1908 ജനുവരിയിലെ ഒരു പകലായിരുന്നു തലയോലപറമ്പിലെ കായിഅബ്ദുറഹിമാനും കുഞ്ഞാച്ചുമ്മയ്ക്കും ഒരു മകൻ ജനിക്കുന്നത്.. ദാരിദ്ര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ആ വീടിനതൊരശുഭദിനമായിരുന്നു, കാരണം അവൻ ജനിക്കുന്നതും ആകുടിലിനു തീപിടിക്കുന്നതും ഒരുമിച്ചായിരുന്നു.. കരഞ്ഞില്ല, ചിരിച്ചായിരുന്നു ജനിച്ചത്. എന്തിനു കരയണം? കുറച്ചുകാലം ജീവിക്കാനെത്തിയതല്ലേ ഞാനും ഈ പ്രബഞ്ചത്തിൽ.. അതുകൊണ്ട് കത്തുന്ന വീടിനെനോക്കി പ്രബഞ്ചത്തെ നോക്കി അവൻ സ്റ്റൈലായിട്ടു ചിരിച്ചു..
തലയോലപറമ്പിലെ മലയാളം സ്കൂളിലും വൈക്കത്തെ ഇംഗ്ലീഷ്മീഡിയം സ്കൂളിലും പഠിച്ചു.. പഠനത്തിനിടെ കടുത്ത ദേശീയതയുടെ ബാധകേറിയതിനാൽ നാട് വിട്ടു കോഴിക്കോട്ടെത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.. പിന്നെയങ്ങോട്ട് മർദ്ധനവും ജയിൽവാസവും.. അനുഭവങ്ങളുടെ തീയിൽ കിടന്ന് ബഷീർ അങ്ങനെ മൂർച്ചയുള്ളൊരു വാളായി..
കഥകളുടെ മാത്രം സുൽത്താനല്ല ബഷീർ.. അനുഭവങ്ങളുടെ,സ്വപ്നങ്ങളുടെയെല്ലാം സുൽത്താൻ കൂടിയാണ്.. ലോകം മൊത്തംചുറ്റിക്കറങ്ങി പല വേഷങ്ങൾ കെട്ടി.. സൂഫിയായി, സന്ന്യാസിയായി, അരിവെപ്പുകാരനായി, കൈനോട്ടകാരനായി എത്രയെത്ര ജോലികൾ… മുച്ചീട്ടുകാർ.. വേശ്യകൾ.. കള്ളന്മാർ..പോലീസുകാർ…….. പലതരം മുലച്ചികൾ വാഴുന്ന പലതരം നാടുകളിൽ ബഷീർ ജീവിച്ചു.
പ്രകൃതിയിലെ സകല ജീവികളെയും ബഷീർ സ്നേഹിച്ചിരുന്നു..ചിലരാത്രിയിൽ ബഷീർ എഴുതികൊണ്ടിരിക്കുമ്പോൾ ഏകാഗ്രതയെ നശിപ്പിച്ചുകൊണ്ട്,കട്ടുതിന്നാനെത്തിയ പൂച്ചകളെ ബഷീർ സഹായിച്ചിരുന്നതായി ബഷീർ കഥകൾ പറയുന്നു.. ഈ അണ്ഡകടാഹത്തിലെ സകല ജീവികളും ഭൂമിയുടെ അവകാശികളാണെന്നു ബഷീർ വിശ്വസിച്ചിരുന്നു.. അങ്ങനെ ബഷീറിന്റെ മുന്നിലെത്തിയ സകല ജീവികളും കഥാപത്രങ്ങളായി മൂർഖനും മൂക്കനും ആടും പൂച്ചയും ആനയുമെല്ലാം..
‘എനിക്കൊരുപാട് തീക്ഷ്ണതയേറിയ അനുഭവങ്ങളുണ്ട്..എനിക്കറിയാവുന്ന അക്ഷരങ്ങളിൽ എഴുതി ഞാൻ ജീവിക്കും’ പല പ്രസാധകരോടും ബഷീർ പറഞ്ഞിട്ടുള്ള വാക്കുകളാണിത്.. ബഷീറിന്റെ ഭാഷയിൽ കുറവ്കണ്ട് അത് എഡിറ്റു ചെയ്തു വൃത്തികേടാക്കിയ ഒരു എഡിറ്ററെ കത്തികൊണ്ട് കുത്താൻ ചെന്നതും രസകരമായ അനുഭവമാണ്.. അങ്ങനെ മലയാള സാഹിത്യത്തിൽ ബഷീർ മറ്റൊരു ഭാഷ സൃഷ്‌ടിച്ചു.. ബഷീറിയൻ ഭാഷ..
മറക്കാനാവാത്ത കുറേ കഥാപത്രങ്ങളും സ്വന്തമായി സൃഷ്‌ടിച്ചെടുത്ത ഭാഷയും മാത്രമല്ല അദ്ദേഹത്തിന്റെ ഈടുവയ്‌പ്പ്. മനുഷ്യജീവിതത്തിന്റെ പൂർണ്ണത തേടിനടന്ന,എഴുത്തിലെ ബുദ്ധനായിരുന്നു ബഷീർ. ഒന്നുമില്ല കുഴഞ്ഞുമറിഞ്ഞ ചിന്തകൾ..ഉറക്കമില്ലാത്ത രാത്രികൾ.. ഭാരിച്ച ജോലിയുള്ള പകലുകൾ.. രാത്രിയെ വെറുത്തുപി.പകലിനെ വെറുത്തു. ആകെയൊരു വെറുപ്പ്.ഊണില്ല.ഉറക്കമില്ല;കിനാവുകൾ, ആകെ സംഭ്രമം!ശുദ്ധസുന്ദരമായ ഭ്രാന്ത്!
ഒരു ജീവിതത്തിന് ഇത്രയ്ക്കു വൈവിധ്യമാകാമെന്നു മനസ്സിലാകുന്നത് ബഷീറിന്റെ ജീവിത കഥയിലൂടെ കടന്നുപോകുമ്പോഴാണ്.. ഇത്രയ്ക്കു പച്ചയായി,ലളിതസുന്ദരമായി എഴുതാമെന്ന് ബോധ്യപ്പെടുന്നത് ആ കൃതികൾ വഴിക്കുമ്പോഴാണ്.. മറ്റുപലർക്കും പിൻഗാമികൾ വന്നേക്കാം.. എന്നാൽ ഒന്നുറപ്പ് ഇനിയൊരു ബഷീർ അതൊരിക്കലുമുണ്ടാകില്ല..
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കക്കട്ടെ..!!!
ബേപ്പൂർ സുൽത്താൻ – ഇമ്മിണി ബല്യ അക്ഷര പുഷ്പം
One comment
Pingback: ബേപ്പൂർ സുൽത്താൻ – ഇമ്മിണി ബല്യ അക്ഷര പുഷ്പം | ചേതസ്സ്