റെ ഓരോരോ സാധനങ്ങളും… ദിനേട്ടന്റെ മണം പുരണ്ട കാറ്റും ആണ് ..
ദിനേട്ടൻ ഇല്ലാതായപ്പോൾ.. ഭാവിയെ കുറിച്ചുള്ള ഭീതി, ചങ്കിടിപ്പ്, സങ്കടം, കണ്ണീര്…..സുനിയെ കുറിച്ചുള്ള പ്രതീക്ഷ, സ്വപ്നങ്ങൾ…
ഇപ്പോൾ ഒന്നും ചെയ്യാനില്ല ഒാപ്പേ……. ഈ മുറി മാത്രം ബാക്കിയായി..
കുറെ കടലാസ്സും.. അതിനൊപ്പം ആണ് താമസം.
ഇപ്പോൾ സുരഭിയുടെ വിയോഗം കൊണ്ട് നൊന്തുപോയ നെഞ്ചമർത്തി അയാൾ മനസിലോർത്തു… പെട്ടെന്ന് അവിടന്ന് പോന്നത് തെറ്റായി.. സുനിയെ തനിച്ചാക്കി ഉടനെ പോരണ്ടായിരുന്നു. അവനെ സമാധാനിപ്പിച്ചു രണ്ടു ദിവസംകൂടി അവിടെ നിൽക്കേണ്ടതായിരുന്നു. അവൻ തനിച്ചാവില്ലേ ആ വീട്ടിൽ.
അന്നത്തെ സങ്കടക്കടൽ താണ്ടി നേരം വെളുത്തതും അയാൾ അതികാലേ അങ്ങോട്ട് പുറപ്പെട്ടു.
പടിക്കൽ എത്തുമ്പോഴേ ചങ്കിടിപ്പ് കൂടി കൊണ്ടിരുന്നു.
ഹൃദയത്തിൽ എന്തോ കൊളുത്തി വലിക്കും പോലെ.
മരണം ശൂന്യമാക്കിയ അവളുടെ മുറിയുടെ നേർക്ക് നോക്കാൻ പോലും ആകെയൊരു പരവേശം.
പടിക്കൽ ആട്ടോ ഇറങ്ങുമ്പോൾ അയാൾ മനസ്സിനെ ധൈര്യപ്പെടുത്തി കൊണ്ട് മനസ്സിലോർത്തു – സുനിയെ ആശ്വസിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണ്.
അമ്മയുടെ മരണം കൊണ്ട് നീറിയ നെഞ്ചോടെ പാവം അവൻ എവിടേലും ഒടിഞ്ഞു തൂങ്ങി ഇരിപ്പാവും…
മുറ്റത്തേക്കു കടന്ന അയാൾ ഒന്ന് അന്ധാളിച്ചു.. !
നടുമുറ്റത്ത് കമിഴ്ന്നു കിടക്കുന്ന സുരഭിയുടെ ബുദ്ധ വിഗ്രഹമാണ് ആദ്യം അയാളുടെ കണ്ണിലുടക്കിയത്..അയാൾ പരിഭ്രത്തോടെ ചുറ്റിലും നോക്കി..
സുരഭിയുടെ കട്ടിലും, പുസ്തക അലമാരയും ഉമ്മറത്ത് ചിതറി കിടക്കുന്നു.
കൂട്ടത്തില്‍ കമിഴ്ന്നു കിടക്കുന്ന ദിനേശിന്റെ മാലയിട്ട ഫോട്ടോ.. വെള്ള പൂശുന്ന പണിക്കാരന് നിർദേശം കൊടുത്തുകൊണ്ട് നിൽക്കുന്ന സുനിലിനു പിന്നിൽ രമ്യ സുരഭിയുടെ അലമാരി പരതുന്നു………..
അതേയ് ആ കട്ടിൽ ചായ്പ്പിലെക്കോ സ്റ്റോറിലെക്കോ മാറ്റിയിടാം. അലമാരയിലെ സാധനങ്ങൾ മുഴുവനും കളഞ്ഞോളൂ………. ഇതും പറഞ്ഞു തിരിഞ്ഞ സുനിൽ അയാളെ കണ്ടു ഒന്ന് പരുങ്ങി… മാമൻ ഇരിക്കൂ… ഞാനിപ്പോൾ വരാം. ചടങ്ങിനു ആളുകൾ വരുന്നതല്ലേ.. ഒന്ന് പെയിന്റ് അടിക്കാമെന്ന് കരുതി..
വിയർപ്പു ചാലിട്ടൊഴുകിയമുഖത്തുനിന്നും കണ്ണീര്‍ ഒഴുകിപ്പോയത് ആരും അറിയാതിരിക്കട്ടെ. മരണം കൊണ്ട് ആരിലും ഒരു നഷ്ടവും സൃഷ്ടിക്കുന്നില്ല എന്ന അറിവിൽ നിന്നയാൾ ചുറ്റിലും നോക്കി. ശ്വാസം നിലയ്ക്കുംവരെ മാത്രം ‘വേണ്ടപ്പെട്ടവർ’ ആകുന്ന സമസ്യയാണ് ജീവിതം എന്നയാൾ അപ്പോളാണ് തിരിച്ചറിഞ്ഞത്.
അയാൾ കുനിഞ്ഞു കൊണ്ട് ആ വിഗ്രഹം എടുത്തു മേൽമുണ്ട് കൊണ്ട് മണ്ണ് തൂത്തു കളഞ്ഞു… സുരഭിയുടെ മരണ മണം പുരണ്ട ബുദ്ധന്റെ മുഖത്തു അപ്പോൾ മരണത്തിന്റെ പരിഹാസം നിറഞ്ഞൊരു നിസ്സംഗത കത്തി നിന്നിരുന്നു……………………..
വായിച്ചപ്പോൾ മരണം നടന്ന സുരഭിയുടെ വീട്ടിലെത്തിയ പ്രതീതിയായിരുന്നു അത്രയ്ക്ക് മനോഹരമായ എഴുത്ത് ഒപ്പം ചിന്തിപ്പിക്കുന്നു എന്നെയും ……മരണം കൊണ്ട് ആരിലും ഒരു നഷ്ടവും സൃഷ്ടിക്കുന്നില്ല എന്ന അറിവിൽ നിന്നയാൾ ചുറ്റിലും നോക്കി…..!!!