ഇടവഴിയിലൂടെ ചുമടേറ്റിയ ഒത്തിരി കറ്റകള്‍ തെക്കോട്ട് പോയികൊണ്ടിരുന്നു.
മകരകൊയ്ത്തുക്കാലത്തെ വരണ്ട കാറ്റ് ആ ഗ്രാമത്തിലെ ഇടവഴി കയ്യാലകളെ കുത്തി തുരന്നുകൊണ്ടിരിക്കുമ്പോഴാണ്, മാണികുട്ടിയും, അയ്യപ്പനും, അമ്മുവും,സുലുവും വയലില്‍ നിന്നും ചെരുവായൂരകത്തെ തറവാട്ടു മുറ്റത്ത് കറ്റമെതിയിട്ടു, ശര്‍ക്കരകാപ്പി ഊതിയൂതി കുടിച്ചു തലചൂടാറ്റി വിശ്രമിക്കുന്നത്.
ദേവകി വല്ലാതെ വിളറി വെളുത്തിരുന്നു. അഞ്ചാമത്തെ ഗര്‍ഭഭാരം ആ വെളുത്തു കൊലുന്നദേഹത്തിനു താങ്ങാനാവാത്ത വിധം അവര്‍ വേച്ചുവേച്ചു ഉമ്മറത്ത് കൊയത്തുക്കാര്‍ക്ക് തിന്നാനുള്ള കപ്പ പുഴുങ്ങിയത് ഓട്ടു കിണ്ണത്തില്‍ കൊണ്ടുവന്നു വെച്ചു .
പണിക്കാരില്‍ ഏതോ പ്രായമായ സ്ത്രീയാണ് അവരോടത് ചോദിച്ചത് ..”നാളടുത്തോ ദേവ്വോ….കാലില്‍ നീരുണ്ടല്ലോ?” അവരുടെ ക്ഷീണിച്ച കാലുകളില്‍ നീലിച്ച ഞരബുകള്‍ എഴുന്നു നിന്നിരുന്നു . വീട്ടിലെ മുതിര്‍ന്ന പെണ്‍കുട്ടികള്‍ മുറ്റം മെഴുകി കറ്റകളം തീര്‍ത്തു അമ്മയെ സഹായിച്ചു .
ദേവൂ വേച്ചുവേച്ചു വരണ്ടുകിടക്കുന്ന കൊട്ടതളത്തില്‍ ഓട്ടു ചെമ്പ് എടുത്തു വെച്ചു വിളിച്ചു …”തങ്കമ്മേ ……..അച്ഛന് കുളിക്കാനിത്തിരി വെള്ളം നിറച്ചു വച്ചോളൂ …അമ്മയ്ക്ക് വെള്ളം കോരാനൊന്നും വയ്യ.”
തങ്കമ്മ അമ്മയുടെ ഗര്‍ഭഭാരം പാതി പങ്കിട്ടെടുക്കുന്ന പോലെ ക്ഷീണിതതന്നെയായിരുന്നു. പതിമൂന്നു വയസ്സില്‍ വീട്ടിലെ മുഴുവന്‍ പണിയും, മൂന്നു താഴാതികളെ നോക്കലും, പുറം പണിക്കാര്‍ക്ക് ചായയും പലഹാരവും ഉണ്ടാക്കലുമൊക്കെയായി തങ്കമ്മതിരക്കിലാണ് …തങ്കമ്മേ പശുവിനു കാടി, വൈക്കോല്‍ ഒക്കെ കൊടുത്തോ?, അത്താഴത്തിനു അരിയിട്ടോ?, കൊപ്ര വാരിവേച്ചോ?
മകരം തുടുക്കുകയാണ് …ഉത്സവത്തിന്‍റെ മേള മുഴക്കങ്ങള്‍ കൊണ്ടുവരുന്ന കാറ്റ് ഗ്രാമത്തില്‍ ചുറ്റിക്കറങ്ങി. ഇടയ്ക്കു പതിഞ്ഞും, ഇടയ്ക്കു തെളിഞ്ഞും വാദ്യങ്ങള്‍ ഗ്രാമത്തിന്‍റെ നെഞ്ചില്‍ തൊട്ടു താളം കൊട്ടി.
ഇടവഴികളില്‍ പാലപ്പൂവും ,കുങ്കുമപ്പൂവും നിറവും സുഗന്ധവും നല്‍കി പൊഴിഞ്ഞു കിടന്നു.
ഈറ്റകുറ്റയില്‍ വാര്‍ന്നു വെച്ച ഒരു കൂടപച്ചരി കല്ലുരളിലിട്ടു ഇടിച്ചു പൊടിച്ചു വറുക്കാന്‍ ദേവൂ ആയാസപ്പെട്ടു ഉലക്ക കയ്യിലെടുത്തു…”അടുത്താഴ്ച തോന്ന്യാവിലെ പൂരല്ലേ ദേവ്വോ….കുറ്റൂരിന്നു ചെറിയമ്മയും പിള്ളേരും വരില്ലേ …സുധര്‍മ്മ തലേസം തന്നെ വരാതിരിക്കില്ല, കാലത്തെ കാപ്പിക്ക് കടി വേണ്ടേ? മുന്നാഴി അരിയൊന്നും പോരാണ്ട് വരും ട്ടോ …തങ്കമ്മേ ആ ഇടങ്ങഴി ഇങ്ങട് കൊണ്ടുവരൂ ….ഒരു മ്മൂന്നിടങ്ങഴി വേണ്ടിവരും.”
ഗര്‍ഭഭാരത്തിന്റെ വിളര്‍ച്ചയില്‍ ദേവൂനു ശബ്ദം പോലും നഷ്ടമായിരുന്നു..കണ്‍ തടങ്ങളില്‍ തൂങ്ങിയിറങ്ങിയ നീരും, പാദങ്ങളിലെ കഴപ്പും, പുറത്തുകൂടി ഇഴഞ്ഞു വരുന്ന നോവും അവരുടെ ശിരസ്സിലേക്ക് വെടിമരുന്നു അടിച്ചു കേറ്റുംപോലെ തോന്നി .
കിടക്കാന്‍ ഒരിടമില്ലാതെയല്ല, എട്ടോ പത്തോ മുറികളുള്ള വിശാലമായ തറവാട്ടില്‍ ഒരു ഇത്തിരിയിടം ദേവൂനു സ്വന്തമായി ഉണ്ടായിരുന്നില്ല.
ഉരളിന്റെ താളം പതുക്കെ ഇഴഞ്ഞുവന്നു അടിവയറില്‍ ഒരു ജീവന്‍ മെല്ലെ ഞരങ്ങാന്‍ തുടങ്ങി ..ഇനി പാറ്റി കൊഴിച്ചു ഉരുളിയില്‍ കനലെരിയുന്ന അടുപ്പിലേക്ക്.
പൊള്ളി പരക്കുന്ന കനല്‍ചൂടിന്റെ നാളങ്ങള്‍ വേവിക്കുന്ന മനസ്സെന്ന മടുപ്പിക്കുന്നകയംതാണ്ടി. വിഭവമെന്ന പിഞ്ഞാണത്തിലേക്ക്.
അമ്മ ഒരു സ്ഥാന പേര് മാത്രമായിരുന്നോ?
പിഞ്ഞാണങ്ങളില്‍ നിറയുന്ന അന്നത്തിനുറവിടം? കൊട്ടതളത്തില്‍ കുട്ടകയില്‍ നിറയുന്ന തണുത്ത വെള്ളം കോരി നിറക്കുന്ന കൈകള്‍?
ക്ഷീണിച്ച മേനിയിലെ വിയര്‍പ്പും ,കരിയും സ്നേഹം വറ്റിവരണ്ട നോട്ടവും കൈമുതലായുള്ള തണുത്തൊരു സാന്നിധ്യം, അല്ലെങ്കില്‍ നിഴല്‍ഇരുട്ടില്‍ വിശ്രമം കൊതിച്ചു ചുമര്‍ ചാരിനില്‍ക്കുന്ന ഒരു ദരിദ്ര. ആരായിരുന്നു അമ്മ?
ഉണങ്ങിയ പുളിവിറകുകള്‍ നിറുത്താതെ ആളികത്തുന്നൊരു വിറകടുപ്പ് അവിടത്തെ ചായ്പ്പിലുണ്ടായിരുന്നു.
കരിപിടിച്ച കഷായ കലങ്ങളും, എണ്ണവറ്റാത്ത ഓട്ടുരുളികളും വിശ്രമിക്കുന്ന അടുപ്പുകള്‍…മിനൂന്റെ നീലമരിഎണ്ണ, തിളച്ചുവറ്റുന്ന കനലില്‍ കരിയുന്ന മുഖം ദേവൂ എന്ന അമ്മയുടെതായിരുന്നു.
തോളെല്ല് അറ്റ് വീഴും വരെ ചട്ടുകം ചുഴറ്റി തളര്‍ന്ന മെലിഞ്ഞ കയ്യുകളില്‍ എഴുന്നു നിന്ന ഞരമ്പുകളും, ഇറ്റു വീഴുന്ന വിയര്‍പ്പും മാത്രം ദേവൂനെ എന്നും പുണര്‍ന്നു കിടന്നു.
തളര്‍ച്ചയുടെ വേരറ്റു കുനിഞ്ഞുപോയോരുടലില്‍ എഴുന്നു നില്‍ക്കുന്ന രഹസ്യത്തിന്‍റെ തലേകെട്ടായി പിറവിയെ താങ്ങുന്നൊരു ഭാരം അവരില്‍ കൂമ്പി നിന്നിരുന്നു.
നടുത്തളത്തില്‍ കുഞ്ഞുങ്ങള്‍ തളര്‍ന്നുറങ്ങി….വറ്റുകള്‍ ഉണങ്ങിയ ഓട്ടു കിണ്ണങ്ങള്‍ കൊട്ട തളത്തില്‍ നിറഞ്ഞു.
നടുവില്‍ ആഞ്ഞടിച്ച മിന്നല്‍ പ്രഹരം പരന്നുപരന്നപ്പോള്‍, ഓട്ടുരുളിയില്‍ അവശേഷിച്ച തൈലം തൊട്ടവര്‍ കടയുന്ന കാല്‍വണ്ണയിലും, നടുവിലും ആയാസപെട്ടു പുരട്ടുന്നത് തെക്കുപുറത്തെ ആഞ്ഞിലി മരത്തില്‍ ഇരുന്നൊരു മരംകൊത്തി അനുതാപത്തോടെ നോക്കികൊണ്ടിരുന്നു.
“ദേവൂ ………………………….പറവേപ്പിന്‍ നെല്ല് എടുത്തോളൂ ….ദാ പറക്കാരും, ഭഗവതിയും ഇങ്ങു എത്താറായി
നാക്കില മുറിച്ചോ?
കേശുമോന്‍എന്ത്യേ ?
കുട്ട്യോളോട് നിലവിളക്ക് തൊടക്കാന്‍ പറയൂ.”
പൂരതലേ നാളിലെ ഭഗവതിയുടെ വീട് സന്ദര്‍ശനമാണ്.. അടിച്ചു ചാണകം മെഴുകിയ മുറ്റത്ത് അരിമാവണിഞ്ഞു ഭംഗിവരുത്തി.
ആനയുടെ ചങ്ങലകിലുക്കം മുറ്റത്തെത്തി. ഭഗവതിയുടെ അരമണികിലുക്കി വാളേന്തി കോമരം അരിയുംപൂവ്വും, ആഞ്ഞെറിഞ്ഞു അനുഗ്രഹിച്ചു പറഞ്ഞു .
സത്സമൃദ്ധിയും, സന്താന സൌഭാഗ്യവും നിറയട്ടെ .!!!
ദേവൂന്‍റെ അടിവയറൊന്നു പിടഞ്ഞു. മനസ്സൊന്നു പതം പറഞ്ഞു – “നിയ്ക്ക് വയ്യ ,നിയ്ക്ക് വയ്യ”.
ഇടവഴിയിലൂടെ പൂര വാണിഭക്കാര്‍ ചുമടേറ്റിപൂരപറമ്പിലേക്ക്നീങ്ങി തുടങ്ങി. തറവാട്ടു കാരണവര്‍ ഉമ്മറത്തെ പുല്‍പ്പായില്‍ കേറിയിരുന്നു മലമക്കാവ് കേശവപ്പൊതുവാള്, തിയ്യാടി നമ്പ്യാര്‍, തൃത്താല കേശവപ്പൊതുവാള്‍, പൂക്കാട്ടിരി എന്നീ വാദ്യവിദ്വാന്മാരെ കുറിച്ചും, തായബകയുടെ മേന്മയെ കുറിച്ചും പറഞ്ഞു രസിച്ചു.
ഇടയ്ക് കൊറിക്കാന്‍ മുന്നില്‍ ഇരിക്കുന്ന വറുത്ത ഉപ്പേരിയുടെ രസം ചുണ്ടില്‍ ചോര്‍ന്നൊലിച്ചു കിടന്നു രസം പിടിച്ചു. ശേഷം വെറ്റില താംബാളത്തിലേക്ക് നീങ്ങുന്ന കയ്യുകള്‍.
ഇന്നാണ് പൂരം.
തോന്ന്യാവ് ഉണര്‍ന്നു.
ദേവിയെ പുലര്‍ച്ചയെ പള്ളിയുണര്‍ത്താനുള്ള ആദ്യ വെടിയൊച്ച മുഴങ്ങി. വെടിയൊച്ചയക്കൊപ്പം ദേവൂന്റെ ശിരസ്സിലും ആദ്യത്തെ ഇടിമുഴക്കം. അരകെട്ടിലൂടെ ചുറ്റിപിടിച്ചൊരു പെരുംപാമ്പ് ശക്തിയോടെ പിടുമുക്കിയിരിക്കുന്നു.
കിഴക്കേമുറിയില്‍ നിന്നും അമ്മ വിളിക്കുന്നു
“ദേവൂ ……………കാപ്പിക്ക് വെള്ളം വെച്ചോ?”
“വയ്യ വയ്യമ്മേ ….”
തളര്‍ച്ചയുടെ ഇടര്‍ച്ച ഇടനാഴികയില്‍ ചിതറി തെറിച്ചു. അമര്‍ത്തിയ ഞരക്കം കനത്ത മുഷ്ടിചുരുട്ടി നെഞ്ചില്‍ ആഞ്ഞിടിച്ചു.
ഓടി വന്നു താങ്ങിയ കൈകളില്‍ ദേവൂ അമ്മയെ കണ്ടു .
“അമ്മേ…….. …വയ്യ എനിക്ക് വയ്യ.”
ആനയിക്കപ്പെടുന്ന ഇരുട്ടില്‍ ജാലകങ്ങളില്ലാത്ത തണുത്ത ചുമരുകളുള്ള മുറിയില്‍ ദേവൂ കുഴഞ്ഞു കിടന്നു
മറ്റു സ്വരങ്ങളെ കടത്താതെ കാതുകള്‍ സ്വയം അടച്ചു മുദ്ര വെച്ചു,
അടിവയറ്റില്‍ ജീവന്‍റെഭൂകമ്പചലനം,
കാലിലൂടെ ഇരച്ചു കേറുന്ന വേദന,
പ്രാണന്‍ പ്രാണനെ പിറവിയുടെ തീരത്തേക്ക് അടുപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു..
ദേവൂ തല നിലത്തിട്ടു ഉരുട്ടി ..ഞരങ്ങി ..വയ്യ ..വയ്യ ..
വലിഞ്ഞു മുറുകിയവേദന ക്കിടയില്‍ മുറിയിലേക്ക് ആരൊക്കയോ കടന്നു വന്നു. സൂതികര്‍മിണിയുടെ മുഖം മാത്രം ആലസ്യത്തില്‍ ആശ്വാസത്തോടെ ദേവൂ തിരിച്ചറിഞ്ഞു.
“പേടിക്കണ്ട ദേവ്വോ….ഇന്നല്ലേ ഭാഗവതിടെ പിറന്നാള്‍..”
തോന്ന്യാവിലെ പൂരനാള്‍!”
തളരർച്ചയിലും ദേവൂ പ്രാര്‍ഥിച്ചു ”ന്‍റെ തോന്ന്യാവിലമ്മേ ന്നെ കഷ്ടപെടുത്തല്ലേ?”
തോന്ന്യാവില്‍ മുറുകുന്ന വാദ്യങ്ങള്‍ക്കൊപ്പം പുറത്തെക്കാരോ വിളിച്ചു പറഞ്ഞു..
”പെൺകുട്ട്യാ ട്ടോ …….ആരോ ഉറക്കെ പിറു പിറുത്തു പെറ്റപെലയായി പൂരോം മുടങ്ങി !! അമ്പലപറബിലേക്ക് ആരും പോണ്ടാട്ടോ..”
“ദേവൂ പെറ്റു- പെൺകുട്ട്യാ..”
മകര തണുപ്പില്‍ കണ്ണുകള്‍ ഇറുക്കിയടച്ചുഒരു പിഞ്ചു പൈതല്‍ ചീറിക്കരയുബോള്‍ ചോരയുടെ ചതുപ്പിലേക്ക് നനഞ്ഞുകുതിര്‍ന്നൊരു ജീവന്‍ കുഴഞ്ഞു വീണു.
ശക്തി അശേഷമില്ലാത്ത മിഴികള്‍ തൂങ്ങിയടയുമ്പോള്‍ അകലെ തോന്ന്യാംങ്കാവില്‍ വാദ്യഘോഷത്തിനു ശക്തിയേറി.
എനിക്കിനി വയ്യെന്നൊരു വാക്ക് ദേവൂവിന്റെ ചുണ്ടില്‍അപ്പോഴും ശബ്ദമില്ലാതെ മരിച്ചു കിടപ്പുണ്ടായിരുന്നു.
Pollikkunna jeevithanubhavangal. ..nannayi ezhuthy. ..