മനുഷ്യന്റെ ആർത്തിയെ ശമിപ്പിക്കാനായി പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുക എന്നതാണ് പൊതു രീതി. എന്നാൽ സർവ്വ ജീവ രാശികൾക്കും അവകാശപ്പെട്ട പ്രകൃതിയിൽ, മനുഷ്യനും ഒരു കോശം മാത്രമാണ്. ഈ സത്യത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന സമീപന രീതി ആണ് ഡീപ് ഇക്കോളജിയുടേത്. ദൗർഭാഗ്യവശാൽ നിലവിലുള്ള പരിസ്ഥിതി സമീപനങ്ങൾ ഈ വിധമല്ല. ഇത് നമ്മുടെ സുസ്ഥിരതയെ നേരിൽ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഉത്തരാഖണ്ടും, ചെന്നൈയും ,നേപ്പാളും മാത്രമല്ല സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ശാരീരികവും, മാനസികവും, സാമ്പത്തികവും, സാമൂഹികവും ആയ പ്രതിസന്ധികളും ചില ഉദാഹരണങ്ങൾ മാത്രമാണ്. അതിനാൽ പ്രകൃതിയെ ഒരു കേവല ഭൗതികവസ്തു ആയി മാത്രം മനസ്സിലാക്കി കൈകാര്യം ചെയ്യുന്ന ഉപഭോഗ രീതി മാറുക തന്നെ വേണം. അതിനായി സമഗ്രമായി പ്രകൃതിയെ കണ്ടറിഞ്ഞു കൈകാര്യം ചെയ്യുകയും, എല്ലാം എനിക്ക് വേണം എന്ന് പഠിപ്പിക്കുന്ന മനുഷ്യ കേന്ദ്രിത പൊതു ജീവിത സംസ്കാരത്തെ വിട്ടു, ഞാൻ നിനക്കുണ്ട് എന്ന് കരുതലുള്ള വിസ്തൃതമായ ഒരു പ്രകൃതി കേന്ദ്രിത സംസ്കാരത്തിലേക്ക് മനുഷ്യൻ ചുവടു മാറ്റം നടത്തുകയും വേണം. അതിനായി നിലവിലുള്ള പ്രതിസന്ധികളുടെ ആക്കം കൂട്ടുന്ന പ്രതിരോധ പ്രവര്ത്തനങ്ങൾ വിട്ടു സമാധാനത്തിൽ ഊന്നിയ ക്രിയാത്മക പ്രവർത്തനങ്ങളിലേക്ക് മനുഷ്യ സമൂഹം തിരിയണം.
ഇതിനു വേണ്ടി ലോകമെമ്പാടും സമ്പൂർണ്ണ സ്വാശ്രയത്വം നടപ്പിലാക്കുന്ന സ്വാശ്രയ സമൂഹങ്ങളും ഇക്കോ വില്ലേജുകളും ഉണ്ടായി വരുന്നുണ്ട്. ഗാന്ധിജിയും കുമരപ്പയും വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് ഈ വിധത്തിൽ പ്രകൃതിയെ നിരീക്ഷിച്ചു തുടങ്ങുന്ന ഒരു ജീവിത ക്രമം ആയിരുന്നു. ഗാന്ധിജിയുടെ ശിഷ്യനും കേരളത്തിലെ തറക്കൂട്ട സംവിധാനത്തിന്റെ പിതാവും ആയിരുന്ന ശ്രീ പങ്കജാക്ഷക്കുറുപ്പും, കേരളത്തിലെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ആചാര്യൻ പ്രൊഫസർ ജോൻസിയും, യോഗശാസ്ത്രത്തെ ജീവകുലത്തിന്റെ സുസ്ഥിതിക്കായി ഉപയോഗിക്കുവാൻ പഠിപ്പിക്കുന്ന സദ്ഗുരു മണിയും വിഭാവനം ചെയ്യുന്നതും ഈ വിധമുള്ള ഒരു ലോകക്രമമാണ്. ഭാരത സർക്കാരും ഓരോവിൽ ഫൌണ്ടേഷനും ചേർന്നു പോണ്ടിച്ചേരിയിൽ നടപ്പിലാക്കിയ ഓരോവിൽ ഈ വിധത്തിലുള്ള ലോകത്തെ ഏറ്റവും വലിയ സംവിധാനങ്ങളിൽ ഒന്നാണ്.
കേരളത്തിന്റെ സാംസ്കാ രിക പശ്ചാത്തലത്തിൽ ഇത് നടപ്പിലാക്കുക ക്ഷിപ്രസാദ്ധ്യമല്ല. അതിനാൽ കേവല ഭൗതിക ഉപഭോഗ വസ്തു ആയി പ്രകൃതിയെ കണക്കാക്കാത്ത ഒരു ജനതയും അതേക്കുറിച്ച് തികഞ്ഞ അവബോധവുമുള്ള ഒരു കൂട്ടം നേതൃത്വ ഗുണമുള്ള ലോക ബന്ധുക്കളും ഉണ്ടാകേണ്ടതുണ്ട്. അതിനായി ഗ്രീൻക്രോസ് ഫൌണ്ടേഷൻ സെന്റർ ഫോർ ഡീപ് ഇക്കോളജി, വിവിധയിടങ്ങളിലായി, ആഴ പരിസ്ഥിതി സാക്ഷരതാ പരിപാടികൾ നടപ്പിലാക്കി വരികയാണ്.
പ്രസ്തുത സുസ്ഥിര ജീവിത സംവിധാനങ്ങളെ കുറിച്ച് അവബോധമുള്ള വ്യക്തികളെ വാർത്തെടുക്കുകയും അവർ വഴി വിവിധ ഇടങ്ങളിൽ പ്രാദേശിക സത്സംഗങ്ങളും അത് വഴി ഭാവിയിൽ പ്രാദേശിക സുസ്ഥിര സ്വാശ്രയ സമൂഹങ്ങളെ ഉണ്ടാക്കുകയും, അതിലൂടെ ഭാവി സമൂഹത്തിന്റെയും പ്രകൃതിയുടെയും സുസ്ഥിരതയും സമാധാനവും കണ്ടെത്തുകയും ചെയ്യുക എന്നതാണ് പ്രകൃതി ആത്മീയ സഹവാസങ്ങൾ കൊണ്ട് വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷമായി കേരളത്തിലെ വിവിധ ജില്ലകളിൽ ഇക്കോ സ്പിരിച്വൽ സഹവാസങ്ങൾ നടത്തി വരുന്നു.
ഈ സഹവാസ പരിപാടി, ഒരു പ്രകൃതി പഠന ക്യാമ്പ് അല്ല. ഈ പശ്ചാത്തലം, പ്രകൃതിയുടെ ആത്മീയ ഭാവത്തെ തൊട്ടറിയാനും, നമ്മിൽ കാലങ്ങളായി അടിഞ്ഞു കൂടിയ ചില പരിമിത യുക്തികളെ കറ നീക്കി വെളിവാക്കാനുമുള്ള ഒരു അനുഭവ ഭൂമികയാണ്. സഹവാസ പരിപാടിയിൽ നിന്നും നാം ലക്ഷ്യമാക്കുന്നത്, പ്രകൃതിയെ അതിന്റെ മുഴുവൻ രൂപത്തിലും മെച്ചപ്പെട്ടു അറിയുന്ന ഒരു ചെറു ബന്ധു സമൂഹത്തിന്റെ രൂപപ്പെടലാണ്. അതിലെ ബന്ധുക്കളുടെ സ്വകാര്യവും, സ്വതന്ത്രവും ആയ പ്രകൃതി ആത്മീയ അനുഭവങ്ങളുടെ നിലനിർത്തലും പങ്കിടലും ആണ്. ആ അനുഭവങ്ങളെയും, ബോധ്യത്തെയും, നമുക്കും, നമ്മുടെ ചുറ്റുമുള്ള ജീവൽ പ്രപഞ്ചത്തിനും ശുഭകരമാം വണ്ണം ഉപയുക്തമാക്കുക എന്നതാണ്. അതിനായി നാം നിരന്തരം ഒന്നായി തീരുന്ന സത്സംഗമാകുക എന്നതാണ്.
ഒരു സർവകലാശാലാ പഠനം എന്ന മുറയിൽ ഇക്കോസഫി, ഡീപ് ഇക്കോളജി, ഇക്കോ സ്പിരിച്വാലിറ്റി, ഒളിമ്പസ് എന്നീ വിഷയങ്ങളെ പഠിച്ചു പോകുവാൻ പാകത്തിൽ ക്ലാസ്സുകളും പരിശീലന സങ്കേതങ്ങളും സഹവാസങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. തുടർച്ചയായി സഹവാസത്തിൽ പങ്കെടുക്കുന്നവർക്കാണ് തുടർ പഠന സൗകര്യം ലഭ്യമാകുക.അതിനാൽ, നമുക്ക് മനവും, തനുവും, ഭൂമികയും, അറിവും, അനുഭവവും ഓകു പ്രകൃതി ആത്മീയ മണ്ഡലത്തിൽ അലിഞ്ഞു ചേരാം.