പുനർജീവനി തേടുന്ന ആരോഗ്യപ്പച്ച

tribe visited by researchers from U.S and Africa
tribe visited by researchers from U.S and Africa

ശാസ്ത്രത്തിൽ കല്ലാനയെപ്പോലുള്ള പരിണാമങ്ങൾ “എഡ്ജ് ബയോഡൈവർസിറ്റി ഫോർമേഷൻ” എന്നറിയപ്പെടുന്നു. ഹൈ അൽറ്റിറ്റൂഡ് മൗണ്ടേൻ എവർഗ്രീൻ അഥവാ ഷോല എന്നറിയപ്പെടുന്ന മലമുകളിലെ ബോൺസായി കാടുകളിലെ മരങ്ങളും കുള്ളൻമാരാണ്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഭൗമ ഉച്ചകോടി. ചടങ്ങിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജീൻക്രിട്ടിനെ കണ്ടപ്പോൾ, ഇങ്ങ് കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന അഗസ്ത്യവനത്തിലെ ഉൾക്കാട്ടിൽ നിന്നു വന്ന കുട്ടിമാത്തൻ എന്ന ആദിവാസി പറഞ്ഞു- ”ഞാൻ കേരളത്തിൽ നിന്നും വന്ന കുട്ടിമാത്തൻ കാണി. ഞാൻ അങ്ങയെ സ്വാഗതം ചെയ്യുന്നു.” സദസ്സിൽ നിന്ന് ഉയർന്ന കനത്ത കരഘോഷവും കനേഡിയൻ പ്രധാനമന്ത്രിയുടെ കെട്ടിപ്പുണരലും ഇന്നും ആവേശത്തോടെ സ്മരിക്കുന്ന പട്ടിണിപ്പാവം, പക്ഷേ ഒരിക്കൽ ലോകം വാഴ്ത്തിയ സസ്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചോർത്ത് അറിയാതെ വിതുമ്പിപ്പോയി. മിറാക്കിൾ ഹെർബ്ബ് (അത്ഭുതസസ്യം) എന്ന് പ്രെയിംസ്റ്റോറി നല്കിയ “ടൈം മാഗസി”ന്റ കവർ പേജിൽ പോലും നിറഞ്ഞുനിന്ന കുട്ടിമാത്തൻ കാണി എന്ന 55 കാരൻ പണിപൂർത്തിയാകാത്ത തന്റെ കൂരയിലിരുന്ന് ഒരു വലിയ വിപ്ലവ സ്വപ്നത്തിനു സംഭവിച്ച ഗതിയോർത്ത് വേദനിക്കുകയാണ്. ആദിവാസികളിൽ നിന്ന് ആദ്യമായി ഭൗമ ഉച്ചകോടിയിൽ പങ്കെടുത്ത ആൾ എന്ന നിലയിൽ കിട്ടിയ പ്രശസ്തി തന്റെയും ഊരുകാരുടെയും പട്ടിണി മാറ്റിയില്ല എന്നു മാത്രമല്ല, ഒട്ടനേകം പുതുമകൾക്കു സാക്ഷിയാകാൻ നാടിനും സമൂഹത്തിനും കഴിഞ്ഞില്ലല്ലോ എന്നതിലും സങ്കടപ്പെടുന്നു ഈ കാണിക്കാരൻ.

ആ അത്ഭുതം സംഭവിക്കുന്നു:

കൊടും പട്ടിണി. കാട്ടിൽ വനവിഭവങ്ങൾ ഒന്നും കിട്ടാനില്ല. കനത്തമഴ. പട്ടിണി കൊണ്ട് കണ്ണിൽ ഇരുട്ടുകയറി. അവസാനം അഗസ്ത്യവനത്തിലെ ചോനംപാറ സെറ്റിൽമെന്റിലെ കുട്ടിമാത്തൻ കാണി എന്ന ആദിവാസി യുവാവ് ഒരു തീരുമാനമെടുത്തു – മരിക്കുക. അതിനായി വീട്ടിൽ ആരേയും അറിയിക്കാതെ ഉൾവനത്തിലേക്ക് പോയി. ആത്മഹത്യ ചെയ്യാനായി. കൈതോട് വനത്തിലെ പാറപ്പടവിൽ കയറി കാട്ടുദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ച് വനത്തിലെ ചിലയിടങ്ങളിൽ കാണാറുള്ള, കാണിക്കാർ ചാത്താൻകിളങ്ക് (ചാത്താൻകിഴങ്ങ്) എന്നു വിളിക്കാറുള്ള ചെടിയുടെ ഇലയും, അതിന്റെ കായും എടുത്തു കഴിച്ച് പാറപ്പുറത്ത് കിടന്നു. അതിനു വിഷമുണ്ടെന്നും അതു കഴിച്ചാൽ ജീവൻ പോകുമെന്നുമാണ് അവരുടെ ധാരണ. സമയം നീണ്ടുപോയിട്ടും മരണം എത്തിയില്ല. മരണം പ്രതീക്ഷിച്ചുകിടന്ന കുട്ടിമാത്തന് അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ഉന്മേഷം. കാലുകൾക്കും കൈകൾക്കും ഉണർവ്വ്. ചാടിയെണീറ്റ കുട്ടിമാത്തനു വിശ്വസിക്കാനായില്ല. ചാവാൻ കഴിച്ച ചാത്താൻകിളങ്ക് എന്ന ചെടിയുടെ ഇലയും കായും പുതിയ ഉന്മേഷം നല്കുന്നു. താമസിയാതെ ഈ വിവരം ഊരിൽ പരന്നു. അങ്ങനെ ചാത്താൻകിഴങ്ങ് പുതിയ താരമായി മാറി. അതോടെ വിശപ്പടക്കാനും ഊർജ്ജം ലഭിക്കാനുമായി ആദിവാസികൾ ചാത്താങ്കിഴങ്ങ് കഴിക്കാൻ തുടങ്ങി.

മരണവിഷമായി കണ്ട ഈ ചാത്താൻകിഴങ്ങ് ലോകപ്പെരുമ നേടിയതും ഊർജ്ജദായനി ആയതും പിന്നീടുള്ള കാര്യം. ഇതാണ് ആരോഗ്യപ്പച്ച.

arogypacha(Trichopus zeylanicus)
arogypacha(Trichopus zeylanicus)

ആരോഗ്യപ്പച്ച എന്ന് ശാസ്ത്രസമൂഹവും ചാത്താൻകിളങ്ക് എന്നു കാണിക്കാരും വിളിക്കുന്ന സസ്യത്തെ അഗസ്ത്യമലനിരകളിലെ കോട്ടൂര് ചോനംപാറ കോളനിയിലെ കാണിക്കാരായ കുട്ടിമാത്തന്കാണിയും മല്ലന്കാണിയുമാണ് 1987ല് അന്നത്തെ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ (ഇന്ന് നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ) ശാസ്ത്രജ്ഞർക്ക് കാണിച്ചുകൊടുത്തത്. കാട്ടിലെ പഠനത്തിനു വന്ന ശാസ്ത്രജ്ഞർ ഇടയ്ക്ക് വിശ്രമിക്കാനായി ഇരുന്നപ്പോഴാണ് കാണിക്കാർ അവിടെ കാണപ്പെടുന്ന ചെടിയുടെ ഇലയും കായും കഴിക്കുന്നത് കണ്ടത്. ഇത് ശ്രദ്ധയിൽ പെട്ട ശാസ്ത്രജ്ഞർ അത് എന്താണെന്നു ചോദിക്കുന്നതോടെ തുടങ്ങുന്നു ഇരുളിൽ കിടന്ന സത്യം പുറമേയ്ക്ക് വരുന്നത്. വിശപ്പടക്കാനും തളർച്ച മാറ്റാനും ആദിവാസികൾ ഉപയോഗിച്ചു വന്നിരുന്ന സസ്യത്തെ ശാസ്ത്രജ്ഞർ പറിച്ചെടുക്കുകയും എട്ടു വർഷത്തെ പരീക്ഷണത്തിനുശേഷം അതിൽ നിന്ന് ‘ജീവനി’ എന്ന ഔഷധം നിർമിക്കുകയും ചെയ്തു. പ്രതിരോധശക്തി വർദ്ധിപ്പിച്ച് രക്ത അളവ് കൂട്ടാനാണ് ‘ജീവനി’ ഉപയോഗിച്ചിരുന്നത്.

ചുവടുവയ്പ്പുകൾ

‘ജീവനി’ക്ക് മാർക്കറ്റിങ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 1996ൽ ഔഷധം നിർമിച്ച് വിതരണം ചെയ്യാൻ കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിക്ക് സാങ്കേതികവിദ്യ കൈമാറി. 10 ലക്ഷം രൂപയ്ക്കാണ് പാലോട് ബൊട്ടാണിക്കൽ ഗാർഡൻ എന്ന സ്ഥാപനം ആര്യ വൈദ്യ ഫാർമസിക്ക് കൈമാറ്റം നടത്തിയത്. റോയൽറ്റി ഇനത്തിൽ വിറ്റുവരവിന്റെ രണ്ടു ശതമാനംUntitled-818562002 കാണിക്കാർക്ക് നൽകാനും ചട്ടമുണ്ടാക്കി. അതോടെ കാണിക്കാർക്ക് ആവേശം ഇരട്ടിച്ചു. ആരോഗ്യപ്പച്ച തങ്ങളുടെ അന്നദാതാവായി മാറുന്നത് അറിഞ്ഞ അവർ ഈ സസ്യത്തെ നെഞ്ചിലേറ്റുകയായിരുന്നു. കാണിക്കാർ ഒരു ട്രസ്റ്റ് ഉണ്ടാക്കി ഈ തുക ചെലവഴിക്കാനും ആരോഗ്യപ്പച്ച കൃഷി ചെയ്യാനും വൻപദ്ധതി തയാറാക്കി.

ആരോഗ്യപ്പച്ചയുടെ ഇലകളാണ് ‘ജീവനി’ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഒരു കിലോ ഇലയ്ക്ക് 200 രൂപ വരെ നൽകി ഫാർമസി എടുക്കും. അങ്ങനെ ആരോഗ്യപ്പച്ചയുടെ കൃഷി വനത്തിൽ വ്യാപകമാകുകയും അതിനായി വനംവകുപ്പ് സഹകരിക്കുകയും ചെയ്തു. കാണിക്കാരുടെ സാമ്പത്തിക നിലവാരം ഉയർന്നതോടെ അവർക്ക് പട്ടിണിയിൽ നിന്നു പതുക്കെ മോചനം ലഭിച്ചു. ഇതിനിടെ അമേരിക്കയിലെ ടെക്സാസിലെ കോട്ട് ആൻഡ് വൈറ്റ് ക്ലിനിക്ക് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെയും ടെക്സാസിലെ ഹെൽത്ത് സയൻസ് സെന്ററിലെയും ശാസ്ത്രജ്ഞർ ആരോഗ്യപ്പച്ചയിൽ നിന്ന്, കോശങ്ങളിൽ അടിയുന്ന അഴുക്കുകളെ മാറ്റാൻ ഈ സസ്യത്തിന് കഴിയുമെന്ന് കണ്ടെത്തിയതും ആരോഗ്യപ്പച്ചയുടെ പ്രശസ്തി വർദ്ധിപ്പിക്കാൻ ഇടയാക്കി. തുടർന്ന് കൃഷി വ്യാപിച്ചു.

സമുദ്രനിരപ്പിൽ നിന്ന് 900 മീറ്റർ മുകളിൽ മാത്രം വളരുന്ന ഈ സസ്യത്തെ കാട്ടിനകത്തേ വളർത്താനാകൂ. ഇലകൾ വേണ്ടത്ര ലഭ്യമല്ലാത്ത അവസ്ഥ വരെ വന്നു. കാണിക്കാർക്കും സ്ഥിരം ജോലി കിട്ടുന്ന സ്ഥിതി വരെയായി. അതിനിടെ സസ്യത്തെ കാണിച്ചുകൊടുത്ത കുട്ടിമാത്തൻകാണിക്കും മല്ലൻകാണിക്കും പാലോട് ഇൻസ്റ്റിറ്റ്യൂട്ടിൽ താല്ക്കാലിക ജോലിയും നല്കി. ഇതിനിടെ ആരോഗ്യപ്പച്ച ആഗോളപ്രശസ്തി നേടുകയും കാണിക്കാരെ ശാസ്ത്രസമൂഹം അംഗീകരിക്കുകയും ചെയ്തു. കുട്ടിമാത്തൻകാണിയെ സാൻഫ്രാൻസിസ്കോയിൽ നടന്ന ശാസ്ത്രസംഗമത്തിൽ ക്ഷണിച്ച് ആദരിച്ചത് അന്നത്തെ വാർത്തയായിരുന്നു.

Western Ghats – Photo Courtesy: exploringtourism.com

ഇല്ലാതാകുന്ന പ്രതീക്ഷ :

അതിനിടെ പുതുക്കിയ കരാറിനായി ഫാർമസി വീണ്ടും സർക്കാരിനെ സമീപിച്ചു. എന്നാൽ ചില ചരടുവലി കാരണം ഫാർമസിക്ക്  കരാർ നൽകിയില്ല. പകരം സർക്കാർ സ്ഥാപനമായ ‘ഔഷധി’ക്ക് കരാർ നൽകി. വലിയ ആഘോഷത്തോടെ കരാർ ഏറ്റെടുത്ത ‘ഔഷധി’ പിന്നീട് ഇഴഞ്ഞു തുടങ്ങി. കൃഷി നടത്താൻ നടപടിയെടുത്തില്ല. കാണിക്കാർ പതിയെ കൃഷി ഉപേക്ഷിച്ചു തുടങ്ങി. ‘ജീവനി’ എന്ന ഔഷധം പോലും നിർമിക്കുന്നത് നിറുത്തി. അങ്ങനെ ആഗോളപ്രശസ്തി നേടിയ ആരോഗ്യപ്പച്ചയ്ക്ക് തളർവാതം വന്നു. ഇതിനിടെ കാണിക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു. അതോടെ കൃഷി നിലച്ചു. ആരോഗ്യപ്പച്ച എടുക്കാൻ ആരും വരാതെയായതോടെ കാട്ടിൽ നിന്ന് അവ വിടപറഞ്ഞു. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ അധികൃതരാകട്ടെ ഇതിനു വലിയ പ്രാധാന്യം നല്കിയതുമില്ല. അതിനകത്തെ ചേരിപ്പോരു കാരണം ആരോഗ്യപ്പച്ചയെക്കുറിച്ചുള്ള തുടർഗവേഷണം പോലും നടന്നില്ല.

40-1_20121015
Kuttimathan Kani showing the photographs taken at Earth Summit in 2002

പ്രാചീന ഗോത്ര സംസ്കാരത്തിന്റെ ഉടമകളായ കാണിക്കാർ കണ്ടെത്തിയ സസ്യം ആഗോളതലത്തിൽ ഉണ്ടാക്കിയ വൻചലനം ഇപ്പോൾ കാട്ടിലെ തുടിപ്പായി മാത്രം മാറിയിരിക്കുകയാണ്. വർഷങ്ങളായി ദുരിതക്കണ്ണീർ ഒഴുക്കിയിരുന്നവർക്ക് ആശ്വാസമായി ജീവനുള്ള പച്ചയായ ആരോഗ്യപ്പച്ചയ്ക്ക് പുനർജീവൻ നൽകിയ വനംവകുപ്പ് തന്നെ അതിനു പാര പണിതു. ആരോഗ്യപ്പച്ചയുടെ കൃഷിക്കും ഗവേഷണത്തിനും ഔഷധ നിർമാണത്തിനും വനംവകുപ്പ് , പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി നടപടികൾ എടുത്തതായി അന്നത്തെ വനംവകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ നിയമസഭയിൽ അറിയിക്കുകയും നടപടികൾ എടുക്കുകയും ചെയ്തിരുന്നു. വനംവകുപ്പും പാലോട് ബൊട്ടാണിക്കൽ ഗാർഡനും ‘ഔഷധി’യും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്നും നിർദേശം വന്നിരുന്നു. ആരോഗ്യപ്പച്ചയുടെ തൈകൾ അഗസ്ത്യവനം ബയോളജിക്കൽ പാർക്കിൽ വരുന്ന ചോനംപാറ, വാലിപ്പാറ, കൈതോട്, മാങ്കോട്, കമലകം എന്നീ കോളനികളിൽ കാണിക്കാരുടെ മേൽനോട്ടത്തിൽ വളർത്താനും അതു നല്ല വിലയ്ക്ക് ‘ഔഷധി’യ്ക്ക് വിൽക്കാനും പുതിയ ഔഷധങ്ങൾ ഉണ്ടാക്കാനും കഴിയുന്ന പദ്ധതിയാണ് ചിട്ടപ്പെടുത്തിയിരുന്നത്. എന്നാൽ വനംവകുപ്പിലെ ചിലർ പാരപണിത് അതിനെ ഇല്ലാതാക്കി.

ആർക്കും വേണ്ടാതെ..

the finder of arogyapacha – Kuttimathan Kani

കാടിനെയും കാടിന്റെ മക്കളെയും നശിപ്പിക്കുക ഒരു പുതിയ സംസ്കാരമാകുകയാണ്. ആ നവീന സംസ്കാരത്തിന്റെ അടിച്ചമർത്തലിൽ വേരറ്റു പോകുകയാണ് ആദിവാസികൾ ലോകത്തിന് കാട്ടിക്കൊടുത്ത സസ്യം. അഗസ്ത്യമലയുടെ വരദാനമായ ആരോഗ്യപ്പച്ച എന്ന ജീവൽസസ്യത്തിന് ഇപ്പോൾ നാഥനില്ലാത്ത അവസ്ഥ. ആഗോളപ്പെരുമയും ശാസ്ത്രജ്ഞരുടെ കൗതുകവുമായി മാറിയ ഈ സസ്യത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയ പാലോട് ബൊട്ടാണിക്കൽ ഗാർഡൻ അധികൃതർക്കും, അത് കണ്ടെത്തി ലോകത്തിനു കാണിച്ചുകൊടുത്ത ആദിവാസികളായ കാണിക്കാർക്കും ഇപ്പോൾ ഈ സസ്യത്തെ വേണ്ടാത്ത സ്ഥിതിയാണ്.

പേരെടുത്തത് മറ്റുള്ളവർ:

കാണിസമുദായത്തിന്റെ സ്വത്തായി ലോകം വാഴ്ത്തിയ ചെടിയിൽനിന്ന് ഔഷധങ്ങൾ ജനിച്ചപ്പോൾ അത് കാണിക്കാരുടെ ക്ഷേമത്തിനായി വരുമെന്ന് സ്വപ്നം കണ്ടു. അത് നടക്കാതെയായി. ഇന്നും പട്ടിണിയും പരിവട്ടവുമാണ് ഇവർക്കു കൂട്ട്. എന്നാൽ ചെടിയുടെ പേരിൽ ഉന്നത പുരസ്കാരങ്ങളും അവാർഡുകളും നേടിയവർ ധാരാളം. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ മുൻ ഡയറക്ടർ ഡോ.പി പുഷ്പാംഗദനും, റിസർച്ച് വിങ് ഹെഡായിരുന്ന ഡോ. എസ് രാജശേഖരനും ഇതിന്റെ പേരിൽ വലിയ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയെടുത്തു. ഒട്ടേറെ വിദേശ യാത്രകൾ ഇതിന്റെ പേരിൽ അവർ തരപ്പെടുത്തി. ജോഹന്നാസ് ബെർഗിൽ നടന്ന ഭൗമ ഉച്ചകോടിയിൽ 30,000 ഡോളറാണ് അവാർഡ് തുകയായി ഡോ. പി പുഷ്പാംഗദൻ കൈപ്പറ്റിയത്.

Check Also

അമ്പിളി അമ്മാവൻ

ഒന്ന് വേനലവധി…. നിറയെ കളിക്കുട്ടികൾ…. മുത്തശ്ശി ആറ്റിൻകരയിൽ കൈയിൽ ഒരു വടിയുമായി വന്നു. കേറിൻ പിള്ളാരേ!! മതി വെള്ളത്തിൽ കളിച്ചത്, …

Leave a Reply

Your email address will not be published. Required fields are marked *