തണുത്ത ചോറ്

ഒരു ആറു വയസ്സുക്കാരനെ ഇത്രയും ഭയപെട്ട ഒരു മുഹൂർത്തം എന്‍റെ ജീവിതത്തിൽ‍ വേറെ ഉണ്ടായിട്ടില്ല .
അവന്റെ ഓരോനോട്ടവും എന്നെ വിയർ‍പ്പിച്ചുകൊണ്ടിരുന്നു.

ആ കുഞ്ഞികണ്ണിൽ‍നിന്നും എന്നെ എരിയിക്കാൻ പാകത്തിലുള്ള അഗ്നി ഒഴുകിയിറങ്ങി എന്നെ എരിയിക്കുന്നതുപോലെ എനിക്ക് തോന്നി.
ആദിത്യ എന്ന ആറു വയസ്സുക്കാരന്റെ വിരൽ ചേർത്തുപിടിച്ച് അവന്റെ അച്ഛൻ എൻറെ വാതിലിനു മുന്നിൽ‍ നിന്നപ്പോൾ അവൻറെ മുഖത്തേക്ക് നോക്കാൻ ഞാൻ ഒത്തിരി ഭയപെട്ടു.

അച്ഛന്റെ കൈകൾ ചേർത്തുപിടിച്ചു അവൻ ഭയത്തോടെ ഒതുങ്ങിനിന്നിരുന്നു. അയാളുടെ ചുവന്ന കണ്ണുകളും, വീർത്തു കെട്ടിയ മുഖവും, ആദിത്യയുടെ ദൈന്യത തുടിക്കുന്ന മുഖവും എന്നെ തീർത്തും ഭയപെടുത്തി. കൂടിയ നെഞ്ചിടിപ്പോടെ, ശ്വാസം മുട്ടി പിടയും വിധം ഞാൻ‍ നിശ്വസിക്കാൻ‍പോലും ആകാതെ തരിച്ചുപോയ നിമിഷം.

“ഇവനിത്തിരി നേരം ഇവിടെ ?”

അയാൾ മുഖംകുനിച്ചു വാക്കുകൾക്കായി തപ്പി തിരഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ഓരോ നിശ്വാസവും ഓരോ പ്രവാസിയുടെയും ശബ്ദമില്ലാത്ത അലമുറകളായിഎനിക്ക് തോന്നി.
നിവർത്തികേടും, വിധിയും ഇഴചേർന്നു ഒരാൾ‍ എന്റെ വീട്ടു മുറ്റത്ത് ഈ ഇത്തിരിപോന്ന ഈ കുഞ്ഞിന്‍റെ വിരല്‍ ചേര്‍ത്തു പിടിച്ചയാൾ‍ കരച്ചിലടക്കിയപ്പോൾ‍, ഒരു പുരുഷൻ‍‍ എത്രമാത്രം ദുര്‍ബലനാണ് എന്ന് ഞാൻ‍ ചിന്തിച്ചു തരിച്ചു നിന്നുപോയി.

ഉറ്റവർ ആരുമില്ലാത്ത മരുഭൂമിയുടെ ഹൃദയത്തിൽ ഒറ്റപെട്ട ഒരു മനുഷ്യന്റെ നിസ്സഹായത ആദിത്യയുടെ അച്ഛനിൽ ഞാൻ കണ്ടു. അയാൾ അടക്കി പിടിച്ചു, വീർപ്പുമുട്ടി, നീറി പുകയുന്ന നെഞ്ചുമായി ആടിയാടി വണ്ടിയിൽ കയറി പോയി. ആ മുഷിഞ്ഞ ഉടുപ്പിൽ നനഞ്ഞു കുതിർന്ന നനവ്‌ ഒരുപക്ഷെ അയാളുടെ കണ്ണീരാവാമെന്നു എനിക്ക് തോന്നിയിരുന്നു…

അയാൾ‍ തിരിച്ചു പോയപ്പോൾ‍ ഞാനവനെ പേടിയോടെ നോക്കി. എനിക്കവനെ ഒന്ന് ചേർത്തു പിടിക്കാൻ‍‍ ‍ തോന്നിയിരുന്നു. പക്ഷെ വല്ലാത്തൊരു ഭയം എന്നില്‍ നിറഞ്ഞുനിന്നു. ആദിത്യ കയ്യിലുള്ള പൊതി നെഞ്ചിൽ ചേർത്തുപിടിച്ചു തലയുയർത്താതെ ചുമരും ചാരിനിന്നു.

വളരെ പാട് പെട്ടിട്ടാണ് അവന്റെ കയ്യിൽ നിന്നും ആ പൊതി വാങ്ങി മേശപുറത്തുവെച്ച് ഞാനവനെ ചേർത്തുപിടിച്ചത്. അവന്‍ എന്നെ രൂക്ഷമായി നോക്കി കൊണ്ട് എന്നെ തള്ളി മാറ്റി പിടഞ്ഞു മാറി. ഒരു കുഞ്ഞിന്റെ കൈകള്‍ക്ക് ഇത്രേം ശക്തിയോ? കണ്ണുകള്‍ക്ക്‌ ആയുധത്തിന്റെ മൂര്‍ച്ചയോ?

എന്നെ കുടഞ്ഞുമാറ്റി അവൻ സെറ്റിയുടെ അറ്റത്തേക്ക് മാറിയിരുന്നു.

ഇടയ്ക്കിടയ്ക്ക് എന്നെയും അവൻ കൊണ്ടുവന്ന പൊതിയിലെക്കും മാറി മാറി നോക്കി. ഞാനാകെ വല്ലായ്മയിലായിരുന്നു, ആദിത്യയുടെ കണ്ണിലേക്കു നോക്കാൻ ഞാനും ഭയപെട്ടു.
അന്ന് വീട്ടുജോലി ഉപേക്ഷിച്ചു ഞാനവനെയും, അവനെന്നെയും നോക്കി വെറുതെയിരുന്നു. ഇടക്കവൻ ക്ലോക്കിലേക്ക് നോക്കി കൊണ്ടിരുന്നു.

ഇനി അവനെ കുറിച്ച്.

റാസ്‌ അൽ ഖൈമയിലെ എന്റെ അയൽവാസിയായ ഒരു ഫാമിലി.. അനിത – മാത്യൂസ്,  ഇവരുടെ ഏകമകനാണ് ആദിത്യ. അയൽവാസി ആണെങ്കിലും തിരക്കിട്ട ജീവിതത്തിന്റെ നാൾ വഴികളിൽ ചെറിയൊരു കുശലവും, ചിരിയും, ചില ചെറിയ സന്ദർശനവുമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ. അനിത ഒരു ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലിചെയ്യുന്നു. ജോലിതിരക്കിൽ പരസ്പരം സംസാരിക്കാനും, കൂടുതൽ അടുത്തിടപഴകാനും ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും സ്നേഹത്തിൽ തന്നെ ഞങ്ങളുടെ വീടുകൾ തമ്മിൽ അയൽ ബന്ധം തുടർന്നിരുന്നു.

“മോന് വിശക്കുന്നോ?”

ഞാനത് ചോദിച്ചപ്പോൾ അവൻ തലയാട്ടി.

“ഇഡലി തരട്ടെ?”

വേണ്ടെന്നർഥത്തിൽ അവൻ വീണ്ടും തലയാട്ടി.

ഈ കുഞ്ഞിനു വിശക്കില്ലേ ഈശ്വരാ എന്നോർത്തു കൊണ്ട് ഞാനവന്റെ അരികിലേക്ക് ഇത്തിരികൂടി നീങ്ങിയിരുന്നു.
ഭയപ്പാടിന്റെ രശ്മികൾ അവന്റെ കണ്ണിനുള്ളിൽനിന്നറ്റു പോയിട്ടില്ല, അവനെന്നെ വീണ്ടും ചൂഴ്ന്നുനോക്കി പറഞ്ഞു – “അപ്പ ഫുഡ്‌ അതില് വെച്ചിട്ടുണ്ട്.”

അവന്റെ കണ്ണുകള്‍ മേശപ്പുറത്തേക്ക് നീണ്ടു.

“ഫുഡ്‌….. അതിലുണ്ട്.”   പെട്ടെന്നവൻ വിതുമ്പി പോയി.

ഞാൻ വാങ്ങി വെച്ച പൊതിയിൽ അവന്റെ ഫുഡ്‌ ഉണ്ടായിരുന്നു അത് തുറന്ന ഞാനൊന്ന് ഞെട്ടിപൊയി !

ഇത്തിരി ചോറും, ചോറിൽ പൂഴ്ത്തിവെച്ച കുഞ്ഞു പാത്രത്തിൽ ഇത്തിരി സാമ്പാറും, അതിനുഅരികിൽ കായ മെഴുക്കു പുരട്ടിയും.
മാധവികുട്ടിയുടെ നെയ്പായസം വായിച്ചു ഞാനൊത്തിരി നൊന്തിരുന്നു. ആ വായനയിലെ അക്ഷരങ്ങള്‍ ഇപ്പോളിതാ എന്‍റെ മുന്നില്‍ അനുഭവമായി നിറയുന്നു.

തലേനാൾ അവന്‍റെ അമ്മ അനിത മരിച്ചു പോയിരുന്നു.
മരിച്ചുപോയ അവന്റെ അമ്മ ഉണ്ടാക്കി വെച്ച വിഭവങ്ങൾ ആണ് ഇന്നീ പാത്രത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.

ജോലികഴിഞ്ഞു വന്നു ഒരാഴ്ചക്കുള്ള കുക്കിംഗ് ഒക്കെ കഴിച്ചു വെച്ചാണ് അനിത ഉറങ്ങാൻ കിടന്നത്. അസാധാരണയായി ഒന്നുംഉണ്ടായില്ല.  ഉറക്കത്തില്‍ വല്ലാത്തൊരു ശ്വാസതടസവും ശരീരംകോച്ചിപിടിക്കലും…
ആശുപത്രിയിലേക്ക്കൊണ്ടുപോകുംവഴി ആദിയുടെ മടിയില്‍കിടന്നാണ്  മരണംസംഭവിച്ചത്.
തലച്ചോറിലെ ഞരമ്പ്പൊട്ടിയായിരുന്നു മരണം. ആശുപത്രിയിലേക്ക് കൊണ്ടുപോയി; പക്ഷെ മടങ്ങിവന്നത് അപ്പയും മോനും മാത്രം.

അനിത ആശുപത്രിയുടെ തണുപ്പിലുറങ്ങി…

ഹൃദയത്തില്‍ ചോരപൊടിഞ്ഞു കൊണ്ടാണ് ആ വാര്‍ത്ത ഞാന്‍ അന്നറിഞ്ഞത്. മൃതദേഹം വിട്ടുകിട്ടാൻ വേണ്ട എഴുത്ത് കുത്തുകൾക്കായി യാത്ര ചെയ്യേണ്ടി വരുന്ന മാത്യൂസ്, കേറിയിറങ്ങേണ്ട നിയമ കാര്യാലയങ്ങൾ…., പോലീസ് അന്വേഷണങ്ങൾ. ഇതിനൊക്കെ ആദിത്യയെ കൊണ്ടുപോകാൻ കഴിയുന്ന അവസ്ഥയിൽ അല്ലായിരുന്നു മാത്യൂസ്.
അടുത്ത ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ ആദിത്യ കൂട്ടാക്കിയില്ല. അമ്മയും, അപ്പയും കഴിഞ്ഞാല്‍ അവന്‍ കൂടുതല്‍ എന്നെയായിരിക്കും കണ്ടിരിക്കുന്നത്.  അതിനാല്‍ തന്നെ പരിചയമില്ലാത്ത ഒരു വിരൽതുമ്പിനെ സഹായം ആദിത്യയെ വല്ലാതെ ഭയപെടുത്തി.

അകന്ന ബന്ധുക്കൾക്കൊപ്പം അവൻ പോകാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല എന്നെ തോല്പ്പിച്ചും ഭയപെടുത്തിയും അവൻ അവന്റെ സാന്നിദ്ധ്യത്താൽ എന്റെ സ്വാസ്ഥ്യം പിടിച്ചെടുത്തു.

എന്റെ ഉറക്കത്തെ തീറെഴുതി വാങ്ങി..  അടുക്കളയുടെ ഭരണംപോലും ഞാൻ കയ്യൊഴിഞ്ഞു.
മരണത്തിന്റെ മടുപ്പിക്കുന്ന തണുപ്പിൽ അനിതയുറങ്ങിയ അഞ്ചു നാളുകൾ. ആ നാളിലൊക്കെ.. ആദിത്യ ഒരു ജോഡി ഉടുപ്പ് ശരീരത്തോട് ചേർത്തു പിടിച്ചു എന്റെ പൂമുഖത്തെ സെറ്റിയിലിരുന്നു. പകല്‍ മൃത്ദേഹം വിട്ടുകിട്ടാന്‍ വേണ്ടിയുള്ള ഓട്ടപ്പാച്ചില്‍ കഴിഞ്ഞ് അവനെ കൂട്ടാന്‍ വരുന്ന അയാളുടെ കലങ്ങിയ കണ്ണുകള്‍ എന്നെ വല്ലാതെ വീര്‍പ്പു മുട്ടിച്ചുകൊണ്ടിരുന്നു.
കരച്ചിലിന്‍റെ കടച്ചിലടക്കി സെറ്റിയില്‍ ചുരുണ്ടുകൂടികിടക്കുന്ന ആ തളര്‍ന്ന കുഞ്ഞു മേനിയെ ഒന്ന് തലോടാൻപോലും പേടിച്ചു ഞാന്‍ ഉറങ്ങാതിരുന്ന നാളുകളെ ഇപ്പോഴും ഭീതിയോടെ മാത്രമേ ഓര്‍ക്കാനാകൂ.

പിറ്റേ ദിവസം അയാൾ വന്നപ്പോൾ അന്ന് രാത്രി നാട്ടിലേക്ക് ബോഡിയുമായി തിരിക്കാന്‍ വേണ്ട എല്ലാ രേഖകളും ശരിയാക്കി എന്നു പറഞ്ഞു.
അയാളപ്പോള്‍ ശരിക്കും വായൂ ഊറ്റിക്കളഞ്ഞു ഞളുങ്ങിപോയൊരു പ്ലാസ്റ്റിക്  ഡിസ്പോസബിള്‍ കുപ്പിപോലെ തോന്നിപ്പിച്ചിരുന്നു.

ആദിത്യയെ ഞാൻ നോക്കിയില്ല… അവൻ എന്നെയും നോക്കിയില്ല. അയാളുടെ വിരല്‍പ്പിടിച്ചു ആദിത്യ റോട്ടിലേക്കിറങ്ങി.
അമ്മയുടെ.. മരണം അനാഥമാക്കിയ അവന്റെ കുഞ്ഞു മുഖത്തെ തേജസ്സു വറ്റിയ നോട്ടത്തിൽ നിന്നും തല്ക്കാലം ഞാൻ അങ്ങിനെ രക്ഷപെട്ടു എന്ന് കരുതേണ്ടാ. ഞാന്‍ ഭയപെട്ട പോലെ തന്നെ സംഭവിച്ചു. അടക്കം കഴിഞ്ഞു, നാട്ടില്‍ നിന്നും അപ്പയും മോനും അനിതയില്ലാത്ത ആ വീട്ടിലേക്കു തന്നെ തിരിച്ചത്തി.

വീണ്ടും ഏതു നേരവും എന്റെ ഡോര്‍ബെല്ല് മുഴങ്ങുമെന്നും ആദിത്യയുടെ വാടിയ മുഖം വാതിലിൽ പ്രത്യക്ഷപെടുമെന്നും ഞാൻ പ്രതീക്ഷിച്ചു.  പ്രതീക്ഷിച്ചപോലെ തന്നെ ആദിത്യ വന്നു.  അന്നത്തെ ആ വരവിൽ അവന്‍റെ ഉരുണ്ട കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..

അമ്മയില്ലാത്ത ആ വീട്ടിലേക്കു തിരിച്ചു വന്നപ്പോൾ അണ പൊട്ടിയൊഴുകിയ കണ്ണീർ നിറഞ്ഞൊഴുകി നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു..

ഇനി അല്‍ഫുതെന്‍ എന്നൊരു കമ്പനിയുടെ ചുമതലാഗുമസ്തന്‍ കൂടിയായ മാത്യൂസ് ആദിത്യയെ വെച്ചു എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും?

ആഫീസുമുറിയുടെ കോണില്‍ അവന്‍ ഇത്തിരി നാള്‍ ചടഞ്ഞിരുന്നു. അപ്പ കൂടി നഷ്ടപെടുമോ എന്ന് ആ കുഞ്ഞു മനസ്സില്‍ ആധിയേറി.. അയാള്‍ വീണ്ടും നിസഹായതയോടെ മുഖം കുനിച്ചു പറഞ്ഞു.
“ഓഫീസില്‍ ഇവനെ അനുവദനീയമല്ല..”

ഉരുകികത്തുന്ന തീച്ചൂട് മരുഭൂമിയെ ചൂഴ്ന്ന ജൂണ്‍ മാസത്തിലാണ് ഒരു ദിവസം ആദിത്യയുടെ സ്കൂള്‍ ബസ്സ് എന്‍റെ വീടിനുമുന്നില്‍ വന്നു നിന്നത്. അന്ന് സ്കൂള്‍ അടക്കുന്ന അവസാന ദിവസം. ആയയോടൊപ്പം വന്നിറങ്ങിയ ആദിത്യ വിതുമ്പുന്നുണ്ടായിരുന്നു. വന്നപാടെ അവനെന്നെ കെട്ടി പിടിച്ചു ഉറക്കെ, ഉറക്കെ കരഞ്ഞു. അപ്പ, അപ്പ എന്ന് മാത്രം ആ തേങ്ങലിനൊപ്പം ഉരുവിടുന്നുണ്ടായിരുന്നു..

കാര്യമിതാണ്‌; എന്നത്തെ പോലെ സ്കൂള്‍ ബസ് മാത്യൂസിന്റെ  ഓഫീസ് പടിക്കല്‍  ചെന്നപ്പോള്‍ മാത്യൂസ് ഓഫീസിലില്ല.
ബസ്സുക്കാര്‍ എന്തുചെയ്യണം എന്നറിയാതെ പകച്ചു. കുഞ്ഞിനെ ഇറക്കിവിടാനും സാധിക്കുന്നില്ല. സ്കൂള്‍ ബസ്സിനു തിരിച്ചു പോകാതെ വയ്യല്ലോ?  അവന്‍ ആകെ പറഞ്ഞത് എന്‍റെ വീടായിരുന്നു. ഓഫീസ് ആവശ്യങ്ങള്‍ക്കെന്തിനോ പോയി ചാടിപിടഞ്ഞയാള്‍ തിരിച്ചു വരും വരെ ആദിത്യ കരഞ്ഞുകൊണ്ടിരുന്നു. എന്‍റെ അപ്പ അപ്പ എന്നവന്‍ വിതുമ്പി കൊണ്ടിരുന്നു.. സത്യത്തില്‍ എനിക്കവന്റെ കരച്ചില്‍ കണ്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഈ ലോകത്തില്‍ അപ്പയല്ലാതെ ആരും ഇനിയില്ലെന്നവന്‍ വല്ലാതെ ഭയപെട്ടിരുന്നു.. അനിതയുടെ അടക്കം കഴിഞ്ഞു ഒരു മാസം മാത്രമേ ആയിട്ടുള്ളൂ.. ആ നേരം അയാളോട് ഒരു വിവാഹം കഴിക്കാന്‍ ഉപദേശിക്കാന്‍ ഒന്നും കഴിയാത്തൊരു സമയവുമാണ്.

“മാത്യൂസ്… ഇനി കുറച്ചു നാള്‍ ആദിത്യ എന്റൊപ്പം ‍നില്‍ക്കട്ടെ. അവനൊന്നു ഫ്രെഷ് ആയി ഈ ഭയപ്പാടും പകപ്പും ഒക്കെ ഒന്ന് മാറട്ടെ.. അതുവരെ അവനെ ഞാന്‍ നോക്കിക്കൊള്ളാം.”

ആദിത്യ അങ്ങിനെ എന്‍റെ ദത്തു മകനായി നാലുവര്‍ഷം വര്‍ഷം  എന്‍റെ പൂമുഖത്ത് പൂത്തു നിന്നു…….

About Mahitha Bhaskaran

മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ വീട്ടമ്മയാണ് കവിതകളും കഥകളും എഴുതുന്നു ആദ്യം ഗള്‍ഫ് വോയ്സ് എന്ന മാസികയില്‍ ആണ് എഴുതി തുടങ്ങിയത് പന്നീട് പല ഓണ്‍ ലൈന്‍[സോഷ്യല്‍ മീഡിയ കളില്‍ ]എഴുതി സജ്ജീവമായി എഴുത്തിലേക്ക്‌ തിരിഞ്ഞു.ഒരു കവിതാസമാഹാരം പുറത്തിറക്കി രണ്ടാമത്തെ കഥാ സമാഹാരം ജനുവരിയില്‍ പുറത്തിറങ്ങുന്നു. യു ഏ ഈ ലാണ് [ദുബായ് ] കുടുംബത്തോടൊപ്പം താമസം.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

One comment

  1. ചേച്ചി…..നിറഞ്ഞ കണ്ണുകളോടെയാണ് ഞാന്‍ എഴുതുന്നത്‌ ….ഒറ്റശ്വാസത്തിലാണ് വായിച്ചു തീര്‍ത്തത് ആദിത്യയുടെ രൂപം മനസ്സില്‍ നിറയുന്നു ആ കുരുന്നുമനസ് അമ്മയുടെ വേര്‍പാടില്‍ എന്തുമാത്രം വേദന അനുഭവിച്ചുകാണും….? മാത്യൂസ് പേപ്പറുകള്‍ ശരിയാക്കാന്‍ പോയപ്പോള്‍ പകല്‍ മുഴുവനും അവനോടോപ്പമുള്ള നിമിഷങ്ങള്‍ ചേച്ചി ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയുകയില്ല………..ഇനിയും എഴുതണമെന്നുണ്ട് പക്ഷേ കഴിയില്ല…!!!

Leave a Reply

Your email address will not be published. Required fields are marked *