കദനങ്ങൾ കാവ്യമാവുന്നൂ……………!
നെഞ്ചകം നീറിയുറങ്ങാത്ത ചിന്തകൾ
തൂലിക ഏറ്റെടുക്കുന്നു……..
ഹൃദയത്തിലഴൽ വീണ ദിനരാത്രമൊക്കെയും
കദനത്തിൻ കനലായിടുന്നു,
കനലെരിയുന്ന മനസ്സിന്റെ നോവുകൾ
ജീവ, ചിത്രം വരയ്ക്കുന്നു നിത്യം,
നഗ്നസത്യം രചിക്കുന്നു നിത്യം.
മിഴിനീർ വറ്റാത്തതാം മുറിപാടുകൾ
ഓർമ്മപ്പെടുത്തലാവുന്നു
നിന്റെ ബോധമുണർത്തലാകുന്നു
കാലം ശരശയ്യതീർത്തു കൈമാടവേ
ഓർത്തെടുത്തീടുവാൻ മാത്രം, നിന്നെ.,
തിരികെ ക്ഷണിക്കുവാൻ മാത്രം…….
പുലമ്പുവാനുണ്ടേറെ പുണ്യപുരാണങ്ങൾ
ധർമ്മസൂക്തങ്ങളുണ്ടേറെ
പാഴ്മുളം തണ്ടിലെ പാഴ്ശ്രുതിയാവുന്ന
ആദർശഗീതികളായി,
വെറും അപരാഹ്ന വീചികൾ മാത്രമായി.
ഭയമെന്ന വ്യാധിയെ വിഭ്രാന്തിയാക്കി
തളച്ചിടാമെന്നതാണേറെ മുഖ്യം
അതറിയുന്ന തമ്പ്രാക്കൾ കളമേറ്റെടുക്കുന്നു,
വിലപേശി വില്ക്കുന്നു ജീവിതങ്ങൾ !
അടവുണ്ട്, നയമുണ്ട് അധികാരസ്ഥാനങ്ങൾ-
ക്കലിവേതുമില്ലാ മനസ്സുമുണ്ട്
അകതാര് പിടയുമ്പോൾ അണിയറയ്ക്കുള്ളിലായ്
അട്ടഹസിയ്ക്കുന്ന ധാഷ്ട്യമുണ്ട്
അമ്മിഞ്ഞ കിട്ടാതെ അലറുന്ന കുഞ്ഞിന്റെ
മാറുപിളർക്കുന്ന ക്രൗര്യമുണ്ട്
ഉയിരായ മണ്ണിന്റെ ഉടുമുണ്ടഴിച്ചതി-
ലമരുന്ന കാട്ടാള നീതിയുണ്ട്.
നീറുന്ന സത്യങ്ങൾ തേടുന്ന കണ്ണുകൾ
ഇരുള്വന്നുമൂടാതെ കാത്തുകൊൾക
കനലെരിച്ചരികിലായ് കാത്തിരിക്കുന്നു, നിൻ
നാളുകൾക്കറുതി വരുത്തി വെക്കാൻ,
നിന്റെ, പട്ടടക്കഗ്നി പകർന്നുവെക്കാൻ……….!