വിദൂര ദൂരങ്ങളിലേക്ക്
വേഗ വേഗങ്ങളിലോടുന്ന
ഭ്രമണ ദാഹങ്ങൾക്ക് മേൽ
വേനൽ കുമ്പിളിൽ
നിന്നടർന്നു വീണൊരു
തീർത്ഥ കണമായ്….. നീ
വിശുദ്ധ ശുദ്ധികളിൽ
അദൃശ്യ ദൃശ്യമായ് മിന്നും
പ്രശസ്ത സിദ്ധികൾക്ക് മേൽ
മഴഞ്ഞരമ്പു കളിൽ
നിന്നൂർന്നു വീണൊരു
നിണ കണികയായ്… നീ
സമതല തലങ്ങളിൽ
ഹിമപർവ്വത ശിഖരങ്ങളിൽ
ദുരിത ജീവിതപ്രവേഗങ്ങൾക്ക് മേൽ
ഇതൾ ഇതൾ പൊഴി –
ഞ്ഞടർന്നു വീണൊരു
കൃഷ്ണതുളസിക്കതിരിൻ
കവിളിലെ
ഹൃദയാശ്രു കണികയായ്… നീ
വേരറ്റ വേരുകളിൽ
ഇലയറ്റ ചില്ലകളിൽ
ശിരസറ്റ ഉടലിൻ
ഹൃദയപാർശ്വങ്ങളിൽ
കാതരയാമെന്നിണപ്പക്ഷി
ചേക്കേറും
രാവ് ഉണരുന്ന
ചകിതയാമങ്ങളിൽ
കാലമേ നീ പെയ്തുറയുന്നു
മൗനത്തിൻ
പ്രളയാഗ്നിയായെന്റെ
ആത്മ ശൈലങ്ങളിൽ….